ഇസ്രായേലെന്ന ശത്രുവിനെ തിരയുകയാണ് ‘അരീന്‍ അല്‍ഉസൂദ്’. അധിനിവേശം തുടരുന്ന, ഫലസ്തീന്‍ ജീവതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത ഇസ്രായേലിനെതിരെയാണ് അവരുടെ പോരാട്ടം. അല്‍ജസീറ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ അവരുടെ പോരാട്ടങ്ങളെ കുറിച്ച് ദിനംപ്രതി വാര്‍ത്ത നല്‍കുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ സംഘത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സംഘം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അതീവ സുരക്ഷാ ജാഗ്രതയാണിപ്പോള്‍ പുലര്‍ത്തുന്നത്. ഇസ്രായേല്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചതായും ഹീബ്രു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാബലുസില്‍ തങ്ങളുടെ നേതാവിനെ കൊലപ്പെടുത്തിയ ഇസ്രായേലിന് സംഘം പലകുറി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അടുത്തിടെ പൊതുശ്രദ്ധയിലേക്ക് വന്ന ഈ ചെറുസംഘത്തെ ഇസ്രായേല്‍ എന്തിനാണിത്ര ഭയക്കുന്നത്?
ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘമായാണ് ‘അരീന്‍ അല്‍ഉസൂദ്’ രംഗത്തുവരുന്നത്. തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ഇസ്രായേലെന്ന ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ പഴയ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പോരാളികളെ അയക്കാനുള്ള നടപടിയുമായി സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സംഘത്തിന്റെ നേതാവ് വദീഅ് അല്‍ഹൂഹ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓരോ നിമിഷവും ഫലസ്തീന്‍ ജീവനുകള്‍ പൊലിയുന്ന കാഴ്ചയാണ് ഈ സംഘത്തെ ഉറച്ച ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ സൈന്യം പതറുന്ന കാഴ്ചയാണ് കാണുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രായിലെനിതിരെ തിരിച്ചടിക്കാനും നാശനഷ്ടങ്ങള്‍ വരുത്തിവെക്കാനും സംഘത്തിനായിട്ടുണ്ട്. ഫലസ്തീനികളെ ആക്രമിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സും ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് സംഘം തറപ്പിച്ച് പറയുന്നു.
ഈയിടെ ജനീനില്‍ ആക്രമണം നടത്തി അഞ്ച് ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശ സേന വധിക്കുന്നതിന് മുമ്പ്, ‘അരീന്‍ അല്‍ഉസൂദി’ന്റെ ഒളിത്താവളം കണ്ടെത്താന്‍ ചാര സോഫ്റ്റവെയ്റായ പെഗാസസ് ഉപയോഗിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ഈ സംഘത്തെ വല്ലാതെ ഭയക്കുന്നു. എന്തുകൊണ്ടാണവര്‍ ഈ സംഘത്തെ ഇത്രകണ്ട് ഭയക്കുന്നത്? അധിനിവേശത്തെയും കുടിയേറ്റത്തെയും എവിടെയും എങ്ങനെയും ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന യുവ സംഘമാണ് ‘അരീന്‍ അല്‍ഉസൂദ്’ (പുലികളുടെ മട). സമീപകാലത്ത് രൂപമെടുത്തതാണെങ്കിലും, ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പുതിയ മുഖമാകാനും ഇസ്രായേലിനെതിരായ പോര്‍മുഖത്തില്‍ പുതിയ ഘട്ടം സൃഷ്ടിക്കാനും സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അധിനിവേശ സേനക്കും കുടിയേറ്റക്കാര്‍ക്കും എതിരെ സംഘം അടുത്തിടെ നടത്തിയ ഇടപെടലുകള്‍ക്ക് ശേഷം സംഘത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സംഘം സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. പ്രത്യേകിച്ച്, പഴയ നഗരമായ നാബലുസില്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ പഴയ നഗരത്തില്‍ നിന്ന് മൂന്ന് ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തതിന് ശേഷമാണ് ഈ സംഘം പൊതുശ്രദ്ധയിലേക്ക് വരുന്നത്.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj