Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ അബ്ബാസിന്റെ നല്ല അയല്‍ക്കാരനാകുമ്പോള്‍

ഓസ്‌ലോ കരാര്‍ ഒപ്പുവെക്കുന്നതിനും, പി.എല്‍.ഒ സായുധ സമരം ഉപേക്ഷിച്ച് സമാധാന പരിഹാരം എന്ന മരീചികക്ക് പുറകെ കിതച്ചോടുന്നതിനും മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ മാധ്യമ പ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്ന ഒന്നായിരുന്നു ഫലസ്തീനിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ യോഗങ്ങള്‍. അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒപ്പിയെടുക്കുന്നതിനായിരുന്നു അവര്‍ വന്നിരുന്നത്. അതിന്റെ ഒന്നും രണ്ടും നിരകളിലെ മിക്ക നേതാക്കളുടെയും കൂടിക്കാഴ്ച്ചയോ പ്രസ്താവനയോ ലഭിക്കുന്നതിനായി ന്യൂസ് ഏജന്‍സികളും ടെലിവിഷന്‍ ചാനലുകളും മാധ്യമ പ്രതിനിധികളും വരിനില്‍ക്കുകയായിരുന്നു അന്ന്.

പി.എല്‍.ഒ അതിന്റെ നിലപാടില്‍ നിന്ന് മാറി. ഇന്‍തിഫാദയെന്നത് ചില പുസ്തകങ്ങളില്‍ വളരെ ലജ്ജയോടെ പഠിപ്പിക്കപ്പെടുന്ന കേവല സംഭവമായി മാറുകയും ചെയ്തു. ഇസ്രയേല്‍ ശത്രുവല്ല, നല്ലൊരു അയല്‍ക്കാരനാണെന്ന് പഠിപ്പിക്കുന്നതാണ് പരിഷ്‌കരിച്ച സിലബസ്. ചില ‘തെമ്മാടികളുടെ’ ശബ്ദം മറച്ചുവെക്കാന്‍ വേണ്ടി ഫലസ്തീനിയന്‍ നാഷണല്‍ കൗണ്‍സിലിന് പകരം ഫലസ്തീനിയന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. പി.എല്‍.ഒയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളില്‍ നിന്നുള്ളവരുടെ സമിതായിരുന്നു അത്. അതിലെ അംഗങ്ങള്‍ക്ക് പഴയകാര്യങ്ങള്‍ അനുസ്മരിക്കാനും ഫലസ്തീന്റെ സുവര്‍ണകാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച രാഷ്ട്രീയ നിലപാടുകളും ശോഭന ചിത്രങ്ങളും പരസ്പരം പങ്കുവെക്കാനുമുള്ള ചായസല്‍ക്കാരങ്ങളായി അതിന്റെ സമ്മേളനങ്ങള്‍ മാറുകയും ചെയ്തു.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സഹായികളിലും കൂട്ടാളികളിലും പെട്ട ‘ഹാജരായവരെ’ വെച്ച് റാമല്ലയില്‍ ഈ ബുധനാഴ്ച്ച ഫലസ്തീനിയന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ യോഗം ചേര്‍ന്നു. മാധ്യങ്ങളുടെ വരികള്‍ക്കിടയില്‍ അതിന് ഒരു സ്ഥാനവും ലഭിച്ചില്ല. (പ്രസിഡന്റിന്റെ ടെലിവിഷന്‍ മാത്രമാണ് ഇതിന്നപവാദം) ഫലസ്തീന്‍ ജനത പോലും അതിനെ കുറിച്ച് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി അതിലില്ല.

ഫലസ്തീന്‍ വിഷയത്തെ ഇത്രത്തോളം പരാജിതമായ അവസ്ഥയിലെത്തിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഈയടുത്ത കാലം വരെ അറബ് ചിന്തയിലും ലോക മനസ്സുകളിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അതിനെ അങ്ങേയറ്റം നിന്ദ്യമായ അവസ്ഥിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്ന കൂട്ടത്തിനുമാണ് അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്ന് പറയുന്നില്ല. എന്നാല്‍ പ്രധാന ഉത്തരവാദികള്‍ അവര്‍ തന്നെയാണ്. കീഴൊതുങ്ങിയും ദാസ്യപ്പണി ചെയ്തും നിന്ദ്യനായി അധികാരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്തുതിപാഠകരാണ് അദ്ദേഹത്തിന് ചുറ്റുമുള്ളത്. ഒരു മരപ്രതിമ പോലെയാണയാള്‍, അല്ലെങ്കില്‍ ഒരു ‘നോക്കുകുത്തി’ പോലെ.

ആകെ 110 സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ 80 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രധാനപ്പെട്ട രണ്ട് ഫലസ്തീന്‍ സംഘടനകളുടെ പ്രതിനിധികള്‍ അക്കൂട്ടത്തിലില്ല, ഹമാസിന്റെയും അല്‍-ജിഹാദുല്‍ ഇസ്‌ലാമിയുടെയും. അവരില്‍ ചിലര്‍ക്ക് അധിനിവേശ ഭരണകൂടം പ്രവേശനാനുമതി നല്‍കിയില്ല, ചിലരെല്ലാം പരലോകത്തേത്ത് യാത്രയായവരാണ്, മറ്റുചിലരാവട്ടെ അധിനിവേശ ജയിലുകളില്‍ കഴിയുന്നവരും. പങ്കെടുത്തവരില്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റെയും അംഗത്വം എത്രത്തോളം ആധികാരകമാണെന്നതും സംശയകരമാണ്. പ്രസിഡന്റ് തെരെഞ്ഞെടുത്തു എന്നതിനപ്പുറം ആര്‍ക്കും അവരുടെ പേരുകള്‍ പോലും കൃത്യമായി അറിയില്ല. അതിലെല്ലാമുപരി കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞിട്ട് പത്തോ അതിലധികമോ വര്‍ഷമായിട്ടുണ്ട്. പ്രസിഡന്റ് അബ്ബാസിന്റെയും അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന്റെയും അവസ്ഥയും ഇത് തന്നെയാണ്. എന്നാല്‍ ആരാണവിടെ ചോദ്യം ചെയ്യാനുള്ളത്?

സമ്മേളനം നടക്കുന്നതിന് മുമ്പ് ഭരണകൂടത്തിന്റെ സ്തുതി പാഠകര്‍ ചില പ്രചാരണങ്ങള്‍ നടത്തി നോക്കിയിരുന്നു. ഭരണകൂടം പിരിച്ചു വിടാനുള്ള സാധ്യതയെയും അതിനുള്ള സമ്പത്തും നികുതിപ്പണവും മരവിപ്പിച്ച നെതന്യാഹു സര്‍ക്കാറിന്റെ നടപടിക്കുള്ള മറുപടിയായി ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കുന്നതിനെയും ചുറ്റിപ്പറ്റിയായിരുന്നു അത്. ഇടക്കിടെ ആവര്‍ത്തിക്കുന്ന പഴകിയ ആ തന്ത്രവും മാധ്യമ ശ്രദ്ധ നേടുന്നതില്‍ വിജയിച്ചില്ല.

സാമ്പത്തികമായും രാഷ്ട്രീയമായും പാപ്പരത്വം അനുഭവിക്കുകയാണ് ഫലസ്തീന്‍ അതോറിറ്റി. നിത്യചെലവുകള്‍ക്ക് പ്രാദേശിക ബാങ്കുകളില്‍ നിന്ന് കടമെടുക്കേണ്ടി വന്നിരിക്കുന്നു. 1,80,000 ലേറെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും കൊടുക്കാനാവുന്നത് അതിലൂടെയാണ്. ഉദ്യോഗസ്ഥരില്‍ വലിയൊരു പങ്കും ഭരണകക്ഷിയായ ഫതഹ് പാര്‍ട്ടിയുടെ ആളുകളാണെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ അഞ്ച് ബില്യന്‍ ഡോളറിലേറെ കടബാധ്യത ഉണ്ടായിട്ടുണ്ടെന്ന് പലരും കണക്കാക്കുന്നു. അത് അടച്ചുവീട്ടേണ്ട ബാധ്യത വരും തലമുറക്കാണ്. അത് എവിടെ നിന്ന് എങ്ങനെ എന്നൊന്നും നമുക്കറിയില്ല. അത് തിരിച്ചടക്കുക ഹെബ്രോണിലെ സ്വര്‍ണ ഖനിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നോ, അല്ലെങ്കില്‍ ഗസ്സയിലെ ഗ്യാസില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നോ?

സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ വളരെ ദീര്‍ഘിച്ച ഒരു പ്രഭാഷണം തന്നെ അബ്ബാസ് നടത്തി. അതില്‍ തങ്ങളുടെ സമ്പത്ത് മരവിപ്പിക്കുകയും പാപ്പരത്വത്തിലേക്ക് തള്ളിവിടുകയും ഗസ്സയിലെ ഫലസ്തീനികളെ ഉപരോധിക്കുകയും ഗസ്സയില്‍ ഹമാസിന് നേരെ ആക്രമണം ചൊരിയുകയും ചെയ്ത ഇസ്രയേലെന്ന ‘ശത്രു’വിനെതിരെ ഒന്നും പറഞ്ഞില്ല. ഈജിപ്ത്, ഇസ്രയേല്‍ ഭരണകൂടങ്ങളെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹം ഹമാസിനെ ഭീകരപ്പട്ടികയില്‍ ചേര്‍ത്തില്ലല്ലോ എന്നതില്‍ നമുക്ക് അല്ലാഹുവെ സ്തുതിക്കാം.

മാത്രമല്ല, രണ്ടാഴ്ച്ചക്ക് ശേഷം ഇസ്രയേലില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തെരെഞ്ഞെടുക്കുന്ന ഏത് സര്‍ക്കാറുമായും സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും അബ്ബാസ് പറഞ്ഞു. കുടിയേറ്റം അവസാനിപ്പിക്കണമെന്നതടക്കമുള്ള ഒരു ഉപാധിയും അതിന് മുന്നോട്ട് വെച്ചിട്ടുമില്ല. അബ്ബാസിന്റെ പ്രസംഗത്തിലെ ഒരു ഭാഗം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു: അധികാരമില്ലാത്ത അതോറിറ്റിയുടെ ചുമതലകളില്‍ നാം ഒരു പുനരാലോചന നടത്തേണ്ടത് അനിവാര്യമാണ്. പരമാധികാരമുള്ള അതോറിറ്റിയെ എങ്ങനെ മടക്കി കൊണ്ടുവരാമെന്നുള്ള പഠനവും നടക്കേണ്ടതുണ്ട്.’ തന്റെ ഭരണകൂടത്തിന് എങ്ങനെ പരമാധികാരവും ശക്തിയും വീണ്ടെടുക്കുമെന്ന് അബ്ബാസ് നമ്മോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഇസ്രയേല്‍ ജനത നിങ്ങളുടെ പങ്കാളികളാണ്, സമാധാന കരാറുണ്ടാക്കാന്‍ അവര്‍ സന്നദ്ധരുമാണെന്ന് എന്നദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഈ നിന്ദ്യമായ അവസ്ഥ എന്തിനാണ് ഫലസ്തീനികള്‍ സഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഫതഹ് പാര്‍ട്ടിയിലെ ബുദ്ധിമാന്‍മാരും പോരാളികളും കേഡര്‍മാരും രക്തസാക്ഷികളാല്‍ നിറഞ്ഞ തങ്ങളുടെ ചരിത്രത്തെ ഈ നേതൃത്വം നിന്ദിക്കുന്നത് എങ്ങനെ അംഗീകരിക്കുന്നു? എന്നിട്ടും സെന്‍ട്രല്‍ കൗണ്‍സിലിലെ അംഗത്വവും മുറുകെ പിടിച്ച് അവിടെയിരിക്കാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നു? അത് വിട്ടു പോരുന്നില്ലെന്ന് മാത്രമല്ല ക്രിയാത്മകമായി അതില്‍ പങ്കാളിയാവുകയോ പ്രതിഷേധം രേഖപ്പെടുത്തുകയോ പോലും അവര്‍ ചെയ്യുന്നില്ല. ഫലസ്തീന്‍ പ്രതിരോധത്തിന്റെ നല്ല കാലഘത്തില്‍ ജീവിച്ചിരുന്നവരാണ് അവരില്‍ ചിലര്‍. മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് ഫലസ്തീന്‍ ദേശത്തിന്റെ താല്‍പര്യങ്ങളില്‍ നിന്ന് നേരിയ തോതില്‍ വ്യതിചലിക്കുന്നുവെന്ന് തോന്നിയപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ട പലരും അക്കൂട്ടത്തിലുണ്ട്.

ഈ വിഷയം പലതവണ ഇവിടെ എഴുതിയിട്ടുണ്ടെന്ന് എനിക്കറിയാം. വെള്ളത്തില്‍ വരക്കുന്നത് പോലെ ഫലമില്ലാത്ത ഒരു കാര്യമാണിതെന്നും ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഫലസ്തീനിനെ അവഗണിക്കരുതെന്ന ചില മാന്യവായനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന എന്നെ ഇതെഴുതാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്. പ്രസിഡന്റ് അബ്ബാസ് താങ്കള്‍ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളുടെ പേരിലും താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. അവയൊരോന്നും വെവ്വേറെ എടുത്തു പറയാന്‍ അവയുടെ ആധിക്യം അനുവദിക്കുന്നില്ല. സെന്‍ട്രണ്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ ഈ സമ്മേളനത്തിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. അവര്‍ അതിന്റെ പേരില്‍ ശമ്പളമോ വരുമാനമോ നേടുന്നില്ലെന്നും എനിക്കറിയാം. എന്നാല്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ‘കള്ള സാക്ഷ്യ’ത്തിനാണവര്‍ കൂട്ടുനില്‍ക്കുന്നത്. അവരിലധികം പേരും എഴുപത് വയസ്സ് പിന്നിട്ടവരാണ്. നിരന്തരം ആവര്‍ത്തിക്കുന്ന ഈ വാക്കുകള്‍ക്ക് അവരില്‍ നിന്ന് ഒരു മറുപടിയുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles