Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക മാത്രം ശരിയും റഷ്യ മുഴുവന്‍ തെറ്റുമാണോ

യുക്രയിനിലെ ക്രീമിയയിലുള്ള റഷ്യയുടെ സൈനിക ഇടപെടല്‍ നിയമപരമല്ലെന്ന അമേരിക്കയുടെയും സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളുടെയു വാദം ഒരു ഹിസ്റ്റീരിയയായി മാറിയിരിക്കുന്നു.  ഈ പ്രശ്‌നത്തിന്റെ വിശാദാംശങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നില്ല, അത് ഒരു പാട് ചര്‍ച്ച ചെയ്യപെട്ടതാണ്.
ഇന്ത്യ ചൈന പോലുളള രാജ്യങ്ങള്‍ സഖ്യകക്ഷികളായുള്ള റഷ്യക്ക് അണുവായുധവും വലിയ സാമ്പത്തിക പിന്തുണയുമുണ്ട്. ഈ രാജ്യത്തെയാണ് ഗ്രാനഡ, പനാമ പോലുളള ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നത് പോലെ ‘കടുത്ത നടപടി’, സാമ്പത്തിക ഉപരോധം എന്നൊക്കെ പറഞ്ഞ് അമേരിക്ക ഭീഷണിപ്പെടുത്തുന്നത്.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് റഷ്യന്‍ പ്രസിഡണ്ടായിരുന്ന ക്രൂഷ്‌ചേവ് ക്രീമിയയെ ഉക്രയിന് നല്‍കിയതാണ്. അവിടത്തെ ഭൂരിപക്ഷ നിവാസികളും റഷ്യന്‍ വംശജരാണ്. റഷ്യയുടെ ആഭ്യന്തര പ്രശ്‌നത്തില്‍ നഗ്‌നമായ അമേരിക്കന്‍ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല.

അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍കെറി ജി-8 രാജ്യങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. റഷ്യക്കെതിരെ സാമ്പത്തിക ശിക്ഷാനടപടികളും ഉണ്ടാകുമത്രെ. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില വിദേശ കാര്യമന്ത്രിമാരുടെ അടിയന്തര യോഗം വരെ വിളിക്കുകയുണ്ടായി. ഇതു പോലുള്ള സംഭവ വികാസങ്ങളുടെ പരിണിതി ഒരു യുദ്ധമോ സാമ്പത്തിക ശിക്ഷാ നടപടിയോ ആയിരിക്കും. യുക്രയിന്‍ പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ പ്രതിസന്ധിയുടെ വാതില്‍ക്കലാണെന്നാണ്. ക്രീമിയയിലെ റഷ്യന് ഇടപെടലിന് ഒരു തിരിച്ചടി കരുതിയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ ഭാഷയുമായി ബന്ധപ്പെട്ട മുമ്പുണ്ടാക്കിയ കരാറുകളെല്ലാം അയാള്‍ അസാധുവാക്കി. പകുതിയോളം വരുന്ന പ്രദേശവാസികള്‍ ഔദ്യോഗിക ഭാഷയായി ഉപയോഗിച്ചിരുന്ന റഷ്യന്‍ ഭാഷക്ക് നല്‍കിയിരുന്ന പരിഗണനയും അദ്ദേഹം റദ്ദാക്കി. അവരുടെ സംസ്‌കാരത്തിനും വികാരങ്ങള്‍ക്കും നേരെയുള്ള ഒരു വെല്ലുവിളിയെന്നത് പോലെ റഷ്യന്‍ നേതാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു അത്.

ഭൂരിപക്ഷം ജനങ്ങളും നാറ്റോ സഖ്യത്തോടൊപ്പം ചേരുന്നതിനെതിരായിരുന്നു എന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന്റെ ഭാഗമായി റഷ്യയുമായുള്ള സാമ്പത്തിക കരാറുകള്‍ റദ്ദാക്കുന്നതിനും അവര്‍ എതിരായിരുന്നു. യുക്രയിന്‍ പ്രസിഡണ്ട് വിക്ടര്‍ യാനുക്കോവിച്ചിന്റെ തെരെഞ്ഞെടുപ്പ് പരിപാടികളിലും അദ്ദേഹം നാറ്റോ സഖ്യത്തില്‍ ചേരില്ലെന്നാണ് പറഞ്ഞിരുന്നത്. തെരെഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കാനുള്ള ഒരു കാരണവും ഇതായിരുന്നു. നാറ്റോ ജനറല്‍ സെക്രട്ടറി ആന്‍ഡ്രിയാസ് ഫോഗ് റാസ് മൂസന്‍ യുദ്ധ കാഹളം മുഴക്കി തയ്യാറായി നില്‍ക്കുകയായിരുന്നു. ‘റഷ്യയെപ്പോലുള്ള കാടന്മാരുണ്ടായിരുന്നില്ലെങ്കില്‍ ഉക്രയിന്‍ ഞങ്ങളുടെ ഭാഗം ആകുമായിരുന്നുവെന്നാണ് അദ്ദേഹം മ്യൂണിച്ച് സമാധാന ഉച്ചകോടിയില്‍ പറഞ്ഞത്.

ഏതെങ്കിലും രാജ്യം തങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായി നിന്നില്ലെങ്കില്‍ അവരെ സാമ്പത്തികമായി ഉപരോധിക്കുകയോ യുദ്ധം ചെയ്യുകയോ ചെയ്യുന്നതാണ് അമേരിക്കയുടെ ശൈലി. ചിലപ്പോള്‍ ഉപരോധവും യുദ്ധവും നേരിടേണ്ടിവരും, അത് ചെറിയ രാജ്യമായ ഗ്രാനഡയാണെങ്കിലും വലിയ രാജ്യമായ റഷ്യയാണെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ല. അമേരിക്കയുടെ ഏറ്റവും ഹീനമായ ചിത്രമാണിതില്‍ നിന്ന്  തെളിഞ്ഞ് വരുന്നത്.

ക്രീമിയയിലെ റഷ്യന്‍ സൈനിക ഇടപെടല്‍ അനധികൃതമാണെന്ന് പറയുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട് ലജ്ജാകരമാണ്. അപ്പോള്‍ അമേരിക്കയുടെ രക്തരൂക്ഷിതമായ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങള്‍ നിയമപരമായിരുന്നുവോ? അറബ് ജനതെക്കെതിരെ ജൂതവംശീയ വാദികളായ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനും അനധികൃതകൂടിയേറ്റത്തിനും നിര്‍ലോഭമായ പിന്തുണ അമേരിക്ക നല്‍കുന്നുണ്ട്. അമേരിക്ക അവര്‍ക്ക് നല്‍കുന്ന പിന്തുണ ധാര്‍മികതക്കും നിയമങ്ങള്‍ക്കും നിരക്കുന്നതാണോ?

അമേരിക്ക, ഇറാഖില്‍ സൈനികമായി ഇടപെട്ട്  മില്യണ്‍കണക്കിന് ഇറാഖികളെ നശീകരണായുധങ്ങളുണ്ടെന്ന വ്യാജന്യായം പറഞ്ഞ് കൊന്നൊടുക്കുകയുണ്ടായി. ജനാധിപത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തിനാണ് തങ്ങളുടെ സൈനികനടപടി എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് സിറിയയിലും ലിബിയയിലും പ്രത്യക്ഷമായും പരോക്ഷമായും അവര്‍ നടത്തിയത്. പക്ഷെ ഇതിനെല്ലാം വിരുദ്ധമായാണ് യുക്രയിനില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്.  നീതിയുക്തമായി നടന്ന തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ യുക്രയിന്‍ പ്രസിഡണ്ടിനെതിരെയാണ് അമേരിക്ക പടയോട്ടമൊരുക്കുന്നത്. അയാള്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതികള്‍ തല്‍ക്കാലം അവഗണിക്കുകയാണ്. അഴിമതിയാരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയാണെങ്കില്‍ നമ്മള്‍ അദ്ദേഹത്തിനെതിരെ തന്നെയാണ്. പക്ഷെ അദ്ദേഹത്തെ വിചാരണ ചെയ്യേണ്ടത് കോടതിയാണ് ജോണ്‍ കെറിയല്ല.

യുക്രയിന്‍ പ്രസിഡണ്ട് യാനുകോവിച്ചിന്റെ കൊട്ടാരത്തെക്കുറിച്ചും  പൊങ്ങച്ചത്തെക്കുറിച്ചും വാചാലമാകുന്ന മാധ്യമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ കൊട്ടാരത്തെക്കുറിച്ച് മൗനം പാലിക്കുന്നത് തികച്ചും വൈരുദ്ധ്യമാണ്. ഇറാഖീ നേതാവായിരുന്ന സദ്ദാം ഹുസൈന്റെ കൊട്ടാരത്തെക്കുറിച്ച് ഹീനമായ രീതിയിലായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അദ്ദേഹത്തെ മോശമായി ചിത്രികരിക്കാനായിരുന്നുവത്. മുഹമ്മദ് അലി കുടുംബത്തിന്റെ കൊട്ടാരങ്ങളും ഫിര്‍ഔനിന്റെ  പിരമിഡുകളും ഈജിപ്ഷ്യന്‍ ജനതയുടേതായി അവശേഷിക്കുന്നത് പോലെ പോലെ സദ്ദാം ഹുസൈനിന്റെ കൊട്ടാരവും ഇറാഖി ജനതയുടേതായി അവശേഷിക്കുമെന്ന് ടെലിവിഷന്‍ ചര്‍ച്ചകളില്‍ നാം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ കൊട്ടാരത്തില്‍ ആരാണുള്ളത്? നിഷ്‌കാസിതനായ യുക്രയിന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തിന്റെ ആരായിരിക്കും ഇനി താമസിക്കുക?

അമേരിക്കക്ക് പേ പിടിച്ചിരിക്കുകയാണ്. ഒരു ലോക ഭീകര യുദ്ധമുണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. യൂറോപ്പ് അതിനായി അമേരിക്കയെ പിന്താങ്ങുന്നുവെന്നതും അവരുടെ സംഹാരാത്മകമായ ഉദ്ദേശ്യങ്ങള്‍ക്ക് കാവലിരിക്കുന്നുവെന്നതും ദു:ഖകരമാണ്.

യൂറോപ്യന്‍ യൂണിയന്‍ (ഇ.യു)  യുക്രയിന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനായി പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു. മെയ് മാസത്തില്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന അവരുടെ നിര്‍ദ്ദേശം പ്രസിഡണ്ട് അടക്കമുള്ളവര്‍ അംഗീകരിച്ചതായിരുന്നു. പക്ഷെ, പ്രക്ഷോപകരും ഭരണകൂടത്തിനകത്ത് നിന്ന് പ്രക്ഷോപത്തെ പിന്തുണക്കുന്നവരും സമാധാനത്തിനുള്ള അവസാന ഉപാധിയെ തകര്‍ത്ത് കളയുകമായിരുന്നു.

ജനങ്ങള്‍ക്ക് സ്വാതന്ത്യത്തോടെ തെരെഞ്ഞടുപ്പ് നടത്താനുള്ള നിയമമാണ് ജനാധിപത്യമെന്നാണ് നമ്മള്‍ മനസിലാക്കുന്നത്. പക്ഷെ അത് മറ്റൊരു രീതിയിലാണ് അമേരിക്ക മനസിലാക്കുന്നതെന്നാണ് തോന്നുന്നത്. അതായത് ജനങ്ങളെ അട്ടിമറിക്ക് പ്രേരിപ്പിക്കാനുള്ളതാണ് ജനാധിപത്യമെന്നാണ് അവരുടെ പക്ഷം. ജനങ്ങളെ കീവിലെ ചത്വരങ്ങളില്‍ സംഘടിച്ച് തെരെഞ്ഞടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനുളള  ഒരു ഉപാധിയായിട്ടാണ് അവരതിനെ കാണുന്നത്. കാരണം ഈ പ്രസിഡണ്ട് അവരുടെ പക്ഷക്കാരനല്ല, അവര്‍ പറഞ്ഞത് കേള്‍ക്കുന്നയാളുമല്ല.

കീവ് ദൗത്യത്തില്‍ അമേരിക്കക്ക് ജയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ശത്രു നിസാരനല്ല.  ലോകം മാറിയത് നേതാക്കളറിഞ്ഞിട്ടില്ല. ഏക വന്‍ശക്തിയായി അമേരിക്ക പരിഗണിക്കപ്പെടുന്നുമില്ല. റഷ്യ ചൈന സഖ്യകക്ഷി ബന്ധം അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്ന സമയമാണിത്. ഇപ്പോള്‍ ക്രിമിലിന്‍ കൊട്ടാരത്തില്‍ കഴിയുന്നത് ഉന്മത്തനായ ബോറിസ് യെല്‍സ്റ്റിനോ എല്ലാ അടിയറവുവെച്ച ഗോര്‍ബച്ചേവോ അല്ല. അതിലെല്ലാമുപരി രക്ത രൂക്ഷിതമായ സൈനിക ഇടപെടലുകള്‍ കാരണം ലോകം മൊത്തം അമേരിക്കയെ വെറുപ്പോടെയാണ് വീക്ഷിക്കുന്നത്.

യുക്രയിന്‍ നാശത്തിന്റെ വക്കിലാണ്. അത് തകര്‍ന്നടിഞ്ഞാലും  അമേരിക്ക പേപിടിച്ച സൈനിക ഇടപെടലിന്റെ രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. ലോകം എരിഞ്ഞ് ചാമ്പലായിപ്പോകുന്ന ഈ നാശത്തില്‍ നിന്ന് മുക്തമാവാന്‍ സംവാദമല്ലാതെ മറ്റൊരു ബദലില്ല.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles