Current Date

Search
Close this search box.
Search
Close this search box.

അറഫാത്തിന് വിഷം നല്‍കിയത് അബ്ബാസോ? ദഹ്‌ലാനോ?

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി കേണല്‍ മുഹമ്മദ് ദഹ്‌ലാനും ഇടക്കുള്ള പോര് കാരണം മങ്ങലേറ്റിരിക്കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിനാണ്. മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ വധത്തില്‍ പങ്കുണ്ടെന്ന് പരസ്പരം ആരോപിക്കുന്ന അവര്‍ ജനമധ്യത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുകയാണ്. അദ്ദേഹത്തിന് വിഷം നല്‍കിയതിലും വ്യംഗ്യമായും അല്ലാതെയും അവര്‍ പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. ഇവരുടെ കാര്യത്തില്‍ ലജ്ജ തോന്നുന്നു. അഴിമതി, ദരിദ്രരുടെയും അധ്വാനിക്കുന്നവരുടെയും വിയര്‍പ്പിനെ ചൂഷണം ചെയ്യല്‍, പോരാളികളെ വധിക്കല്‍, ഇസ്രയേലിന് വേണ്ടിയുള്ള ചാരപ്പണി, പ്രതിരോധ നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന, ഇസ്രയേലെന്ന ശത്രുവിന്റെ വിഴുപ്പലക്കല്‍ തുടങ്ങി എത്രയെത്ര ആരോപണങ്ങളാണ് നാം അവരില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്.

രണ്ടു പ്രമുഖര്‍ പരസ്പരം നടത്തി കൊണ്ടിരിക്കുന്ന ആരോപണ പരമ്പര ശബ്ദങ്ങളും ചിത്രങ്ങളുമായി ലോകത്ത് പരക്കുമ്പോള്‍ ഫലസ്തീനികളാണ് പരിഹാസ പാത്രമാകുന്നത്. ഇത്തരത്തിലുള്ള നേതാക്കള്‍ക്ക് വേണ്ടിയാണോ ആയിരക്കണക്കിന് അറബികള്‍ രക്തസാക്ഷിത്വം വഹിച്ചത്? ഇസ്രയേലിനെതിരെ ശക്തമായ പോരാട്ടം നടത്തി തങ്ങളുടെ മണ്ണും ജീവനും സമ്പത്തുമെല്ലാം നഷ്ടപ്പെടുത്തിയത് ഇത്തരക്കാര്‍ക്ക് വേണ്ടിയായിരുന്നോ?

ഫതഹിന്റെ തന്നെ സമുന്നതനായ ഒരു നേതാവിനെതിരെ ഇത്തരം തരംതാണ ആരോപണം ഉന്നയിക്കാന്‍ അബ്ബാസിന് എങ്ങനെ സാധിക്കുന്നു എന്ന് എനിക്കറിയില്ല. ദഹ്‌ലാനോടുള്ള ശത്രുതയും അറഫാത്തിന്റെ വധത്തിലുള്ള അദ്ദേഹത്തിന്റെ പങ്കും വിശദീകരിക്കാന്‍ അബ്ബാസ് ഒരു മണിക്കൂറിലധികം സമയം തന്നെ മാറ്റിവെച്ചു. അബ്ബാസിന്റെ മുഖ്യ എതിരാളിയായി മാറിയിരിക്കുന്ന ദഹ്‌ലാന്‍ ആരാണ്? നിരവധി മാന്യമാരുള്ള ഫതഹ് സംഘടന എങ്ങനെ ഈ ആക്ഷേപത്തെ അംഗീകരിക്കുകയും അതില്‍ മൗനം പാലിക്കുകയും ചെയ്യും? ഈ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു പറയാന്‍ അറഫാത്ത് കൊല്ലപ്പെട്ടതിന് ശേഷം ഒമ്പത് വര്‍ഷം കാത്തിരുന്നത് എന്തുകൊണ്ട്?

