Current Date

Search
Close this search box.
Search
Close this search box.

ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല

ഗസ്സ‌ക്കെതിരായ ഇസ്രായേലിന്റെ ക്രൂരമായ യുദ്ധം ആത്മഹത്യപരമാണെന്ന് ദീർഘകാലാടിസ്ഥാനത്തിൽ തെളിയുന്നതായിരിക്കും. അത് ശക്തമായ ‘ജൂത രാഷ്ട്രത്തിന്റെ’ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും.

“സ്വയം പ്രതിരോധം” എന്ന വ്യാജേന ആസൂത്രിതമായി ഫലസ്തീൻ ജനതയെ കൊന്നു തള്ളുന്നതിലൂടെ ഇസ്രായേലിനു സുരക്ഷ വർദ്ധിപ്പിക്കാനോ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാനോ കഴിയുകയില്ല. മറിച്ച്, കൂടുതൽ അരക്ഷിതാവസ്ഥയും അസ്ഥിരതയും ഉണ്ടാവുയാണ് ചെയ്യുക. ശത്രു രാജ്യങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുകയും അതിന്റെ അതിജീവന സാധ്യതകൾ ഇല്ലാതാവുകയും ചെയ്യും.

അധിനിവേശം ഉപേക്ഷിച്ചു സാധാരണ രാഷ്ട്രമാവാത്തിടത്തോളം മിഡിൽ ഈസ്റ്റിൽ ഇസ്രായേലിനു ഭാവിയുണ്ടാവില്ല എന്ന കാര്യത്തിൽ എനിക്കൊരിക്കലും സംശയമുണ്ടായിട്ടില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയെ ആശ്രയിച്ചു കൊണ്ടാണെങ്കിലും ഇസ്രായേൽ സാധാരണ രാഷ്ട്രമായി മാറുകയാണെന്ന് കരുതപ്പെട്ടിരുന്നു. തങ്ങളെ പിന്താങ്ങുന്ന അമേരിക്കയുടെ മാധ്യസ്ഥതയിൽ രണ്ടു കൂട്ടരുടെയും നിലനിൽപ്പ് ഉറപ്പ് നൽകുന്ന ‘സമാധാന പ്രക്രിയ’ യിൽ ഫലസ്തീനികളോടും പ്രദേശത്തെ അറബ് രാഷ്ട്രങ്ങളോടും ഇസ്രായേൽ ധാരണയിൽ എത്തിയിരുന്നു. 

എന്നാൽ ഇസ്രായേൽ അതിന്റെ കൊളോണിയൽ മനോഭാവം തുടർന്നു കൊണ്ടിരുന്നു. അധിനിവേശം അവസാനിപ്പിച്ച് അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനുള്ള എണ്ണമറ്റ അവസരങ്ങൾ ഇസ്രായേൽ പാഴാക്കി. ഇസ്രായേൽ നയതന്ത്രജ്ഞൻ അബ്ബാ എബാന്റെ കുപ്രസിദ്ധമായ പരിഹാസം ‘ഒരു അവസരം നഷ്ടപ്പെടുത്താനുള്ള ഒറ്റ അവസരവും ഇസ്രായേൽ പാഴാക്കിയില്ല’ എന്നായിരുന്നു. 

അധിനിവേശം അവസാനിപ്പിക്കുന്നതിനു പകരം ഫലസ്തീൻ ഭൂപ്രദേശങ്ങളിൽ കയ്യേറ്റ പദ്ധതി ഇരട്ടിപ്പിക്കുകയാണ് ഇസ്രായേൽ ചെയ്തത്. ഫലസ്തീനികളിൽ നിന്നും മോഷ്ടിച്ച ഭൂമിയിലുള്ള അനധികൃത ജൂത കുടിയേറ്റങ്ങളുടെയും കുടിയേറ്റക്കാരുടെയും എണ്ണം പലവട്ടം വർധിപ്പിച്ചു. പ്രത്യേക ബൈപാസ് റോഡുകളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും കുടിയേറ്റക്കാരുമായി ബന്ധം പുലർത്തിയ ഇസ്രായേൽ രണ്ട് വ്യവസ്ഥകളാണ് അവിടെ നിർമിച്ചത്. ആധിപത്യ വ്യവസ്ഥ ജൂതർക്കും അധീന വ്യവസ്ഥ ഫലസ്തീനികൾക്കും. സൗത്ത് ആഫ്രിക്കയിൽ ഒരു അപാർത്തീഡ് തകർന്നപ്പോൾ ഫലസ്തീനിൽ മറ്റൊന്ന് രൂപം കൊണ്ടിരിക്കുന്നു.  

സമാധാനത്തിന്റെ അഭാവത്തിലും കോളനിവൽക്കരണത്തിന്റെ നിഴലിലും രാജ്യം കൂടുതൽ ഫാസിസത്തിലേക്ക് വഴുതിവീണു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു നിൽക്കുന്ന ചരിത്ര ഫലസ്തീനിൽ ജൂത മേൽക്കോയ്മ നിയമങ്ങൾ വ്യാപിപ്പിച്ചു. അധികം വൈകാതെ മതഭ്രാന്തരായ തീവ്രവലതുപക്ഷ പാർട്ടികൾ ശക്തിപ്രാപിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവസരവാദ നേതൃത്വത്തിന് കീഴിൽ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഇസ്രയേലിന്റെ തന്നെയും സ്ഥാപനങ്ങളെയും രണ്ട് ജനതകൾ തമ്മിലുള്ള സഹവർത്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും തുരങ്കം വച്ചുകൊണ്ടാണ് ഇവർ അധികാരം കയ്യാളുന്നത്. 

എല്ലാ ഒത്തുതീർപ്പ് ശ്രമങ്ങളെയും നിരസിക്കുന്ന ഇവർ ഫലസ്തീനിനെ മുഴുവനായി വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീനികളെ പുറന്തള്ളാൻ വേണ്ടി ഭൂമി മോഷ്ടിച്ചു അനധികൃത കയ്യേറ്റ കുടിയേറ്റങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണവർ. 

ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായ ഗസ്സ മുനമ്പിനെതിരെയുള്ള ഉപരോധവും അവർ ശക്തമാക്കി. ഒരു പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുമ്പോൾ മറ്റു പ്രദേശങ്ങളുമായി ഒന്നിക്കാൻ ഗസ്സയെ അനുവദിക്കുമെന്ന കപട ഭാവവും അവർ ഉപേക്ഷിച്ചിരിക്കുന്നു.

പിന്നീട് ഒക്ടോബർ 7 സംഭവിച്ചു. ഇസ്രായേലിന്റെ കൊളോണിയൽ പദ്ധതി അസ്ഥിരവും അന്യായമാവുമാണെന്നുള്ള ഉണർത്തലായിരുന്നു ആ ആക്രമണം. രണ്ട് ദശലക്ഷം ജനങ്ങളെ തടങ്കലിലാക്കി ആ താക്കോൽ വലിച്ചെറിയാൻ കഴിയില്ലെന്നുള്ള പ്രഖ്യാപനമായിരുന്നു അത്.

ഫലസ്തീനികളുടെ മേലുള്ള തങ്ങളുടെ കൈയേറ്റവും അധിനിവേശവും ഉപരോധവുമാണ് സംഘർഷത്തിന്റെ യാഥാർഥ കാരണമെന്നും  ആ ആക്രമണം ഇസ്രായേലിനെ ഉണർത്തുന്നു.എന്നാൽ നെതന്യാഹു ഭരണകൂടം ഈ ദുരന്തത്തെ ലോകത്തിന്റെ സഹതാപം നേടിയെടുക്കാനുള്ള വഴിയാക്കി മാറ്റി. ഫലസ്തീനികളെ വംശീയമായി പൈശാചികവൽക്കരിക്കുന്നത് അധികരിപ്പിച്ച് ഒരു വംശഹത്യ യുദ്ധത്തിന് വഴിയൊരുക്കുകയാണ് ഇസ്രായേൽ ചെയ്തത്.

‘തിന്മ’ക്കെതിരെയുള്ള യുദ്ധം എന്ന ഇസ്രായേലിന്റെ പ്രഖ്യാപനം ഹമാസിനെ കൂടാതെ ഗസ്സയിലെ ജനങ്ങളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇസ്രായേൽ പ്രസിഡന്റിൽ നിന്ന് തുടങ്ങി ഒരോ ഇസ്രായേലി നേതാക്കളും ഒന്നിനുപുറകെ ഒന്നായി ഗസ്സയിൽ നിരപരാധികൾ ഇല്ലെന്ന് വാദിച്ചു കൊണ്ടിരിക്കുകയും അങ്ങനെ എല്ലാ ഫലസ്തീനികൾക്കും നേരെ കൊടിയ  ആക്രമണം അഴിച്ചു വിടുകയും ചെയ്തു.

അതിനു ശേഷം പ്രതികാര ബുദ്ധിയോടെയും ഗോത്രീയമായുമാണ് ഇസ്രായേൽ പെരുമാറിയത്. നാശം വിതച്ചു കൊണ്ട് അവർ കയ്യേറ്റങ്ങൾ അധികാരിപ്പിച്ചു. മാനുഷിക മര്യാദകളോടും അന്താരാഷ്ട്ര നിയമങ്ങളോടും തികഞ്ഞ അവഗണനയാണ് ഇസ്രായേൽ കാണിക്കുന്നത്. അമേരിക്കയുടെയും മറ്റു പടിഞ്ഞാറൻ കൂട്ടാളികളുടെയും ആയുധ പിന്തുണയും സാമ്പത്തിക സഹായവുമുള്ള ഇസ്രായേലിന്റെ അധിനിവേശം ആശുപത്രികൾക്കും സ്‌കൂളുകൾക്കും പള്ളികൾക്കും വീടുകൾക്കും എതിരെയുള്ള യുദ്ധമാണ്. ഡോക്ടർമാരും കുട്ടികളും അദ്ധ്യാപകരും പത്രപ്രവർത്തകരും പുരുഷന്മാരും സ്ത്രീകളും പ്രായമുള്ളവരും ചെറുപ്പക്കാരും എല്ലാവരും ശത്രുക്കളാണെന്ന രീതിയിലാണ് ഇസ്രായേലിന്റെ യുദ്ധം. 

എന്നാൽ, ഈ വിദേശ ഗോത്രം അതിജീവിക്കാൻ യാതൊരു സാധ്യതയും ഇല്ല.  രക്തത്തിൽ കുളിച്ച ഈ കയ്യേറ്റക്കാരനെതിരെ മുമ്പെങ്ങുമില്ലാത്ത രീതിയിൽ പ്രദേശത്തെ തദ്ദേശീയ ജനത ഒരുമിച്ചിട്ടുണ്ട്. മതപരമായ അവകാശ വാദങ്ങൾ ഉന്നയിച്ചു കൊണ്ട് തങ്ങളുടെ വംശീയ ആക്രമങ്ങളെ ന്യായീകരിക്കാൻ ഇനി ഇസ്രായേലിനു കഴിയുകയില്ല.  നിരപരാധികളായ കുട്ടികളെ അറുകൊല ചെയ്യാൻ ദൈവം അനുമതി നൽകില്ല. അമേരിക്കക്കും മറ്റു പടിഞ്ഞാറൻ രക്ഷാധികാരികൾക്കും ഇനി സാധിക്കുകയില്ല. 

പാശ്ചാത്യ പൊതുജനാഭിപ്രായം ഇസ്രയേലിനെതിരെ തിരിഞ്ഞതിനാൽ മിഡിൽ ഈസ്റ്റിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വാർഥരായ അതിന്റെ നേതാക്കളും നിലപാട് മാറ്റും. ഇസ്രായേലിനോട് കുട്ടികളെ കൊല്ലുന്നത് നിർത്താൻ ആവശ്യപ്പെട്ട ഫ്രാൻസ് വരാനിരിക്കുന്നതിന്റെ സൂചനയാണ്. ഈ വൃത്തികെട്ട യുദ്ധത്തിന് ശേഷം ഇസ്രായേലിനു തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഇല്ല. പടുകുഴിയുടെ വക്കിൽ നിന്നും തിരിഞ്ഞു നടക്കാനുള്ള അവസാന അവസരമാണ്. 

ഇന്ന് അപ്രായോഗികമാണെങ്കിലും, ജോ ബൈഡന്റെ രണ്ടു രാഷ്ട്രം എന്ന ഫോർമുല അംഗീകരിക്കുക. കയ്യേറ്റവും വംശീയ ഉന്മൂലനവും ഭൂപ്രദേശം വെട്ടിപ്പിടിക്കലും അവസാനിപ്പിച്ചു അമേരിക്ക ഗസ്സയിൽ വരച്ച ചുവന്ന വരയെ അംഗീകരിക്കുക. എന്നാൽ നെതന്യാഹുവും അയാളുടെ ഭ്രാന്തൻ കൂട്ടാളികളും ഒരിക്കൽ കൂടെ അമേരിക്കയുടെ ഉപദേശം അവഗണിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. ഇത് രണ്ട് കൂട്ടർക്കും നാശമാണ് വരുത്തുക. 

ഗസ്സക്കെതിരെ യുദ്ധം ആരംഭിക്കുന്നതിനും വളരെ മുമ്പ് മുൻനിര ഇസ്രായേലി പത്രപ്രവർത്തകനായ അരി ശാവിത് ഇസ്രായേലിന്റെ തകർച്ച പ്രവചിച്ചിരുന്നു. ഇനിയും വിനാശകരമായ  ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ “നമുക്കറിയാവുന്നത് പോലെ” ഇസ്രായേൽ തകരും എന്നായിരുന്നു ആ പ്രവചനം. ഇസ്രായേലിന്റെ രഹസ്യ വിഭാഗമായ ഷിൻ ബെതിന്റെ മുൻ മേധാവി അമി അയാലോൺ കഴിഞ്ഞ ആഴ്ചയിൽ മുന്നറിയിപ്പ് നൽകിയത് ഗവണ്മെന്റിന്റെ യുദ്ധവും ഭൂപ്രദേശ വ്യാപിപ്പിക്കലും നമുക്കറിയാവുന്നത് പോലെ “ഇസ്രായേലിന്റെ അന്ത്യത്തിലേക്ക്” നയിക്കും എന്നായിരുന്നു. ഇസ്രായേൽ അധിനിവേശം തുടരുകയാണെങ്കിൽ ഇരുണ്ട ഭാവി വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇരുവരും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

നമുക്കറിയാവുന്നത് പോലെ, പ്രാചീന കുരിശു സൈന്യത്തെയും ആധുനിക കൊളോണിയൽ ശക്തികളെയും പോലെ അവസാന അധിനിവേശ ശക്തിയായ ഇസ്രായേലും ഇല്ലാതാവാൻ വിധിക്കപ്പെട്ടതാണ്. ചിന്തപ്പെടുന്ന രക്തത്തിൽ ഫലസ്തീനികളുടെയും അറബികളുടെയും ഇസ്രായേലികളുടെയും തോതെത്ര എന്നത് പരിഗണനീയമേയല്ല.  

ഗസ്സ യുദ്ധം ഒരു അന്ത്യത്തിന്റെ ആരംഭമായേക്കാം. എന്നാൽ അത് ഫലസ്തീനിന്റെ അന്ത്യമല്ല. അപാർത്തീഡ് സൗത്ത് ആഫ്രിക്കയിലെ രക്തപങ്കില മേധാവിത്വ ഭരണകൂടം പിഴുതെറിയപ്പെട്ട പോലെ ഇപ്പോഴല്ലെങ്കിൽ പിന്നീട് ഇസ്രായേലും ഇല്ലാതാവും.

 

വിവ: ഇർശാദ് പേരാമ്പ്ര

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles