Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്റെ ചങ്കൂറ്റം അബ്ബാസിന് പാഠമാകട്ടെ

ജോര്‍ദാന്‍ ജനതയും അവിടത്തെ അഭിഭാഷകരും ജഡ്ജിമാരും എം.പിമാരും ഓരോ അറബ് മുസ്‌ലിംകളുടെയും ആദരവ് അര്‍ഹിക്കുന്നുണ്ട്. കാരണം അറബ് ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ധിക്കാരിയും അഹങ്കാരിയുമായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊണ്ട് മാപ്പു പറയിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ഇസ്രയേല്‍ സൈനികന്‍ അറബ് ജഡ്ജിയായ റാഇദ് സുഐതറിനെ വധിച്ചതിന്റെ പേരിലാണ് ഇസ്രയേല്‍ മാപ്പു പറയേണ്ടി വന്നിരിക്കുന്നത്.

ജോര്‍ദാന്‍ തെരുവുകളില്‍ ഈ ആക്രമണം ഉണ്ടാക്കിയ ശക്തമായ പ്രതിഷേധവും രാഷ്ട്രത്തിന്റെയും എം.പിമാരുടെയും ഉറച്ച നിലപാടും ഇസ്രയേലില്‍ ഭീതിയുണ്ടാക്കി. എല്ലാവരും മുട്ടുകുത്തി വണങ്ങിയിരുന്ന കാലം തിരിച്ചുവരാത്ത വിധം മടങ്ങിയിരിക്കുന്നു എന്നും അവര്‍ക്ക് ബോധ്യമായി.

ജോര്‍ദാന്‍ മാറിയിരിക്കുന്നു അറബ് സമൂഹം മാറിയിക്കുന്നു. ഇസ്‌ലാമിക ലോകം മൊത്തത്തില്‍ മാറിയിരിക്കുന്നു. ഇസ്രയേല്‍ ഭീകരതക്കെതിരെ അവര്‍ എല്ലാ ക്ഷമയും നഷ്ടപ്പെട്ട് അവര്‍ ആഞ്ഞടിക്കാന്‍ തയ്യാറായി. നിന്ദ്യതയും അടിച്ചമര്‍ത്തലും ഇനിയും അറബ് മുസ്‌ലിംകള്‍ സഹിക്കുകയില്ല. അറബ് മുസ്‌ലിംകളെ മൃഗങ്ങളെ പോലെ കണ്ട് അവരുടെ അഭിമാനം പിച്ചിചീന്തുകയും അവകാശങ്ങള്‍ ഹനിക്കുകയും സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്ത ഇസ്രയേലെന്ന ശത്രുവിനോടുള്ള ഭീതി ഇല്ലാതായിരിക്കുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോര്‍ദാനില്‍ നാം കണ്ടത്.

പൗരന്‍മാര്‍ ചെയ്ത തെറ്റിന്റെ പേരില്‍ ഇസ്രയേല്‍ മാപ്പു പറയുന്നത് ആദ്യമായിട്ടല്ലെന്ന് വാദിക്കുന്ന ചിലരുണ്ട്. ഗസ്സക്കുമേലുള്ള ഉപരോധം അവഗണിച്ചു കൊണ്ട് അവിടേക്ക് സഹായമെത്തിക്കാന്‍ പോയ നേവി മര്‍മറ കപ്പല്‍ അക്രമിച്ചതിന്റെ പേരില്‍ നേരത്തെ തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാനോട് മാപ്പുപറയാന്‍ നെതന്യാഹു നിര്‍ബന്ധിതനായിട്ടുണ്ട് എന്നതാണ് അതിന് വേണ്ടി ഉദാഹരിക്കാറുള്ളത്. എന്നാല്‍ അവ രണ്ടിനുമിടയിലെ വ്യത്യാസം ജോര്‍ദാനോടും അറബ് സമൂഹത്തോടും മാപ്പു പറയാന്‍ നെതന്യാഹു രണ്ടു വര്‍ഷം കാത്തിരുന്നില്ല എന്നതാണ്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മാപ്പുപറയിക്കാന്‍ കഴിഞ്ഞു എന്നതാണ് ജോര്‍ദാന്റെ നേട്ടം.

ജോര്‍ദാന്‍ രോഷത്തിന്റെ അഗ്നിപര്‍വതം സ്‌ഫോടനത്തിന്റെ വക്കിലെത്തിയിരിക്കുന്നു, അതുണ്ടാകുന്ന സ്‌ഫോടനം ചുറ്റുപാടിനെ മൊത്തം ചാമ്പലാക്കും എന്നും നെതന്യാഹു ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. അത് പ്രദേശത്തെ രാഷ്ട്രീയ സന്തുലിതത്വം തലകീഴായി മറിക്കുമെന്നും നെതന്യാഹുവിന് അറിയാം. അതുകൊണ്ട് തന്നെയാണ് പ്രതിസന്ധി ശക്തിപ്പെടുന്നതിന് മുമ്പ് ധൃതിപ്പെട്ട് മാപ്പുപറഞ്ഞ് തലയൂരിയതും.

നെതന്യാഹുവിന്റെ ക്ഷമാപണം നമുക്കാവശ്യമില്ല, നാമത് പ്രതീക്ഷിക്കുന്നുമില്ല. നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ അദ്ദേഹം മാറ്റം വരുത്തുകയില്ല. ആ ജീവനുകള്‍ക്ക് എന്ത് പകരം വെക്കാനാവും? ഇസ്രയേല്‍ അംബാസഡറെ അമ്മാനില്‍ നിന്ന് പുറത്താക്കുകയോ? ഏറ്റവു ചുരുങ്ങിയത് ഇസ്രയേല്‍ എംബസി അടച്ചു പൂട്ടുകയും 1994-ലെ വാദി അറബ സമാധാന ഉടമ്പടി റദ്ദാക്കുയും ചെയ്യേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെടാതെ പോവരുത്. കുറ്റവാളി അതിന് വിലയൊടുക്കുക തന്നെ വേണം. അറബ് മുസ്‌ലിമിന്റെ രക്തം ഒരിക്കലും വില കുറഞ്ഞ ഒന്നായി മാറരുത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജനങ്ങളോടും ഫലസ്തീന്‍ പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോടും നമുക്ക് ചോദിക്കാനുള്ളത് ഇസ്രയേല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് എന്തു മറുപടിയാണ് നിങ്ങള്‍ നല്‍കിയത്? നിങ്ങളുടെ മക്കളോടും സമൂഹത്തോടും നിരന്തരം അവര്‍ ആക്രമണം നടത്തുന്നില്ലേ? ഓരോ ദിവസവും എത്രയെത്ര ആളുകളാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് അവിടെ മരിച്ചു വീഴുന്നത്? കഴിഞ്ഞ ദിവസം ഗസ്സയില്‍ പിടഞ്ഞു വീണ ആറു ജീവനുകള്‍ക്ക് ഒരു വിലയുമില്ലേ? കഴിഞ്ഞ കാലത്ത് രക്തസാക്ഷികളായ ആയിരക്കണക്കിന് പേരുകള്‍ സൂചിപ്പിക്കുന്നില്ല. ശമ്പളത്തോടുള്ള നിങ്ങളുടെ വിധേയത്വം ഇത്രത്തോളം എത്തിയിരിക്കുന്നു എന്നാണോ ഇത് സൂചിപ്പിക്കുന്നത്?

ഖലന്‍ദിയയിലും മറ്റുമുള്ള ഇസ്രയേല്‍ ചെക്കുപോസ്റ്റുകളില്‍ നമ്മുടെ സമൂഹം നേരിടുന്ന നിന്ദ്യതക്കും മാനഹാനിക്കും എന്ത് മറുപടിയാണ് നിങ്ങള്‍ നല്‍കിയതെന്ന് ഒരിക്കല്‍ കൂടി ചോദിക്കുകയാണ്. ചിലപ്പോള്‍ ജഡ്ജി സുഐതറിനെ നിറയൊഴിച്ച ഇസ്രയേല്‍ സൈനികന്റെ കരങ്ങള്‍ തന്നെയാവും അവിടെ അത് ചെയ്യുന്നത്.

എന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത്..? അമേരിക്ക ചൊല്ലിത്തരുന്ന സമാധാന ചര്‍ച്ചയാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? അല്ലെങ്കില്‍ എന്തു ചെയ്യണമെന്ന് നെതന്യാഹു പറഞ്ഞു തരുന്നത് കാത്തിരിക്കുകയാണോ? അവരുടെ നിബന്ധനങ്ങള്‍ നിങ്ങളുടെ മേല്‍ അമേരിക്ക അടിച്ചേല്‍പ്പിക്കുന്നത് കാത്തിരിക്കുകയാണോ? ഇസ്രയേലിന ജൂതരാഷ്ട്രമായി അംഗീകരിക്കുന്നതും എന്നെന്നേക്കുമായി മടങ്ങാനുള്ള അവകാശം ഇല്ലാതാക്കുന്നവരാണ് അവയില്‍ പ്രധാനപ്പെട്ടവ.

അക്രമത്തിനും നിന്ദ്യതക്കും വഴങ്ങാത്ത രക്തസാക്ഷി റാഇദ് സുഐതറിന് നാം നന്ദി രേഖപ്പെടുത്തുന്നു. സമുദായത്തിന്റെയും ആദര്‍ശത്തിന്റെയും അന്തസിന് വേണ്ടി രക്തം തന്നെ നല്‍കേണ്ടി വന്നാലും നിന്ദ്യതക്ക് വഴങ്ങില്ലെന്ന് വര്‍ഗീയവാദിയായ ഇസ്രയേല്‍ സൈനികന്റെ മുഖത്ത് നോക്കി പറയാന്‍ അദ്ദേഹത്തിന് സാധിച്ചു. ജോര്‍ദാന്‍ തെരുവുകളില്‍ പ്രതാപത്തിന്റെയും അന്തസിന്റെയും ഇന്‍തിഫാദക്ക് (ഉയിര്‍ത്തെഴുന്നേല്‍പ്പ്) തുടക്കം കുറിച്ച ശഹീദ് സുഐതറിന് നന്ദി.

അറബ് ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രത്തില്‍ ശഹീദ് സുഐതറിന്റെ രക്തം പുതിയ അധ്യായം തന്നെ രചിക്കും. ഇങ്ങനെയായിരിക്കും അതിന്റെ തലവാചകം : ‘മൗനത്തിന്റെയും അടിയറവിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. പ്രവര്‍ത്തനത്തിന്റെയും അക്രമത്തെയും ശത്രുതയെയും ചെറുക്കുന്ന കാലത്തിന് തുടക്കം കുറിച്ചിരിക്കന്നു.’ തുനീഷ്യയിലെ ബൂഅസീസിയുടെ രക്തസാക്ഷിത്വം ഔദ്യോഗിക ഭരണകൂടങ്ങള്‍ക്കെതിരെയുള്ള അറബ് വിപ്ലവത്തിനാണ് തിരികൊളുത്തിയതെങ്കില്‍, സുഐതറിന്റെ രക്തവും ആത്മാവും ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനും അതിക്രമത്തിനും എതിരെയുള്ള ഒരു മൂന്നാം ഇന്‍തിഫാദക്കായിരിക്കും തിരികൊളുത്തുക. നമുക്കത് കാത്തിരിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യാം.

വിവ : അഹ്മദ് നസീഫ്‌

Related Articles