Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അവസാനിക്കാത്ത ജയവും പരാജയവും

ഗാസയില്‍ നിന്നും നല്ല വാര്‍ത്തകള്‍ വരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. “ ഉപാധികളില്ലാത്ത… വെടിനിർത്തലിന് ഈജിപ്ത് മുന്നോട്ടു വെച്ച ശുപാർശകൾ സുരക്ഷാ മന്ത്രിസഭ ഏകകണ്ഠമായി അം​ഗീകരിക്കുന്നു” എന്നാണ് വിഷയത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. “ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നിലവില്‍ വരുമെന്ന്” ഹമാസും പ്രതികരിച്ചു. ഗാസയില്‍ ആഘോഷം നടക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ പ്രസിഡന്‍ ജോ ബൈഡനും വിഷയം സ്ഥിരീകരിച്ചു. കാര്യങ്ങളുടെ മെരിറ്റ് മനസ്സിലാക്കാന്‍ വ്യാഴാഴ്ച വൈകീട്ട് അദ്ദേഹം നടത്തിയ നാല് മിനുട്ട് നീണ്ടു നില്‍ക്കുന്ന പത്രസമ്മേളനം മതി. ബൈഡന്‍ അതില്‍ ഉപയോഗിച്ച ഒരു വാക്ക് ഇങ്ങിനെയാണ്” സംഘര്‍ഷത്തിനു അറുതിവരുത്തിയ ഇസ്രയേല്‍ ഭരണ കൂടത്തെ അഭിനന്ദിക്കുന്നു. ഹമാസ് ഒരു ഭീകര സംഘമാണ്. ഭാവിയിലും അമേരിക്ക കാര്യങ്ങള്‍ നടപ്പാക്കുക ഫലസ്തീന്‍ അതോറിറ്റി വഴി മാത്രമാകും. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ട്. ……………”. ഒരു നിരാശ അദ്ദേഹത്തിന്റെ വാക്കുകളില്‍ വായിച്ചെടുക്കാം. തന്റെ സംസാരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നത് തന്നെ അദ്ദേഹത്തിലെ അസന്തുഷ്ടി പ്രകടമാക്കുന്നു. ഒരു ഏകപക്ഷീയമായ നിലപാടായെ ബൈഡന്‍റെ വാക്കുകളെ കാണാന്‍ കഴിയൂ.

വെടി നിര്‍ത്തല്‍ തീര്‍ച്ചയായും അനുഗ്രഹമാണ്. കഴിഞ്ഞ പതിനൊന്നു ദിവസത്തിനുള്ളില്‍ ഇരുനൂറില്‍ പരം മനുഷ്യരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. പത്തോളം പേര്‍ ഇസ്രായേലിലും കൊല്ലപ്പെട്ടു. ഇതിന്റെ തണലില്‍ ഇസ്രയേല്‍ തകര്‍ത്ത് കളഞ്ഞ കെട്ടിടങ്ങള്‍ നൂറു കണക്കിനാണ്. ഗാസയില്‍ നിന്നും തീവ്രവാദികളെ പൂര്‍ണമായി തുരത്തുന്നത് വരെ ആക്രമണം തുടരുമെന്നാണ് നതെന്‍യാഹൂ പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ ഞാറാഴ്ച കൂടിയ യു എന്‍ സുരക്ഷ സമിതിയില്‍ ഇസ്രയേല്‍ അനുകൂല സമീപനം സ്വീകരിച്ചു കൊണ്ട് ബൈഡന്‍ ഭരണകൂടം ലോകത്തെ ഞെട്ടിച്ചു.

വെടി നിര്‍ത്തല്‍ തങ്ങളുടെ വിജയമായി കണ്ടു ഫലസ്തീനില്‍ ആഹ്ലാദ പ്രകടനം തുടങ്ങിയാതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ ആധുനിക ആയുധങ്ങളും കൈവശമുള്ള, ഒരിക്കല്‍ പോലും നീതിയും ന്യായവും അംഗീകരിക്കാത്ത ഇസ്രയേല്‍ “ഉപാധികളില്ലാത്ത… വെടിനിർത്തലിന്” തയ്യാറാകുന്നു എന്നത് ഫല്സ്തീനിന്റെ വിജയമായി കണക്കാക്കാം. അതിനിടയില്‍ ഇന്നലെ വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ യോഗം ചേര്‍ന്നിരുന്നു. അതില്‍ യു എന്‍ സിക്രട്ടറി ജനറല്‍ നടത്തിയ അഭിപ്രായ പ്രകടനം ഇന്ന് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു “ ഭൂമിയില്‍ നരകമെന്ന ഒന്നുണ്ടെങ്കില്‍ അത് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നു” എന്ന പ്രയോഗം ഗൌരവത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Akiva Eldar, എന്ന ഇസ്രായേല്‍ രാഷ്ട്രീയ നിരീക്ഷകന്‍ നടത്തിയ അഭിപ്രായ പ്രകടനവും മാധ്യമങ്ങള്‍ കാര്യമായി തന്നെ ചേര്‍ത്തിട്ടുണ്ട്. ഫലസ്തീനിലെ വര്‍ത്തമാന ദുരന്തത്തിന്റെ കാരണം ഹമാസ് മാത്രമാണ് എന്ന രീതിയില്‍ ഫലസ്തീന്‍ ജനതക്കിടയില്‍ ഒരു ഭിന്നിപ്പിനു ഇസ്രയേല്‍ ശ്രമിച്ചിരുന്നു.അത് പൂര്‍ണമായി പരാജപ്പെട്ടു എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതെ സമയം വെടി നിര്‍ത്തല്‍ ഭരണാധികാരി എന്ന നിലയില്‍ നേതാന്‍യാഹുവിന് അനുഗ്രഹമാവില്ല എന്നും വിലയിരുത്തപ്പെടുന്നു. ഭരണകക്ഷിയിലെ വലതു പക്ഷ തീവ്ര വിഭാഗങ്ങള്‍ ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചു എന്നാണ് വിവരം.

വെടി നിര്‍ത്തലിന് ഖത്തര്‍ തുര്‍ക്കി ഇറാന്‍ യോറോപ്യന്‍ യൂണിയന്‍ റഷ്യ ചൈന എന്നീ രാജ്യങ്ങളും ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഈജിപ്ത് മുന്നോട്ട് വെച്ച ഉപാധികള്‍ എന്തൊക്കെ എന്ന് ഇപ്പോഴും പുറത്തു വന്നിട്ടില്ല. “ ഉപാധികളില്ലാതെ” എന്നാണ് പറഞ്ഞു കേള്‍ക്കുന്നതും. അതിനിടെ പ്രശ്നത്തിനു കാരണമായ കിഴക്കന്‍ ജറുസലേം ഇപ്പോള്‍ ശാന്തമാണ്‌ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അറബ് രാജ്യങ്ങളില്‍ അധികവും വിഷയത്തില്‍ തന്ത്രപരമായ മൗനം ദീക്ഷിച്ചു. അവരുടെ വിഷയം ഫലസ്തീന്‍ എന്നതിനേക്കാള്‍ ഇസ്രയേലും ചില അറബ് രാജ്യങ്ങളും പരസ്പരം നടത്തിയിട്ടുള്ള കോടികളുടെ നിക്ഷേപമാണ്.

കാര്യത്തിന്റെ അകത്തേക്ക് കടക്കാന്‍ അമേരിക്ക താല്പര്യം കാണിക്കുന്നില്ല എന്നതാണ് നമ്മെ നിരുല്സാഹപ്പെടുത്തുന്നത്. ഇത് ആദ്യത്തെ ആക്രമണവും വെടിനിര്‍ത്തലുമല്ല. പൂര്‍ണ അര്‍ത്ഥത്തിലുള്ള ഒരു ഫലസ്തീന്‍ രാജ്യം രൂപം കൊള്ളുക എന്നത് മാത്രമാണ് അവസാന പ്രതിവിധി. സമാധാന കാലത്ത് വന്‍ശക്തികള്‍ അതിനാണ് ശ്രമിക്കേണ്ടത്. രണ്ടു രാജ്യങ്ങള്‍ എന്ന് തീരുമാനിച്ചാണ് ഒരിക്കല്‍ ഫലസ്തീന്‍ വിഭജിക്കപ്പെട്ടത്. ഒരു രാജ്യം അന്ന് തന്നെ രൂപം കൊണ്ടു .പക്ഷെ അടുത്ത രാഷ്ട്രം എന്ത് കൊണ്ട് നിലവില്‍ വന്നില്ല എന്നചോദ്യത്തിനു ഉത്തരം നല്‍കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്.

ഇസ്രയേല്‍ നിലപാട് കൃത്യമാണ്. ബാക്കിയുള്ള ഭൂമിയില്‍ നിന്നും ഫലസ്തീനികളെ ആട്ടിയോടിക്കുക. തങ്ങള്‍ക്കു ആയുധവും പണവും പിന്തുണയും നല്‍കാന്‍ വന്‍ ശക്തികള്‍ വരിവരിയായി നില്‍ക്കുന്നു എന്നത് തന്നെയാണ് എക്കാലത്തെയും സയണിസ്റ്റ് ധൈര്യം.. കാലം കടന്നു പോയപ്പോള്‍ അറബികളും തങ്ങളെ പിന്തുണയ്ക്കുന്നു എന്ന ധൈര്യം കൂടി ഇസ്രയേലിനു ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് നിസാര കാര്യമായി കാണരുത്.

അവസാനമായി UN Secretary General പറഞ്ഞ ഈ വാക്കുകള്‍ കൂടി ചേര്‍ത്തു വെച്ചാല്‍ മാത്രമേ കാര്യത്തിന്റെ വിശകലനം പൂര്‍ണമാകൂ “ സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനായി ഗൗരവകരമായ സംഭാഷണം ആരംഭിക്കുന്നതിന് ശാന്തത പുനസ്ഥാപിക്കുന്നതിനപ്പുറം ഇസ്രയേൽ, പലസ്തീൻ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ ഊന്നിപ്പറയുന്നു, ”

Related Articles