Current Date

Search
Close this search box.
Search
Close this search box.

കുട്ടികളോടുള്ള ഇസ്രയേൽ ക്രൂരത

കൊല്ലാനും രക്ഷപ്പെടാനും ഒക്കെ എളുപ്പമാണ്. വർഷങ്ങൾക്കു മുമ്പ് കാനഡയുടെ ചാര സേവനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുമ്പോൾ ഒരു ഹിറ്റ്മാനെ കുറിച്ച് ഞാൻ അറിയാനിടയായി. അയാളുമായുള്ള കണ്ടുമുട്ടൽ അതിശയകരമായിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ജീവിക്കാൻ വേണ്ടി മോഷ്ടിച്ച നിസ്സഹായനായ ഒരു മോഷ്ടാവായി മാത്രമാണ് മെലിഞ്ഞ ശരീരവും വെളുത്ത മുടിയുമുള്ള ശാന്തമായ പെരുമാറ്റം ഉള്ള ആ മനുഷ്യനെ തോന്നിയത്. പിന്നീട് എന്നെ അയാൾക്ക് കൂടുതൽ വിശ്വാസം തോന്നിയതു കൊണ്ടാകണം ജീവിതത്തിലെ ഏടുകളിൽ ഏറ്റവും ദുഷിച്ച ഒന്ന് അയാളെന്റെ മുന്നിൽ തുറന്നുവെച്ചു. കാനഡയിലെ നിരന്നു കിടക്കുന്ന തടവറകളിലൊന്നിൽ വെച്ച് ഒരു പ്രമുഖ മാഫിയ കുടുംബത്തിന്റെ നിർദ്ദേശപ്രകാരം കണക്കില്ലാതെ അയാൾ കൊന്നൊതള്ളിയ നടുക്കുന്ന കഥകളായിരുന്നു അത്. കൂടുതൽ വിശദാംശങ്ങൾ ഞാൻ ചോദിച്ചില്ല, കൃത്യമായി പറഞ്ഞാൽ എനിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

വീണ്ടുമൊരു ഫലസ്തീൻ ബാലൻറെ കൊലപാതകത്തെക്കുറിച്ച് വായിച്ചപ്പോഴാണ് ഹിറ്റ് മാന്മാരും മാഫിയകളും ഒരാവർത്തിക്കൂടി മനസ്സിൽ കയറി വന്നത്. സത്യത്തിൽ മാഫിയകളും ഇസ്രായേൽ പട്ടാളവും തമ്മിൽ അനേകം സാമ്യതകൾ ഉണ്ട്. അടിസ്ഥാനപരമായി, മൊട്ടിട്ട് തുടങ്ങുന്ന കുഞ്ഞു ബാല്യങ്ങളുടെയടക്കം ജീവനു തുച്ഛമായ വില പോലും നൽകാത്ത വർഗമാണ് ഇരുകൂട്ടരും. കത്തികരിഞ്ഞ കാറുകൾക്കുള്ളിൽ നിന്നെടുക്കുന്ന മൃതദേഹങ്ങൾക്ക് നേർക്കുപോലും തുരുതുരാ വെടിവെക്കുന്ന വർഗ്ഗം.

ഫലസ്തീൻ ബാല്യങ്ങളെ കൊല്ലുക മാത്രമല്ല കൊന്നിട്ട് കടന്ന് കളയാനും അവർക്ക് എളുപ്പമാണ്. ഗസ്സയിലെ അവശേഷിച്ച മണ്ണിൽ വെച്ച് ഹസ്സൻ അബു നഈലിനെ കൊന്നുകളഞ്ഞത് പട്ടാള യൂണിഫോമിട്ട ഇസ്രായേൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള പരിശീലനം കിട്ടിയ ഒരാളായിരുന്നു. ഇസ്രയേൽ അധിനിവേശ ശ്രമങ്ങളെ ആവുംവിധം ചെറുത്തു നിൽക്കുന്ന ഫലസ്തീൻ കൂട്ടത്തിൽ നിന്ന് അയാൾ പറിച്ചെടുത്തത് ഒരു കൊച്ചു ബാലനെ ആയിരുന്നെന്ന് അയാൾക്കറിയാമായിരിക്കും. തിളങ്ങുന്ന പുഞ്ചിരിയും ചുരുണ്ട കറുത്ത മുടിയുമായി യുവത്വത്തിന്റെ വ്യക്തതയില്ലാത്ത അടയാളങ്ങൾ നിറഞ്ഞ കുഞ്ഞു മുഖം.

