Current Date

Search
Close this search box.
Search
Close this search box.

തന്തുര മുതൽ നഖബ് വരെ:ഇസ്രായേൽ ക്രൂരതകൾ വെളിച്ചത്താവുമ്പോൾ

ഇസ്രയേലിന്റെ ഉത്ഭവത്തെയും വംശീയ വർണ്ണവിവേചന ഭരണകൂടത്തെയും കുറിച്ചുള്ള യാഥാർഥ്യം മറച്ചുവെക്കാനുള്ള 75 വർഷത്തെ കഠിനമായ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടുകയാണെന്ന വസ്തുതയിലേക്കാണ് സമീപ ആഴ്ചകളിലെ തുടർച്ചയായ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്. പുതിയ പിന്തുണക്കാരെ നേടുന്നതിനോ അതിന്റെ ഭൂതകാലത്തേതും നടന്നുകൊണ്ടിരിക്കുന്നതുമായ കുറ്റകൃത്യങ്ങളെ വെള്ളപൂശാനോ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഇസ്രായേലിന് നിലം നഷ്‌ടപ്പെടുകയാണെന്ന സത്യം ലോകം ഒടുവിൽ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

1948 മെയ് 23-ന് ഇസ്രായേലിന്റെ പ്രതിരോധ വിങായിരുന്ന ‘അലക്‌സാന്ദ്രോണി ബ്രിഗേഡ്’ നരനായാട്ട് നടത്തിയ ഫലസ്തീനിലെ ശാന്തമായ തന്തുര ഗ്രാമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇതിൽ പ്രധാനമാണ്.നിരായുധരായ ഫലസ്തീനികൾക്കെതിരെ വർഷങ്ങളായി നടന്ന മറ്റ് കൂട്ടക്കൊലകളെപ്പോലെ, തന്തുര കൂട്ടക്കൊലയും ഗ്രാമത്തിലെ ചുരുക്കം ചിലർ ഇന്നും ഓർക്കുന്നുണ്ട്.ഈ ക്രൂരതയെ അതിജീവിച്ചവരും സാധാരണ ഫലസ്തീനികളും പലസ്തീൻ ചരിത്രകാരന്മാരും ഇതിന്റെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ട് പോവുന്നു.രക്തരൂക്ഷിതമായ ആ സംഭവത്തിലേക്ക് വെളിച്ചം വീശാൻ 1998-ൽ ഇസ്രായേലി ബിരുദ വിദ്യാർത്ഥി തിയോഡോർ കാറ്റ്‌സ് നടത്തിയ ശ്രമം നിയമപരവും മാധ്യമപരവും അക്കാദമികവുമായ ഒരു യുദ്ധത്തിന് തിരികൊളുത്തുകയും കടുത്ത സമ്മർദ്ദം മൂലം തന്റെ കണ്ടെത്തലുകൾ പിൻവലിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുകയും ചെയ്തു.

അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, പ്രൊഫസർ ഇലൻ പപ്പേ, 2007-ൽ ഹൈഫ സർവകലാശാലയിലെ തന്റെ സ്ഥാനം രാജിവെക്കേണ്ടി വന്നതെന്താണെന്ന് വെളിപ്പെടുത്തുകയുണ്ടായി.”1948-ൽ തന്തുര ഗ്രാമത്തിൽ ഒരു കൂട്ടക്കൊല നടന്നതായി എം.എ വിദ്യാർത്ഥിയായ ടെഡി കാറ്റ്‌സ് തുറന്നുകാട്ടി” എന്ന് പാപ്പേ കൂട്ടി ചേർത്തിരുന്നു.

ഇപ്പോൾ, അന്നത്തെ ചില അലക്സാണ്ട്രോണി ബ്രിഗേഡ് സൈനികർ ഒടുവിൽ തന്തുരയിലെ കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞത് ഇതിന്റെ യഥാർഥ്യത്തെ വെളിപ്പെടുത്തികൊണ്ടിരിക്കുന്നു.
“അവർ അതിനെ കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു, ഞാൻ ഈ പറയുന്നത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാം,ആ സംഭവം നടന്നിട്ടുണ്ടെന്നത് യഥാർഥ്യമാണ്.” അലക്‌സാന്ദ്രോണി ബ്രിഗേഡിലെ മുൻ അംഗമായ മോഷെ ഡയമന്റ് പറഞ്ഞ വാക്കുകളാണിത്. അലോൺ ഷ്വാർസിന്റെ “തന്തുര” എന്ന ഡോക്യുമെന്ററിയിൽ, ഇദ്ദേഹമടക്കം മറ്റു സൈനികരുടെയും തുറന്നുപറച്ചിൽ പലസ്തീൻ ഗ്രാമത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ ഭയാനകമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു ഉദ്യോഗസ്ഥൻ തന്റെ പിസ്റ്റൾ ഉപയോഗിച്ച് “ഒരാൾക്ക് പിറകെ ഒന്നായി അറബികളെ കൊന്നു”വെന്ന് മുൻ സൈനികൻ മിച്ചാ വിറ്റ്കോൺ പറയുന്നു. “സൈനികർ ഗ്രാമീണരെ ഒരു ബാരലിൽ ഇട്ടു വീപ്പയിൽ വെടിവച്ചു. ബാരലിലെ രക്തം ഞാൻ ഓർക്കുന്നു,”മറ്റൊരു പഴയ സൈനികന്റെ വാക്കുകളാണിത്.നൂറുകണക്കിന് ഫലസ്തീനികൾ തന്തുരയിൽ കൊല്ലപ്പെടുകയും അവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യുകയും ചെയ്തു.ഇസ്രായേലി കുടുംബങ്ങൾ ദിനേന ഒഴുകുന്ന ഡോർ ബീച്ചിലെ ഒരു കാർ പാർക്കിന് താഴെയാണ് അവയിലെ ഏറ്റവും വലുത് എന്ന് കണക്കാക്കപ്പെടുന്നു.

അധിനിവേശ രാഷ്ട്രത്തിന്റെ കളങ്കത്തിൽ “മറഞ്ഞിരിക്കുന്ന” ഇസ്രായേലി ക്രൂരതയുടെ ഏറ്റവും പ്രകടമായ പ്രതിനിധാനമാണ് തന്തുര കൂട്ടക്കൊല.ഇതൊരിക്കലും തന്തൂരയുടെ മാത്രം കഥയല്ല. ഗ്രാമത്തിലെ കൂട്ടക്കൊല,വലിയ തോതിലുള്ള വംശീയ ഉന്മൂലനം, ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കൽ, കൂട്ടക്കൊലകൾ എന്നിവയുടെ നീണ്ട പരമ്പരയുടെ ഒരു ഉദാഹരണം മാത്രമാണിത്. സത്യം ഇപ്പോൾ കണ്ടെത്തുകയും തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നത് ഇവരിൽ ആശങ്ക സൃഷ്‌ടിക്കുകയാണ്.

നഖബ് മരുഭൂമിയിൽ നിന്ന് ഫലസ്തീനിയൻ ബദൂയിനുകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനായി ഇസ്രായേൽ സൈന്യം 1951-ൽ ആരംഭിച്ച സൈനിക നടപടി ഇസ്രായേൽ കൈരാതത്തിന്റെ മറ്റൊരു പ്രകടമായ ഉദാഹരണമാണ്.മുഴുവൻ കമ്മ്യൂണിറ്റികളെയും അവരുടെ പൂർവ്വിക ഭവനങ്ങളിൽ നിന്ന് പിഴുതെറിയുന്നതിന്റെ ദാരുണമായ ദൃശ്യങ്ങൾ ദയനീയമായിരുന്നു. “സുരക്ഷാ കാരണങ്ങളാൽ” ഭയാനകമായ പ്രവൃത്തി നടത്തിയെന്ന സാധാരണ ക്ലീഷേ ഉപയോഗിച്ച് ഇസ്രായേൽ ന്യായീകരിക്കുകയായിരുന്നു അന്ന്.

1953-ൽ, അധിനിവേശത്തിലൂടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കാൻ അനുവദിക്കുന്ന ഭൂമി ഏറ്റെടുക്കൽ നിയമം ഇസ്രായേൽ പാസാക്കി. അപ്പോഴേക്കും, ഇസ്രായേൽ നഖാബിലെ 247,000 ദൂനാം ഭൂമി അനധികൃതമായി തട്ടിയെടുക്കുകയും 66,000 “ഉപയോഗശൂന്യമായി” കണക്കാക്കി അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഈ ശേഷിക്കുന്ന ഭൂമി ഇസ്രായേലിന്റെ “വികസന ആവശ്യങ്ങൾക്ക്” ഭൂമി “അത്യാവശ്യമാണ്” എന്ന പരിഹാസ്യമായ അവകാശവാദങ്ങൾ ഉന്നയിച്ച് അധീനപ്പെടുത്തുകയും ചെയ്തു.

പ്രൊഫസർ ഗാദി അൽഗാസി നടത്തിയ വിപുലമായ ഗവേഷണത്തിൽ നഖാബിലെ ഇസ്രായേലിന്റെ ആഖ്യാനം പൂർണ്ണമായ കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ സതേൺ കമാൻഡിന്റെ തലവനായ മോഷെ ദയാൻ, ബെദൂയിൻ ജനതയെ കുടിയൊഴിപ്പിക്കാനും “ഭൂവുടമകൾ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ റദ്ദാക്കാനും” ഭൂമി തങ്ങളുടേതെന്നപോലെ “പാട്ടത്തിന്” സർക്കാരിനെ അനുവദിച്ച നിയമം നടപ്പിലാക്കിയിരുന്നുവെന്ന് പുതുതായി വെളിപ്പെടുത്തിയ നിരവധി രേഖകൾ ചൂണ്ടികാണിക്കുന്നുണ്ട്.

“വടക്ക്-പടിഞ്ഞാറൻ നെഗേവിൽ നിന്ന് കിഴക്ക്‌ ഭാഗത്തെ തരിശുപ്രദേശങ്ങളിലേക്ക് ബെഡൂയിൻ പൗരന്മാരെ,അവരുടെ ഭൂമി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി കൈമാറ്റം ചെയ്തിരുന്നു.ഭീഷണി, അക്രമം, കൈക്കൂലി, വഞ്ചന എന്നിവ ഉപയോഗിച്ചാണ് അവർ ഈ ഓപ്പറേഷനുകൾ നടത്തിയിരുന്നത്”എന്ന് അൽഗാസി ഹാരെറ്റ്സിനോട് പറയുകയുണ്ടായി.

ഫലസ്തീനികൾ ഐതിഹാസികമായ ചെറുത്തുനിൽപ്പും “പട്ടിണിയും ദാഹവും കണക്കിലെടുത്ത് തങ്ങളുടെ ഭൂമിയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച ശാഠ്യവും അവഗണിച്ച് “സ്വമേധയാ” നീങ്ങിയെന്ന അവകാശവാദം പുറത്തുവിട്ടാണ് ഇസ്രായേൽ ഇത്തരം മുഴുവൻ പദ്ധതിയും സംഘടിപ്പിച്ചത്.ഈ സന്ദർഭങ്ങളിലുള്ള സൈന്യത്തിന്റെ ഭീഷണിയും അക്രമവും പരാമർശിക്കേണ്ടതില്ലല്ലോ.

ഇതിനുപുറമെ,1967 ജൂണിൽ ജറുസലേമിലെ ‘മൊറോക്കൻ ക്വാർട്ടർ’ എങ്ങനെ തകർക്കപ്പെട്ടു എന്ന ഔദ്യോഗിക ഇസ്രായേലി പതിപ്പിന്റെ അവതരണത്തെ ഫ്രഞ്ച് ചരിത്രകാരനായ വിൻസെന്റ് ലെമിയർ പുതുതായി പുറത്തിറക്കിയ പുസ്തകത്തിലൂടെ പൂർണ്ണമായും നിരസിക്കുന്നുണ്ട്.
ജറുസലേമിലെ അന്നത്തെ ജൂത മേയറായ ടെഡി കൊല്ലെക് വഴി ഇസ്രായേൽ ഗവൺമെന്റിന്റെ ഉത്തരവനുസരിച്ചാണ് 135 വീടുകളും രണ്ട് പള്ളികളും അതിലധികവും തകർത്തതെന്ന് പലസ്തീൻ, അറബ് ചരിത്രകാരന്മാർ മുമ്പ് തന്നെ വാദിച്ചിട്ടുണ്ടെങ്കിലും, ഇസ്രായേൽ ആ വാദത്തെ നിരാകരിക്കുകയായിരുന്നു.
ഔദ്യോഗിക ഇസ്രായേലി വിവരണമനുസരിച്ച്, അയൽപക്ക പ്രദേശങ്ങൾ പൊളിച്ചത് “15 സ്വകാര്യ ജൂത കരാറുകാരാണ്. അവർ “വെസ്റ്റേൺ വാൾ പ്ലാസയ്ക്ക് ” സ്ഥലം ഉണ്ടാക്കുന്നതിനായാണ് ഈ പ്രദേശങ്ങൾ നശിപ്പിച്ചത്” എന്ന അടവ്നയമെടുത്ത് കൈ കഴുകുകയായിരുന്നു അവർ.

എജൻസ് ഫ്രാൻസ്-പ്രസ്സിന് (AFP) നൽകിയ അഭിമുഖത്തിൽ, തന്റെ പുസ്തകം “ഈ ഓപ്പറേഷന്റെ ഗൂഡാലോചന, ആസൂത്രണം, ഏകോപനം എന്നിവയെക്കുറിച്ചുള്ള കൃത്യമായ, രേഖാമൂലമുള്ള തെളിവ്” സമർഥിക്കുന്നുവെന്നും അതിൽ ഇസ്രായേലി കമാൻഡറായ കൊല്ലെക്കും സൈന്യവും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും ഉൾപ്പെടുന്നുവെന്നും ലെമിയർ പറയുന്നുണ്ട്.

വളരെക്കാലമായി മറഞ്ഞിരിക്കുന്നതോ നിഷേധിക്കപ്പെട്ടതോ ആയ വസ്തുതകൾ തുറന്നുകാട്ടുന്ന യഥാർത്ഥ പതിപ്പായി കൂടുതൽ ഹൃദയഭേദകമായ വെളിപ്പെടുത്തലുകളോടെ കഥ തുടരുകയാണ്.ഇസ്രായേൽ ഈ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാളുകൾ അതിവിദൂരമാണെന്ന് നാം തിരിച്ചറിയണം.പന്ത്രണ്ട് മാസത്തിനുള്ളിൽ മൂന്നാം തവണയും ആംനസ്റ്റി ഇന്റർനാഷണൽ എന്ന പ്രമുഖ മനുഷ്യാവകാശ സംഘടന ഇസ്രായേലിന്റെ വർണ്ണവിവേചനത്തെ അപലപിച്ചത് ഇതിന്റെ തെളിവാണ്.

“പാലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വർണ്ണവിവേചനം: പതിറ്റാണ്ടുകളുടെ അടിച്ചമർത്തലിലേക്കും ആധിപത്യത്തിലേക്കും ഒരു നോട്ടം”എന്ന പേരിൽ പുറത്തുവിട്ട 280 പേജുകളുള്ള ആംനസ്റ്റിയുടെ റിപ്പോർട്ട്, ഇസ്രായേലിന്റെ വംശീയതയുടെയും വർണ്ണവിവേചനത്തിന്റെയും തെളിവാണ്.ഇസ്രയേലിന്റെ അക്രമാസക്തമായ വർത്തമാനകാലത്തെ അതിന്റെ രക്തരൂക്ഷിതമായ ഭൂതകാലവുമായി ബന്ധിപ്പിക്കുകയാണ് റിപ്പോർട്ട്.കൂടാതെ ഇസ്രായേലിന്റെ വഞ്ചനാപരമായ നീക്കങ്ങളിലൂടെ പലസ്തീനികളെ അരികുവൽക്കരിക്കുന്ന,അവരെ വിഭജിക്കുന്ന സമീപനങ്ങളെ കൂടി ഇത് തുറന്നുകാണിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ടിനു സമാനമായി ആംനസ്റ്റിയും ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അനീതികൾ തിരിച്ചറിയുകയും അവയെ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നുണ്ട്.

“1948-ൽ സ്ഥാപിതമായതുമുതൽ, ഒരു ജൂത ജനസംഖ്യാപരമായ മേധാവിത്വം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വ്യക്തമായ നയമാണ് ഇസ്രായേൽ പിന്തുടരുന്നത്,പാലസ്തീനികളുടെ എണ്ണം കുറയ്ക്കുകയും അവരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തു” ആംനസ്റ്റി റിപ്പോർട്ടിന്റെ പരാമർശമാണിത്.ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും വംശീയ ഉന്മൂലനത്തിലൂടെയും വംശഹത്യയിലൂടെയുമാണ് ഇസ്രായേൽ ഈ അധിനിവേശപരമ്പര നടത്തിയത്.തന്തുര മുതൽ നഖാബ് വരെയും മൊറോക്കൻ ക്വാർട്ടർ, ഗാസ മുനമ്പ്, ഷെയ്ഖ് ജറാഹ് തുടങ്ങിയയെല്ലാം ഈ വിഭജന സിദ്ധാന്തത്തിന്റെ പ്രതിനിധാനങ്ങൾ മാത്രമാണ്.വ്യാജ നിർമ്മിതികളെ തിരസ്കരിച്ച് യഥാർത്ഥ ചരിത്രങ്ങൾ വന്നുകൊണ്ടേയിരിക്കും.ഇസ്രായേൽ വഞ്ചനയുടെയും ക്രൂരതയുടെയും വസ്തുതകൾ ലോകം തിരിച്ചറിയുകയും ചെയ്യും.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

Related Articles