Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ മന്ത്രിയുടെ ഇളിയും, അബ്ബാസിന്റെ ചിരിയും

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലും വലതുപക്ഷ ആധിപത്യമുള്ള കാബിനറ്റിലെയും അംഗമാണ് ഇസ്രായേല്‍ വിദേശകാര്യസഹമന്ത്രിയായ സീവ് എല്‍കിന്‍. അദ്ദേഹം അടുത്തിടെ ദ എക്കണോമിസ്റ്റ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍, അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ തള്ളിപ്പറയുകയും, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍, വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം കൂടി ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്നാണ് എല്‍കിന്റെ ആവശ്യം. ഇതില്‍ പുതുമയൊന്നുമില്ല, ഇങ്ങനെയൊക്കെയാണ് ഇസ്രായേലിന്റെ ഔദ്യോഗിക വ്യവഹാരങ്ങളും. പക്ഷേ, ഒരു പ്രസ്താവന ശരിക്കും വ്യത്യസ്തമാവുക തന്നെ ചെയ്തു. അത് ഫലസ്തീനികളെ ഞെട്ടിക്കുകയും ചൊടിപ്പിക്കുകയും ചെയ്യും. ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതമായ ഇടം വെസ്റ്റ് ബാങ്കാണെന്നാണ്, ഒരു പരിഹാസച്ചിരിയോടെ എല്‍കിന്‍ പറഞ്ഞത്.

ഞെട്ടലുളവാകാന്‍ കാരണമിതാണ്. വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ അധീനതയിലുള്ള ഫലസ്തീന്‍ പ്രവിശ്യയാണ്. അവിടത്തെ ജനത കാലങ്ങളായി തോക്കിന്‍കുഴലിലാണ് ജീവിക്കുന്നത്. അവര്‍ക്ക് സ്വാതന്ത്ര്യവും അവകാശങ്ങളുമില്ല. കൂടുതല്‍ കുടിയേറ്റങ്ങള്‍ക്കും, ഇതിനകം അരലക്ഷം കവിഞ്ഞ, അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരമൊരുക്കാനും ഫലസ്തീനികളുടെ ഭൂമി ഇസ്രായേല്‍ ബലമായി പിടിച്ചുപറിക്കുകയാണ്. വെസ്റ്റ് ബാങ്ക് സുരക്ഷിത സ്ഥാനമാവുക അസാധ്യമെന്ന് പറയേണ്ടതില്ലല്ലോ.

ഫലസതീനികള്‍ തങ്ങളുടെ മുഴുവന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും തിരിച്ചുപിടിക്കും വരെ തങ്ങളുടെ പോരാട്ടം നയിക്കും. അക്രമത്തിനായുള്ള ആഹ്വാനമല്ലിത്, സ്വാഭാവിക മനുഷ്യന്റെ നിര്‍ബന്ധിതാവസ്ഥയാണ്. എന്നാല്‍ ഫലസ്തീനികള്‍ക്ക് പ്രതികരിക്കാനാവുന്നില്ല. പലകാരണങ്ങള്‍ അവരെ പിന്തിരിപ്പിക്കുന്നു. അതില്‍ പ്രധാനപ്പെട്ടൊരു കാരണം റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റിയാണ്. അതിന്റെ സൈനികസന്നാഹങ്ങളെല്ലാം ഇസ്രായേലിന്റെ സുരക്ഷാസംവിധാനങ്ങളുമായി നിരന്തര സഹകരണത്തിലാണ്. അവരുടെ മുന്‍നിരയിലുള്ളവരെല്ലാം, അമേരിക്കന്‍ പട്ടാളത്തിന്റെയും അറബ് സൈന്യത്തിന്റെയും പരിശീലനം നേടിയവരാണ്. ഫലസ്തീന്റെ വിമോചനത്തിനല്ല ഫലസ്തീന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ദശാബ്ദങ്ങളായി ഇസ്രായേല്‍ തുടര്‍ന്നുവരുന്ന കോളനിവത്കരണ പദ്ധതിക്കുവേണ്ടി ഫലസ്തീനികളുടെ വിധേയത്വമുറപ്പിക്കുകയെന്നതാണ് ഫലസ്തീന്‍ അതോറിറ്റിയുടെ ദൗത്യം.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എല്‍കിന് ഇതറിയാം. നെതന്യാഹുവിനും ഇതറിയാം. ഇസ്രായേലിന്റെ ഓരോ ഉദ്യോഗസ്ഥനുമിക്കാര്യമറിയാം. മഹ്മൂദ് അബ്ബാസ് അപൂര്‍വ്വമായി മാത്രം നടത്തുന്ന എതിര്‍പ്പിന്റെ സ്വരം അവഗണിച്ചാല്‍, ഫലസ്തീന്‍ അതോറിറ്റി തങ്ങള്‍ക്കൊരു ഭീഷണീയേയല്ലെന്നും ഇനിയൊട്ടൊരിക്കലുമാവില്ലെന്നും ഇസ്രായേലിനറിയാം. ഇസ്രായേല്‍ സര്‍ക്കാരും ഫലസ്തീനും തമ്മിലുള്ള കരാര്‍ നടപ്പിലാക്കാന്‍ അമേരിക്ക നിശ്ചയിച്ച സമയപരിധി പിന്നിട്ടാലും ഇതെല്ലാമിങ്ങനെ തന്നെ തുടരും. 15ഓളം അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് കരാര്‍ ഒപ്പിടാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ ധൈര്യമൊന്നും ഇതിനൊരു അപവാദമല്ല. തങ്ങള്‍ക്ക് മറികടക്കാനാവാത്ത ചുവപ്പ് രേഖകളേതെല്ലാമാണെന്ന് മഹ്മൂദ് അബ്ബാസിനും സംഘത്തിനും കൃത്യമായ ബോധ്യമുണ്ട്.

അബ്ബാസ് ദുര്‍ബലനായിരിക്കാം പക്ഷേ, കൗശലക്കാരനാണ്. ജോണ്‍ കെറിയുടെ സമാധാനശ്രമങ്ങള്‍ എവിടെയുമെത്തില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അത്തരം സമാധാനശ്രമങ്ങളെ പൊളിക്കുമെന്നും അബ്ബാസിനറിയാം. അബ്ബാസിന്റെ ഭാഗ്യമെന്നോണം സമാധാനശ്രമങ്ങളുടെ പരാജയത്തിന് കെറി ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ചെയ്‌തേക്കാം. കെറി ഇപ്പോള്‍ തന്നെ അത് ചെയ്തു കഴിഞ്ഞിട്ടുണ്ടു താനും. അപ്പോള്‍ നിസ്സാരബുദ്ധിക്ക് ശരിയെന്ന് ചിന്തിച്ചേക്കാവുന്ന തരത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തിന് അബ്ബാസ് മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കും. ഇത് അമേരിക്കയെ ചൊടിപ്പിക്കും ഇസ്രായേലിനെ ഏറെ പ്രകോപിപ്പിക്കും, പക്ഷേ, 79കാരനായ മഹ്മൂദ് അബ്ബാസിനെ പിന്താങ്ങാനും മറ്റൊരു യാസര്‍ അറഫാത്തായി വാഴ്ത്തിപ്പാടാനും പോരാളിയെന്ന വീരപരിവേഷം ചാര്‍ത്താനും അദ്ദേഹത്തിന്റെ അണികള്‍ക്ക് അതുമതി.

അബ്ബാസിനെ ഇപ്പോഴും ഇസ്രായേലിന് ആവശ്യമാണ്. എല്‍കിന്‍ പറഞ്ഞ ‘സുരക്ഷ’യുറപ്പാക്കാന്‍ അബ്ബാസ് ആ സ്ഥാനത്തു തന്നെയുണ്ടായിരിക്കുക അത്യന്താപേക്ഷിതമാണ്. ഫലസ്തീനികളെ കൊന്നൊടുക്കി സ്ഥലങ്ങള്‍ കൈയ്യേറി പര്‍വ്വതങ്ങള്‍ ഇടിച്ചുനിരത്തി ഭീമാകാരമായ കിടങ്ങുകളുണ്ടാക്കി വീടുകളും മരങ്ങളും പിഴുതെറിഞ്ഞ് അതിക്രമിച്ചുകയറുന്ന ഇസ്രായേല്‍ സൈന്യത്തെ തുടര്‍ന്നും സംരക്ഷിക്കുമെന്നാണ് ഈ ‘സുരക്ഷ’യുടെ താല്‍പര്യം. അപ്പോള്‍ പിന്നെ ജനീവയിലൊ, ബ്രസല്‍സിലൊ ഉള്ള അന്താരാഷ്ട്ര സമിതികളുടെ ഫയലുകളിലൊരു കടലാസില്‍ ഒരു സ്ഥലം സാങ്കല്‍പികമായി നിലനിന്നാലെന്ത്..? ഇസ്രായേലിനെ സംബന്ധിച്ചേടത്തോളം അതിന്റെ നിയമം അതിന്റെ സൈന്യത്തിന്റേതാണ്. ഏതെങ്കിലും പാശ്ചാത്യരാജ്യത്തിന്റെ തലസ്ഥാനത്തു നടക്കുന്നതല്ല, തങ്ങള്‍ കൈയ്യേറിയ പ്രദേശത്ത് എന്തുനടക്കുന്നുവെന്നാതാണ് ഇസ്രായേലിന് പ്രധാനം.

അതുകൊണ്ടാണ് എല്‍കിന്‍ ഇളിക്കുന്നത്. അയാള്‍ക്ക് യാതൊരു കൂസലുമില്ല. അതുപോലെ തന്നെയാണ് ഇസ്രായേലിലെ രാഷ്ട്രീയസ്ഥാപനങ്ങള്‍ക്കും. ഓസ്‌ലോ കരാര്‍ ഒപ്പിട്ടതിന് പിറകെ, ഇസ്രായേലും അഴിമതിക്കാരായ ഫലസ്തീന്‍ രാഷ്ട്രീയവൃത്തങ്ങളും തമ്മിലൊരു ധാരണ നടപ്പിലാക്കിയിരുന്നു. അതനുസരിച്ച് ഇസ്രായേല്‍ തങ്ങളുടെ സുരക്ഷയുറപ്പാക്കി സൈനിക അധിനിവേശവും, കോളനിവത്കരണവും, ഫലസ്തീനിനെ വികൃതമാക്കുന്നതും തുടര്‍ന്നു. അപ്പോഴൊക്കെ ഫലസ്തീന്‍ പ്രമാണിമാര്‍ക്ക് മഹാഭൂരിപക്ഷം വരുന്ന ഫലസ്തീനകള്‍ക്കും അന്യമായ സാമ്പത്തികസഹായങ്ങളും ഔദാര്യങ്ങളും ലഭിച്ചുകൊണ്ടേയിരുന്നു.

തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുകയെന്നതായിരുന്നു ഫലസ്തീന്‍ അതോറിറ്റിയുടെ എക്കാലത്തേയും പ്രധാനവെല്ലുവിളി. ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനികളെ അറസ്റ്റ് ചെയ്യാനും, പീഡിപ്പിച്ച് വകവരുത്താനുമാണ് ഇസ്രായേല്‍ ആശീര്‍വാദത്തോടെ ഫലസ്തീന്‍ അതോറിറ്റിയുടെ സേന പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ദൈനംദിന അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളുടെ സാമ്പത്തിക പരാധീനതകളെ ചൂണ്ടിക്കാണിച്ചാണ് ഫലസ്തീനകളെ തടവിലാക്കുന്നതിനെ ഫലസ്തീന്‍ അതോറിറ്റി ന്യായീകരിക്കുന്നത്. പക്ഷേ അതുകൊണ്ടുമാവില്ലല്ലോ. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നത് തങ്ങളാണെന്ന് വരുത്തിതീര്‍ക്കേണ്ടത് തങ്ങളുടെ നിലനില്‍പിനാവശ്യമാണ്. അതുകൊണ്ടുതന്നെ, മാധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനമുപയോഗിച്ച് തങ്ങളുടെ മുദ്രാവാക്യങ്ങളും, കൊടികളും, കഫിയകളും പ്രചരിപ്പിക്കുന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ ഒരുപാട് അണികള്‍ ആ താളത്തിനൊത്ത് തുള്ളുന്നുമുണ്ട്. അബ്ബാസിനാണ്, അബ്ബാസിനുമാത്രമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്നും ഫലസ്തീന്റെ മോചനം യാഥാര്‍ഥ്യമാക്കാനാവുക എന്നവര്‍ പ്രചരിപ്പിക്കുന്നു.

ഇപ്പോള്‍ തന്നെ പരാജയം പ്രവചിക്കാവുന്ന അഥവാ ഒരിക്കലും വിജയിക്കുകയില്ലെന്നുറപ്പുള്ള സമാധാനശ്രമങ്ങളുടെ പശ്ചാതലത്തില്‍ വയസ്സനായ തങ്ങളുടെ നേതാവിന്റെ ബുദ്ധിയെ വെല്ലുവിളിക്കാതിരിക്കാന്‍ ഫലസ്തീന്‍ അധികൃതര്‍ അബ്ബാസിന്റെ പ്രതിഛായ വാനോളമുയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിടരുതെന്ന യുഎസ് സെക്രട്ടറി ജോണ്‍ കെറിയുടെ തിട്ടൂരം തള്ളിയ അബ്ബാസിനെ കുറിച്ച് ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥാന്‍ ഉത്സാഹത്തോടെ സംസാരിക്കുന്നു. അന്താരാഷ്ട്ര കരാറുകളില്‍ ഫലസ്തീന്‍ ഒപ്പിട്ടാല്‍ ഇസ്രായേലില്‍ നിന്നുമുണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് കെറി അബ്ബാസിനെ താക്കീതു ചെയ്തുവെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അബ്ബാസ് മറുപടി നല്‍കിയതിങ്ങനെയാണത്രെ: ഇസ്രായേലിന്റെ ഭീഷണിയെ ആരും പേടിക്കുന്നില്ല. അവര്‍ക്കിഷ്ടമുള്ളതുപോലെ അവര്‍ക്കു ചെയ്യാം.

ഈ വാക്കുകള്‍ ഫലസ്തീന്‍ മാധ്യമങ്ങളിലൂടെ പലകുറിയാവര്‍ത്തിച്ചു. അബ്ബാസിന്റെ പ്രതിഛായ വീണ്ടുമുയര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ തെറ്റായ രീതികളെയും, വിശ്വാസ്യതയും, അര്‍ഹതയും ചോദ്യം ചെയ്യുന്ന ആര്‍ക്കും സ്ഥാനമില്ല. ഇസ്രായേല്‍ അധീന ഫലസ്തീന്‍ നഗരങ്ങളിലൊക്കെയും ഇപ്പോള്‍ ഈ വൃദ്ധന്റെ പോസ്റ്ററുകള്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഫലസ്തീന്‍ അതോറിറ്റി പോരാട്ടത്തിന്റെ വേദിയാണെന്നും കീഴടങ്ങുന്നവരല്ലെന്നുമുള്ള മിഥ്യ വളര്‍ത്താന്‍ അദ്ദേഹത്തിന്റെ പുതിയ നാടകങ്ങള്‍ക്കാവും.

നിറംപിടിച്ച പോസ്റ്ററുകളില്‍ മാത്രമുള്ള ഹീറോകളും, നാളിതുവരെ നടക്കാത്ത വിപ്ലവത്തെ കുറിച്ചുള്ള മിഥ്യകളും വില്‍ക്കുന്ന പിന്നണിയാളുകളും അബ്ബാസും, വെസ്റ്റു ബാങ്കും ഇതെല്ലാം സുരക്ഷിതമായിരിക്കുന്നേടത്തോളം കാലം എല്‍കിന്‍ ഇളിക്കുക തന്നെ ചെയ്യും. അങ്ങനെ വെസ്റ്റ് ബാങ്ക് സുരക്ഷിതമായിരിക്കുന്നേടത്തോളം കാലം ഫലസ്തീന്‍ സ്വാതന്ത്ര്യം നേടുകയില്ല. പോരാട്ടമല്ലാതെ, വിധേയത്തമൊരിക്കലും ഒരവകാശവും നേടിത്തരികയില്ലല്ലൊ.

വിവ : മുഹമ്മദ് അനീസ്‌

Related Articles