തലയോട്ടി പൊട്ടി തുളഞ്ഞ് തലയും മാംസവും വികൃതമാകും വിധം ഹിറ്റ്മാൻ മാരകായുധം പ്രയോഗിച്ചു. കയ്യോ കാലോ ഉന്നം വെക്കാതെ തലയിലേക്ക് തന്നെ പ്രയോഗിച്ചത് അവൻ കൊല്ലപ്പെടണമെന്ന നിശ്ചയത്തോടെ കൂടി തന്നെയായിരുന്നു. താൻ സുരക്ഷിതമായിടത്തുവെച്ച് മനഃപ്പൂർവ്വം ഒരു കുട്ടിയെ കൊല്ലാൻ മുതിർന്ന ഒരാളെ മനുഷ്യനെന്ന് വിളിക്കാനാവില്ല. മനുഷ്യത്വം മരവിച്ചുപോയ അയാളുടെ ആത്മാവാണ് നിസ്സങ്കോചം ആ മകനെ കൊലപ്പെടുത്താൻ അയാളെ അനുവദിച്ചത്. തലക്കും വയറിനും വെടിയേറ്റ് ചിന്നഭിന്നമാകുന്ന ഫലസ്തീൻ ബാല്യങ്ങൾ ഇതെല്ലാം അർഹിക്കുന്നവരാണെന്നാണ് ഇസ്രായേൽ ഭാഷ്യം. ഭീകരരുടെ ഉപകരണങ്ങൾ ആയോ കല്ലെറിയുന്ന ഭീകരരായ ഫലസ്തീൻ ബാല്യങ്ങളെ അവർ ചിത്രീകരിക്കുന്നു. ഇസ്രായേലിന്റെ കാട്ടിക്കൂട്ടലുകൾക്ക് മുന്നിൽ നിസ്സഹായരായി നിശബ്ദമായി എല്ലാം കണ്ടുനിന്ന് തലയാട്ടാൻ മാത്രമാണ് അന്തർദേശീയ സമൂഹത്തിനാകുന്നത് .

അവിടെയും, തന്റെ പൊന്നുമോന്റെ വിയോഗത്തിൽ വിലപിച്ചു കൊണ്ട് കൊല്ലപ്പെട്ട ദിവസം അവൻ ധരിച്ച ടീഷർട്ടും കയ്യിൽ പിടിച്ച് ഒരു മാതാവ് നൊമ്പരപ്പെടുന്നു.

ഓഗസ്റ്റ് അവസാനത്തിൽ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ 60 അഫ്ഗാനികളും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെടുകയുണ്ടായി. ദുഃഖാർത്തരായ അമേരിക്കൻ കുടുംബങ്ങളെ സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ സ്മരിച്ചുകൊണ്ട് കുടുംബങ്ങളുമായി സംസാരിച്ചു. 1972ൽ ആദ്യഭാര്യ നീലിയയും 13 മാസം പ്രായമുള്ള മകൾ അമിയും ക്രിസ്മസിന് ഒരാഴ്ച മുന്നേ അപകടത്തിൽപെട്ട് മരണമടയുന്നു, പത്തു വർഷങ്ങൾക്കു ശേഷം തന്റെ മകൻ ജിയോ ബ്രെയിൻ ട്യൂമറിന് കീഴടങ്ങുകയും ചെയ്തു. ഒപ്പം ബൈഡൻ ഇങ്ങനെ കൂടി പറഞ്ഞുവെച്ചു:” നെഞ്ചിൻ കൂടിനുള്ളിലെ ഒരു താമോഗർത്തത്തിലേക്ക് വലിച്ചെറിയപ്പെടുന്ന പോലെ നമുക്ക് അനുഭവപ്പെടും. രക്ഷപ്പെടാനൊരു പോംവഴിയും നമുക്കവിടെ കാണാനാവില്ല. എന്റെ ഹൃദയം നിങ്ങൾക്കുവേണ്ടി വേദനിക്കുന്നു”.

ഹസ്സന്റെ മാതാവും കൂട്ടുകുടുംബവും കൂട്ടുകാരും ഇതേ ഇരുണ്ട ഗർത്തത്തിലേക്കാണ് വലിച്ചിഴക്കപ്പെട്ടത്. അടങ്ങാത്ത വേദനയും നിരാശയും കെട്ടിപ്പിണഞ്ഞ് ഇരുട്ട് പടർന്ന ഒന്ന്. ഇടിഞ്ഞുവീണ പ്രതീക്ഷകൾക്ക് ഉള്ളിൽനിന്നും പൂർണ്ണമായും തിരിച്ചുവരാൻ ആവാതെ എത്രയേറെ ഫലസ്തീനി മാതാപിതാക്കൾ. ഒരുപക്ഷേ ബൈഡൻറെ ഹൃദയം ഇവർക്കുവേണ്ടിയും വേദനിച്ചു കാണുമോ എന്നതിനെക്കുറിച്ചാണ് എന്റെ സന്ദേഹം. അവരുടെ നോവും നഷ്ടങ്ങളൊന്നും ആകസ്മികമായ ഒരു അപകടത്തിന്റെയോ ട്യൂമറിന്റെയോ ആയിരുന്നില്ല. മറിച്ച് നിഷ്കളങ്കമായ ബാല്യങ്ങളെ നിഷ്കരുണം വെടിയുതിർത്തു കൊന്നിട്ട ഇസ്രായേലിനെറെ പൈശാചികതയുടെ ബാക്കി പത്രങ്ങൾ ആയിരുന്നു. മനുഷ്യത്വത്തിന് ആത്മാവിനെ മുറിവേൽപ്പിച് ഇസ്രായേൽ കാട്ടിക്കൂട്ടിയതിനെല്ലാം പകരമായി, ഇസ്രയേൽ പൈശാചികതയെ പ്രതിക്കൂട്ടിൽ നിർത്തി മുറിവേറ്റ മനുഷ്യ മുഖങ്ങൾക് മുഖാമുഖം വരണം. എന്നിരുന്നാലും നീതി പുലരില്ല. ഇസ്രയേലിനും അന്താരാഷ്ട്ര സമൂഹങ്ങൾക്കും ഹിറ്റ്മാൻമാർ എന്നും ഹീറോകൾ തന്നെയാണ് .

വിവർത്തനം: ഫഹ്മിദ പി.ടി തറയിട്ടാൽ

Related Articles