Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു ദേശീയവാദികളും ചരിത്രത്തിന്റെ വക്രീകരണവും

തൻ്റെ ക്ലാസിലെ കുട്ടികളോട് അവരുടെ സഹപാഠിയായ മറ്റൊരു വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്ന ഇന്ത്യൻ അധ്യാപികയുടെ വീഡിയോ പുറത്തു വന്നത് ഒരു മാസം മുമ്പാണ്. ഏഴ് വയസ്സ് മാത്രമായിരുന്നു അവൻ്റെ പ്രായം. ഗുണന പട്ടിക തെറ്റിച്ചതായിരുന്നില്ല, മറിച്ച് ഒരു ഇന്ത്യൻ മുസ്‌ലിമായി എന്നതാണ് അവൻ്റെ കുറ്റം.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരുന്നു. എന്നാൽ രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിക്കും നരേന്ദ്ര മോദിക്കും തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുള്ളത്. രാജ്യ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരുന്ന മത ന്യൂനപക്ഷങ്ങൾ കേവല രണ്ടാം തരം പൗരന്മാർ മാത്രമാവുന്ന ഒരു ഹിന്ദു രാഷ്ട്രമാണ് മോദിയുടെ ഇന്ത്യ. മോദി ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷ അതിക്രമങ്ങൾ സഹിക്കാൻ മുസ്‌ലിംകൾ സവിശേഷമായി നിർബന്ധിതരാണ്. തീവ്രവാദത്തിനിരയാക്കപ്പെടുന്ന മുസ്‌ലിംകളുടെ കഥകൾ മോദിയുടെ ഇന്ത്യയിൽ സാധാരണത്വം പ്രാപിച്ചിരിക്കുന്നു. ഒരോ വർഷം പിന്നിടുമ്പോഴും അതിക്രമങ്ങൾ അധികരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തുന്നുണ്ട്. ഫ്രീഡം ഹൗസ്, വി-ഡെം തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയെ ‘അർധ സ്വാതന്ത്ര്യം’ (Partly free) മാത്രമുള്ള ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം’ (Electoral autocracy) നിലനിൽക്കുന്ന രാജ്യമായാണ് പരിഗണിക്കുന്നത്. ഇത് മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും പൂർണ തകർച്ചയെ കുറിക്കുന്നുവെന്ന് അവർ വിലയിരുത്തുന്നു.

ഭാരതീയ ജനത പാർട്ടിയെ സംബന്ധിച്ച് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഹിന്ദുക്കളേക്കാൾ ‘ഇന്ത്യത്വം’ കുറവാണ്. മുസോളനിയുടെ ‘ബ്ലാക്‌ഷർട്ട്’ പോലെയുള്ള ഇറ്റാലിയൻ ഫാഷിസ്റ്റ് സംഘടനകളെ മാതൃകയാക്കി 1925 ൽ രൂപീകരിക്കപ്പെട്ട സമ്പൂർണ്ണ പുരുഷ അർധസൈനിക സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ രാഷ്ട്രീയ വിഭാഗമാണ് ബി.ജെ.പി. ഇന്ത്യയെ ഹിന്ദുക്കളാൽ ഹിന്ദുക്കൾക്കു വേണ്ടിയുള്ള ഒരു രാജ്യമായാണ് ആർ.എസ്.എസ്സും ബി.ജെ.പിയും നോക്കി കാണുന്നത്. ചരിത്രപരമായി വൈവിധ്യമുള്ളതും അയഞ്ഞതുമായ ഹിന്ദു സമുദായത്തിൻ്റെ ഏകീകരണവും അവർ മുന്നോട്ടു വെക്കുന്നു.

ഹിന്ദു ദേശീയവാദികളുടെ ആദ്യകാല നേതാക്കൾ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാസി ജർമനിയിൽ ക്രിസ്റ്റൽനാറ്റ് (Krystallnacht-1938) സംഭവം നടന്ന് ഏതാനും ആഴ്ചകൾക്ക് ശേഷം ഹിന്ദു ദേശീയവാദി നേതാവായ വി.ഡി സവർക്കർ നടത്തിയ പ്രഖ്യാപനം ഒരു ഉദാഹരണമാണ്. ജർമനിയിലെ ജൂതരുടെ സ്ഥാനത്ത് ഇന്ത്യയിൽ മുസ്‌ലിംകളാണ് എന്നാണ് സവർക്കർ പ്രഖ്യാപിച്ചത്. ഹിന്ദു താൽപര്യങ്ങൾക്ക് മുന്നിൽ മുസ്‌ലിംകൾ ഒരു പ്രശ്നമാണ് എന്നതാണ് സവർക്കറുടെ ന്യായം. ആർ.എസ്.എസ്സിന്റെ രണ്ടാം സർസംഘ്ചാലകായ എം.എസ് ഗോൾവാൾക്കറുടെ പ്രഖ്യാപനം ഇപ്രകാരമായിരുന്നു; “സെമിറ്റിക് വംശത്തിൽ പെട്ട ജൂതമ്മാരെ പുറന്തള്ളുന്ന ജർമനിയിൽ ഹിന്ദുസ്ഥാന് നേട്ടമുള്ള പാങ്ങളുണ്ട്”. ഇത്തരം വംശഹത്യ ആഹ്വാനങ്ങൾ ഇന്നും തുടരുന്നു. മില്യൺ കണക്കിന് മുസ്‌ലിംകളെ കൊന്നു തള്ളുന്നതിന് വേണ്ടി തയാറായിരിക്കാൻ അനുയായികളോട് ആവശ്യപ്പെടുന്ന ഒരു ഹിന്ദു ദേശീയവാദി നേതാവിനെ കണ്ടത് 2021 ലാണ്. വംശഹത്യയുടെ സൂചനകൾ ഇന്ത്യയിൽ പ്രകടമാണ് എന്ന് ‘ജെനൊസൈഡ് വാച്ച്’, ‘ഏർളി വാർണിംഗ്’ തുടങ്ങിയ വാച്ച്ഡോഗ് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആർ.എസ്.എസ്സിൽ ആജീവനാന്ത മെമ്പർഷിപ്പുള്ള വ്യക്തിയാണ് മോദി. 2014ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അയാൾ. മോദി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വിഭജനാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ കലാപം ഗുജറാത്തിൽ നടക്കുന്നത്. ഏറ്റവും കുറഞ്ഞത് ആയിരം ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. ഗുജറാത്ത് കലാപത്തിലെ പങ്ക് കാരണം അന്തർദേശീയ തലത്തിൽ വിമർശനം നേരിട്ട മോദിക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കും നിലനിന്നിരുന്നു. എന്നാൽ, ശക്തനായ മുസ്‌ലിം വിരുദ്ധ നേതാവ് എന്ന കുപ്രസിദ്ധിയാണ് കലാപത്തിലൂടെ രാജ്യത്ത് മോദിക്ക് ലഭിച്ചത്. 2014 പൊതു തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിൽ ഈ ‘അംഗീകാരം’ മോദിയെയും ബി.ജെ.പി യെയും സഹായിച്ചിട്ടുണ്ട്. അഞ്ച് വർഷക്കാലം മുസ്‌ലിംകൾക്കെതിരായ ഹിന്ദു ദേശീയവാദികളുടെ ആക്രമണങ്ങൾ വർധിപ്പിച്ചു കൊണ്ട് 2019 ഇലക്ഷനിൽ മോദി ബി.ജെ.പി യെ വിജയത്തിലേക്ക് നയിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ധാരാളം ഇന്ത്യക്കാർ ബി.ജെ.പി യെ എതിർക്കുന്നുണ്ടെങ്കിലും ഇന്ത്യയെ പുതുക്കി പണിയാൻ അഭൂതപൂർവമായ അധികാരം ബി.ജെ.പി ക്ക് നിലവിലുണ്ട്.

യുദ്ധം പാഠപുസ്തകത്തോട്

ബി.ജെ.പി യുടെ അജണ്ടകളിൽ പ്രധാനപ്പെട്ടതാണ് മുസ്‌ലിംകളെ പൈശാചികവൽക്കരിക്കാൻ വേണ്ടി ചരിത്രത്തെ വക്രീകരിക്കുക എന്നത്. ഇന്ത്യ ഭരിച്ചിരുന്ന മുഗൾ രാജവംശത്തിൻ്റെ ചരിത്രം പലപ്പോഴായി ഹിന്ദു ദേശീയവാദികളുടെ വക്രീകരണങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ട്. 1560 മുതൽ 1720 വരെയുള്ള അതിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ ഉത്തരേന്ത്യയുടെയും മധ്യ ഇന്ത്യയുടെയും മിക്ക ഭാഗങ്ങളും ഭരിച്ചിരുന്ന രാജവംശമാണ് മുഗളർ. മുഗൾ രാജവംശം ഹിന്ദു-മുസ്‌ലിം സംഘട്ടനങ്ങൾക്ക് ആക്കം കൂട്ടി എന്നതാണ് ഹിന്ദു ദേശീയവാദികളുടെ മുഖ്യ ആരോപണം. എന്നാൽ, ബ്രിട്ടീഷ് കൊളോണിയൽ അധികാര കാലത്ത് (1757–1947) നിർമ്മിക്കപ്പെട്ട ഒരു ആഖ്യാനമാണിത്. കൊളോണിയൽ അധികാരത്തിൻ്റെ അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ ആദ്യകാല ഇന്ത്യൻ രാജാക്കന്മാരെ വില്ലന്മാരാക്കി ചിത്രീകരിച്ചിരുന്നത്.

ഇന്ത്യൻ ചരിത്രത്തെ കുറിച്ച അധിനിവേശ ബ്രിട്ടൻ്റെ ഭാവനയെയാണ് സമകാലിക ഹിന്ദു ദേശീയവാദികളും പിന്തുടരുന്നത്. ഇവർ ഒരു പടി കൂടെ കടന്ന് മുഗൾ രാജവംശത്തെ സവിശേഷമായി അക്രമിക്കുന്നു. മുഗൾ രാജവംശം വംശഹത്യ നടത്തിയിരുന്നുവെന്ന വ്യാജ ആരോപണമാണ് ചില സമയത്ത് ഹിന്ദു ദേശീയവാദികൾ ഉന്നയിക്കുക. മറ്റ് ചിലപ്പോൾ മുഗളരെ അധിനിവേശകർ എന്ന് അപകീർത്തിപ്പെടുത്തുന്നത് വഴി മുഗളരും നിലവിലുള്ള മുസ്‌ലിംകളും ഇന്ത്യക്കെതിരായുള്ള വിദേശ ഭീഷണിയാണെന്ന് ഹിന്ദു ദേശീയവാദികൾ ചിത്രീകരിക്കുന്നു.

മുഗൾ വാസ്തുശിൽപമായ താജ്മഹലും അക്രമിക്കപ്പെടുന്നു. പഴയ ശിവക്ഷേത്രമായിരുന്നു താജ്മഹൽ എന്ന ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുന്ന ഹിന്ദു ദേശീയവാദികൾ ടൂറിസ്റ്റ് ഗൈഡുകളിൽ നിന്ന് താജ്മഹലിനെ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെ കുറിച്ച ഭാഗങ്ങൾ വെട്ടി മാറ്റുന്നു. സ്വന്തം ചരിത്രത്തിൻ്റെ സുപ്രധാന ഭാഗങ്ങളെ കുറിച്ച് അജ്ഞരായ വിദ്യാർഥികൾ ഉണ്ടായി വരുന്നതിലാണ് ഇത്തരം നടപടികൾ എത്തിച്ചേരുക. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും രക്ഷാധികാരിയായി നില നിൽക്കുകയും, ഭരണ ആവശ്യങ്ങൾക്ക് സവർണ ഹിന്ദുക്കളായ രജ്പുതുകളെ അവലംബിക്കുകയും ചെയ്ത ഒരു ബഹു-സാംസ്കാരിക സാമ്രാജ്യമായിരുന്ന മുഗൾ ഭരണത്തെ കുറിച്ച് വിവരമില്ലാതെയാണ് ഇന്ത്യൻ വിദ്യാർഥികൾ വളരാൻ പോവുന്നത്.

ചരിത്രപ്രധാനമായ ചില മുസ്‌ലിം പള്ളികളെ ഹിന്ദു ദേശീയവാദികൾ ആക്രമിച്ചു തകർത്തു കളഞ്ഞിട്ടുണ്ട്. 16ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും നിലവിലെ അയോധ്യ എന്ന ഉത്തരേന്ത്യൻ നഗരത്തിൽ സ്ഥിതി ചെയ്തിരുന്നതുമായ ഒരു മുഗൾ മസ്ജിദാണ് തകർക്കപ്പെട്ടതിൽ പ്രധാന പള്ളി. 1992ൽ ഒരു കൂട്ടം ഹിന്ദു ദേശീയ വാദികൾ നിയമവിരുദ്ധമായി പള്ളി കയ്യേറി പൊളിച്ചു കളയുകയായിരുന്നു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് ഹിന്ദു ദൈവമായ രാമന് വേണ്ടി ക്ഷേത്രം പണിയാൻ 2020 ൽ മോദി തറക്കല്ലിടുകയും ചെയ്തു. ബി.ജെ.പി കാഴ്ചപ്പാടിൻ്റെ കാതലായ ഹിന്ദു ഉന്മാദത്തിൻ്റെയും മുസ്‌ലിം വിരുദ്ധ വിഗ്രഹഭഞ്ജനത്തിൻ്റെയും (Iconoclasm) സാക്ഷാത്കാരമായിരിക്കും അയോധ്യയിൽ പണി കഴിക്കപ്പെടുന്ന രാമക്ഷേത്രം.

ഏഴ് വയസ്സുകാരനായ തൻ്റെ വിദ്യാർഥിയെ അവൻ്റെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച ശേഷം ധിക്കാരപൂർവ്വം ആ ഇന്ത്യൻ അധ്യാപിക പറഞ്ഞത് “ഞാൻ ഒട്ടും ഖേദിക്കുന്നില്ല, ജനങ്ങൾ എൻ്റെ കൂടെയാണ്” എന്നാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ മുസ്‌ലിംകൾ അക്രമാസക്തവും മാരകവുമായ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമസ്കരിച്ചതിന്, മത ഭേദമന്യേ വിവാഹം കഴിച്ചതിന്, അവധി ദിവസം ആഘോഷിച്ചതിന്, ബീഫ് കഴിച്ചതിന്, ഗവൺമെൻ്റെ് പോളിസിക്കെതിരെ പ്രതിഷേധിച്ചതിന്, ഹിന്ദു ദേശീയതക്കെതിരെ റിപ്പോർട്ട് ചെയ്‌തതിന് തുടങ്ങി പല കാരണങ്ങളാലാണ് ഭൂരിപക്ഷ ഹിന്ദുക്കൾ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ‘ഇന്ത്യ മോദിയല്ല’ എന്ന പഴഞ്ചൊല്ലിൽ പലരും ആശ്വസിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് ഒരു കേവല ആഗ്രഹം മാത്രമായി അനുഭവപ്പെടുന്നു.

ബിജെപിയുടെ അജണ്ട തുടരുകയും ഇന്ത്യൻ ജനാധിപത്യം ഇല്ലാതാവുകയും ചെയ്യുമ്പോൾ, മതന്യൂനപക്ഷങ്ങൾക്കെതിരെ പൊതുവിലും മുസ്‌ലിംകൾക്കെതിരെ സവിശേഷമായും കൂടുതൽ ആക്രമണങ്ങൾ നാം കാണേണ്ടി വരും. വർത്തമാന ജനങ്ങൾക്കെതിരെ മാത്രമല്ല, മറിച്ച് അവരുടെ ഭൂതകാലവും കൂടുതൽ ആക്രമിക്കപ്പെടും.

 

Courtesy: time.com

വിവ: ഇർശാദ് പേരാമ്പ്ര

???? Follow Our Channel
https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles