Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ടെലഫോണ്‍ രാഷ്ട്രീയം

സ്മാര്‍ട്ട് ഫോണുകള്‍ റാമല്ലയില്‍ സര്‍വ്വ വ്യാപകമാണിന്ന്. നഗരത്തിന്റെ എല്ലായിടത്തും തങ്ങളുടെ സ്‌ക്രീനുകളില്‍ ടച്ച് ചെയ്തു നീങ്ങുന്ന ജനങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താം. നഗരത്തിലെ ബഹളവും ഫോണുകളിലെ റിംഗ് ടോണുകളും ഏതോ തരത്തില്‍ സാമ്യമായതു പോലെ.
‘ ഇത് സാങ്കേതികതയോട് വല്ലാത്ത താല്‍പര്യം വച്ച് പുലര്‍ത്തുന്ന ഒരു നാടാണ്.’ ഒരു ഫോണ്‍ ഷോപ്പ് ഉടമയായ ഉമറിന്റെ വാക്കുകളാണിത്. ‘ ജനങ്ങള്‍ വാര്‍ത്തകള്‍, രാഷ്ട്രീയം, സംസ്‌കാരം എന്നു വേണ്ട അവര്‍ക്കിടയില്‍ തന്നെ പരസ്പരം വളരെ പെട്ടെന്നു ബന്ധപ്പെടുന്ന ഒരു സന്ദര്‍ഭം. ഇവിടെ കണക്റ്റിവിറ്റിയാണ് യഥാര്‍ഥ താക്കോല്‍.’
എന്നാല്‍ ഫലസ്തീനികള്‍ നൂറുകണക്കിന് ഡോളറുകള്‍ കൊടുത്തു വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ എന്തൊക്കെ സൗകര്യങ്ങളാണോ അതിലുള്ളത് അതിനുപകരിക്കാത്തവയാണ്. വെസ്റ്റ് ബാങ്കിലെ ‘ജവ്വാല്‍’, കുവൈത്ത് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വത്വനിയ്യ’ എന്നീ മൊബൈല്‍ സേവന ദാതാക്കള്‍ യഥാര്‍ഥത്തില്‍ ഫലസ്തീന്‍ അധികൃതര്‍ക്ക് അവശ്യമായ സേവനം ലഭ്യമാക്കുന്നത് ഇസ്രായേല്‍ തടഞ്ഞിരിക്കുന്നതു മൂലം വേഗമേറിയ 3ജി സൗകര്യം അവര്‍ക്ക് ലഭ്യമാക്കുന്നില്ല. ജവ്വാലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിട്ടുള്ള അമ്മാര്‍ ആഖിര്‍ പറയുന്നു: ‘ ഈയവസ്ഥ ഫലസ്തീനികളെ കഴിഞ്ഞ നൂറ്റാണ്ടില്‍ വിട്ടുപേക്ഷിച്ചതു പോലെയാണ്. മിഡിലീസ്റ്റിലാകമാനം ടെലികോം കമ്പനികള്‍ 4ജി സാങ്കേതിക വിദ്യ തുടങ്ങുന്നതിനൊരുങ്ങുന്ന ഈ പശ്ചാത്തലത്തില്‍ ഞങ്ങള്‍ 2ജി യില്‍ തടഞ്ഞു നില്‍ക്കുന്ന അന്തരീക്ഷമാണുള്ളത്.’
2ജി സാങ്കേതിക വിദ്യയെന്നത് 1991 ലെ വലുപ്പമുള്ള കട്ടയുടെ ആകൃതിയിലുള്ള 20 മിനുട്ട് മാത്രം ബാറ്ററി ചാര്‍ജ് നിലനില്‍ക്കുന്ന ഫോണിന്റെതാണ്. എന്നാല്‍ 3ജി എന്നത് അതിന്റെ മുന്‍ഗാമികളെക്കാള്‍ ആയിരക്കണക്കിന് സമയ വേഗതയുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷമായി അത് ഒരു സാങ്കേതിക വിദ്യയായിട്ട്.
 ഇസ്രായേലിന്റെ ഈ നയം കാരണം വളരെയധികം ഫലസ്തീനികള്‍ക്ക് കുടിയേറ്റ ജനതക്ക് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കുന്ന ഇസ്രായേലി സര്‍വ്വീസുകളിലേക്ക് കൂടുമാറേണ്ട നിര്‍ബന്ധിതാവസ്ഥയാണുള്ളതെന്ന് വിക്കീലീക്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
‘ദേശീയതയുടെ വികാരം അധികകാലം ഉണ്ടാവുകയില്ല. മൊബൈല്‍ ഡാറ്റയെന്നത് വളരെ പ്രധാനമുള്ളതാണ്. ജനങ്ങള്‍ എവിടെയാണെങ്കിലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ ഇത്തരം സാങ്കേതിക വിദ്യ തടഞ്ഞു വക്കുന്നതു മൂലം പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും ഫലസ്തീനില്‍ പരിചയപ്പെടുത്താനുള്ള ഞങ്ങളുടെ കഴിവിനെയാണ് കൊന്നു കളയുന്നത്. മില്യണ്‍ കണക്കിന് ഡോളറുകള്‍ എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് ഇതുമൂലം നഷ്ടപ്പെടുന്നു’ ആഖിര്‍ പറയുന്നു.
ഫലസ്തീനി എഞ്ചിനീയറായ സാമിര്‍ തന്റെ സങ്കടം തുറന്നു പറയുന്നു:  ഞാന്‍ ഇസ്രായേലി സിംകാര്‍ഡ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ എന്റെ ജോലിയുടെ ഭാഗമായി ഞാന്‍ വഴിയിലായിരിക്കുമ്പോള്‍ എനിക്ക് ഇ-മെയിലുകള്‍ അയക്കാനും മറ്റും വേറെ മാര്‍ഗമില്ലാതായിരിക്കുന്നു. അപ്പോള്‍ ഞാനെന്തു ചെയ്യും?’
വത്വനിയ്യയുടെ സി. ഇ. ഒ ആയിട്ടുള്ള ഫായിസ് ഹുസൈനി പറയുന്നത് കാണുക: ’20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒപ്പ് വക്കപ്പെട്ട ഒസ്ലോ കരാറില്‍ വേഗതയേറിയ കമ്യൂണിക്കേഷനുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പു വരുത്തിയിരുന്നു.’
വളരെ ദുര്‍ലഭമായ വിഭവം എന്ന രീതിയിലാണ് ഇസ്രയേല്‍ ഫ്രീക്വന്‍സി, സ്‌പെക്ട്രം തുടങ്ങിയ സാങ്കേതിക വിദ്യയെ കൈകാര്യം ചെയ്യുന്നത്. ഓസ്ലോ കരാറിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. എന്നാല്‍ വെള്ളത്തിന്റെ കാര്യത്തിലെന്ന പോലെ ഈ വിഷയത്തിലും അവര്‍ ഞങ്ങള്‍ക്കത് നിഷേധിക്കുകയാണ്. ഫലസ്തീനികള്‍ മാസത്തില്‍ ഒരു തവണ മാത്രം കുളിച്ചാല്‍ മതി അല്ലെങ്കില്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രം കുടിച്ചാല്‍ മതി എന്നൊക്കെയാണ് അവരുടെ തീരുമാനമെങ്കില്‍ അവര്‍ക്ക് ഈ നിയന്ത്രണമൊക്കെയാകാം. ഫ്രീക്വന്‍സിയുടെ കാര്യത്തിലേക്ക് വന്നാല്‍ അവര്‍ ആകെ ഞങ്ങള്‍ക്ക് തരുന്നത് ഒരു ബക്കറ്റില്‍ നിന്നും ഒരു തുള്ളി മാത്രം.
‘ഇസ്രായേലിന് 60 മെഗാഹെര്‍ഡ്‌സ് കപ്പാസിറ്റിയുണ്ട്. അവര്‍ 4ജി സാങ്കേതിക വിദ്യക്കുള്ള ഒരുക്കത്തിലാണ്. നല്ല വേഗതയേറിയ 3ജി സേവനത്തിന് ഞങ്ങള്‍ക്ക് ആകെ വേണ്ടത് 10 മെഗാഹെര്‍ഡ്‌സ് മത്രം. അതവരുടെ കയ്യിലുണ്ടായിട്ടും അത് തരുന്നില്ല, എന്നല്ല അതിനോടടുത്തതു പോലും തരുന്നില്ല.’
ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷന്‍ മന്ത്രി രാജ്യത്തിന്റെ ഇത്തരം നയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ല.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഈ വര്‍ഷം ആദ്യത്തില്‍ പ്രദേശം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ വെസ്റ്റ് ബാങ്കിന്റെ സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികതയുടെ രാഷ്ട്രീയ വ്യതിചലനങ്ങല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നദ്ദേഹത്തെ സ്വീകരിച്ച പോസ്റ്ററുകളിലൊന്ന് ‘പ്രിയപ്പെട്ട ഒബാമ താങ്കള്‍ റാമല്ലയിലേക്ക് താങ്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടു വരരുത്. താങ്കള്‍ക്ക് മൊബൈലില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടില്ല. ഫലസ്തീനില്‍ ഞങ്ങള്‍ക്ക് 3ജി സൗകര്യം ഇല്ല’ എന്നായിരുന്നു.
3ജി എന്നത് വെസ്റ്റ് ബാങ്കിലെ മൊബൈല്‍ ഉപയോക്താക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമാണ്. ഓസ്ലോ കരാറിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീനെ എ, ബി, സി എന്നിങ്ങനെ വേര്‍തിരിച്ചതു മുതല്‍ ഫലസ്തീനികളുടെ വ്യാപാരത്തിന്റെയും അതിര്‍ത്തികളുടെയും പൂര്‍ണ്ണമായ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തു.
ട്രാന്‍സ്മിറ്റര്‍ പോലുള്ള സാധനസാമഗ്രികള്‍ വെസ്റ്റ് ബാങ്കില്‍ എത്തിക്കുന്നതിനുള്ള കാലതാമസം വലിയ പ്രശനം സൃഷ്ടിക്കുന്നു. ‘ഇസ്രായേലിന് ട്രാന്‍സ്മിറ്റര്‍ കരസ്ഥമാക്കാന്‍ 10 ദിവസം മുതല്‍ രണ്ടാഴ്ച വരെ സമയമെടുക്കുമ്പോള്‍ ഞങ്ങള്‍ക്കത് 8 മാസം മുതല്‍ രണ്ട് വര്‍ഷം വരെയെടുക്കും.’ ആഖിര്‍ പറയുന്നു.
ഗസ്സയില്‍ ഈയവസ്ഥ അതിന്റെ ദയനീയതയുടെ അങ്ങേ തലക്കാലാണുള്ളത്. ‘2010 വരെ ഞങ്ങള്‍ക്ക് ഒരു ചെറിയ സ്‌ക്രൂ പോലും അങ്ങോട്ട് എത്തിക്കാന്‍ പറ്റുമായിരുന്നില്ല. ഞങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കത് പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.
എട്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പവര്‍കട്ടുകളും ഇന്ധനങ്ങളുടെ തീ പിടിച്ച വിലയുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈജിപ്ത് തുരംഗങ്ങള്‍ അടച്ചതാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്.’ ആഖിര്‍ തുടരുന്നു.’ ഇപ്പോള്‍ ജവ്വാലിന്റെ ഗസ്സയിലെ എല്ലാ ടവറുകള്‍ക്കും പ്രത്യേകം ജനറേറ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ചെലവ് വളരെ വലുതാണ്. ലോകത്ത് ഇത്തരം പ്രശ്‌നം നേരിടേണ്ടി വരുന്ന മറ്റൊരു പ്രദേശം ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കാകുമോ?
ഓസ്‌ലോ കരാറനുസരിച്ച് ഫലസ്തീന്‍ പ്രദേശത്ത് ഇസ്രയേല്‍ കമ്പനികളുടെ പ്രവര്‍ത്തനം തന്നെ നിയമവിരുദ്ധമാണെന്നതിനു പുറമെ 30 ശതമാനം ഫലസ്തീനികളും ഉപയോഗിക്കുന്നത് ഇസ്രായേലി സിം കാര്‍ഡാണെന്നതാണ് വസ്തുത.
ഈ നിയമ വിരുദ്ധ കച്ചവടം കാരണം പ്രദേശത്തെ നെറ്റവര്‍ക്കുകള്‍ ഭീമമായ നഷ്ടം നേരിടേണ്ടി വരുന്നു. വേള്‍ഡ് ബാങ്ക് കണക്കു പ്രകാരം ലൈസന്‍സിന്റെയും അത് പുതുക്കുന്നതിന്റെയും ഭാഗമായി ഫലസ്തീന്‍ അധികൃതര്‍ക്ക് വര്‍ഷം 100 മില്യണ്‍ രൂപയുടെ നഷ്ടം സഹിക്കേണ്ടി വരുന്നു.
ഫലസ്തീന്റെ വളര്‍ച്ചക്ക് ഇസ്രായേല്‍ തടസ്സം നില്‍ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ബര്‍സീത് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സയ്യിദ് ഹൈഫ പറയുന്നു.
‘ഇത് ഇസ്രായേലിന്റെ സുരക്ഷയുമായി ഒരു നിലക്കും ബന്ധപ്പെട്ടു കിടക്കുന്ന കാര്യമല്ല.’ അദ്ദേഹം പറയുന്നു. ‘സി’ എന്ന പ്രദേശത്തെ സാങ്കേതികതയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെ മുമ്പില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ 60 ശതമാനം ഫലസ്തീന്‍കാരുടെയും എല്ലാ തരത്തിലുമുള്ള വളര്‍ച്ചയെയും തടയുകയെന്ന ഇസ്രായേലിന്റെ നയത്തിന്റെ ഭാഗമായി ദശകങ്ങളായി തുടരുന്ന പ്രതിഭാസമാണ്.
ഫലസ്തീനികളുടെ മാര്‍ക്കറ്റിനെയും വിഭവങ്ങളെയും നിയന്ത്രിക്കുകയെന്നത് ഇസ്രായേലിന്റെ നയപരമായ തീരുമാനമാണെന്ന് ജറുസലേമിലെ അപ്ലൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഫലസ്തീന്‍ ദേശീയ സാമ്പത്തിക മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഇസ്രായേലിന്റെ ഈ നിയന്ത്രണങ്ങള്‍ ഫലസ്തീനികളെ അവരുടെ തന്നെ ഭൂമിയിലുള്ള  സ്വാധീനത്തിന് തടയിടുകയും അതിലൂടെ അവരുട പ്രകൃതി വിഭവങ്ങള്‍ അവര്‍ക്ക് വേണ്ട വിധം ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. ആഗോള മാര്‍ക്കറ്റില്‍ നിന്നും അവര്‍ ഫലസ്തീനികളെ ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, മോശം പ്രതിഛായയുള്ള വളരെ ചെറിയ പ്രദേശമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
മൊബൈല്‍ സര്‍വീസുകള്‍ സുരക്ഷാ മതിലുകളും ഇസ്രായേലി ഇടനാഴികളും പോലെ വെസ്റ്റ് ബാങ്കിനുമേല്‍ ഇസ്രായേലിന്റെ നിയന്ത്രണ പരിധി വ്യക്തമാക്കിത്തരുന്ന ഒരു സംവിധാനമാണ്.
‘ഇന്നത്തെ കാലത്ത് കണക്റ്റിവിറ്റിയാണ് എല്ലാം. എന്നാല്‍ ഇന്ന് ഞങ്ങളുടെ ഭൂമി, കുടുംബം, നാട് തുടങ്ങി ഞങ്ങളുടെ ശബ്ദം വരെ ഡിസ്‌കണക്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.’ മൊബൈല്‍ ഫോണ്‍ കച്ചവടക്കാരന്‍ ഉമറിന്റേതാണീ വാക്കുകള്‍.
അവലംബം: അല്‍ ജസീറ  ഓണ്‍ ലൈന്‍

വിവ: അത്തീഖുറഹ്മാന്‍

Related Articles