Current Date

Search
Close this search box.
Search
Close this search box.

എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാഖിനെന്ത് സംഭവിച്ചു?

സൗദി അറേബ്യ കഴിഞ്ഞാല്‍ ഒപെക്കില്‍ (Organization of the Petroleum Exporting Countries) ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇറാഖ്. അതിയായ എണ്ണ സമ്പത്തും ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ നിന്നുള്ള ഗണ്യമായ വരുമാനവും ഉണ്ടായിട്ടും, ഇറാഖ് 40 ശതമാനം വാതകവും ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ജനതയുടെ അടിസ്ഥാന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും രാജ്യം കഷ്ടപ്പെടുകയാണ്. വൈദ്യുതി വിതരണത്തിലും ഊര്‍ജത്തിലുമുള്ള കടുത്ത അപര്യാപ്ത രാജ്യത്തെ പല വീടുകളിലും ഏതാനും മണിക്കൂറുകള്‍ മാത്രം വൈദ്യുതി ലഭിക്കുകയും, ശുദ്ധമായ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ഇറാഖ് വിമോചിപ്പിക്കാനുള്ള’ യുദ്ധം കഴിഞ്ഞ് 20 വര്‍ഷമായിട്ടും, എണ്ണ സമ്പന്ന, ജനാധിപത്യ രാജ്യത്തിന്റെ സമൃദ്ധിയെന്ന വാഗ്ദാനം ഇതുവരെയും യാഥാര്‍ഥമായിട്ടില്ല. യു.എസ് നേതൃത്വത്തിലുള്ള ഇറാഖ് യുദ്ധത്തിന്റെ ഫലമെന്നത് രാഷ്ട്രീയ അസ്ഥിരതയും വിഭാഗീയ സംഘര്‍ഷവും അഴിമതിയും സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിലെ പരാജയവുമാണ്. 2003ലെ അധിനിവേശത്തില്‍ സ്വേച്ഛാധിപതിയെ അധികാരത്തില്‍ നിന്ന് സ്ഥാനഭ്രഷ്ഠനാക്കിയെങ്കിലും, സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ ഭരണ സംവിധാനം സ്ഥാപിക്കുന്നതില്‍ യു.എസ് നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

യു.എസ് അധിനിവേശത്തിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക ഘടനയും തകര്‍ത്തുവെന്ന് മാത്രമല്ല, കാര്യമായ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുകയും ചെയ്തു. ഇത് ദാഇശ് പോലെയുള്ള തീവ്ര വിഭാഗങ്ങളുടെ ആവര്‍ഭാവത്തിന് കാരണമായി. അതുപോലെ, രാജ്യത്ത് വ്യാപകമായ മറ്റൊരു പ്രശ്‌നമാണ് അഴിമിതി.

2022 ഒക്ടോബറില്‍ നടത്തിയ അന്വേഷണത്തില്‍ 2.5 ബില്യണ്‍ ഡോളര്‍ നികുതിപ്പണം അപഹരിക്കപ്പെട്ടതായി കണ്ടെത്തി. ‘നൂറ്റാണ്ടിലെ കൊള്ള’യെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉള്‍പ്പെട്ട തട്ടിപ്പ് കേസായിരുന്നു. രാജ്യത്ത് ചര്‍ച്ചാ വിഷയമായ നിരവധി അഴിമതി കേസുകളില്‍ ഒന്ന് മാത്രമാണിത്. സദ്ദാം ഹുസൈന്റെ കാലഘട്ടത്തിന് ശേഷം 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഖജനാവില്‍ നിന്ന് അഴിമതി മൂലം ഏകദേശം 320 ബില്യണ്‍ ഡോളര്‍ അപഹരിക്കപ്പെട്ടതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

എണ്ണ സമ്പന്ന പ്രദേശങ്ങളായ പ്രത്യേകിച്ച് കുര്‍ദുകളുടെ (Kurdistan Regional Government) നിയന്ത്രണത്തിലുളള വടക്കന്‍ മേഖലയില്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബഗ്ദാദ് സെന്‍ട്രല്‍ ഗവണ്‍മെന്റ്. എണ്ണ സമ്പത്തിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ തെക്ക്, തെക്കുകിഴക്കന്‍ മേഖലയിലാണുള്ളത്. അതുപോലെ, കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും ഗണ്യമായ എണ്ണ ശേഖരമുള്ളതായി (ഏകദേശം 45 ബില്യണ്‍ ബാരല്‍) കണക്കാക്കപ്പെടുന്നു. ബഗ്ദാദ് സെന്‍ട്രല്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് 2014 മുതല്‍ കുര്‍ദുകള്‍ എണ്ണ സ്വതന്ത്രമായി കയറ്റുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയിലേക്ക് സ്വന്തമായി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചുകൊണ്ടാണിത്.

എണ്ണയുടെ ഉത്പാദനവും കയറ്റുമതിയും ഉള്‍പ്പെടെയുള്ള എണ്ണ വ്യാപാരത്തെ നിയന്ത്രിക്കുന്ന ബഗ്ദാദ് ഗവണ്‍മെന്റ് കെ.ആര്‍.ജിയുടെ സ്വതന്ത്ര എണ്ണ കയറ്റുമതിയെ എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും നിയമ പോരാട്ടിത്തിലേര്‍പ്പെട്ടു. 2022 ഫെബ്രുവരിയില്‍, ഫെഡറല്‍ ഇറാഖ് സുപ്രീം കോടതി കെ.ആര്‍.ജിയുടെ എണ്ണ, പ്രകൃതിവാതക ഉത്പാദനവും കയറ്റുമതിയും ഭരണഘടനാ വിരുദ്ധമാണെന്നും കെ.ആര്‍.ജിയും അന്താരാഷ്ട്ര എണ്ണ കമ്പനികളും തമ്മിലുള്ള കരാറുകള്‍ നിയമവിരുദ്ധമാണെന്നും വിധിച്ചു. എന്നാല്‍, കോടതിയ വിധിയെ കെ.ആര്‍.ജി അംഗീകരിക്കാതിരിക്കാത്തതിനാല്‍ സംഘര്‍ഷം തുടരുകയാണ്.

അവലംബം: middleeastmonitor.com

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles