Current Date

Search
Close this search box.
Search
Close this search box.

നക്ബ: സയണിസ്റ്റ് വഞ്ചനയുടെ 75 വര്‍ഷങ്ങള്‍

ആധുനിക പശ്ചിമേഷ്യൻ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ ഒന്നാണ് ‘നക്ബ’, മഹാദുരന്തം എന്നാണ് ഈ അറബി പദത്തിന്റെ അർഥം. 1947-48 കാലഘട്ടത്തിൽ ഫലസ്തീനിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ജൂതസയണിസ്റ്റുകൾ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെയാണ് ‘നക്ബ’ പ്രതിനിധീകരിക്കുന്നത്.

നക്ബയുടെ കാരണം?

രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം 1948ൽ ഫലസ്തീൻ വിഭജിക്കപ്പെട്ടതാണ് നക്ബയിലേക്ക് നയിക്കാനുണ്ടായ പ്രധാന കാരണം, ആ സമയത്തു തന്നെയാണ് പശ്ചിമേഷ്യൻ അതിർത്തികൾ ഐക്യരാഷ്ട്രസഭയും ലോകശക്തികളും ചേർന്ന് മാറ്റിവരച്ചത്. 1947 നവംബർ 27 ന് പാസാക്കിയ ഐക്യരാഷട്ര്സഭയുടെ ‘പ്രമേയം 181’ അഥവാ “വിഭജന പദ്ധതി” ഫലസ്തീൻ ഭൂമിയെ ജൂതൻമാർക്കും ഫലസ്തീനികൾക്കും ഇടയിൽ രണ്ടായി വിഭജിച്ചു. പ്രമേയം പാസാക്കുന്നതിന് മുമ്പ് ഫലസ്തീന്റെ 6 ശതമാനം ജൂതൻമാരുടെ കൈവശമായിരുന്നു. 32 ശതമാനം ജൂതൻമാർ (0.63 ദശലക്ഷം), 60 ശതമാനം ഫലസ്തീനികൾ (1.2 ദശലക്ഷം) 8 ശതമാനം (0.14 ദശലക്ഷം) മറ്റുള്ളവർ എന്നിങ്ങനെയായിരുന്നു വിഭജനസമയത്തെ ജനസംഖ്യാകണക്ക്. എന്നാൽ ജനസംഖ്യയിൽ 60 ശതമാനുള്ള ഫലസ്തീനികൾക്ക് ഫലസ്തീൻ ഭൂമിയുടെ 45 ശതമാനവും, 32 ശതമാനം മാത്രമുള്ള ജൂതൻമാർക്ക് ഫലസ്തീന്റെ 55 ശതമാനം ഭൂമിയും നൽകപ്പെട്ടു. 3 ശതമാനം ഭൂമി (ജറൂസലേം) അന്താരാഷ്ട്ര നിയന്ത്രണത്തിന് കീഴിലുമായി.

വിഭജാനന്തരം ലഭിച്ച ഭൂമിക്ക് മേൽ നിയന്ത്രണം സ്ഥാപിക്കാൻ ജൂത പാരാമിലിറ്ററി സംഘങ്ങൾ ഒരു പദ്ധതി തയ്യാറാക്കി. പ്രസ്തുത ജൂത പാരാമിലിറ്ററി അംഗങ്ങളിൽ ചിലരാണ് പിൽക്കാലത്ത് ഇസ്രായേലിലെ പ്രമുഖ നേതാക്കളായി മാറിയ യിറ്റ്സാക് റബിൻ, ഏരിയൽ ഷാരോൺ, മോഷേ ദയാൻ തുടങ്ങിയവർ.

എങ്ങിനെയാണ് ഫലസ്തീനികൾ അവരുടെ ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടത്?

ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ ജൂത പാരാമിലിറ്റി സംഘങ്ങൾ തയ്യാറാക്കിയ പദ്ധതിയുടെ പേരാണ് ‘പ്ലാൻ ദാലെത്ത്’. ഫലസ്തീനികൾ ജീവിക്കുന്ന ജനവാസകേന്ദ്രങ്ങളെ തകർക്കാനും അവരെ ഇല്ലാതാക്കാനും വേണ്ടി ഇസ്രായേലി പാരാമിലിറ്റി സംഘമായ ‘ഹഗാന’യാണ് പ്ലാൻ ദാലെത്ത് എന്ന സൈനിക പദ്ധതി മുന്നോട്ടുവെച്ചത്.

സിറിയ, ലെബനാൻ എന്നീ രാജ്യങ്ങളോട് ചേർന്നുള്ള ഫലസ്തീന്റെ വടക്കൻ അതിർത്തികൾ, തീരദേശമേഖല എന്നിവ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരിക, ജറൂസലേമിനും, ജാഫക്കും ഇടയിലുള്ള ഫലസ്തീൻ പട്ടണങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ തുടങ്ങി എല്ലാ ജനവാസകേന്ദ്രങ്ങളിൽ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കുക എന്നതായിരുന്നു ദാലെത്ത് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതിനു വേണ്ടി 13 സൈനിക ഓപ്പറേഷനുകൾ സംഘടിപ്പിക്കപ്പെട്ടു.

ജനവാസകേന്ദ്രങ്ങൾ അഗ്നിക്കിരയാക്കിയും, ബോംബ് വെച്ച് തകർത്തും, അവശിഷ്ടങ്ങൾക്കടിയിൽ മൈനുകൾ സ്ഥാപിച്ചുമാണ് ഫലസ്തീൻ ഉൻമൂലന പദ്ധതി നടപ്പാക്കപ്പെട്ടത്, പ്രത്യേകിച്ച് തുടർച്ചയായി നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരാൻ കഴിയാതിരുന്ന ഫലസ്തീൻ ജനവാസകേന്ദ്രങ്ങൾക്കെതിരെ കൊടുംക്രൂരതകൾ അരങ്ങേറി.

തുടർന്നുള്ള കാലയളവിൽ പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ജൂത പാരാമിലിറ്ററി സംഘങ്ങൾ കൂട്ടക്കൊല ചെയ്യുകയും, അവരുടെ വീടുകളിൽ നിന്ന് ആട്ടിയോടിക്കുകയും വംശീയമായി ഉൻമൂലനം ചെയ്യുകയും ചെയ്തത്.

15000ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടു, 418 പട്ടണങ്ങളും, ഗ്രാമങ്ങളും വംശീയമായി ഉൻമൂലനം ചെയ്യപ്പെടുകയും തകർക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്തു. 8 ലക്ഷം ഫലസ്തീനികൾ സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. 1948ൽ ഇസ്രായേൽ ആയി മാറിയ ഫലസ്തീനിനകത്ത് ഏതാണ്ട് 150000 ഫലസ്തീനികൾ കുടുങ്ങി. അവർക്കും സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. നിലവിൽ ഫലസ്തീൻ ഭൂമിയുടെ 78 ശതമാനം ഇസ്രായേലിന്റെ നിയന്ത്രണത്തിന് കീഴിലാണ്, അതായത് 4.3 ദശലക്ഷം ഏക്കർ ഭൂമി ഇസ്രായേൽ ഫലസ്തീനികളിൽ നിന്നും കവർന്നെടുത്തു.

സയണിസ്റ്റുകളുടെ വംശഹത്യ പദ്ധതിയിൽ നിന്നും രക്ഷപ്പെട്ടോടിയ, വീടുകളിൽ നിന്നും പുറത്താക്കപ്പെട്ട ഭൂരിഭാഗം ഫലസ്തീനികളും പിന്നീട് തിരിച്ചുവന്നിട്ടില്ല. ദശലക്ഷക്കണക്കിന് വരുന്ന അവരുടെ പിൻമുറക്കാർ ഇപ്പോൾ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും പരിസരരാജ്യങ്ങളിലെയും അഭയാർഥി ക്യാമ്പുകളിൽ കഴിയുകയാണ്.

ഫലസ്തീൻ ജനസംഖ്യയുടെ 74 ശതമാനം ഇപ്പോൾ അഭയാർഥികളാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 5.4 ദശലക്ഷമാണ് ഫലസ്തീൻ അഭയാർഥികൾ. ഇവർക്കു വേണ്ടി പശ്ചിമേഷ്യയിലുടനീളം 58 അഭയാർഥി ക്യാമ്പുകളാണുള്ളത്. ജോർദാനിലെ പത്ത് ക്യാമ്പുകളിൽ 2.2 ദശലക്ഷവും, (നിലവിലെ ആഭ്യന്തരയുദ്ധം തുടങ്ങുന്നതിന് മുമ്പ്) സിറിയയിലെ 9 ക്യാമ്പുകളിൽ 0.4 ദശലക്ഷവും, ലെബനാനിലെ 12 ക്യാമ്പുകളിൽ 0.2 ദശലക്ഷവും, ഗാസയിലെ 8 ക്യാമ്പുകളിൽ 1.4 ദശലക്ഷവും, വെസ്റ്റ്ബാങ്കിലെ 19 ക്യാമ്പുകളിൽ 0.8 ദശലക്ഷവും ഫലസ്തീൻ അഭയാർഥികൾ ജീവിക്കുന്നുണ്ട്.

ഫലസ്തീൻ കലണ്ടറിലെ ഒരു പ്രധാനപ്പെട്ട അനുസ്മരണദിനമാണ് നക്ബ ദിനം. മെയ് 15നാണ് പരമ്പരാഗതമായി നക്ബ ദിനം ആചരിച്ചുവരുന്നത്, അതായത് 1948ൽ ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലി രാഷ്ട്രം സ്ഥാപിക്കപ്പെട്ട ദിനത്തിന്റെ ഒരു ദിവസം കഴിഞ്ഞുള്ള ദിനം.

ഫോട്ടോ : 1948 ഏപ്രിൽ മാസം, ജൂത സംഘങ്ങൾ ഹൈഫ പിടിച്ചെടുത്തതിനു ശേഷം വീടുകളിൽ നിന്നും പുറത്താക്കപ്പെട്ട ഫലസ്തീനികളെ അനുഗമിക്കുന്ന ഹഗാന പാരാമിലിറ്ററി സംഘാംഗങ്ങൾ. (എ.എഫ്.പി).

അവലംബം: middleeasteye
മൊഴിമാറ്റം: അബൂ ഈസ

Related Articles