Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിൽ അമേരിക്ക തന്നെയാണ് വിജയിച്ചത്!

രണ്ടു പതിറ്റാണ്ടുകളുടെ കടന്നാക്രമണത്തിനും അധിനിവേശത്തിനും ശേഷം യു.എസ് പ്രസിഡന്റ് ജോ ബിഡന്റെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനികരുടെ പിൻവലിക്കൽ പ്രഖ്യാപനം മുൻകൂട്ടി കണ്ടതുപോലെയുള്ള പ്രതികരണങ്ങൾ തന്നെയാണ് സൃഷ്ടിച്ചത്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കുന്ന ലിബറൽ, പിന്തിരിപ്പൻ നിരീക്ഷകരുടെ ക്ലീഷേ ലേഖനങ്ങൾ പ്രധാനകാര്യം പൂർണമായും വിട്ടുപോയിട്ടുണ്ട്.

ഈ കടന്നാക്രമണത്തിന്റെയും അധിനിവേശത്തിന്റെയും ലക്ഷ്യം അഫ്ഗാനിസ്ഥാനിൽ സമാധാനവും സമൃദ്ധിയും കൈവരുത്തുക, താലിബാനെ പരാജയപ്പെടുത്തുക, അൽഖാഇദയെ നശിപ്പിക്കുക, ഒരു മുസ്ലിം രാജ്യത്ത് ജനാധിപത്യ ഭരണം ഉറപ്പുവരുത്തുക എന്നിവയാണെന്നായിരുന്നു അവർ കരുതിയിരുന്നത്. ഇവയെല്ലാം കേവലം വ്യാമോഹത്തിൽ നിന്നുണ്ടാകുന്ന അനുമാനങ്ങൾ മാത്രമാണ്.

ബുഷ്, ഒബാമ, ട്രംപ് ഇപ്പോൾ ബൈഡൻ വരെ എത്തിനിൽക്കുന്ന യു.എസ് ഭരണകൂടങ്ങൾക്ക് ഒരിക്കലും അത്തരം ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്താണോ ഉദ്ദേശിച്ചത് അത് കൃത്യമായി ചെയ്യുന്നതിൽ യു.എസ് അതിശയകരമായി വിജയിച്ചു: തങ്ങളുടെ സൈനിക മസിലുകൾ ഒന്ന് കുടഞ്ഞുഷാറാക്കുക, ഏറ്റവും പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കുക, ആഗോള മേധാവിത്വം ഉറപ്പിക്കുക, റഷ്യക്കും ചൈനക്കുമെതിരായ പ്രാദേശിക തന്ത്രപ്രധാന മുന്നേറ്റം നടത്തുക.

താലിബാനെ പരാജയപ്പെടുത്താനും അൽഖാഇദയെ ഉൻമൂലനം ചെയ്യാനും അഫ്ഗാൻ ജനതക്ക് സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിനുമാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ പോയതെന്ന അരോചകവും വൃത്തിക്കെട്ടതുമായ ധാരണ അങ്ങേയറ്റം ബാലിശമാണ്. കാരണം, എന്തിനാണ് അമേരിക്ക അങ്ങനെ എന്തെങ്കിലും ചെയ്യുന്നത്?

കഴിഞ്ഞ നാലു വർഷത്തിനിടയിൽ, ട്രംപ് ഭരണകൂടത്തിനു കീഴിൽ, സ്വതവേ അഴിമതി നിറഞ്ഞതും പ്രവർത്തനരഹിതവുമായ അമേരിക്കയുടെ വംശീയ സ്വേച്ഛാധിപത്യം ലോകത്തിനു മുന്നിൽ മലർക്കെ തുറന്നുകാട്ടപ്പെട്ടു. ആൺകുട്ടികളെയും പെൺകുട്ടികളെയും സംബന്ധിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യം, എന്തിനാണ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ശ്രദ്ധിക്കുന്നത്? (നിയോ)കോൺ ആർട്ടിസ്റ്റുകൾ ഇപ്പോഴും ഈ ക്ലീഷേ കാർഡിറക്കിയാണ് കളിക്കുന്നത്. വിജയമോ പരാജയമോ എന്ന് വിലയിരുത്തുന്നതിനു മുമ്പ്, അമേരിക്ക എന്തിനാണ് അഫ്ഗാനിസ്ഥാനിൽ കടന്നാക്രമണം നടത്തിയതെന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.

പതിറ്റാണ്ടുകളായി അമേരിക്കൻ സാമ്രാജ്യത്വ തന്ത്രജ്ഞരുടെ കൈകളിലാണ് മധ്യേഷ്യ. സോവിയറ്റാനന്തര മധ്യേഷ്യയിലെ അസന്തുലിതമായ യുദ്ധത്തിന്റെ തന്ത്രപ്രധാനമായ സാധ്യതകൾ പുനഃക്രമീകരിക്കാനും തങ്ങളുടെ സൈനിക വീര്യം പ്രദർശിപ്പിക്കാനുമുള്ള ഒരു ഒഴികഴിവും തന്ത്രവുമായിരുന്നു അമേരിക്കയെ സംബന്ധിച്ച് 9/11 സംഭവങ്ങൾ. അഫ്ഗാനിസ്ഥാനോ താലിബാനോ ഒരിക്കൽപോലും അവരുടെ പ്രാഥമിക പ്രശ്നങ്ങളായിരുന്നില്ല; അവർ വെറും പുകമറ മാത്രമായിരുന്നു.

യു.എസ് അധിനിവേശകാലത്ത് അഫ്ഗാനിസ്ഥാനിൽ സംഭവിച്ചതും, അല്ലെങ്കിൽ അമേരിക്ക പോയി താലിബാൻ വന്നാൽ അഫ്ഗാനികൾക്ക് എന്തു സംഭവിക്കുമെന്നതോ അമേരിക്കൻ നയതന്ത്രജ്ഞരെയോ അവരുടെ സാമ്രാജ്യത്വ മുൻഗണനകളേയോ സംബന്ധിച്ച് ആശങ്കയുടെ ഒരു ചെറുകണിക പോലും ഉയർത്തുന്ന വിഷയമല്ല.

ഒരു വലിയ സാമ്പത്തിക-സൈനിക ഭീഷണിയായി ചൈന ഉയർന്നുവരുന്നു; റഷ്യ എപ്പോഴും ഒരു ഭീഷണിയാണ്; നോർത്ത് കൊറിയ വിട്ടുമാറാത്ത തലവേദനയാണ്; ഇറാനാണെങ്കിൽ അമേരിക്കയുടെ പ്രിയപ്പെട്ട കുടിയേറ്റ കോളനിയുടെ പരിസരത്ത് അപമര്യാദയായി പെരുമാറുന്നുമുണ്ട്. ഇവയാണ് അമേരിക്കയുടെ സുപ്രധാനപ്രശ്നങ്ങൾ. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ അവർ എന്തിന് ശ്രദ്ധിക്കണം? താലിബാന്റെ മാരകമായ മതഭ്രാന്തിന്റെ കാരുണ്യരാഹിത്യത്തിനു മുന്നിൽ അകപ്പെട്ടുപോയ 40 ദശലക്ഷം മനുഷ്യരുടെ വിധി അവരുടെ കണക്കുകൂട്ടലുകളിൽ തീർത്തും അപ്രസക്തമാണ്.

ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റു ആഭ്യന്തര, പ്രാദേശിക മുൻഗണനകളുണ്ടായിരുന്നു. രാഷ്ട്രീയം പരസ്പര വിരുദ്ധമായിരുന്നെങ്കിലും, അഫ്ഗാനിസ്ഥാനിൽ അവരുണ്ടാക്കിയ വിപത്കരമായ പ്രത്യാഘാതങ്ങളുടെ കാര്യത്തിൽ സമാനരായിരുന്നു. ഇപ്പോൾ അടുത്ത കുടുംബസുഹൃത്തുക്കളായ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ്ജ് ഡബ്യു ബുഷ് എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ബുഷ് ഭരണകൂടത്തിന്റെ തന്ത്രപ്രധാന സാമ്രാജ്യത്വ വികസനവും ഡ്രോൺ ഉപയോഗിച്ചുള്ള കടന്നുകയറ്റവും തുടരുകയാണ് ഒബാമ ചെയ്തത്.

അൽഖാഇദയുടെയും താലിബാന്റെയും ക്രിമിനൽ ക്രൂരതകളുടെ പ്രാഥമിക ഇരകൾ പൊതുവെ മുസ്ലിംകളായിരുന്നു, പ്രത്യേകിച്ച് അഫ്ഗാനികൾ. 9/11ന് നടന്നത് ഭ്രാന്തിന്റെ ഒരു ലഘുപ്രദർശനം മാത്രമായിരുന്നു- അഫ്ഗാനികൾക്ക് ഒരിക്കലും ഇല്ലാത്ത ശക്തി ഉണ്ടെന്ന് വരുത്താനുള്ള മാരകമായ ദൃശ്യപ്രദർശനം. ആത്മഹത്യാപരമായ അതിക്രമങ്ങളുടെ ദൃശ്യപ്രദർശനങ്ങൾ നിരാശയുടെയും ബലഹീനതയുടെയും ഭയപ്പെടുത്തുന്ന അടയാളങ്ങളാണ്.

9/11ലെ സംഭവങ്ങളും അഫ്ഗാനിസ്ഥാനിലെ യു.എസ് കടന്നാക്രമണം കഴിഞ്ഞ് ഇരുപത് വർഷങ്ങൾക്കു ശേഷം, ആഗോളതലത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ ശക്തമായ സൈനികസ്ഥിതിയിലാണ് യു.എസ് ഇപ്പോഴുള്ളത്. ഈ സൈനിക ശക്തിക്ക് ധാർമിക അധികാരം ഇല്ല എന്നത് തികച്ചും അപ്രസക്തമാണ്; ഫലസ്തീനിലെ ഇസ്രായേൽ ഭൂമി കവർച്ച, യമനിലെ സൗദി-യു.എ.ഇ അധിനിവേശം, സിറിയയിലേക്കുള്ള തുർക്കിഷ് സൈനിക കടന്നുകയറ്റം, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, അറബ് ലോകം എന്നിവിടങ്ങളിലെ റഷ്യയുടെ ധീരമായ സാന്നിധ്യം എന്നിവയിൽ അതു കാണാൻ കഴിയും.

കഴിഞ്ഞ 20 വർഷത്തിനിടയിൽ, സൈനികനീക്കങ്ങളുടെ ഈ വിശാല ഭൂമികയിൽ അഫ്ഗാനിസ്ഥാൻ യുദ്ധം അമേരിക്കയെ സംബന്ധിച്ച് തന്ത്രപ്രധാന വിജയം തന്നെയാണ്. ഈ ഭൂപ്രദേശത്ത് കുറിച്ച് മുമ്പത്തേക്കാൾ നന്നായി അവർക്കിപ്പോൾ അറിയാം, റഷ്യൻ, ചൈനീസ് സ്വാധീനശ്രമങ്ങളെ നേരിടാൻ അവരിപ്പോൾ സജ്ജരാണ്.

അഫ്ഗാനിസ്ഥാൻ “സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്” എന്ന ക്ലീഷേ ധാരണയെക്കാൾ മണ്ടത്തരമൊന്നുമില്ല. അമേരിക്കൻ സാമ്രാജ്യം അഫ്ഗാനിസ്ഥാനിൽ മരിച്ചിട്ടില്ല, അതിനു മുമ്പുള്ള റഷ്യൻ സാമ്രാജ്യത്വത്തിനും ഒന്നും സംഭവിച്ചിട്ടില്ല. തികച്ചും വിപരീതമാണ് യാഥാർഥ്യം. മധ്യേഷ്യ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും അതിനപ്പുറവും പ്രവർത്തിക്കുന്ന ശക്തമായ സൈനിക, സാമ്രാജ്യത്വ യന്ത്രങ്ങളാണ് അമേരിക്കയും റഷ്യയും. അവരുടെ യഥാർഥ എതിരാളി ചൈന മാത്രമാണ്.

നീണ്ട 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ, 2 ട്രില്ല്യൺ ഡോളർ സൈന്യത്തിനു വേണ്ടി ചെലവഴിക്കപ്പെട്ടു, ആയിരക്കണക്കിന് വരുന്ന അമേരിക്കൻ, അഫ്ഗാൻ ജീവനുകൾ നഷ്ടപ്പെട്ടു, അമേരിക്കയുടെ ആയുധവ്യവസായം സമ്പുഷ്ടമായി, ഏറ്റവും പുതിയ ആയുധങ്ങൾ പരീക്ഷിക്കപ്പെട്ടു, സൈനിക ഉദ്യോഗസ്ഥർ പദവികളിലൂടെ ഉയർത്തപ്പെട്ടു. താലിബാനിൽ നിന്നും അവർ ഗറില്ലാ യുദ്ധത്തിനെതിരെ പോരാടാനുള്ള മാർഗങ്ങളും വഴികളും പഠിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള “വിവരശേഖരണത്തിന്” മധേഷ്യയിലെ റഷ്യൻ സൈനിക താവളങ്ങൾ ഉപയോഗിക്കാമെന്ന് റഷ്യ അടുത്തിടെ യു.എസ്സിന് വാഗ്ദനം നൽകിയിരുന്നു. ഏതു തരം സാമ്രാജ്യങ്ങളുടെ “ശവപ്പറമ്പ്” ആണ് അഫ്ഗാനിസ്ഥാൻ?

അഫ്ഗാനിസ്ഥാൻ യുദ്ധം അമേരിക്കക്കാർക്ക് വളരെ മുമ്പുതന്നെ മടുത്തിരുന്നു എന്നാണ് പൊതുജനാഭിപ്രായം. 9/11 വാർഷികം തന്നെ വിരസവും മടുപ്പിക്കുന്നതുമായ പരിപാടികളുടെ ഒരു പരമ്പരയായി മാറിയിട്ടുണ്ട്, അമേരിക്കയുടെ “ഭീകരവിരുദ്ധ യുദ്ധത്തിന്” ന്യായീകരണം ചമയ്ക്കുക എന്ന ഉദ്ദേശ്യം 9/11 നിറവേറ്റിയിട്ടുണ്ട്. 2003 മെയിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിൽ വെച്ച് വിജയഭാവത്തിൽ ബുഷ് പ്രഖ്യാപിച്ചു: ”ദൗത്യം പൂർത്തിയായി!” (Mission accomplished!). ബുഷ് പറഞ്ഞത് വളരെ ശരിയാണ്. ഇറാഖ് യുദ്ധത്തെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്, എന്നാലത് അഫ്ഗാനിസ്ഥാനെ കുറിച്ചുമാവാം.

ഇന്ന്, ബൈഡന്റെ കരങ്ങളിൽ വലിയ ആഭ്യന്തര ഉത്തരവാദിത്തങ്ങളുണ്ട്, അഫ്ഗാനിസ്ഥാനെ ഇനിയും ശ്രദ്ധിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മേഖലയിൽ ചെലവഴിച്ച ട്രില്ല്യൺ കണക്കിന് ഡോളറുകളിൽ നിന്ന് എന്താണ് അമേരിക്ക നേടിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം നഗ്നനേത്രങ്ങൾക്ക് അദൃശ്യമാണ്- “രാജ്യസുരക്ഷ”യുമായി ബന്ധപ്പെട്ട കാര്യം എന്നാണ് അതിന് പറയുക. എന്തായാലും അഫ്ഗാനികൾക്ക് സമാധാനവും, സമൃദ്ധിയും, “ജനാധിപത്യവും” കൊണ്ടുവരാനുള്ള ശ്രമമായിരുന്നില്ല അതെന്നതിൽ സംശയത്തിനിടമില്ല.

സ്വന്തം നാട്ടിലെ ജനാധിപത്യത്തെ തകർക്കാൻ കഴിവും തികഞ്ഞ സന്നദ്ധതയും ഇന്നത്തെ യു.എസ്സിനുണ്ട്. മറ്റെവിടെയങ്കിലും ജനാധിപത്യം കൊണ്ടുപോയി സ്ഥാപിക്കാനുള്ള ധർമ്മികമോ രാഷ്ട്രീയമോ ആയ ഒരു പദവി ഇപ്പോൾ യു.എസ്സിനില്ല.

അഫ്ഗാനിസ്ഥാനിലെ യു.എസ് അധിനിവേശം, വിദ്യാസമ്പന്നരും കഴിവുള്ളവരുമായ അഫ്ഗാനികളെ അധിനിവേശ സൈന്യത്തിന്റെ സഹചാരികളാക്കി മാറ്റി, അവർ ഇപ്പോൾ ജീവനുവേണ്ടി ഓടുകയാണ്- അമേരിക്കക്ക് അതിലൊന്നും താൽപര്യമില്ല. സാമ്രാജ്യങ്ങൾ സാമ്രാജ്യത്വവാദികൾക്ക് ലാഭകരമായ ഒരു ബിസിനസ്സാണ്, അധിനിവേശത്തിന് ഇരയാവുന്നവർക്ക് അപമാനവും ദുരിതവും മാത്രം നൽകുന്ന ഒന്നും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി നശിച്ച് മണ്ണടിഞ്ഞുപോയ പതിനായിരക്കണക്കിന് നിരപരാധികളായ അഫ്ഗാനികളുടെ ശവപ്പറമ്പാണ് അഫ്ഗാനിസ്ഥാൻ. മേഖലയിലും അതിനപ്പുറത്തുമുള്ള അമേരിക്കൻ സൈനികശക്തിയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാൻ ഒരു സമ്പൂർണ വിജയം തന്നെയാണ്.

മൊഴിമാറ്റം: അബൂ ഈസ

Related Articles