Current Date

Search
Close this search box.
Search
Close this search box.

അവരുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ളതല്ല

ഗസ്സയില്‍ വെടിനിര്‍ത്താനുള്ള ചര്‍ച്ച പരാജയപ്പെട്ടതിന്റെ കാരണം വളരെ ലളിതമാണ്. ഗസ്സയുടെ പ്രതിനിധി സംഘം തങ്ങളുടെ ഉപാധികളില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായില്ല. ഗസ്സയുടെ ആയുധങ്ങളെല്ലാം വലിച്ചെറിയിച്ച് ഒരു ടൂറിസ്റ്റ് റിസോര്‍ട്ടാക്കി ഇസ്രയേലിനെയും സ്വന്തത്തെയും രക്ഷിക്കാനായിരുന്നു മധ്യസ്ഥത വഹിച്ച അറബ് കക്ഷിയും ശ്രമിച്ചത്. ഗസ്സയെ ആയുധമുക്തമാക്കല്‍ ഇസ്രയേലിന്റെ മാത്രം ലക്ഷ്യമായിരുന്നില്ല.

ചര്‍ച്ചയില്‍ പങ്കെടുത്ത ഹമാസിന്റെയും അല്‍-ജിഹാദുല്‍ ഇസ്‌ലാമിയുടെയും പ്രതിനിധികള്‍ കഴിവും ശേഷിയും ഉള്ളവര്‍ തന്നെയായിരുന്നു. പോരാട്ടത്തിന്റെ ആദര്‍ശത്തെയായിരുന്നു അവര്‍ പ്രതിനിധീകരിച്ചത്. യുദ്ധമുഖത്ത് ഇസ്രയേലിനെ എങ്ങനെ നേരിടമെന്ന് അറിയുന്നത് പോലെ തന്നെ ചര്‍ച്ചയില്‍ എങ്ങനെ നേരിടണമെന്നും അവര്‍ക്കറിയാം. ഇസ്രയേലിനെ കുറിച്ച ഭീതിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ മോചിതരായവരാണവര്‍. പേടി എന്നത് അവരുടെ ജീവിതത്തില്‍ ഇല്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല.

തങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതെല്ലാം റാന്‍ മൂളി സമ്മതിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയോട് ചര്‍ച്ച നടത്തിയാണ് ഇസ്രയേലിന് പരിചയം. ഒന്നൊന്നായി ഓരോ ഉപാധികളിലും വിട്ടുവീഴ്ച്ച ചെയ്ത് മുഴുവന്‍ അപ്പടി അംഗീകരിക്കുന്ന ആളുകളെ മാത്രമേ അവര്‍ കണ്ടിട്ടുള്ളൂ. ഈ ചര്‍ച്ചയില്‍ അവര്‍ക്കതിന് സാധിച്ചില്ല.

ഖലീല്‍ ഹയ്യയെയും മഹ്മൂദ് സഹാറിനെയും പോലുള്ളവരോടാണ് ഇസ്രയേല്‍ ഇവിടെ ചര്‍ച്ച നടത്തുന്നത്. ഇസ്രയേലിന്റെ ആസൂത്രിതമായ ആക്രമണത്തിലാണ് ഖലീല്‍ ഹയ്യയുടെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും രക്തസാക്ഷിത്വം വരിച്ചത്. ഫലസ്തീന്‍ മോചനത്തിനായി മാതാപിതാക്കളെ സമര്‍പ്പിച്ച വ്യക്തിയാണ് സഹാര്‍. പോരാട്ട ഭൂമിയില്‍ നിന്ന് അവര്‍ കെയ്‌റോയിലെത്തിയത് ആശ്വാസം തേടാനല്ല. തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമാണ് അവരെത്തിയത്. മറ്റുള്ളവരെ കബളിപ്പിക്കുന്നത് പോലെ ഇതുപോലുള്ള ആണുങ്ങളെ കബളിപ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. അതിന് കൂട്ടുനിന്ന അറബ് പ്രതിനിധികളോടും ഇത് തന്നെയാണ് പറയാനുള്ളത്.

മറ്റുള്ളവര്‍ക്കില്ലാത്തതും അവിടത്തുകാര്‍ക്കുള്ളതുമായ ഒന്നാണ് തങ്ങളുടെ വിഷയത്തിലുള്ള നിശ്ചയദാര്‍ഢ്യവും വിശ്വാസവും. ഫലസ്തീനെ പൂര്‍ണമായി മോചിപ്പിക്കാനുള്ള തങ്ങളുടെ അവകാശത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും അവര്‍ തയ്യാറല്ല. ടോണി ബ്ലയറിന്റെ പദ്ധതിയിലൂടെ കെയ്‌റോ ചര്‍ച്ചയെന്ന കെണിയൊരുക്കാനാണ് ഇസ്രയേലും ചര്‍ച്ചക്ക് ആതിഥേയ രാഷ്ട്രവും ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ പദ്ധതിയെ കുറിച്ച് നല്ല ധാരണയുള്ള, അതിനെ നേരിടാന്‍ തയ്യാറായി വന്ന നട്ടെല്ലുള്ള വ്യക്തികളെയാണവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

മൂന്ന് ദിവസം നിശ്ചയിച്ച വെടിനിര്‍ത്തല്‍ നീട്ടാന്‍ അവര്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ സമയം അവസാനിച്ച് ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ റോക്കറ്റ് അയച്ച് അവരത് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ തള്ളി. അവരെ അതിന് പ്രേരിപ്പിച്ചവരുടെ കൂട്ടത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുമുണ്ടായിരുന്നു. ‘യാഥാര്‍ഥ്യം’ ഉള്‍ക്കൊണ്ട് അവര്‍ സ്വീകരിച്ച ‘മിതനിലപാട്’ കൊണ്ട് നിന്ദ്യതയും അധമത്വവും ലോകത്തെ സന്നദ്ധ സഹായ ഏജന്‍സികളുടെ നക്കാപ്പിച്ച കൊണ്ടുള്ള ജീവിതവുമല്ലാത്ത മറ്റെന്താണ് ‘മിതനിലപാടുകാര്‍ക്ക്’ അധിനിവേശകരില്‍ നിന്ന് നേടാനായത്. അതോടൊപ്പം തന്നെ സുരക്ഷ സഹകരണത്തിന്റെ പേരില്‍ വലിയൊരു സംഖ്യ അടക്കേണ്ടിയും വരുന്നു. പ്രതിരോധിക്കുന്ന അന്തസ്സുള്ളവരെ വകവരുത്തുന്നതിന്റെ മുന്നോടിയായുള്ള ചാരപ്രവര്‍ത്തനമാണ് സുരക്ഷാ സഹകരണമെന്ന പേരില്‍ നടക്കുന്നത്. വെസ്റ്റ്ബാങ്കില്‍ പ്രതിരോധമെന്ന പ്രതിഭാസം വളരുന്നതിന് തടയിടാനാണ് ഇതെല്ലാം ചെയ്യുന്നത്.

കുടുംബത്തെ നഷ്ടപ്പെട്ട ഖലീല്‍ ഹയ്യക്കും മാതാപിതാക്കളെ നഷ്ടപ്പെട്ട മഹ്മൂദ് സഹാറിനും ഇനിയെന്താണ് നഷ്ടപ്പെടാനുള്ളത്. ഇപ്രകാരം ഗസ്സയിലെ ധീരയോദ്ധാക്കള്‍ക്ക് നഷ്ടപ്പെടാനെന്താണുള്ളത്? വീടുകളെല്ലാം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. രണ്ടായിരത്തിനടത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊലപ്പെടുത്തി. ആശുപത്രികളും വൃദ്ധസദനങ്ങള്‍ പോലും നശിപ്പിച്ചു. വെള്ളവും വൈദ്യുതിയും അവര്‍ക്ക് വിലക്കി. വായു തടയാന്‍ വല്ല സംവിധാവും ഉണ്ടായിരുന്നെങ്കില്‍ അതും അവര്‍ ചെയ്യുമെന്നതില്‍ സംശയിക്കേണ്ട. ഇനിയവര്‍ക്ക് എന്ത് നഷ്ടം വരുത്താനാണ് ഇസ്രയേലിന് സാധിക്കുക?

ഗസ്സയുടെ കാര്യം തീരുമാനിക്കുന്നത് ധീരരായ പോരാളികളാണ്. ഭൂമിക്കടിയില്‍ നിന്ന് അവര്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇസ്രയേലിനോ അവരുടെ ചാരന്‍മാര്‍ക്കോ അത്യാധുനിക സംവിധാനങ്ങള്‍ക്കോ അവരെ കണ്ടെത്താനായിട്ടില്ല. ഹമാസിന്റെ അല്‍-ഖസ്സാമും അല്‍-ജിഹാദിന്റെ അല്‍-ഖുദ്‌സ് ബ്രിഗേഡിയര്‍മാരുമാണ് അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ലോക സ്രഷ്ടാവിന് ജീവിതം നേര്‍ച്ചയാക്കിയ അവര്‍ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. രക്തസാക്ഷിത്വം വരെ തങ്ങളെ പിന്തുണക്കുന്ന ധീരരായ ജനതയെയാണ് അവര്‍ ചുറ്റും കാണുന്നത്.

ഗസ്സയുടെ ആയുധം വിലകൊടുത്ത് വാങ്ങാനാവില്ല. മുന്നനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചവരാണവര്‍. 1982-ല്‍ ലബനാനില്‍ നിന്ന് ആയുധവും ഉപേക്ഷിച്ച് പുറത്തു കടന്നപ്പോള്‍ എവിടെയാണത് അവസാനിച്ചത്? ഇരുപതിലേറെ വര്‍ഷം ചര്‍ച്ച നടത്തിയ റാമല്ല സര്‍ക്കാര്‍ എവിടെയാണിന്ന് എത്തിനില്‍ക്കുന്നത്? ഏഴ് ലക്ഷം കുടിയേറ്റക്കാരെയും ഖുദ്‌സിന്റെ ജൂതവല്‍കരണവുമല്ലാതെ മറ്റൊന്നും അവര്‍ നേടിയില്ല. ഫലസ്തീന്‍ ജനതയെ ശമ്പളത്തിന്റെ അടിമകളും അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും ചില അറബികളും ഇട്ടുകൊടുക്കുന്ന സഹായത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് കാത്തുനില്‍ക്കുന്നവരുമാക്കി മാറ്റി.

ഗസ്സയുടെ അവശേഷിക്കുന്ന ഭാഗങ്ങളും ഇസ്രയേല്‍ തകര്‍ക്കട്ടെ. അച്ഛന്‍ ബുഷിന്റെ ഭയപ്പെടുത്തല്‍ ശൈലി ഗസ്സയിലെ ധീരന്‍മാരുടെ അടുത്ത് വിജയിക്കില്ല. കുട്ടികളെ വകവരുത്തിയിട്ട് അവരെ തന്നെ കുറ്റപ്പെടുത്തുന്നതും അവരെ ഭയപ്പെടുത്തില്ല. റോക്കറ്റുകള്‍ കൈവശപ്പെടുത്തി എന്നതല്ല പ്രശ്‌നം, അത് ഉപയോഗിക്കാനുള്ള ആര്‍ജ്ജവം ഉണ്ടെന്നത് മാത്രമാണ് പ്രശ്‌നം. കോടിക്കണക്കിന് ഡോളറുകള്‍ മുടക്കി ആയുധം ഉടമപ്പെടുത്തി അത് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ള ആര്‍ജ്ജവമില്ലാത്ത എത്രയോ രാഷ്ട്രങ്ങളെ നമുക്ക് കാണാം. പിന്നെ അതുപയോഗിക്കപ്പെടുന്നത് തെറ്റായ ഇടങ്ങളിലാണ്. യുദ്ധത്തില്‍ പരാജയപ്പെടാത്ത ഗസ്സക്കാര്‍ ചര്‍ച്ചയിലും വിജയിച്ചു. ദൈവഹിതത്താല്‍ അവര്‍ പരാജയപ്പെടുകയുമില്ല. വളരെ ചെറിയ ഭൂപ്രദേശമായ കുഞ്ഞു ഗസ്സ അവരുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൊണ്ട് വന്‍ രാഷ്ട്രങ്ങളേക്കാള്‍ ശക്തമാണ്.

ഗസ്സക്കാരോട് ആത്മാര്‍ഥമായി ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്. നിങ്ങളുടെ തലകള്‍ ചുംബിക്കാന്‍ സാധിക്കാത്തതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. കാരണം ഞങ്ങളേക്കാള്‍ എത്രയോ ഉയരത്തിലാണല്ലോ നിങ്ങള്‍.. നിങ്ങളുടെ നേട്ടങ്ങളും വിജയങ്ങളും നിങ്ങളെ വലിയവരാക്കിയിരിക്കുന്നു.. ലോകത്തെ ലക്ഷക്കണക്കിന് അഭിമാനികള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിങ്ങള്‍ അറിയുക.. നിങ്ങള്‍ വിജയിക്കുമെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. അഭിമാനത്തിന്റെയും അന്തസിന്റെയും തലസ്ഥാനമായി ഗസ്സ മാറിയിരിക്കുന്നു, പോരാളികളുടെ വിശുദ്ധ ഗേഹവും.

വിവ : നസീഫ്‌

Related Articles