അറഫാത്തിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്ന വിഷം ഇസ്രയേലല്ലാത്ത മറ്റു രണ്ടു രാഷ്ട്രങ്ങളുടെ കൈവശം മാത്രമാണുള്ളതെന്നും അമേരിക്കയും റഷ്യയുമാണ് അവയെന്നും അന്താരാഷ്ട്ര ലാബുകള്‍ തന്നെ സ്ഥിരീകരിച്ചിട്ടുള്ള കാര്യമാണ്. അങ്ങനെയിരിക്കെ ഈ ആരോപണത്തില്‍ നിന്ന് ഫലസ്തീനികള്‍ ഇസ്രയേലിനെ പൂര്‍ണമായും കുറ്റവിമുക്തരാക്കുന്നതില്‍ ന്യൂനതയൊന്നുമില്ലേ? വിഷം നല്‍കുകയും അതിന് നിര്‍ദേശിക്കുകയും ചെയ്ത യഥാര്‍ത്ഥ കുറ്റവാളികളെ വിട്ട് അവര്‍ക്ക് ഉപകരണമായി വര്‍ത്തിച്ചവരില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാണക്കേടല്ലേ?  ഖുദ്‌സ്, അഭയാര്‍ത്ഥികളുടെ മടക്കം പോലുള്ള ഫലസ്തീന്റെ സുപ്രധാന വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാത്ത നിങ്ങളുടെ നേതാവിനെ പോയി കൊന്നു വരിക എന്നു തങ്ങളുടെ ഉപകരണങ്ങളായി വര്‍ത്തിച്ചവരോട് അവര്‍ കല്‍പിച്ചു.

കേണല്‍ ദഹ്‌ലാന്റെ ചരിത്രം എല്ലാ ഫലസ്തീനികള്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. അബ്ബാസിന്റെ തോഴനും സഹായിയും ആയിരുന്നില്ലേ ദഹ്‌ലാനും? അറഫാത്തിനെ പുറത്താക്കുന്നതിനും അദ്ദേഹത്തിന്റെ അധികാരം ഇല്ലാതാക്കുന്നതിനും അവര്‍ രണ്ടു പേരും തന്നെയല്ലേ ഗൂഢാലോചന നടത്തിയത്? അദ്ദേഹം സമാധാനത്തിന് പറ്റിയ പങ്കാളിയല്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പാര്‍ശവല്‍കരിക്കുന്നതിന് അമേരിക്കയോടും ഇസ്രയേലിനോടും കൈകോര്‍ത്തതും അവരിരുവരും തന്നെയായിരുന്നു. രണ്ടാം സായുധ ഇന്‍തിഫാദ പൊട്ടിപുറപ്പെട്ടതിന്റെയും ക്യാമ്പ് ഡേവിഡ് സമ്മേളനത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നതും അദ്ദേഹത്തിന്റെ മേല്‍ കുറ്റമായി ചുമത്തി.

അറഫാത്തിന് വിഷം നല്‍കിയതിനെ ചൊല്ലി അബ്ബാസും ദഹ്‌ലാനും നടത്തുന്ന പരസ്പര ആരോപണങ്ങള്‍ ഇസ്രയേലിന്റെ വിജയമാണ്. അവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. തങ്ങള്‍ക്ക് നേരെ സ്വിറ്റ്‌സര്‍ലാന്റ് ഗവേഷണ കേന്ദ്രങ്ങളും ലോകവും ചൂണ്ടിയിരുന്ന വിരലുകള്‍ ഫലസ്തീനിലേക്ക് തന്നെ തിരിക്കാന്‍ കിട്ടിയിരിക്കുന്ന അവസരമായിട്ടാണ് ഇസ്രയേലിതിനെ കാണുന്നത്.

ഈ നാണക്കേടില്‍ നിന്ന് വ്യക്തിപരമായി എങ്ങനെ മുഖം മറക്കുമെന്ന് എനിക്കറിയില്ല. ഇസ്രയേല്‍ തന്നെയാണ് അബ്ബാസിനെ കൊന്നതെന്ന് ബി.ബി.സിയുടെ Dateline എന്ന പരിപാടിയില്‍ ഞാന്‍ തറപ്പിച്ചു പറഞ്ഞിരുന്നു. അധികാരത്തിന് വേണ്ടിയുള്ള വടംവലിയില്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചിരുന്ന ഫലസ്തീനികള്‍ ഉണ്ടായിരുന്നില്ലേ എന്ന മറുചോദ്യം പ്രമുഖ ജൂത ബ്രിട്ടീഷ് എഴുത്തുകാരന്‍ ഉന്നയിച്ചു. അതെ, എന്ന് തന്നെ ഞാന്‍ ഉത്തരം നല്‍കി. എന്നാല്‍ പ്രസ്തുത എതിരാളികള്‍ക്ക് എവിടെ നിന്നാണ് പൊളോണിയം ലഭിച്ചതെന്ന് ഞാന്‍ ചോദിച്ചു.

പാവങ്ങളായ ഫലസ്തീന്‍ ജനത ഈ നേതൃത്വത്തെ വിശ്വസിച്ച് ആയിരക്കണക്കിന് രക്തസാക്ഷികളെ സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ഹനിക്കപ്പെട്ടിരിക്കുന്ന തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുത്തു തരുമെന്ന പ്രതീക്ഷയോടെ തങ്ങളുടെ മക്കളെ സമര്‍പ്പിച്ചവരാണവര്‍.

ഈ കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ ഉണ്ടാക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ ഒരു സമിതി രൂപീകരിക്കുമ്പോള്‍ ആരൊക്കെയായിരിക്കും അതിലുണ്ടാവുക? ഭരണകൂടത്തിന്റെ ആളുകളും അതിലെ ജഡ്ജിമാരും തന്നെയല്ലേ അതിലുണ്ടാവുക? വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരക്ഷരം ഉരിയാടാത്ത ഫതഹിന്റെ കേന്ദ്ര സമിത അംഗങ്ങളും തന്നെ അല്ലേ അതിനെയും നിയന്ത്രിക്കുക? തങ്ങളുടെ താല്‍പര്യങ്ങളും സ്ഥാനങ്ങളും ഇല്ലാതാകുമെന്ന് ഭയന്ന തെളിവുകള്‍ മൂടിവെച്ചവരാണവര്‍. തങ്ങളുടെ നേതാവിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് ഫലസ്തീന്‍ ഭരണകൂടം ഒരു അന്വേഷണം നടത്തിയിട്ടില്ല. എന്ന് മാത്രമല്ല അത് തടയുകയും അതിന് മുതിരുന്നവരെ ശക്തമായ താക്കീത് നല്‍കി മാറ്റി നിര്‍ത്തുകയും ചെയ്തു. ആരാണ് കൊലയാളിയെന്നും അവര്‍ക്ക് ഏജന്റുമാരായി വര്‍ത്തിച്ചത് ആരാണെന്നും അവര്‍ക്ക് അറിയുമെന്നത് തന്നെയാണ് അതിന് കാരണം.

ഈ വിഡ്ഢികള്‍ക്ക് വേണ്ടി അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഴുവന്‍ മുസ്‌ലിം ലോകത്തോടും ഞാന്‍ ക്ഷമാപണം നടത്തുകയാണ്. അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ അവര്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ നാം പരാജയപ്പെട്ടു. എന്നാല്‍ ഫലസ്തീന്‍ ജനത അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തീര്‍ത്തും നിരപരാധികളാണ്. സഹനത്തോടെ പോരാടി കൊണ്ടിരിക്കുന്ന അവര്‍ തങ്ങളുടെ സമൂഹത്തിന് വേണ്ടി രക്തവും ജീവനും നല്‍കുന്നതില്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല.

വിവ : അഹ്മദ് നസീഫ്

Related Articles