Current Date

Search
Close this search box.
Search
Close this search box.

അധിനിവേശ വിരുദ്ധ പോരാട്ടവും ഹമാസിന്റെ പ്രസക്തിയും

ശൈഖ് ജർറാഹ് നിവാസികളുടെ വിഷയത്തെ സൈനിക ഏറ്റുമുട്ടൽ തുടങ്ങിവെച്ച് ഹമാസ് വഷളാക്കിയെന്ന് തന്റെ പാശ്ചാത്യ സഹപ്രവർത്തകർ അഭിപ്രായപ്പെട്ടതായി, ഒരു അന്താരാഷ്ട്ര എൻജിഓയിൽ ജോലി ചെയ്യുന്ന പരിചയക്കാരൻ, ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന്റെ പിറ്റേന്ന് എന്നോട് പറയുകയുണ്ടായി.

സൈനിക നടപടികൾ ഫലസ്തീൻ വിഷയത്തിന് സഹതാപവും ഐക്യദാർഢ്യവും പ്രദാനം ചെയ്യുമെങ്കിലും, പ്രതിഷേധങ്ങൾ ബി.ഡി.എസ് (ഉപരോധം, ബഹിഷ്കരണം, വിലക്ക്) ആഹ്വാനങ്ങൾ തുടങ്ങിയ സമാധാനപരമായ മാർഗങ്ങളാണ് ഫലസ്തീൻ വിഷയത്തെ ഏറ്റവും നല്ലരീതിയിൽ സഹായിക്കുക എന്നാണ് അവരുടെ വാദം.

ഗാർഡിയനിൽ അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ, റിപ്പോർട്ടർ ക്രിസ് മക്ഗ്രിയൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: “ഉപരോധങ്ങളും ബഹിഷ്കരണങ്ങളും സൗത്താഫ്രിക്കയിലെ വർണവിവേചനത്തെ ഇല്ലാതാക്കാൻ സഹായിച്ചിട്ടുണ്ട് – അടുത്തത് ഇസ്രായേലാണോ?”

തീർച്ചയായും ഇസ്രായേൽ തന്നെയാണ് അടുത്തത്. എന്നാൽ കേവലം ബഹിഷ്കരണങ്ങളും ഉപരോധങ്ങളും മാത്രമല്ല സൗത്താഫ്രിക്കയിലെ അപ്പാർത്തീഡ് ഭരണകൂടത്തെ താഴെയിറക്കിയത്. വെളുത്തവർഗാധിപത്യവാദികളായ ന്യൂനപക്ഷത്തിനും അവരുടെ പടിഞ്ഞാറൻ സ്പോൺസർമാർക്കും കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ച് അവയുടേതായ പങ്കുവഹിച്ചിരുന്നെങ്കിലും, അവയെല്ലാം തന്നെ സായുധ പ്രതിരോധത്തിന്റെ അനുബന്ധമായിരുന്നു.

അപ്പാർത്തീഡിനെതിരെയുള്ള സൗത്താഫ്രിക്കൻ ജനതയുടെ പോരാട്ടവും സയണിസത്തിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടവും തമ്മിൽ ശ്രദ്ധേയമായ സമാനതകൾ കാണുവാൻ കഴിയും. രണ്ടിടത്തും, ബൈബിൾ പുരാണങ്ങളിൽ നിന്ന് ഉരുത്തിരിക്കപ്പെട്ട വംശീയ വീക്ഷണമാണ് ശത്രുവിനെ പ്രചോദിപ്പിക്കുന്നത്, ദൈവിക വാഗ്ദാനം, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ എന്നിവയുടെ പേരിൽ, തദ്ദേശീയ ജനതകളെ നാടുകടത്താനും, ഉൻമൂലനം ചെയ്യാനും വേട്ടയാടാനും തങ്ങൾക്ക് അവകാശമുണ്ടെന്നാണ് വെളുത്തവർഗാധിപത്യവാദികളുടെയും സയണിസ്റ്റുകളുടെയും വാദം.

സൗത്താഫ്രിക്കയിലെ അപ്പാർത്തീഡിന്റെ അവസാന കുറച്ചുവർഷങ്ങളിൽ സംഭവിച്ചതു പോലെ, ഫലസ്തീനിൽ ഇപ്പോൾ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് ലോകത്തുടനീളമുള്ള ആളുകൾ ഇന്ന് കൂടുതൽ ബോധവാൻമാരാണ്. ഫലസ്തീനികളാണ് നൂറ്റാണ്ടുപഴക്കമുള്ള ഇസ്രായേലി അധിനിവേശത്തിന്റെയും (വെസ്റ്റ്ബാങ്ക്) ഉപരോധത്തിന്റെയും (ഗാസ) അപ്പാർത്തീഡിന്റെയും യഥാർഥ ഇരകളെന്ന് കൂടുതൽ ആളുകൾക്കും ഇന്ന് അറിയാം, സാമൂഹിക മാധ്യമ വിപ്ലവത്തിന് നന്ദി.

വർണവിവേചന ഭരണകൂടത്തെ താഴെയിറക്കിയ സൗത്താഫ്രിക്കൻ ജനതയും, അമേരിക്കയെ തുരത്തിയോടിച്ച വിയറ്റ്നാമീസ് ജനതയും, ക്രൂരമായ കുടിയേറ്റ കോളോണിയൽ അധിനിവേശത്തിനെതിരെ 132 വർഷം പോരാടി ഫ്രാൻസിനെ തങ്ങളുടെ നാട്ടിൽ നിന്ന് ആട്ടിയോടിച്ച അൾജീരിയൻ ജനതയും ആധുനിക വിമോചന പോരാട്ടങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്. ഈ പോരാട്ടങ്ങളിൽ ഓരോന്നിലും സ്വാതന്ത്ര്യസമരസേനാനികൾക്ക് അവരുടെ രക്തും ജീവനും ബലിയർപ്പിക്കേണ്ടി വന്നു. അതോടൊപ്പം തന്നെ തങ്ങളെ അടിച്ചമർത്തിയവരുടെ രക്തവും അവർ ചിന്തിയിട്ടുണ്ട്, അതിലൂടെ അടിച്ചമർത്തൽ വളരെ എളുപ്പം സാധിക്കുന്ന ഒന്നല്ലെന്ന് മർദ്ദകർക്ക് അവർ ബോധ്യപ്പെടുത്തി കൊടുത്തു. ഈ പോരാട്ടങ്ങളുടെ ചരിത്രങ്ങളും അവ എങ്ങനെ വിജയിച്ചു എന്നതും ഇന്നത്തെ ഫലസ്തീൻ പശ്ചാത്തലത്തിൽ സുപ്രധാനമായ പാഠങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.

ആഗോളപൊതുജനാഭിപ്രായത്തിനു മേൽ സമ്മർദ്ദം ചെലുത്താനും അതിലൂടെ നയരൂപകർത്താക്കളുടെ മേൽ സമ്മർദ്ദം ചെലുത്താനും ലക്ഷ്യംവെച്ചുകൊണ്ടുള്ള എല്ലാ സമാധാനപരമായ പരിശ്രമങ്ങളും പ്രധാനം തന്നെയാണ്. നിരാഹാരസമരങ്ങൾ, ധർണകൾ, പൊതുപണിമുടക്കുകൾ, പ്രതിഷേധപ്രകടനങ്ങൾ, കുത്തിയിരിപ്പ് സമരങ്ങൾ, ബഹിഷ്കരണങ്ങൾ, ഉപരോധങ്ങൾ അങ്ങനെയുള്ള സമരമുറകൾ എല്ലാം തന്നെ അവയുടേതായ പങ്കുവഹിക്കുന്നുണ്ട്. ഒരുപാട് വിഷയങ്ങളിൽ അവ മാത്രമേ അവലംബിക്കാനും സാധിക്കുകയുള്ളു.

എന്നാൽ, ഈ സമരമുറകളിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളു എന്ന ചിന്ത തികഞ്ഞ അജ്ഞതയല്ലാതെ മറ്റൊന്നുമല്ല. കൊളോണിയൽ പദ്ധതികളിൽ മിക്കതും അന്താരാഷ്ട്ര പദ്ധതികളാണ്. സമൃദ്ധമായ വിഭവങ്ങൾ, ലോകശക്തികളുടെ കൂട്ടായ്മ, പ്രാദേശികതലത്തിലുള്ള സഹകരണം, സ്വീകാര്യത എന്നിവയിൽ നിന്നാണ് അവ ശക്തി സംഭരിക്കുന്നത്.

ഉദാഹരണത്തിന് സയണിസ്റ്റ് പദ്ധതി: ബ്രിട്ടീഷുകാരുടെ ഒത്താശയും പിന്തുണയും ഇല്ലാതെ ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാൻ സാധിക്കുമായിരുന്നില്ല. യു.എസ്സിന്റെ സാമ്പത്തിക, സൈനിക, രാഷ്ട്രീയ, നയതന്ത്ര പിന്തുണയില്ലാതെ സയണിസ്റ്റ് പദ്ധതി ഇത്രകാലം മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ലായിരുന്നു. കൂടാതെ, ഫലസ്തീൻ ചെറുത്തുനിൽപ്പിനെ ഒറ്റുകൊടുത്ത അയൽക്കാരായ അറബ് ഏകാധിപതികൾ മുതൽ ഫലസ്തീൻ അതോറിറ്റി വരെയുള്ളവരുടെ പ്രാദേശികതല സഹകരണമില്ലാതെ ഇസ്രായേലിന് സമാധാനവും സുരക്ഷയും ആസ്വദിക്കാൻ ഒരിക്കലും കഴിയില്ലായിരുന്നു.

ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശം പോലെ ഏതൊരു പാശ്ചാത്യ കോളോണിയൽ പദ്ധതിയും അതിന്റെ സ്പോൺസർമാർക്ക് ലാഭമാണ് ഉണ്ടാക്കി കൊടുക്കുന്നത്. ചെലവിനേക്കാൾ കൂടുതൾ ലാഭം കിട്ടുന്ന കാലത്തോളം അവർ അതിനെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരിക്കും. പ്രസ്തുത പദ്ധതിയുടെ ക്രൂരതയും മനുഷ്യത്വരാഹിത്ത്യവും മനുഷ്യാവകാശപ്രവർത്തകർ വെളിച്ചത്തുകൊണ്ടുവന്നാൽ അവർ ചെറുതായൊന്ന് അസ്വസ്ഥരാവുമെങ്കിലും, അവരുടെ പിന്തുണ അവസാനിപ്പിക്കാൻ അവക്ക് സാധിക്കുകയില്ല.

ഇസ്രായേലിന്റെ പരിപാലനച്ചെലവ് കുത്തനെ ഉയരുമെന്ന് തോന്നിച്ച ഘട്ടത്തിൽ പടിഞ്ഞാറൻ തലസ്ഥാനങ്ങളിൽ അപായമണി മുഴങ്ങിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരമൊരു ചരിത്രനിമിഷമാണ് ഫലസ്തീൻ മുസ്ലിം ബ്രദർഹുഡിനെ ‘ഹമാസ്’ എന്ന വിമോചന പ്രസ്ഥാനമായി പരിവർത്തിപ്പിക്കുന്നതിലേക്ക് നയിച്ച ഒന്നാം ഇൻതിഫാദ.

ചെറുത്തുനിൽപ്പിന്റെ വർദ്ധിതവീര്യത്തോടെയുള്ള പുനരുജ്ജീവനം യു.എസ്സിന്റെ നേതൃത്വത്തിലുള്ള ‘അന്താരാഷട്ര സമൂഹ’ത്തിന്റെ മനസ്സിൽ ആശങ്കയുളവാക്കുകയും, ഫലസ്തീൻ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധി എന്ന് സ്വയം അവകാശപ്പെട്ടുന്ന ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി (പി.എൽ.ഓ) ഒത്തുതീർപ്പിന് അവർ മുന്നോട്ടുവരികയും ചെയ്തു. ആളിക്കത്തുന്ന ഇൻതിഫാദയെ തല്ലിക്കെടുത്തുക, ഫലസ്തീൻ ജനതയുടെ രോഷത്തെ ശമിപ്പിക്കുക, ഹമാസിനുള്ള പിന്തുണ പിൻവലിപ്പിക്കുക എന്നതായിരുന്നു ‘അന്താരാഷ്ട്ര സമൂഹ’ത്തിന്റെ മുഖ്യലക്ഷ്യം. 1991ലെ മാഡ്രിഡ് കോൺഫറൻസോടെ ആരംഭിച്ച ഈ ഒത്തുത്തീർപ്പ് ചർച്ചക്ക് 1993 സെപ്റ്റംബറിൽ ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ പരിസമാപ്തി കുറിച്ചു.

ഇസ്രായേലുമായി പി.എൽ.ഒ ഉണ്ടാക്കിയ അനുരജ്ഞനത്തിലും, ഓസ്ലോ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലേക്ക് നയിക്കും എന്ന വാഗ്ദാനത്തിലും അന്താരാഷ്ട്ര ഐക്യദാർഢ്യ പ്രസ്ഥാനത്തിലെ ചില അംഗങ്ങൾ അന്ന് വഞ്ചിതരായി വീണുപോയി.

ഏഴു വർഷത്തിനു ശേഷം, 2000ത്തിൽ, യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ സമാധാനസംഘം, മുൻ ഇസ്രായേലി പ്രധാനമന്ത്രി യഹൂദ് ബറാക്ക്, മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ എന്നിവരുമായുള്ള മാരത്തൺ ചർച്ചക്കു ശേഷം, വെറുകൈയ്യോടെ അപമാനിതരായി ഒന്നുംപറയാതെ കേംപ് ഡേവിഡിൽ നിന്നും തിരിച്ചുവന്നു. ഇസ്രായേലിനെ ഒരു മൂലയിലേക്ക് ഒതുക്കാമെന്നും,, ഓസ്ലോ കരാർ പ്രകാരം തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ ഇസ്രായേലിൽ നിന്ന് വാങ്ങിയെടുക്കാമെന്നുമുള്ള പ്രതീക്ഷയിൽ രണ്ടാം ഇൻതിഫാദക്ക് തിരികൊളുത്താനുള്ള പി.എൽ.ഓയുടെയും ഫത്ഹിന്റെയും തീരുമാനത്തിന് കനത്ത തിരിച്ചടി നേരിട്ടു.

യാസർ അറഫാത്ത് കൊല്ലപ്പെടുകയും ഫത്ഹ് നേതാവ് മർവാൻ ബർഗൂത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ശേഷം ഫലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റായി മഹ്മൂദ് അബ്ബാസ് പ്രതിഷ്ഠിക്കപ്പെട്ടു: അധിനിവിഷ്ഠ പ്രദേശങ്ങളിൽ ഇസ്രായേലിന്റെ സുരക്ഷാഉപകരണമായി ഫലസ്തീൻ അതോറിറ്റിനെ പുനഃനിർമിക്കുകയായിരുന്നു പ്രസ്തുത നീക്കത്തിന്റെ ലക്ഷ്യം.

ഫലസ്തീനിൽ സ്ഥാപിക്കപ്പെട്ട ഒരു കോളോണിയൽ പ്രദേശം എന്ന നിലയിൽ ഇസ്രായേൽ നേരിടാൻ സാധ്യതയുള്ള എല്ലാ ദുർബലതകളെയും ലഘൂകരിക്കുക എന്നതായിരുന്നു വാസ്തവത്തിൽ ഇസ്രായേലും അറബ് രാഷട്ര്ങ്ങളും തമ്മിലുള്ള – ആദ്യം ഈജിപ്ത് (1979), പിന്നെ പിഎൽഓ (1994), ശേഷം ജോർദാൻ (1994), അവസാനമായി അടുത്തകാലത്തുണ്ടായ അബ്രഹാം ഉടമ്പടി- എല്ലാ സമാധാന ഉടമ്പടികളുടെയും മുഖ്യലക്ഷ്യം.

എന്നാൽ ഗസ്സയുമായും മറ്റു ഫലസ്തീൻ പ്രദേശങ്ങളുമായും അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടലുകൾ, ഇസ്രായേലിനെ സംരക്ഷിക്കുക എന്നതും സ്വന്തം ദൗർബല്യങ്ങളിൽ നിന്ന് അതിനെ രക്ഷിച്ചെടുക്കുക എന്നതും വളരെയധികം പ്രയാസമേറിയതും സാമ്പത്തികച്ചെലവേറിയതുമായ ഉദ്യമമാണെന്ന് തുറന്നുകാണിച്ചു. എത്ര വലിയ വേദനയും സഹിക്കാനുള്ള ശേഷി ഫലസ്തീനികൾ കൈവരിച്ചു കഴിഞ്ഞു, എന്തും ത്യജിക്കാൻ അവർ തയ്യാറാണ്, തങ്ങളുടെ ഭൂമിയും അന്തസ്സും നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന അധിനിവേശ ശക്തിയുടെ മുന്നിൽ അവർക്ക് നഷ്ടപ്പെടാൻ വളരെ കുറച്ചുമാത്രമേയുള്ളു.

സമാധാനപൂർണമായ ചെറുത്തുനിൽപ്പ് മാർഗങ്ങളുടെ സംഭാവനകൾ വിലകുറച്ചു കാണുന്നില്ല, എന്നാൽ അവകൊണ്ടു മാത്രം ഇസ്രായേലിന്റെ ദുർബലമാക്കാനോ, സയണിസ്റ്റ് പദ്ധതിയുടെ പൊള്ളത്തരത്തെ തുറന്നുകാണിക്കാനോ സാധിക്കില്ല. അറിയപ്പെടുന്ന എല്ലാ വിമോചന, സ്വാതന്ത്ര്യ പോരാട്ടങ്ങളിലും നാം കണ്ടതു പോലെ, മറ്റെല്ലാത്തിനേക്കാളും സായുധ ചെറുത്തുനിൽപ്പ് കൊണ്ടുമാത്രമേ സയണിസ്റ്റ് കോളോണിയലിസത്തിന്റെ സ്പോൺസർമാർക്ക് തങ്ങൾ പിന്തുണ നൽകുന്ന ഈ പദ്ധതി ലാഭകരമല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിക്കു.

ഫോട്ടോ : 2021 മെയ് 14ന്, ഗസ്സയിൽ നിന്നും ഇസ്രായേലിന് നേരെ തൊടുത്തുവിടപ്പെട്ട റോക്കറ്റുകൾ (AFP)

  • ബ്രിട്ടീഷ് ഫലസ്തീനിയൻ അക്കാമദിക രാഷ്ട്രീയ പ്രവർത്തകനാണ് അസ്സാം തമീമി. അൽഹിവാർ ടി.വിയുടെ ചെയർമാനും എഡിറ്റർ ഇൻ ചീഫുമാണ് അദ്ദേഹം.

മൊഴിമാറ്റം: അബൂ ഈസ

Related Articles