Current Date

Search
Close this search box.
Search
Close this search box.

ഗിൽബാവോ ജയിൽച്ചാട്ടം ഫലസ്തീൻ പോരാളികളുടെ വിജയം!

ലോകത്തിലെ ഏറ്റവും സമൃദ്ധവും പുനരുപയോഗിക്കാവുന്നതുമായ മൂലകങ്ങളിലൊന്ന് ഉപയോഗിച്ച്, പലസ്തീൻ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളും ഗാസാ മുനമ്പ് ഇസ്രായീൽ പിടിച്ചെടുത്തുതിന്റെ പശ്ചാത്തലവും വരച്ചുകാട്ടുകയാണ് പലസ്തീനിലെ മണൽ ആർടിസ്റ്റ് ആയ റാണ അൽ റംലവി. മെയ് മാസത്തിൽ ഇസ്രായീൽ നടത്തിയ ബോംബാക്രമണത്തിൽ തകർന്ന ഗാസയിലെ ടെൽ-അൽ ഹവ ആസ്ഥാനമാക്കിയാണ് 26 കാരി തന്റെ വീടിനടുത്തുള്ള കടൽത്തീരത്ത് മണലും വെള്ളവും ചേർത്ത് ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്.

അവൾ പറയുന്നു: ആറ് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ മണൽ കൊണ്ട് ശിൽപങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. എന്റെ സഹോദരനെ ഇസ്രായീലീ സൈനികർ വെടിവെച്ച് കൊല്ലുന്നതുവരെ, അത് ചെറിയ രൂപത്തിൽ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ, സഹോദരന്റെ കൊലപാതകമാണ് എന്റെ ആദ്യത്തെ വലിയ കലാസൃഷ്ടിക്ക് പ്രേരിപ്പിച്ചത്.

2018ലെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനിടെ റംലാവിയുടെ സഹോദരനെ ഇസ്രായീൽ സൈനികർ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഗാസ-ഇസ്രായീൽ നാമമാത്രമായ അതിർത്തിയിൽ അന്ന് നടന്ന പ്രതിഷേധം, ഫലസ്തീനികൾക്ക് അവരുടെ യഥാർഥ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള നിയമസാധുത നൽകണമെന്നും ഇസ്രായീലിന്റെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.

”തന്നെ വല്ലാതെ ബാധിച്ച ആ സംഭവത്തിന് ശേഷം, എന്റെ കലയിലൂടെ അധിനിവേശത്തെ ചെറുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ വിശദീകരിക്കുന്നു.

വർഷങ്ങളായി, അവർ വിശാലമായ മണൽ കോട്ടകൾ, ഫലസ്തീൻ പ്രവർത്തകരുടേയും യുദ്ധത്തിന്റെ ഇരകളുടെയും ആൾ വലിപ്പത്തിലുള്ള ചിത്രങ്ങൾ, വിശുദ്ധ അഖ്സയുടെ ഭീമൻ ശിൽപം തുടങ്ങിയവ അവർ നിർമ്മിച്ചിട്ടുണ്ട്. ഓരോന്നിനും സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഓരോ ചെറിയ ഭാഗങ്ങൾ നിർമ്മിക്കാനും ഏകദേശം അഞ്ച് മണിക്കൂറുകളോളം എടുക്കും. ചിലപ്പോൾ ദിവസങ്ങളെടുക്കുമെന്നും അവർ പങ്കുവെക്കുന്നു.

അവരുടെ ഏറ്റവും പുതിയ കലാസൃഷ്ടി സെപ്റ്റംബർ 6ന് ഇസ്രായീലിന്റെ അതീവ സുരക്ഷയുള്ള ഗിൽബോവ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീൻ തടവുകാരെ ചിത്രീകരിക്കുന്നതാണ്. ” എന്റെ സന്ദേശങ്ങളിൽ ഭൂരിഭാഗവും നമ്മുടെ സമൂഹത്തിലെ നിലവിലുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചാണ്. അതിനാൽ, തീർച്ചയായും എന്റെ പുതിയ ശിൽപം ഗിൽബോവ ജയിലിൽ നിന്നും രക്ഷപ്പെട്ടവരുടേതാണ്. അവരുടെ വിജയം ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടങ്ങളുടെ വിജയത്തിന്റെ പ്രതിനിധാനമാണ്. എന്റെ ശിൽപങ്ങൾ ആ നിമിഷത്തിൽ പൊടുന്നനെയുണ്ടായ സ്വാഭാവികമായ പ്രതികരണം മാത്രമാണ് ”.

ഗിൽബോവ ജയിലിൽ നിന്ന് തടവുകാർ ചാടിയ വാർത്ത വലിയ ആഹ്ലാദമുളവാക്കുന്നതാണെന്ന് അവർ ചേർത്ത് പറഞ്ഞു. സാധാരണ തങ്ങൾ അനുഭവിക്കുന്നതിൽ നിന്നും എന്തോ ഒരു മാറ്റം സംഭവിച്ചതിന്റെ പ്രതീതിയായിരുന്നു അപ്പോൾ. രക്ഷപ്പെടൽ ഇസ്രായീലിന്റെ വലിയ സുരക്ഷാ വീഴ്ചയാണ്. ഒപ്പം, ലോകത്തിന് മുന്നിൽ ഇസ്രായീലിന് വലിയ അപമാനമുളവാക്കുന്ന സംഭവം കൂടിയാണിത്. വടക്കൻ ഇസ്രായീലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇത് വലിയതോതിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

ജയിൽച്ചാടിയ തടവുകാരെ ഇസ്രായീൽ അധികാരികൾ പിടികൂടിയെങ്കിലും, സ്വന്തം കൈകൊണ്ട് കുഴിച്ച തുരങ്കത്തിലൂടെ അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും വിജയകരമായി രക്ഷപ്പെട്ടത് ഇപ്പോഴും ആഘോഷിക്കപ്പെടേണ്ടതാണ്. അവരുടെ വിജയം എന്റെ കലയിലൂടെ പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, ഫലസ്തീൻ മണലിൽ കൊത്തിയെടുത്ത ഒരു സാർവത്രിക സന്ദേശമായിരുന്നു അത്.അവളുടെ കലയിലേക്ക് നോക്കുമ്പോൾ ആളുകളുടെ മുഖത്ത് കാണുന്ന സന്തോഷം അവർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രോൽസാഹനമാണെന്ന് അൽ റംലവി പറയുന്നു. കേവലം ഒരു കലാവിഷ്കാരം എന്നതിനപ്പുറം ഈ ശിൽപങ്ങൾ ജനതയെ ചേർത്തുനിർത്താൻ സഹായിക്കുന്നതാണെന്ന് അവർ പങ്കുവെക്കുന്നു.

നമ്മുടെ സമീപ പ്രദേശങ്ങളിൽ ഇസ്രായീൽ ബോംബുകൾ മൂലമുണ്ടാകുന്ന നിരവധി ക്രൂരതകളുടെ നേരിട്ടുള്ള അനുഭവമുള്ളത് കൊണ്ട്തന്നെ അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ഒരു കലാസൃഷ്ടി കൊണ്ട് ആ കനത്ത വേദനകൾ അവസാനിപ്പിക്കാൻ കഴിയില്ലെങ്കിലും ചെറിയ രൂപത്തിലെങ്കിലും അത് ആശ്വാസം പകരുന്നുണ്ട്. അവധി ദിവസങ്ങളിലും ഒഴിവ് വേളകളിലും ആളുകൾ സന്ദർശിക്കുന്ന സ്ഥലത്ത് ഇൗ ശിൽപങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ ഫലസ്തീന്റെ ചരിത്രവും രാഷ്ട്രീയവും ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിക്കുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നു.

ഗസയിലെ അഭയാർഥി സ്കൂളുകളിൽ അടിസ്ഥാന വിദ്യാഭ്യാസം അഭ്യസിപ്പിക്കുമ്പോൾ, ശിൽപത്തിലും ചിത്രങ്ങളിലുമുള്ള വിദ്യാർഥികളുടെ അഭിരുചി മനസ്സിലാക്കുകയും അവരുടെ സർഗാത്മക കഴിവുകൾ വർദ്ധിപ്പിക്കാനാവശ്യമായ പരിശീലനവും അവർ നൽകിക്കൊണ്ടിരിക്കുന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായാണ് മണലിൽ റംലാവി ശിൽപം നിർമ്മിക്കുന്നത്. മനസ്സിൽ പ്രത്യേകമായ രൂപങ്ങളൊന്നും വരച്ചുവെക്കാതെയാണ് ശിൽപം ആരംഭിക്കുന്നത്്. ഒരു മഴയുള്ള ദിവസം നനഞ്ഞ മണൽ കൊണ്ട് കളിക്കുന്നതിനിടെയായിരുന്നു അത്. ആദ്യം ചില വളയങ്ങളുണ്ടാക്കുകയും പിന്നീടത് ലളിതമായ ശരീരഭാഗങ്ങളായി പരിവർത്തിക്കപ്പെടുകയായിരുന്നു. ക്രമേണെ അതൊരു പൂർണ്ണ ശിൽപമായി മാറി.നിരവധി ലളിതമായ ഉപകരണങ്ങളാണ് കലാസൃഷ്ടിക്കായി അവർ ഉപയോഗപ്പെടുത്തുന്നത്. മണൽ, ഒരു നേർത്ത വടി, കോരിക, തൂവാല, കുറച്ച് വെള്ളം ഇവയെല്ലാം ക്രമാനുസരണം ഉപയോഗിക്കുമ്പോൾ മികച്ച ശിൽപങ്ങൾ രൂപപ്പെടുന്നു. അവരുടെ സൃഷ്ടികളുടെ ഡോക്യുമെന്റേഷൻ ആവശ്യാർഥം കലാസൃഷ്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അവർ പങ്കുവെക്കുന്നു.

ഈ സൃഷ്ടികളിലൊക്കെയും എന്റെ വികാരങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ട്. അവയെല്ലാം എന്റെ നാടിന്റെ മഹത്തായ ഒരു പാരമ്പര്യത്തിന്റെ ആലോചനക്ക് വേണ്ടിയാണ്. എന്റെ സൃഷ്ടികളിലൂടെ ഞാൻ എന്റെ ജനതയോട് മഹത്തായ സന്ദേശത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് റംലാവി പറയുന്നു.

വിവ:അബ്ദുല്ലത്തീഫ് പാലത്തുങ്കര

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles