Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ളൈഫ്; സയണിസ്റ്റ് ഭീകരരുടെ അന്തകൻ

വെടിനിർത്തൽ നിലവിൽ വരുമ്പോൾ ഒരു പേര് എല്ലാവരും തിരയുന്നുണ്ട്. മുഹമ്മദ് ളൈഫ്.എന്നത്തെയും പോലെ ഇത്തവണയും ഇസ്രായേലിന്റെ പോർവിമാനങ്ങൾ ഗസ്സയുടെ മുക്ക് മൂലകളിൽ പ്രധാനമായും തിരഞ്ഞത് അയാളെ തന്നെയായിരുന്നു.

ഇരുപത് വർഷത്തിലധികമായി അദ്ദേഹം പുറംലോകത്ത് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ട്.മൊബൈൽ ഫോൺ ഉൾപ്പടെയുള്ള യാതൊരു ആധുനിക സാങ്കേതിക വിദ്യകളുമുപയോഗിക്കാറില്ല.സന്ദേശങ്ങൾ കടലാസിൽ മാത്രം എഴുതി നൽകാറാണുള്ളത്.എന്നിട്ടും ഇസ്രായേലിന്റെ ചാരക്കണ്ണുകൾ അഞ്ചു തവണ അദ്ദേഹത്തെ ടാർജറ്റ് ചെയ്തു.അഞ്ചു തവണയും ഇസ്രായേലിന്റെ വധശ്രമങ്ങളെ വിസ്മ കരമാം വിധം മുഹമ്മദ് ളൈഫ് അതിജീവിച്ചു.

2014 ൽ സയണിസ്റ്റ് മിസൈലുകൾ അദ്ദേഹത്തിന്റെ തൊട്ടടുത്ത് വരെ എത്തി.IDF ആദ്യം അദ്ദേഹത്തെ വധിച്ചു എന്നവകാശപ്പെട്ടെങ്കിലും പിന്നീട് അവർക്ക് അത് നിഷേധിക്കേണ്ടി വന്നു.ആ ആക്രമണത്തിൽ മുഹമ്മദ് ളൈഫിന്റെ ഭാര്യയും മകളും രക്തസാക്ഷിയായി.ളൈഫ് മാരകമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു കണ്ണും ഒരു കാലും നഷ്ടപ്പെട്ടു.വീൽചെയറിലായി.പക്ഷെ ശരീരം മാത്രമേ തളർന്നുള്ളൂ.നിശ്ചയ ദാർഢ്യത്തിന്റെ കരുത്തുറ്റ മനസ്സിനും മുനകൂർത്ത മസ്തിഷ്കത്തിനും യാതൊരു തരത്തിലുള്ള ക്ഷതവും സംഭവിച്ചില്ലെന്നു മാത്രമല്ല അത് കൂടുതൽ തീഷ്ണമായി ജ്വലിച്ചു.

ഹമാസിന്റെ എക്കാലത്തെയും മികച്ച സൈനിക കമാന്റർ അഹ്മദ് അൽ ജഅബരിയുടെ രക്തസാക്ഷിത്വത്തിന് ശേഷം പലരും കരുതിയത് ഹമാസിന്റെ സൈനിക വിംഗായ ഖസ്സാമിന്റെ നേതൃശേഷി ഇരുളടഞ്ഞു എന്നാണ്. പക്ഷെ പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന് ഇസ്രായേൽ ഇന്റലിജൻസിന് കൃത്യമായി അറിയാമായിരുന്നു.ശഹീദ് അഹ്മദ് അൽ ജഅബരിയുടെ ആത്മ മിത്രമായിരുന്നു മുഹമ്മദ് ളൈഫ്. അവർ തമ്മിൽ അത്യസാധാരണമായ ആത്മബന്ധമുണ്ടായിരുന്നു.ജഅബരിയുടെ കാലത്ത് 30 കിലോമീറ്റർ മാത്രം ദൂരപരിധിയുണ്ടായിരുന്ന ഖസ്സാം മിസൈലുകൾ ളൈഫിന്റെ കാലത്ത് 250 കിലോമീറ്ററിലേക്കെത്തി.

ഇനിയങ്ങോട്ട് സയണിസ്റ്റുകളുടെ നിദ്രകളെ ഭീതിപ്പെടുത്തുന്നത് ഈ മിസൈലുകളായിരിക്കും.ആത്മ സുഹൃത്തിനുള്ള സമ്മാനം.ആ മിസൈലിനിട്ട പേരാകട്ടെ അയ്യാശ് . ജഅബരിയുടെയും ളൈഫിന്റെയും സൂപ്പർ ഹീറോയുടെ പേര്.യഹ് യ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് പ്രതികാരമായി ഖസ്സാം നടത്തിയ ഓപ്പറേഷനിൽ 75 ലധികം സയണിസ്റ്റ് ഭീകരരെ വധിച്ചതിനു പിന്നിലെ സൂത്രധാരൻ മുഹമ്മദ് ളൈഫായിരുന്നുവെന്ന് ഇസ്രായേലിന് നന്നായി അറിയാമായിരുന്നു.

മുഹമ്മദ് ളൈഫെന്ന ഖസ്സാം ചീഫ് കമാന്ററുടെ ജീവിതം പലതലത്തിലും വിസ്മയകരമാണ്.അദ്ദേഹം ഫലസ്തീനികൾക്കിന്നൊരു സൂപ്പർ ഹീറോയാണ്.ഫ്രാൻസിൽ നടന്ന പ്രകടത്തിൽ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ പേരുകളെഴുതിയ ബോർഡുകൾ വ്യാപകമായുയർത്തി. വെസ്റ്റ് ബാങ്കിലും മസ്ജിദുൽ അഖ്സയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളിൽ മുഹമ്മദ് ളൈഫ് എന്ന പേര് ഉച്ചരിക്കരുതെന്ന് സയണിസ്റ്റ് സൈന്യം താക്കീത് ചെയ്തതറിയുമ്പോഴാണ് ആ വ്യക്തിത്വത്തിന്റെ ആഴം ബോധ്യപ്പെടുക.

1948 ൽ ഫലസ്തീനിലെ സ്വന്തം ഭൂപ്രദേശത്തു നിന്ന് ഇസ്രായേൽ അധിനിവേശ സേനയാൽ കുടിയിറക്കപ്പെട്ടതാണ് ളൈഫിന്റെ കുടുംബം.1965 ൽ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ജനനം.സ്വന്തം മണ്ണിൽ ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആട്ടും തുപ്പുമേറ്റ് നിന്ദ്യരായും അപമാനിതരായും ജീവിക്കുന്ന തദ്ദേശീയരെക്കണ്ടു വളർന്ന ബാല്യവും കൗമാരവും.അന്ന് ഉള്ളിൽ കൊളുത്തിയതാണ് അണയാഞ്ഞ വിമോചന ത്വരയുടെ തീ.വിവിധങ്ങളായ അഭയാർത്ഥി ക്യാമ്പുകളിൽ മാറി മാറി താമസിച്ച് ഒടുവിൽ ഗസ്സ മുനമ്പിലെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനുസിലെ ക്യാമ്പിലെത്തി.അവിടെ വെച്ചാണ് മുഹമ്മദ് ളൈഫിന്റെ ജീവിതം മാറി മറിയുന്നത്.

സ്പിന്നിംഗ് മില്ലിൽ തുഛമായ വരുമാനത്തിന് ജോലി ചെയ്തിരുന്ന പിതാവിനെ സഹായിക്കാൻ ചെറുപ്പത്തിൽ തന്നെ നിരവധി തൊഴിലുകളിലേർപ്പെട്ടു. ആ കൊച്ചു കുട്ടി വളർന്നു. അവനോടൊപ്പം സ്വപ്നങ്ങളും. അക്കാലത്ത് സ്വന്തമായി ഒരു കോഴിഫാം ആരംഭിച്ചു. നേരത്തെ തന്നെ പ്രൈവിംഗും പഠിച്ചെടുത്തു. അപാരമായ ബുദ്ധിശേഷിയും സർഗ്ഗസിദ്ധിയും എപ്പോഴും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും അദ്ദേഹത്തിനുള്ളതായി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പത്തിലേ പരന്ന വായനയുമുണ്ട്.

കൗമാരത്തിൽ ഫലസ്തീൻ വിമോചന പോരാട്ടത്തിലെ എണ്ണം പറഞ്ഞ ബുദ്ധി കേന്ദ്രങ്ങളെ ഉൽപാദിപ്പിച്ച ഗസ്സ യൂനിവേഴ്സിറ്റിൽ ബയോളജിയിൽ ബിരുദ പഠനത്തിന് ചേർന്നു. അക്കാലത്ത് യൂനിവേഴ്സിറ്റി വിദ്യാർത്ഥി നേതാക്കളിൽ പ്രമുഖനായിരുന്നു. പല ഹമാസ് നേതാക്കളെയും ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്.ഇസ്രായേൽ ജയിലുകളിലും ഫലസ്തീൻ അതോറിറ്റി ജയിലുകളിലും കഴിയുന്ന പോരാളികൾക്ക് നിയമ സഹായം ചെയ്തും സാമൂഹിക സേവനത്തിലേർപ്പെട്ടും തുടക്കത്തിൽ മുന്നോട്ട് പോയി.

നല്ല സർഗ ശേഷിയുള്ള വ്യക്തിയായിരുന്നു ളൈഫ്. ക്യാമ്പസ് കാലത്ത് ഫലസ്തീൻ വിമോചനപ്പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന നാടകങ്ങളെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് പതിയെ ഹമാസുമായി കൂടുതൽ അടുത്തു. നേതൃത്വത്തിന്റെ മുൻ നിരയിലേക്ക് വന്നു.1989 ൽ ഹമാസിന്റെ സൈനിക വിംഗുമായി സഹകരിച്ചു എന്ന കുറ്റം ചുമത്തി ഇസ്രായേൽ സൈന്യം അദ്ദേഹത്തെ 16 മാസക്കാലം തടവിലിട്ടു.ജയിൽ മോചിതനായ ശേഷം കൂടുതൽ കരുത്തനായി. ഖസ്സാം ബ്രിഗേഡിൽ ചേർന്ന് സയണിസ്റ്റ് അധിനിവേശ സൈനിക നിരയിൽ നാശം വിതച്ച നിരവധി ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ചു.

2000 ൽ ഫലസ്തീൻ അതോറിറ്റി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് വിട്ടയച്ചു. 2001, 2002, 2003, 2006, 2014 വർഷങ്ങളിൽ അഞ്ച് തവണ ഇസ്രായേൽ അദ്ദേഹത്തെ ടാർജറ്റ് ചെയ്തെങ്കിലും പലതിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 2014 ൽ ഗസ്സയിലെ ശൈഖ് റദ്യാൻ പരിസരത്തു ഇസ്രായേൽ മിസൈൽ അദ്ദേഹത്തിന്റെ കാറിനു നേരെ പതിച്ചെങ്കിലും അദ്ദേഹം അത്‌ഭുതകരമായി രക്ഷപ്പെട്ടു.ഭാര്യയും മകളും രക്തസാക്ഷികളായി. അദ്ദേഹം സാരമായ പരിക്കുകളോടെ വീൽചെയറിലായി.

25 വർഷത്തിലധികമായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവും അധിനിവേശ സയണിസ്റ്റ് സൈന്യവും മുഹമ്മദ് ളൈഫിന്റെ ജീവനെടുക്കാൻ സകല സന്നാഹങ്ങളുമുപയോഗിച്ച് കിണഞ്ഞു ശ്രമിക്കുന്നു. പക്ഷെ ഒരോ തവണയും അദ്ദേഹം രക്ഷപെടുന്നു. യഹ്യ അയ്യാശിനെയും ശൈഖ് അഹ്മദ് യാസീനെയും റൻതീസിയെയും സ്വലാഹ് ശഹദയെയും അഹ്മദ് അൽ ജഅബരിയെയും വധിച്ച സയണിസ്റ്റുകൾക്ക് മുഹമ്മദ് ളൈഫ് ഇപ്പോൾ അവരേക്കാളൊക്കെ പതിൻമടങ്ങ് ഭീഷണിയാണ്. കണ്ണും കാലും നഷ്ടപ്പെട്ട് വീൽ ചെയറിലാണെങ്കിലും ഇസ്രായേലിന് നന്നായറിയാം അയാളുടെ ബുദ്ധിയുടെയും നിശ്ചയദാർഢ്യത്തിന്റെ വിലയും മൂല്യവുമെത്രയാണെന്ന്.

പണ്ടൊരു നാൾ ശരീരം മുഴുവൻ തളർന്ന് വീൽ ചെയറിലായ ഒരു വയോധികനെ സയണിസ്റ്റ് ഭീകരർ ബോംബ് വർഷിച്ച് കൊന്നു. ഇസ്രായേലിനെ നിരന്തരം അലട്ടിയ ആ വൃദ്ധന്റെ പേര് ശൈഖ് അഹ്മദ് യാസീൻ എന്നായിരുന്നു. ഇന്നിതാ ശരീരം തളർന്ന് വീൽ ചെയറിലായ മറ്റൊരു വിപ്ലവ തീപന്തത്തെ ഇസ്രായേൽ അതിനേക്കാളൊക്കെ പതിൻമടങ്ങ് ഭയപ്പെടുന്നു. പേര് മുഹമ്മദ് ളൈഫ്.

ഈ യുദ്ധത്തിൽ മുഹമ്മദ് ളൈഫിനെ ടാർഗറ്റ് ചെയ്യാനാവാതെ ഭ്രാന്തുപിടിച്ച് ഗസ്സയിലെ സിവിലിയൻമാരെ കൊന്നും കെട്ടിടങ്ങൾ തകർത്തും ജീവനോപാധികൾ നശിപ്പിച്ചും ഇസ്രായേൽ മടങ്ങുമ്പോൾ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ മടക്കമായിത്തീരുന്നുവത്.

ളൈഫും ഹമാസുമാകട്ടെ കൂടുതൽ കരുത്തരായിത്തീരുന്നു. ഫലസ്തീൻ വിമോചനപോരാട്ടങ്ങൾക്ക് കരുത്തും ആത്മവിശ്വാസവും വർദ്ധിക്കുന്നു.

Related Articles