Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം ഖുദ്‌സിന്റെയും വസന്തമാകും

(ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ച ശൈഖ് റാഇദ് സ്വലാഹ് അധിനിവേശ ഫലസ്തീനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനാണ്.ഇസ്‌ലാമിക പുണ്യകേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ അഖ്‌സ ഫൗണ്ടേഷന്റെ അധ്യക്ഷനാണ് ശൈഖ് റാഇദ്. അല്‍ അഖ്‌സ പള്ളിയുടെ പുനരുദ്ധാരണ കമ്മിറ്റി, ഫലസ്തീന്‍ സഹായ കമ്മിറ്റി തുടങ്ങിയ സമിതികളില്‍ അംഗമാണ്. മസ്ജിദ് അല്‍ അഖ്‌സയെ തകര്‍ക്കാന്‍ വേണ്ടി പള്ളിക്കടിയില്‍ ഉണ്ടാക്കിയ തുരങ്കം ആദ്യമായി കണ്ടെത്തിയത് അദ്ദേഹമായിരുന്നു. )

അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സയുടെ തിരുമുറ്റത്ത് നിന്ന് നിങ്ങളുടെ ഈ മഹത്തായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ആദ്യമായി ഞാന്‍ എന്റെ അഭിവാദ്യം അര്‍പ്പിക്കുന്നു- അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു. ഫലസ്തീനിന്റെയും വിശുദ്ധ ഖുദ്‌സിന്റെയും മോചനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദിയും പ്രാര്‍ഥനയും ഞാന്‍ അറിയിക്കുന്നു. നിങ്ങളുടെ ഈ സല്‍സംരംഭങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ!.

നിങ്ങളെ നേരില്‍ കണ്ടു ആശ്ലേഷിക്കാനും നിങ്ങളോടുള്ള എന്റെ അഗാധമായ സ്‌നേഹം പങ്കുവെക്കാനും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, നിലവിലെ ഞങ്ങളുടെ സങ്കീര്‍ണമായ സാഹചര്യമാണ് ലോകത്ത് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ രാഷ്ട്രത്തിലേക്ക് എത്തുന്നതിന് എനിക്ക് തടസ്സമായിവന്നത്. നീതിയുടെയും നന്മയുടെയും പക്ഷത്ത് നിലയുറപ്പിച്ച്‌കൊണ്ട് മര്‍ദ്ധിതര്‍ക്ക് ശക്തി പകരാനും ഇസ്രായേലിന്റെതടക്കമുള്ള എല്ലാവിധ അധിനിവേശങ്ങളെ ചെറുക്കാനുമുള്ള ഇന്ത്യാരാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍വശക്തന്‍ ശക്തിപകരട്ടെ എന്ന് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ പ്രാര്‍ഥിക്കുകയാണ്.  ഇന്ത്യക്ക് ഈ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. കാരണം രാഷ്ട്രത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും ഉന്മൂലനം ചെയ്യുന്ന സംഹാര രാഷ്ട്രീയത്തിന്റെ ഉടമകളായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കെടുതികളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമാണ് ഇന്ത്യ. അല്ലയോ ഇന്ത്യയിലെ സ്വാതന്ത്ര്യ കാംക്ഷികളായ മനുഷ്യരേ, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭരണം നിലനില്‍ക്കണമെന്ന് നിങ്ങളാരെങ്കിലും ആഗ്രഹിച്ചിരുന്നോ!..നിങ്ങളൊരിക്കലും ആ അടിമത്തം അംഗീകരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.  എന്നാല്‍ അറുപത് വര്‍ഷമായി ഞങ്ങള്‍ ഇസ്രായേല്‍ അധിനിവേശത്തിന്റെ ഇരകളായി കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഖുദ്‌സ് ഇന്നും അതിന്റെ രോദനം അനുഭവിച്ചുകൊണ്ടിരിക്കുകയും സഹായത്തിനായി തേങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക്-ക്രൈസ്തവ ഖുദുസിന്റെ എല്ലാ പൈതൃകങ്ങളും പാരമ്പര്യവസ്തുക്കളും ഇന്ന് വേദനതിന്നുകയും സഹായത്തിനായി തേങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിന്നുകൊണ്ടുള്ള ഞങ്ങളുടെ നിലപാടുകള്‍ക്ക് ശക്തിപകരാനും ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കാനും ഇന്ത്യയിലെ എല്ലാ സ്വാതന്ത്ര്യകാംക്ഷികള്‍ക്കും നല്ലമനുഷ്യര്‍ക്കും വെളിച്ചം നല്‍കുന്ന ഒരു മഹത്തായ സമ്മേളനമായി ഇത് മാറും എന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.

തൊള്ളായിരത്തി നാല്‍പതുകളുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സിയോണിസ്റ്റ് അജണ്ടകള്‍ പ്രയോഗവല്‍കരിക്കുന്നതിനായി ഇസ്രായേല്‍ ഫലസ്തീനിനുമേല്‍   അധിനിവേശത്തിന് തുടക്കം കുറിച്ചതാണ്. സിയോണിസത്തിന്റെ സംഹാരാത്മക അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍നിന്ന് അവര്‍ ഇതുവരെ പിറകോട്ട് പോയിട്ടില്ല. ഇതിനകം അവര്‍ 1200 പള്ളികള്‍ തകര്‍ത്തിട്ടുണ്ട്. ഒരു കല്ല് പോലും അവര്‍ അവിടെ അവശേഷിപ്പിച്ചിട്ടില്ല. അപ്രകാരം തന്നെ ദശക്കണക്കിന് ക്രൈസ്തവ ചര്‍ച്ചുകള്‍ അവര്‍ നശിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും ആയിരക്കണക്കിന് മഖ്ബറകള്‍ തകര്‍ത്തുകൊണ്ട് അല്ലാഹുവിന്റെ പവിത്രതകളെ അവര്‍ പിച്ചിച്ചീന്തുകയുണ്ടായി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കളിസ്ഥലങ്ങള്‍, ഉല്ലാസകേന്ദ്രങ്ങളും വീടുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാമാണ്  അതിനുമേല്‍ അവര്‍ കെട്ടിപ്പെടുത്തത്. ഇത് ഞാന്‍ വെറുതെ പറയുകയല്ല. ഇതിന് ജീവിക്കുന്ന നിരവധി തെളിവുകളും ചരിത്രപരമായ സാക്ഷ്യങ്ങളുമുണ്ട്.  ഇന്നുമവിടെ ദശക്കണക്കിന് പള്ളികളും ചര്‍ച്ചുകളുമുണ്ട്. പക്ഷെ, ഈ 2013-ലും ഈ വിശുദ്ദ കേന്ദ്രങ്ങളെ കന്നുകാലി വളര്‍ത്തുകേന്ദ്രങ്ങള്‍, മദ്യശാലകള്‍, ഹോട്ടലുകള്‍ എന്നിവയൊക്കെയായിട്ടാണ് നികൃഷ്ടരായ ഇസ്രായേല്യര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അത്യധികം വേദനാജനകവും രക്തരൂക്ഷിതവും കരളലിയിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളായിരുന്നു അധിനിവേശത്തിന്റെ തുടക്കത്തില്‍ അവര്‍ ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ഈ ദുരന്തത്തിന് സാക്ഷിയായത് വിശുദ്ധ ഖുദുസും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സയുമായിരുന്നു. വിശുദ്ധ ഖുദുസിനെ ജൂതവല്‍ക്കരിക്കാന്‍ നിരന്തരമായ അക്രമ-മര്‍ദ്ദനങ്ങള്‍ ഇസ്രായേല്‍ അഴിച്ചുവിടുകയുണ്ടായി. ‘വാഗ്ദത്ത ഭൂമി’  എന്ന പൊള്ളയായ വാദമുയര്‍ത്തിക്കൊണ്ട്  ഇസ്രായേലിന്റെ സയണിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.  സ്വദേശികളായ ഫലസ്തീനികളെയും അവരുടെ ഭവനങ്ങളെയും വിശുദ്ധകേന്ദ്രങ്ങളെയും ജൂതവല്‍ക്കരിക്കാനും തദ്ദേശവാസികളായ മുസ്‌ലിംകളെയും ക്രൈസ്തവരെയും ഒന്നടങ്കം ആട്ടിയോടുക്കാനുമുള്ള കുത്സിതശ്രമങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. നരാധമന്മാരായ ഇസ്രായേല്‍ സൈന്യം ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ഓരോ ദിവസവും ഖുദ്‌സിനെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഖുദുസിന്റെ രോദനങ്ങള്‍ ദിനേന വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.

 അധിനിവിശ്ഠ ഖുദുസില്‍ മിഥ്യയായ അവകാശവാദത്തിന്മേലാണ് തെമ്മാടി രാഷ്ട്രമായ ഇസ്രായേല്‍ നിലകൊള്ളുന്നത്. അന്താരാഷ്ട്രനിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാത്ത രാഷ്ട്രമാണ് ഇസ്രായേല്‍. ഖുദുസ് ഇന്ന് അധിനിവേശം ചെയ്യപ്പെട്ടിരിക്കുന്നു. ഫലസ്തീന്‍ പിടിച്ചെടുക്കാനും അതിന്റെ സംസ്‌കാരവും ചരിത്രവും തുടച്ചുനീക്കാനും  യഥാര്‍ഥത്തില്‍ ഇസ്രായേലിന്  ഒരവകാശവുമില്ല. ഈ യാഥാര്‍ഥ്യം ലോകനേതൃത്വം ഗൗരവത്തോടെ കാണേണ്ടതാണ്.  ഇസ്രായേല്‍ സര്‍ക്കാറിന്റെ അനുമതിയില്ല എന്ന ദുര്‍ബലമായ കാരണം നിരത്തിക്കൊണ്ട് ഖുദുസിലെ മുസ്‌ലിംകളുടെ വീടുകള്‍ ഇപ്പോഴും അവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഖുദുസില്‍ ഇസ്രായേല്‍ പ്രവേശിച്ചത് തന്നെ തദ്ദേശീയരായ ഫലസ്തീനികളെ കൊന്നൊടുക്കിയും നാട്ടില്‍ നിന്നും ആട്ടിയോടിച്ചുമാണ്.  അധിനിവേശത്തിലൂടെയും ബലാല്‍ക്കാരത്തിലൂടെയുമാണ് അവരവിടെ രാഷ്ട്രം സ്ഥാപിച്ചത്. ജന്മ നാട്ടിലെ വിശുദ്ധ ഭൂമിയില്‍ വീടുകള്‍ നിര്‍മിക്കാന്‍ അതിന്റെ ശത്രുക്കളില്‍ നിന്ന് എന്തനുമതിയാണ് ഞങ്ങള്‍ വാങ്ങേണ്ടത് എന്നാണ് നമുക്ക് ചോദിക്കാനുള്ളത്.  ഖുദുസില്‍ നിന്നും ഇസ്രായീല്യരെ പൂര്‍ണമായി നീക്കം ചെയ്തു അത് അറബികളായ മുസ്‌ലിംകള്‍ക്കും അവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ക്കും തിരിച്ചുനല്‍കിക്കൊണ്ട് ഖുദുസിനെ പൂര്‍ണമായും മോചിപ്പിക്കണമെന്നാണ് നമുക്ക് ശക്തമായി ആവശ്യപ്പെടാനുള്ളത്. പക്ഷെ, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇസ്രായേല്‍ മുന്നോട്ട്‌പോയിക്കൊണ്ടിരിക്കുന്നത്. ഖുദുസിലെ പ്രദേശങ്ങളും ഭൂമികളും അവര്‍ കണ്ടുകെട്ടിക്കൊണ്ടിരിക്കുകയാണ്. പുരാതന ഖുദുസ് മുഴുവനായും ജൂതവല്‍ക്കരിക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020- ആകുമ്പോഴേക്ക് ഖുദുസ് പൂര്‍ണമായും ജൂതവല്‍ക്കരിക്കണമെന്നതാണ് അവരുടെ അഭിലാഷം. അതിനുവേണ്ടി അവിടെയുള്ള വീടുകള്‍ അവര്‍ കണ്ടുകെട്ടിക്കൊണ്ടിരിക്കുന്നു. അധിനിവേശ സൈന്യത്തിന്റെ സംരക്ഷണത്താല്‍ ജൂതന്‍മാരെ അവിടെ കുടിയിരുത്തുകയും ചെയ്യുന്നു. മസ്ജിദുല്‍ അഖ്‌സായുടെ തെക്ക് ഭാഗമായ സില്‍വാനില്‍ മുസ്‌ലിംകളുടെ മുഴുവന്‍ വീടുകളും ഇതിനകം അവര്‍ കണ്ടുകെട്ടി ജൂതന്മാരെ മാത്രം കുടിയിരുത്തുക എന്ന അജണ്ട നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുകയാണ്. ശൈഖ് ജര്‍റാഹ് പ്രദേശത്തും റാസില്‍ അമൂറിലും സമീപ പ്രദേശങ്ങളിലും ഈ അജണ്ട ആസൂത്രിതമായി അവര്‍ നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ഖുദുസിലെ ചെറുതും വലുതുമായ എല്ലാതുണ്ട് ഭൂമികളും ജൂതന്മാരെ കുടിയിരുത്താനായി അവര്‍ ഇന്ന് കണ്ടുകെട്ടിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ അവസ്ഥ വളരെ പരിതാപകരവും വേദനാജനകവുമാണ്. മുസ്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, വഖഫ് ഭൂമികള്‍ തുടങ്ങിയവയെല്ലാം ഇസ്രായേലിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഇതുവരെ നമുക്കായിട്ടില്ല. ഉദാഹരണമായി  സഹാബികളിലെയും താബിഉകളിലെയും പിന്മുറക്കാരിലെയും പ്രമുഖരായ വ്യക്തിത്വങ്ങളെ മറവുചെയ്യപ്പെട്ട ചരിത്രപ്രസിദ്ധമായ മഖ്ബറയാണ്  200 ഏക്കര്‍ ചുറ്റളവുള്ള ‘ മഖ്ബറ മഅ്മനില്ലാഹ്’ . ഖുദുസില്‍ വസിച്ചിരുന്ന നമ്മുടെ പൂര്‍വ്വീകരുടെയും ഖബറുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇന്ന് ഇസ്രായേല്‍ എന്തെല്ലാം തോന്നിവാസങ്ങളാണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്!. അതിന്റെ ഒരു ഭാഗത്ത് അവര്‍ ഹോട്ടല്‍ നിര്‍മിച്ചു, ഒരു ഭാഗം  ഉല്ലാസകേന്ദ്രങ്ങളാക്കി മാറ്റി. മറ്റൊരു ഭാഗം പാര്‍ക്കിംഗ് ഏരിയ സ്ഥാപിച്ചു. മറ്റൊരു ഭാഗത്ത് അവര്‍ മതസഹിഷ്ണുതക്കായുള്ള മ്യൂസിയം സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. സുബ്ഹാനല്ലാഹ്….സഹാബികളുടെയും മഹാന്മാരുടെയും  എല്ലുകള്‍ക്കുമീതെയാണ് ഇവര്‍ ഇതെല്ലാമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്! മുസ്‌ലിങ്ങളുടെ പരിപാവനമായ കേന്ദ്രങ്ങളും മഖ്ബറകളുമാണ് ഇവരിതിന് തെരഞ്ഞെടുക്കുന്നത്! ഖുദുസിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മഖ്ബറകളാണല്ലോ ആനന്ദത്തിനും അഴിഞ്ഞാട്ടത്തിനുമായി അവര്‍ തെരഞ്ഞെടുത്തിട്ടുള്ളത്!

മുസ്‌ലിംകളുടേത് മാത്രമല്ല, ഓര്‍ത്തഡോക്‌സ്, കത്തോലിക്കന്‍സ് തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങളുടെ ഭൂമികളും സഥാപനങ്ങളുമെല്ലാം പിടിച്ചെടുത്ത് വ്യാപാര കേന്ദ്രങ്ങളും ഹോട്ടലുകളുമാക്കിത്തീര്‍ക്കുകയാണ് ഇസ്രായീല്യര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബാസിലിക്ക ചര്‍ച്ചും ലാതീന്‍ ചര്‍ച്ചും അവരുടെ അതിക്രമങ്ങള്‍ക്ക് വിധേയമായിരിക്കുന്നു.
 ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ നരനായാട്ടുകളെ ധീരതയോടെ ചെറുത്തുതോല്‍പിക്കുക എന്നുള്ളത് നന്മയും നീതിയും കാംക്ഷിക്കുന്ന ലോകരാഷ്ട്രങ്ങളുടെ ബാധ്യതയാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി നിലകൊള്ളാത്ത മുഴുവനാളുകളെയും ഖുദുസില്‍ നിന്ന് പുറത്താക്കുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ ഭരണാധികാരികള്‍ മുതല്‍ ഖുദുസിലെ നിവാസികള്‍ വരെയുള്ളവര്‍ക്ക് ഇന്നവരുടെ വീടുകള്‍ അന്യമാണ്. ജനിച്ചുവളര്‍ന്ന വീടുകളില്‍ നിന്ന് കുടുംബത്തോടൊപ്പം അവര്‍ക്ക് പലായനം ചെയ്യേണ്ടിവരുന്നു. ഫലസ്തീനിലെ മന്ത്രിമാരെ വരെ അവര്‍ ആ പ്രദേശത്ത് നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുന്നു. ഖുദുസില്‍ ജനിച്ചു ഖുദുസില്‍ വളര്‍ന്നു അവിടെ അവര്‍ കെട്ടിപ്പൊക്കിയ ഭവനങ്ങള്‍ വരെ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരുന്നു.

ഇസ്രായേലിന്റെ അധിനിവേശ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ എല്ലാ മനുഷ്യത്വരഹിതപ്രവര്‍ത്തനങ്ങളും  അവര്‍ക്ക് അനുവദനീയമാണ്. ഹറാമോ ഹലാലോ അവര്‍ക്ക് പ്രശ്‌നമല്ല. ‘ഖുദുസ് ഇല്ലാതെ ഇസ്രായേലിന് നിലനില്‍പില്ല, ഹൈക്കല്‍ ഇല്ലാതെ ഖുദുസിന് നിലനില്‍പില്ല ‘ എന്ന സിയോണിസ്റ്റ് നേതാവ് ഡേവിഡ് ബെങ്കൂറിയന്റെ പ്രസ്ഥാവന അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈ ഒരു ദുരന്തത്തിനാണ് ഖുദുസ് ഇന്ന് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. നാം ഇപ്പോള്‍ 2013-ന്റെ തുടക്കത്തിലാണ് നിലകൊള്ളുന്നത്. ഇത്ര ശക്തിയും കരുത്തും ഇസ്രായേലിനുണ്ടായിട്ടും എന്തുകൊണ്ട് ഇതുവരെ അവര്‍ ഹൈക്കല്‍ നിര്‍മിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന അതേസ്ഥാനത്ത് ഹൈക്കല്‍ നിര്‍മിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് മസ്ജിദുല്‍ അഖ്‌സക്കുമേല്‍ നിരന്തരമായി അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ പൂര്‍ണമായും കീഴടക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മസ്ജിദുല്‍ അഖ്‌സയുടെ അടിഭാഗത്ത് തുരങ്കങ്ങള്‍ അവര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, മസ്ജിദുല്‍ അഖ്‌സായെ എല്ലാ ഭാഗത്തുകൂടിയും കീഴ്‌പ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സൈനികരുടെ അകമ്പടിയോടെ എല്ലാ ആഴ്ചയിലും ജൂതന്മാര്‍ അഖ്‌സയിലെത്തുകയും അതിനുള്ളില്‍ വെച്ച് അവരുടെ ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഖലീലി പട്ടണത്തിലെ ഇബ്രാഹീമി മസ്ജിദ് മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ പകുത്തെടുത്തത് പോലെ മസ്ജിദുല്‍ അഖ്‌സായും മിഥ്യയായ വാദമുന്നയിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ പകുത്തെടുക്കാനാണ് അവരുടെ ഈ കുത്സിത ശ്രമങ്ങള്‍. ഇത് അവരുടെ ആത്യന്തിക ലക്ഷ്യമല്ല. മസ്ജിദുല്‍ അഖ്‌സാ പൂര്‍ണമായും കീഴടക്കിയതിന് ശേഷം ഐതീഹ്യത്തിലും സങ്കല്‍പത്തിലുമധിഷ്ഠിതമായ ഹൈക്കല്‍ മസ്ജിദുല്‍ അഖ്‌സായുടെ മേല്‍ നിര്‍മിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം.

 ഈ മഹത്തായ സമ്മേളനത്തിനൊരുമിച്ചുകൂടിയവരോട് എനിക്ക് പറയാനുള്ളത്. ഈ ദുരിതങ്ങളുടെ കൂരിരിട്ടുകള്‍ക്കിടയിലും തെളിഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യാശയുടെ വെള്ളിവെളിച്ചം നമുക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. തുണീഷ്യയില്‍ നിന്നും അടിച്ചുവീശിയ അറബ് വസന്തം ഈജിപ്തിലും യമനിലും സിറിയയിലും ലിബിയയിലുമെല്ലാം സൗരഭ്യം പരത്തിയിരിക്കുകയാണ്. ഈ വസന്തം ഖുദുസിന്റെയും അതിന്റെ വിശുദ്ധ പൈതൃകങ്ങളുടെയും മസ്ജിദുല്‍ അഖ്‌സയുടെയും വസന്തമായിത്തീരും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് നമ്മുടെ പ്രാര്‍ഥനയും. സമീപ ഭാവിയില്‍ തന്നെ ഇസ്രായേല്‍ അധിനിവേശത്തെ തുരത്തിക്കൊണ്ട്  സ്വതന്ത്ര ഫലസ്തീനിലും സ്വതന്ത്രമായ മസ്ജിദുല്‍ അഖ്‌സായിലും സന്ദര്‍ശിക്കാന്‍ അല്ലാഹു നിങ്ങള്‍ക്കനുഗ്രഹം നല്‍കട്ടെ! എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. സര്‍വ്വശക്തന്റെ അനുഗ്രഹാശിസ്സുകള്‍ നിങ്ങളില്‍ ചൊരിയട്ടെ! അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു……

(എസ് . ഐ. ഒ പാലേരി-പാറക്കടവ് യൂണിറ്റ് സമ്മേളനത്തില്‍ ശൈഖ് റാഇദ് സ്വലാഹ് നടത്തിയ പ്രഭാഷണം)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles