Current Date

Search
Close this search box.
Search
Close this search box.

ഈ അനീതി തുടർന്നാൽ അറബ് വസന്തത്തിൻ്റെ പടിഞ്ഞാറൻ പതിപ്പിന് നമ്മൾ സാക്ഷികളാവും

ലജ്ജ കൊണ്ടെൻ്റെ തല കുനിഞ്ഞു പോവുന്നു. എനിക്കിത് വരെയും ബ്രിട്ടീഷ് പാസ്പോർട്ടിൽ അഭിമാനം കൊള്ളാൻ കഴിഞ്ഞിട്ടില്ല. സ്റ്റാൻലി ഗ്രാമർ സ്കൂളിലെ ചരിത്ര അദ്ധ്യാപകൻ വില്യംസ്  പഠിപ്പിച്ച ‘ശുദ്ധീകരിക്കപ്പെട്ട പാഠങ്ങൾക്ക്’ ശേഷം രക്ത പങ്കിലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ യഥാർത്ഥ ചരിത്രം അറിഞ്ഞതിന് ശേഷം ആ പാസ്പോർട്ട് എനിക്കൊരു യാത്രാരേഖ മാത്രമാണ്. അതിൽ കൂടുതലോ കുറവോ ഇല്ല.

വൈകാരികതയുടെ വേലിയേറ്റവും ഇറക്കവും അനുഭവിച്ച ദിവസങ്ങളിലൂടെയാണ് ഫലസ്തീൻ അനുകൂല പ്രസ്ഥാനത്തിലെ മില്യൺ കണക്കിന് ജനങ്ങൾ പോയ വാരത്തിൽ കടന്നു പോയത്. ഇസ്രായേലിനെതിരെ സൗത്ത് ആഫ്രിക്ക നൽകിയ വംശഹത്യ കുറ്റ കേസ് അംഗീകരിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ പ്രാഥമിക റിപ്പോർട്ട് നൽകിയ അപ്രതീക്ഷിത ആനന്ദം കൊണ്ടായിരുന്നു കഴിഞ്ഞ വാരം തുടങ്ങിയത്. ഫലസ്തീനികളെ ശിക്ഷിക്കാൻ വേണ്ടി പടിഞ്ഞാറ് മറ്റൊരു നിഷ്ഠുര നടപടി കൈകൊണ്ടതോടെ ആ സന്തോഷം കീഴ്മേൽ മറിയുകയും ചെയ്തു. 

ഫലസ്തീനികളുടെ  വംശഹത്യയിൽ -‘വിളിക്കപ്പെടുന്ന’ എന്ന് ഞാൻ പറയില്ല- ഇസ്രായേൽ നടത്തുന്ന യുദ്ധ കുറ്റങ്ങളും മനുഷ്യത്വത്തിനെതിരെയുള്ള അതിക്രമങ്ങളും ചർച്ച ചെയ്യുന്നതിന് പകരം ഇസ്രായേൽ ഉയർത്തിയ ഒരു ആരോപണത്തിനാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. ഫലസ്തീനി അഭയാർഥികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ശാഖയായ യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ റഫ്യൂജീസിൻ്റെ (UNWRA) 30000 വരുന്ന ജീവനക്കാരിൽ പെട്ട 12 പേർ ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ പങ്കെടുത്തു എന്നതാണ് പ്രസ്തുത ആരോപണം. അന്താരാഷ്ട്ര കോടതിയുടെ പ്രാഥമിക റിപ്പോർട്ട് വന്ന അതേ ദിവസം തന്നെയാണ് ഈ ആരോപണവും ഉന്നയിച്ചിട്ടുള്ളത്.

അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഐക്യരാഷ്ട്ര സഭയെ അവലംബിക്കുന്ന ഒരു ജനത ബോംബാക്രമണത്തിനും പട്ടിണിക്കും കുടിവെള്ള ക്ഷാമത്തിനും വിധേയരാവുന്ന അതേ സമയത്തുള്ള ഈ നടപടി എരി തീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ്. ഭ്രാന്തവും അന്യായവുമായ ഈ നടപടി ഒരുപക്ഷേ ഫലസ്തീനികളോട് പടിഞ്ഞാറ് പുലർത്തുന്ന പകയുടെ തീവ്ര രൂപമായിരിക്കും.

ഭൂരിപക്ഷം ഫലസ്തീനി ജനതയുടെയും അവസാന അത്താണിയാണ് യു.എൻ.ഡബ്ല്യു.ആർ.എ എന്ന് ഞാനുൾപ്പെടെ ഗസ്സ സന്ദർശിച്ച എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗുരുതര രോഗമുള്ള പിഞ്ചു കുഞ്ഞിന് ഘടിപ്പിച്ച ഇൻകുബേറ്ററിലേക്കുള്ള വൈദ്യുതി വിച്ചേദികുന്നതിന് തുല്യമാണ് (അൽശിഫ ആശുപത്രിയുടെ വൈദ്യുതി തടഞ്ഞു കൊണ്ട് ഇസ്രയേലി പട്ടാളക്കാർ ചെയ്ത കാര്യമാണിത്)  യു.എൻ.ഡബ്ല്യു.ആർ.എ യുടെ ഫണ്ട് തടയുന്നത്. 

യു.എൻ.ഡബ്ല്യു.ആർ.എ ജീവനക്കാരുടെ മേലുള്ള ആരോപണ കഥകളിൽ എത്ര വസ്തുതയുണ്ടെന്ന് എനിക്കറിയില്ല. എന്തെന്നാൽ കസ്റ്റഡിയിലുള്ളവരെ പീഡിപ്പിച്ചിട്ടാണ് അധിക തെളിവുകളും നിർമിച്ചെടുത്തിട്ടുള്ളത്. ഫലസ്തീനിനെ ചുറ്റിപ്പറ്റി വ്യക്തിഹത്യ രാഷ്ട്രീയം നടക്കുന്ന ഈ തല തിരിഞ്ഞ ലോകത്ത് ഇസ്രായേലിൻ്റെ വൃത്തികെട്ട അപാർതീഡ് കുതന്ത്രങ്ങളിൽ എനിക്കൊട്ടും അത്ഭുതമില്ല. 

എന്നിരുന്നാലും ഞാൻ ചിലത് പറയുകയാണ്. ആളുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ യു.എൻ.ഡബ്ല്യു.ആർ.എയുമായി സാമ്യതയുള്ള സംഘടനയാണ് ലണ്ടനിലെ ‘മെട്രോ പൊളിറ്റൻ പോലീസ് സർവീസ്’ (മെറ്റ്). 2021 ന് ശേഷം മാത്രം അവിടത്തെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിരിക്കുന്നു. അതിൽ അമ്പതോളം കുറ്റങ്ങൾ ബലാൽസംഗവും ലൈംഗിക അതിക്രമണങ്ങളുമാണ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെൻ്റ് ഒരിക്കലും അവർക്കുള്ള ഫണ്ട് പിൻവലിക്കുകയോ സാമ്പത്തികമോ മറ്റോ ആയ ശിക്ഷ ചുമത്തുകയോ ചെയ്തിട്ടില്ല.  മെറ്റ് പൊലീസ് സംവിധാനം ഇല്ലാതാവുകയോ അവർക്ക് നിയമപരിപാലനം നിർവഹിക്കാൻ കഴിയാതെ വരുകയോ ചെയ്താൽ ലണ്ടനിലെ ജനജീവിതം അപകടത്തിലാവുമെന്ന ബോധ്യമാണ് അതിന് കാരണം. 

അപര വിദ്വേഷം പേറുന്ന ഇസ്രായേൽ തെമ്മാടിക്കൂട്ടം ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളെ ശാരീരികമായി പോലും തടയുകയാണ്. തെൽ അവീവിലെ നികൃഷ്ട വലതു ഗവൺമെൻ്റ് അധികാരത്തിൽ തുടരുവോളം കാലം വിരോധം മൂത്ത ഈ പക അവസാനിക്കുകയില്ല. അതേസയം, വംശഹത്യ തുടരുന്ന ഇസ്രായേലിനോട് ദക്ഷിണ ലോകം ഉഗ്ര വെറുപ്പ് പ്രകടിപ്പിക്കുമ്പോഴും ലോകത്തെ പടു കുഴിയിലേക്ക് അടുപ്പിക്കുന്ന ഈ യുദ്ധ യന്ത്രത്തിൻ്റെ ചക്രങ്ങൾക്ക് എണ്ണയിട്ടു കൊടുക്കുന്നതിൻ്റെ തിരക്കിലാണ് പടിഞ്ഞാറൻ രാജ്യങ്ങൾ. 

വിരളമായ സംഗതിയാണ് ഗസ്സയിലിപ്പോൾ ജീവിതം. സമാനമായി നമ്മുടെ രാഷ്ട്രീയ നേതാക്കൾ കാരണം  പടിഞ്ഞാറിലെ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ മരണക്കിടക്കയിലാണ്. അഴിമതി രാഷ്ട്രീയക്കാർ ഇസ്രായേൽ അനുകൂല ലോബിയുടെ പാവകളോ നിയന്ത്രണത്തിലോ ആയതിനാൽ ജനങ്ങൾക്ക് നീതിപൂർവ്വവും സത്യസന്ധവുമായ പ്രതിനിധാനം നിഷേധിക്കപ്പെടുന്നുണ്ട്. സയണിസ്റ്റ് നിയന്ത്രണം ഒരു യാഥാർഥ്യമാണ്, കേവല ഊഹാപോഹ സിദ്ധാന്തമല്ല.

ഇസ്രായേലിൻ്റെ രക്തദാഹം മാറാൻ ഇനിയുമെത്ര ഫലസ്തീനി കുഞ്ഞുങ്ങളും പൈതങ്ങളും ഗർഭിണികളും വൃദ്ധരും കൊല്ലപ്പെടനം? ഇതെഴുതുമ്പോൾ 26,600 ൽ എത്തിയ മരണനിരക്ക് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു. കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന തുല്യതയില്ലാത്ത ഈ ‘യുദ്ധ യന്ത്രം’ കൊന്നു തള്ളിയവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 

യു.എൻ.ഡബ്ല്യു.ആർ.എ അരക്ഷിതാവസ്ഥയിലായതോടെ മരണനിരക്ക് കൂടാൻ ഇനി മറ്റൊരു ബോംബ് വർഷിക്കേണ്ടതില്ല. ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തു എന്ന് സംശയിക്കപ്പെടുന്നവരെ യു.എൻ.ഡബ്ല്യു.ആർ.എ പുറത്താക്കി കഴിഞ്ഞതാണ്. മറ്റെന്താണ് അവർക്ക് ചെയ്യാൻ കഴിയുക? മറ്റെന്താണ് അവരിൽ നിന്നും പ്രതീക്ഷിക്കുന്നത്?

ചില മറു ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണെന്ന് ഞാൻ കരുതുന്നു. ഫലസ്തീനി വീടുകൾ കൊള്ളയടിക്കുകയും – ഒരു സ്ത്രീ അടിവസ്ത്രം സൂക്ഷിക്കുന്ന അലമാര അടക്കം – ആരാധനാലയങ്ങൾ ഉൾപ്പെടെ മനുഷ്യ സാനിദ്ധ്യമുള്ള കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്യുന്നത് വീഡിയോ എടുത്ത് ടിക്ടോകിലും മറ്റു സോഷ്യൽ മീഡിയയിലും പങ്ക് വെച്ച ഇസ്രയേലി സൈനികരെ കുറിച്ച് എന്താണ് പറയാനുള്ളത്? അന്തർദേശീയമായി അംഗീകരിക്കപ്പെട്ട വെള്ളക്കൊടിക്ക് കീഴിൽ കിടത്തിയ കൊല്ലപ്പെട്ട ഫലസ്തീനികളെ വീണ്ടും വെടി വെക്കുന്ന ഇസ്രായേൽ സൈനികരുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്? 

യുദ്ധ കുറ്റങ്ങൾക്ക് ശിക്ഷാർഹരായവരാണ് ഐ. ഡി.എഫിൻ്റെ പ്രധാന പദവികൾ വഹിക്കുന്നവരിൽ അധിക പേരും. അങ്ങനെയാണെങ്കിൽ ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് നമ്മൾ അവസാനിപ്പിക്കുമോ? സയണിസ്റ്റ് യുദ്ധ യന്ത്രം ഇസ്രായേലിന് വർഷം തോറും ബ്രിട്ടൺ നൽകുന്ന 460 മില്യൺ യൂറോ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ യു.എൻ.ഡബ്ല്യു.ആർ.എ ക്ക് കൊടുക്കുന്ന 12 മില്യൺ തുലോം തുച്ഛമാണ്. 

മാൽക്കം എക്സിൻ്റെ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്. “ജാഗ്രത പുലർത്തിയില്ലെങ്കിൽ മർദിതരെ വെറുക്കുന്നതിലേക്കും മർദകരെ സ്നേഹിക്കുന്നതിലേക്കും പത്ര മാധ്യമങ്ങൾ നിങ്ങളെ കൊണ്ടെത്തിക്കും” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ നമ്മുടെ കൺമുന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. 

നോർവെയുടെ പ്രതിരോധ മന്ത്രി എസ്പെൻ ബർത് എലൈഡിൽ നിന്നും മാത്രമാണ് വിവേക പൂർവമായ ഒരു പ്രതികരണം കാണാൻ കഴിഞ്ഞത്.  ഫണ്ട് നിർത്തലാക്കൽ കൂട്ടായ ശിക്ഷ വിധിക്കലാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. തീർച്ചയായും മനുഷ്യത്വവും മാന്യതയുമുള്ള  അദ്ദേഹം ഒരു അവാർഡിന് അർഹനാവാൻ മാത്രം അനുകമ്പയുള്ള വ്യക്തിയുമാണ്. 

സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും മടങ്ങിപ്പോവാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുന്നത് വരെ ഫലസ്തീൻ അഭയാർഥികൾക്ക് സഹായങ്ങൾ നൽകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് യു.എൻ.ഡബ്ല്യു.ആർ.എ. നിയമപരമായ ആ മടങ്ങിപ്പോക്ക് ഇതുവരെയും  സംഭവിക്കാത്തതിനാൽ യു.എൻ.ഡബ്ല്യു.ആർ.എ അതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. ഈ സംഘടനയെ ഇല്ലാതാക്കുന്നതിലൂടെ അഭയാർത്ഥി പ്രശ്നവും ഇല്ലാതാക്കാം എന്നാണ് ഇസ്രായേൽ കരുതുന്നത്.  

ഈ മാസം തുടക്കത്തിൽ “യു.എൻ.ഡബ്ല്യു.ആർ.എ തകരാതെ ഈ യുദ്ധം ജയിക്കൽ അസാധ്യമാണ്” എന്ന്  ഇസ്രയേലി വിദേശകാര്യാലയ മുൻ ഉദ്യോഗസ്ഥൻ നോഗ അർബെൽ പ്രസ്താവിച്ചിരുന്നു. “അതിൻ്റെ ധ്വംസനം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കണം” എന്നും അയാൾ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ഫണ്ട് നിർത്തലാക്കിയ പടിഞ്ഞാറിൻ്റെ ചുണയില്ലാത്ത നടപടിയിൽ ഏറെ ആഹ്ളാദിച്ചത് ഇസ്രായേൽ ആയിരിക്കും. 

ബ്രിട്ടീഷ് ജനതയിലെ വലിയൊരു ശതമാനം വോട്ടർമാർ ഫലസ്തീൻ ജനതയെ അനുകൂലിക്കുന്നവരാണ്. ഇക്കൊല്ലത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ഇത് പ്രകടമാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തങ്ങളുടെ സ്വാതന്ത്ര്യം ഒരു വിദേശ രാഷ്ട്രത്തിൻ്റെ ഏജൻ്റ് അപഹരിക്കുന്നത്  ബ്രിട്ടീഷ് ജനത അധിക കാലം കണ്ട് നിൽക്കുകയില്ല. നമ്മുടെ പക്ഷത്താണ് സത്യത്തിൻ്റെ വാൾ. എന്നാൽ നമ്മൾ ചടുലമല്ലെങ്കിൽ അധികാരമുള്ളവർ ഫലസ്തീനികളെ ഞെക്കി ഞെരുക്കുന്നതായിരിക്കും. അതിനെതിരെ ഒന്നും ചെയ്യാതെ കണ്ടിരിക്കാൻ നമുക്ക് കഴിയില്ല. 

ഈ അനീതി തുടർന്നാൽ അറബ് വസന്തത്തിൻ്റെ പടിഞ്ഞാറൻ പതിപ്പിന് നമ്മൾ സാക്ഷികളാവുമെന്നാണെനിക്ക് തോന്നുന്നത്. ഇസ്രായേൽ അനുകൂല ലോബിയുടെ കൈക്കാണം കൈപ്പറ്റിയ പടിഞ്ഞാറിലെ അഴിമതി രാഷ്ട്രീയക്കാർ നൽകുന്ന സായുധവും രാഷ്ട്രീയവുമായ പിന്തുണ കാരണം ഗസ്സയിലെ ഇസ്രായേൽ അതിക്രമണങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓർമകൾ ദൈർഘ്യമേറിയതാണെന്നും അവരുടെ ചെയ്തികൾക്ക് രാഷ്ട്രീയമായ – ചിലപ്പോൾ നിയമപരവും – വില നൽകേണ്ടി വരുമെന്നും അവരെ അറിയിക്കേണ്ടതുണ്ട്.

 

വിവ: ഇർശാദ് പേരാമ്പ്ര 

Related Articles