Current Date

Search
Close this search box.
Search
Close this search box.

ഹമാസ് ഒരു പരിഹാരത്തിന്റെ ഭാഗമാണ്

ഇക്കഴിഞ്ഞ നവംബറിൽ, കൺസർവേറ്റീവ് പാർട്ടി ,ഫണ്ട് ശേഖരണത്തിനായി ലണ്ടനിലെ അപ്മാർക്കറ്റ് മേഫെയറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച ഒരു പ്രത്യേക വിരുന്നിൽ ബോറിസ് ജോൺസൺ തന്റെ വിശ്വസ്തരായ മുന്നൂറോളം വരുന്ന അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിചക്കുകയുണ്ടായി. തന്റെ കർക്കശക്കാരിയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെക്കുറിച്ചുള്ള ഒരു തമാശയോടെ ആരംഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന് സാക്ഷിയാവുക എന്ന മഹത്പദവിക്കായി ടിക്കറ്റിന് 500 പൗണ്ടിലേറെ നൽകി വിശ്രുതരായ പല മഹത് വ്യക്തികളും അതിൽ തങ്ങളുടെ സ്ഥാനമുറപ്പാക്കിയിരുന്നു .

പഴക്കം ചെന്ന ഒരു തമാശയായിരുന്നു എങ്കിൽ പോലും സൗദി അറേബ്യയുടെ ക്രൂരമായ ശിക്ഷാ സമ്പ്രദായത്തിനും ബ്രിട്ടനുമിടയിൽ “നമ്മുടെ സമർത്ഥയായ ആഭ്യന്തര സെക്രട്ടറിയുടെ കീഴിലുള്ള” എന്നൊരു സമാന്തരരേഖ വരച്ചപ്പോൾ, മുമ്പ് അത് കേട്ടിരുന്നവർ പോലും ഒരു പുഞ്ചിരി നൽകി മര്യാദ കാണിക്കുകയുണ്ടായി.

മരുഭൂമിയിലെ ഭരണകൂടത്തിന് ഭയാനകമായ ഒരു മനുഷ്യാവകാശ രേഖയുണ്ടെന്നും ആളുകളെ പീഡിപ്പിക്കുകയും ശിരഛേദം ചെയ്യുന്നതുമെല്ലാം പതിവാണെന്നും പറയുമ്പോൾ, ന്യായബോധമുള്ള മിക്ക ആളുകൾക്കും അത്തരമൊരു താരതമ്യം ഒട്ടും രസകരമാവാത്തതായിരുന്നു.

അതേസമയം പട്ടേലിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചില അനുമാനങ്ങൾ രൂപപ്പെട്ടിരുന്നു. വധശിക്ഷ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെങ്കിലും പ്രതിരോധം എന്ന നിലയിൽ വധശിക്ഷയ്ക്കുള്ള പിന്തുണ അവർ മുമ്പ് സൂചിപ്പിച്ചിരുന്നത് അവർക്ക് വിനയാവുന്നുണ്ട്. കുടിയേറ്റങ്ങൾ കുറയ്ക്കുന്നതിനുള്ള പട്ടേലിന്റെ നിർദയവും തീവ്രവുമായ (ചിലത് നിയമവിരുദ്ധവുമായ) നടപടികൾ അങ്ങേയറ്റം ജനരോഷത്തിനിടയാക്കിയിരുന്നു.

കുടിയേറ്റം തടയാനുള്ള അവളുടെ നിർദ്ദേശങ്ങളിൽ, ഫ്രാൻസിൽ നിന്നും ബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരെ പിന്തിരിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ചാനലിൽ ഭീമൻ തിരമാല യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികളും ഉൾപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിലൊന്നിലെ അപകടകരമായ സാഹചര്യത്തിൽ ദുർബലമായ ചങ്ങാടങ്ങളും തിങ്ങിനിറഞ്ഞ ബോട്ടുകളും ഉപയോഗിച്ച് കടന്നുപോകാറുള്ള അഭയാർഥികളെയും അവരുടെ കുട്ടികളെയും മുക്കിക്കൊല്ലുന്നതിൽ കലാശിച്ചേക്കാവുന്ന ന്യായവിരുദ്ധമായ ഒരു നിർദ്ദേശമായിരുന്നു അത്. എന്നിരുന്നാലും, പാർലമെന്റിലെ ഇസ്രായേൽ അനുകൂല ലോബിയുടെ ഉറ്റസുഹൃത്തിന് പാർലമെൻറിൽ വരാനിരിക്കുന്നത് നല്ല ദിവസങ്ങളായിരിക്കും എന്ന പ്രതീക്ഷകൾ ജോൺസൺ തന്നെ വെളിപ്പെടുത്തുകയാണ്.

ഇപ്പോൾ, പതിവിലുപരി ധൈര്യത്തോടെ, ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ ഒരു “ഭീകര സംഘടന” ആയി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവർ അവരുടെ പ്രോ-ഇസ്രായിലിസ്റ്റ്‌ ലോബിയോടുള്ള വിശ്വസ്തത തെളിയിച്ചിരിക്കുകയാണ്. ഹമാസിനെ യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്, അതായത് ഈ നിയമങ്ങൾ കൊണ്ട് സ്വത്തുക്കൾ കണ്ടുകെട്ടാനും അംഗങ്ങളെ ജയിലിലടയ്ക്കാനും അവർക്ക് കഴിയും. ഇതുവരെ, ബ്രിട്ടൻ ഹമാസിന്റെ സൈനിക വിഭാഗത്തെ മാത്രമേ നിരോധിച്ചിരുന്നുള്ളൂ, മാത്രമല്ല അവർ സ്വയം മറയ്ക്കാൻ യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ വിഭാഗത്തെ ആശ്രയിക്കുകയും ചെയ്തു. തീർച്ചയായും, ബ്രെക്സിറ്റിന് ശേഷമുള്ള നല്ലൊരു ഓപ്ഷനായിരിക്കില്ല അത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വെള്ളിയാഴ്ച വാഷിംഗ്ടൺ പര്യടനത്തിനിടെ താൻ പ്രഖ്യാപിക്കാനിരിക്കുന്ന നിയമപ്രകാരം ഹമാസ് അനുകൂലികൾക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പട്ടേൽ പറഞ്ഞു. ഫലസ്തീനിയൻ ഗ്രൂപ്പിന് പിന്തുണ പ്രകടിപ്പിക്കുകയോ സംഘടനയ്ക്ക് വേണ്ടി മീറ്റിംഗുകൾ സംഘടിപ്പിക്കുകയോ ചെയ്യുന്നവരെല്ലാം നിയമലംഘനം നടത്തിയവരാണെന്നാണ് ഇതിനർത്ഥം. ഈ വരുന്ന ആഴ്ച യുകെ പാർലമെന്റിൽ തന്റെ നിയമം നടപ്പിൽ വരുത്തുമെന്നും വിവാദ ആഭ്യന്തര സെക്രട്ടറി പറയുന്നു.

“ഹമാസ് അടിസ്ഥാനപരമായും തീക്ഷ്ണമായും സെമിറ്റിക് വിരുദ്ധരാണ്,” യുഎസ് തലസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “യഹൂദ വിരുദ്ധത ഒരിക്കലും സഹിക്കാനാവാത്ത ഇപ്പോഴും നിലനിൽക്കുന്ന ഒരു വിപത്താണ്. യഹൂദർക്ക് സ്‌കൂളിലും തെരുവുകളിലും ആരാധന നടത്തുമ്പോഴും വീടുകളിലും ഓൺലൈനിലുമെല്ലാം സ്ഥിരമായി സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നു . ഹമാസ് പതാക വീശുന്ന ഏതൊരാൾക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. ഹമാസ് അനുകൂലത യുണൈറ്റഡ് കിംഗ്ഡത്തിൽ യഹൂദർ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

സൈനിക അധിനിവേശത്തിനെതിരായ സായുധ പ്രതിരോധം അന്താരാഷ്ട്ര നിയമപ്രകാരം നിയമാനുസൃതമാണെന്ന വസ്തുതയെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി പരാമർശിച്ചതേയില്ല. അധിനിവേശ ഫലസ്തീനിന് പുറത്ത് ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ് ഒരു സായുധ പ്രതിരോധവും നടത്തിയിട്ടില്ല എന്നതും അവർ മറച്ചുവെച്ചു . മാത്രമല്ല, സയണിസത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ, ഒരു വർണ്ണവിവേചന ഭരണകൂടത്തോടുള്ള നിയമാനുസൃതമായ വിമർശനങ്ങളെയും എതിർപ്പുകളെയും, നിയമവിരുദ്ധവും തികച്ചും അസ്വീകാര്യവുമായ വംശീയതയായും സെമിറ്റിക് വിരുദ്ധതയായും പട്ടേൽ സംയോജിപ്പിക്കുന്നു. സയണിസ ത്തോടുള്ള വിരുദ്ധത ഒരുവിധത്തിലും സെമിറ്റിക് വിരുദ്ധതയാവുന്നില്ല.

ഇത്തരം നീക്കങ്ങൾക്ക് പട്ടേലിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? തീവ്ര വലതുപക്ഷ ഇസ്രായേൽ രാഷ്ട്രീയക്കാരുമായുള്ള അവരുടെ സൗഹൃദ ബന്ധങ്ങൾ പരസ്യമാണ്. ഇസ്രയേലി മന്ത്രിമാരുമായും വ്യവസായികളുമായും മുതിർന്ന ലോബിയിസ്റ്റുകളുമായും അവർ നടത്തിയ പതിനാലോളം അനൗദ്യോഗിക കൂടിക്കാഴ്ചകളെ പറ്റി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തേരേസ മേയ് യുമായി സുഖകരമായ ആശയ വിനിമയം നടത്താതിനാൽ 2017ൽ ബ്രിട്ടീഷ് ഗവൺമെന്റിൽ അന്താരാഷ്ട്ര വികസന സെക്രട്ടറി എന്ന നിലയിലുള്ള ഒരു മന്ത്രിസ്ഥാനം അവർക്ക് നഷ്ടമായിരുന്നു. ആ കൂടിക്കാഴ്ചകളിലൊന്ന് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായായിരുന്നു. ഒരു ഘട്ടത്തിൽ, “ഇസ്രായേൽ സൈന്യത്തിന് ബ്രിട്ടീഷ് വിദേശ സഹായധനം നൽകുന്നതിനെക്കുറിച്ചും” അവർ ചർച്ച ചെയ്തു, ഈ നീക്കം ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചിരുന്നു.

എല്ലാത്തിനുമുപരി, കാര്യനിർവ്വഹണപരമായ നിരവധി നിയമങ്ങൾ അതിലംഘിച്ച പട്ടേൽ, “തന്റെ പ്രവർത്തനങ്ങൾ ഒരു സ്റ്റേറ്റ് സെക്രട്ടറിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരത്തിന് താഴെയാണ്” എന്ന് തന്റെ രാജിക്കത്തിൽ തുറന്ന് സമ്മതിച്ചിരുന്നു. രാജി സ്വീകരിച്ച ശേഷം, ഇസ്രായേലുമായുള്ള എല്ലാ ഇടപാടുകളും ഔപചാരികമായും ഔദ്യോഗിക മാർഗങ്ങളിലൂടെയും നടത്തപ്പെടുമെന്ന് മേയ് ചൂണ്ടിക്കാട്ടി “ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ വെളിച്ചത്ത് വന്നതിനാൽ, രാജിവയ്ക്കാനും നിങ്ങൾ വാദിച്ച സുതാര്യതയുടെയും തുറന്ന മനസ്സിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാനുമുള്ള നിങ്ങളുടെ തീരുമാനം ഏറെ ഉചിതമാണെന്നും” മേയ് അവരോട് അഭിപ്രായപ്പെട്ടു

ജോൺസൺ തന്റെ കർക്കശക്കാരിയായ ഹോം സെക്രട്ടറിയെക്കുറിച്ച് വീമ്പിളക്കിയപ്പോൾ ആ പഴയതെല്ലാം ഇപ്പോൾ ഡൗണിംഗ് സ്ട്രീറ്റ് കാർപെറ്റിന് കീഴിലായി. ഒരുപക്ഷേ, ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഹമാസ് നേതൃത്വത്തെ കണ്ട ഒരാളെന്ന നിലയിൽ എന്റെ കൈകളും ടൂത്ത്ബ്രഷും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ ഞാൻ തയ്യാറാവേണ്ടതായിവരും.എന്നിരുന്നാലും, ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ നിരോധിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാൻ വിനയപൂർവ്വം നിർദ്ദേശിക്കുന്നു, എന്തെന്നാൽ ഹമാസ് പ്രസ്ഥാനത്തെ കൂടാതെ ഒരിക്കലും ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ സമാധാനപരമായ ഒരു പരിഹാരം സാധ്യമല്ല . 1987-ൽ സ്ഥാപിതമായ ഹമാസ് 2006-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ ഫലസ്തീൻ അതോറിറ്റിയുടെ പാർലമെന്റായ ഫലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭൂരിപക്ഷം നേടി. നിരവധി പലസ്തീനിയൻ ഇസ്ലാമിക് ഗ്രൂപ്പുകളിൽ ഏറ്റവും വലുതാണിത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഹമാസ് ഒരുപരിഹാരത്തിന്റെ ഭാഗമാണ് അതൊരു പ്രശ്നമല്ല. . പട്ടേലിന്റെ സയണിസ്റ്റ് സുഹൃത്തുക്കൾക്ക് ഇത് നന്നായി അറിയാം, അതുകൊണ്ടുതന്നെ ദ്വിരാഷ്ട്ര പരിഹാരനടപടികളെ ഇസ്രായേൽ ഭരണകൂടം അട്ടിമറിക്കുന്നതിനെ അവർ ആഘോഷിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ഗവൺമെന്റുകളെക്കുറിച്ച് പൊതുപരിചിതമായ കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തോടുള്ള തന്റെ സമ്പൂർണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഫലസ്തീനികളുടെ ഏതെങ്കിലും ന്യായമായ അവകാശങ്ങൾ യാഥാർത്ഥ്യമാകുന്നത് തടയാനല്ലെങ്കിൽ പിന്നെന്തിനാണ് ഇസ്രായേൽ പാശ്ചാത്യ തലസ്ഥാനങ്ങളിലെ ലോബിയിംഗ് കാമ്പെയ്‌നുകളിൽ വൻതോതിൽ ധനം നിക്ഷേപിക്കുന്നത്?

ഈയൊരവസരത്തിൽ, ഒരു കാലത്ത് മിഡിൽ ഈസ്റ്റിലേക്കുള്ള പ്രതിനിധിയും ഇസ്രായേൽ സഹചാരിയുമായിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ വാക്കുകൾ ഓർക്കുന്നത് നന്നായിരിക്കും. “2006 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതുമുതൽ അന്താരാഷ്‌ട്ര സമൂഹം ഒറ്റപ്പെടുത്തിയിരിക്കുന്ന ഹമാസിനെ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് 2017ൽ അദ്ദേഹം പ്രഖ്യാപിച്ചു. ഹമാസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഹമാസിനെ ബഹിഷ്കരിക്കാനുള്ള ഇസ്രായേൽ സമ്മർദങ്ങൾക്ക് താനും മറ്റ് ലോക നേതാക്കളും വഴങ്ങിയത് തെറ്റായ നടപടിയായിരുന്നു എന്ന് ബ്ലെയർ തുറന്ന്സമ്മതിച്ചു. ആ പഴയ നിലപാടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, തുടക്കത്തിൽ തന്നെ, ഹമാസിനെ ഒരു ചർച്ചയിലേക്ക് ക്ഷണിക്കാനും അവരുടെ നിലപാടുകളിൽ മാറ്റംവരുത്തുവാനും ഞങ്ങൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷേ വ്യക്തമായും അത് ഏറെ വിഷമകരമായിരുന്നു. ഇസ്രായേലികൾ അതിനെ ശക്തിയുക്തം എതിർക്കുന്നു പക്ഷേ, ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു മാർഗ്ഗമുണ്ടായിരിക്കുമെന്ന് നിങ്ങൾക്കറിയാം – വാസ്തവത്തിൽ ഞങ്ങൾ അത് അനൗപചാരികമായി ചെയ്തു.” അദ്ദേഹം പറഞ്ഞു.

2017 ൽ മിഡിൽ ഈസ്റ്റിൽ അവധിക്കാലം ആഘോഷിക്കുകയും ഇസ്രായേലി ഉദ്യോഗസ്ഥരുമായി “അനൗദ്യോഗിക” സെഷനുകളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനിടയിൽ ഹമാസുമായി ഇടപഴകാൻ പട്ടേലിന് വിഷമമില്ലായിരുന്നുവെങ്കിൽ പ്രസ്ഥാനത്തിന്റെ പുതിയ ചാർട്ടറിൽ ഗാസ, അധിനിവേശ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ ഇടക്കാല ഫലസ്തീൻ രാഷ്ട്രം നിർമ്മിക്കുന്നതിനെ ഔപചാരികമായി അംഗീകരിക്കപ്പെട്ടുവെന്ന് അവർ കണ്ടെത്തുമായിരുന്നു. ‘ഹമാസിന്റെ പോരാട്ടം അധിനിവേശ സയണിസ്റ്റ് കൈയേറ്റക്കാരോടാണ്, ജൂതന്മാരോടല്ല’ എന്നും ചാർട്ടർ വ്യക്തമാക്കുന്നു.

എല്ലാ സയണിസ്റ്റുകളും ജൂതന്മാരല്ല – പ്രീതി പട്ടേൽ അതിനൊരു മികച്ച ഉദാഹരണമാണ്. എല്ലാ ജൂതന്മാരും സയണിസ്റ്റുകളുമല്ല. ലോകമെമ്പാടുമുള്ള പല ജൂതന്മാരും ഇസ്രായേലിനെ നിരുപാധികം പിന്തുണക്കുന്നില്ല. ചില തീവ്ര ഓർത്തഡോക്സ് ജൂതന്മാർ ഭരണകൂടത്തെ സജീവമായി എതിർക്കുന്നുവെന്നതും തീർച്ചയാണ്, അതിനാൽ പട്ടേലിന്റെ ഈ നീക്കം ജൂത സമൂഹത്തിലെ എല്ലാവരാലും സ്വാഗതം ചെയ്യപ്പെടുകയില്ല. ഈ ഹമാസ് നിരോധനം സയണിസത്തിനും അതിന്റെ മതഭ്രാന്തരായ അനുയായികൾക്കും ഒരു സമ്മാനമായി മാറും; ബ്രിട്ടീഷ് യഹൂദർക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതുമായി ഇതിന് കാര്യമായ ബന്ധമൊന്നുമില്ല. ഹമാസ് പരിഹാരത്തിന്റെ ഭാഗമാണ് – മിസ്റ്റർ ബ്ലയറിനോട് ചോദിച്ചു നോക്കൂ.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles