Current Date

Search
Close this search box.
Search
Close this search box.

വാചകകസര്‍ത്ത് മാത്രം കൈമുതലായുള്ള മോദി

എ.ഐയുടെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഒരു പ്രസംഗം തയാറാക്കുക എന്നത് വളരെ എളുപ്പമാണ്. അദ്ദേഹം ഇതുവരെയായി പത്ത് സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തി, ഇതിലെല്ലാം വ്യക്തമായ സാദൃശ്യം കാണാന്‍ സാധിക്കും. രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും അദ്ദേഹം സ്വയം ക്രെഡിറ്റ് അവകാശപ്പെടും, രാജ്യത്തിന് അനിവാര്യമായ വികസനത്തെ പലപ്പോഴും ഒരു വലിയ വിജയമായി ചൂണ്ടിക്കാട്ടും, വസ്തുതകള്‍ അവഗണിക്കുകയും മുന്‍കാല വാഗ്ദാനങ്ങളെ സമര്‍ത്ഥമായി അവഗണിക്കുകയും ജനങ്ങളുടെ ന്യായമായ ആശങ്കകളെ തള്ളിക്കളയുകയും ചെയ്യും. അദ്ദേഹത്തിന്റെ വാചകകസര്‍ത്തുകള്‍ക്ക് പലപ്പോഴും പ്രവര്‍ത്തന പദ്ധതികളൊന്നും മുന്നോട്ടുവെക്കാത്ത വലിയ കാഴ്ചപ്പാടുകള്‍ മാത്രമാകുന്നു.

സാമ്പത്തിക രംഗത്ത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് പ്രധാനമന്ത്രി മോദി നമ്മള്‍ക്ക് ‘വ്യക്തിഗത ഉറപ്പ്’ നല്‍കിയിട്ടുണ്ട്. 2028ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് 2013-ല്‍ തന്നെ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു അതിനാല്‍ ആദ്യം തന്നെ ഈ വാഗ്ദാനവും പൊള്ളയാണ്.

നോട്ട് നിരോധനം, തെറ്റായി രൂപകല്പന ചെയ്ത ജി.എസ്.ടി, ആസൂത്രണമില്ലാത്ത ലോക്ക്ഡൗണുകള്‍ എന്നിവ പോലുള്ള തെറ്റായ നടപടികള്‍ നയരൂപകര്‍ത്താക്കള്‍ ഒഴിവാക്കുന്നതോടെ 2075-ഓടെ നമ്മള്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് നമുക്ക് ഒരു സര്‍വേ റി്‌പ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നമുക്ക് ഉറപ്പ് നല്‍കാന്‍ കഴിയും.

വാഗ്ദാനങ്ങള്‍ക്കിടയില്‍, 2014-ന് മുമ്പ് ഇന്ത്യ എങ്ങനെയാണ് ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ ഇടംപിടിച്ചതെന്ന് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചിരുന്നു. 2004 നും 2014 നും ഇടയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശരാശരി 7.8% ആയിരുന്നു. 2013-14 വര്‍ഷത്തില്‍, നമ്മുടെ ‘ദുര്‍ബലമായ’ സമ്പദ്വ്യവസ്ഥ 6.4% ആണ് വളര്‍ച്ച കൈവരിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഇപ്പോള്‍ ശരാശരി 5.7% ആണ് സാമ്പത്തിക വളര്‍ച്ച. ഇന്ത്യയ്ക്ക് വളര്‍ച്ചയുടെ വേഗത ഗണ്യമായി നഷ്ടപ്പെട്ടു, ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഭരണഘടനാ ഉദ്യോഗസ്ഥര്‍ക്ക് വസ്തുതകള്‍ അവഗണിക്കാനുള്ള ആവേശമുണ്ടാകും, പക്ഷേ സാധാരണക്കാര്‍ക്ക് അങ്ങനെയല്ല. ‘ഈ രാജ്യം നിങ്ങള്‍ക്ക് പരിധികളില്ലാത്ത അവസരങ്ങള്‍ നല്‍കും, നിങ്ങള്‍ വിഷമിക്കേണ്ടതില്ല’ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യുവാക്കള്‍ കേള്‍ക്കുമ്പോള്‍, അവര്‍ക്ക് യാതൊരും പ്രതീക്ഷയും ഉണ്ടാവില്ല, മറിച്ച് നിരാശയോടെയാണ് അവര്‍ ഇത് മറികടക്കുന്നത്.

2014 മുതല്‍ യുവാക്കളുടെ തൊഴിലില്ലായ്മ 22 ശതമാനത്തിന് മുകളിലാണ്. സമ്പദ്വ്യവസ്ഥയുടെ ദുരുപയോഗം തൊഴില്‍ വിപണിയെ ചുരുക്കി, ആളുകളെ തൊഴില്‍ ശക്തിയില്‍ നിന്ന് പുറത്താക്കി. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നിട്ടിറങ്ങാമായിരുന്നു, എന്നാല്‍ അവര്‍ പുറംതിരിഞ്ഞ് നമ്മുടെ യുവാക്കളുടെ ദുരവസ്ഥയെ അവഗണിക്കാന്‍ തീരുമാനിച്ചു. 2014 നും 2022 നും ഇടയില്‍ 22 കോടി സര്‍ക്കാര്‍ ജോലി അപേക്ഷകള്‍ ലഭിച്ചപ്പോള്‍ 7.2 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചതെന്ന് കഴിഞ്ഞ വര്‍ഷം മന്ത്രി ലോക്സഭയെ അറിയിച്ചിരുന്നു. അതായത്, ഓരോ 1000 അപേക്ഷകളിലും സര്‍ക്കാര്‍ മേഖലയില്‍ 3 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്.

ജോലി റിക്രൂട്ട്മെന്റിലെ തുടര്‍ച്ചയായ ഇടിവാണ് ഏറ്റവും മോശമായത്. 2014-15 മുതല്‍ നിയമിതരായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 70% കുറഞ്ഞു. 2021-22ല്‍ 1.86 കോടി അപേക്ഷകരില്‍ 38,850 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. മുദ്ര യോജനയെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അസ്ഥാനത്താണ്. 2021-22 ലെ ഏകദേശം 80% വായ്പകളും ശിശു വിഭാഗത്തിലാണ്, അവിടെ വായ്പ തുക 50,000 രൂപയില്‍ താഴെയാണ്. വലിയ പദ്ധതികള്‍ നടക്കാത്തതിനാല്‍ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറവാണ്.

2014ലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ലോകത്തോട് ‘വരൂ, ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ എന്ന് ആഹ്വാനം ചെയ്തിരുന്നു. 2022ഓടെ ഉല്‍പ്പാദനമേഖലയില്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 2016നും 2023നും ഇടയില്‍ 15 ലക്ഷം നിര്‍മാണ തൊഴിലവസരങ്ങളാണ് നഷ്ടമായത്. എന്നാല്‍ വാഗ്ദാനങ്ങള്‍ക്ക് ഒരു കുറവുമില്ല. സൗകര്യമുള്ളിടത്തെല്ലാം മുന്‍കാല വാഗ്ദാനങ്ങള്‍ അവഗണിക്കുകയാണ്. അതിനാല്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നോ, 100 സ്മാര്‍ട്ട് നഗരങ്ങളെക്കുറിച്ചോ, എല്ലാവര്‍ക്കും വീടെന്നോ, എല്ലാ വീട്ടിലും വൈദ്യുതിയെക്കുറിച്ചോ നമ്മള്‍ കേള്‍ക്കുന്നില്ല.

ജനറേറ്റീവ് എ.ഐയുടെ ഒരു പ്രധാന ആശങ്ക, സന്ദര്‍ഭത്തിന് അനുയോജ്യമല്ലാതെ നിലവിലെ പ്രശ്നത്തില്‍ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടേക്കാവുന്ന ഫലങ്ങള്‍ ഇത് നല്‍കുന്നു എന്നതാണ്. ചാറ്റ് ജി.പി.ടി പലപ്പോഴും നിലവിലില്ലാത്ത ഹൈപ്പര്‍ലിങ്കുകള്‍ ആണ് സൃഷ്ടിക്കുന്നത്. അതുപോലെ തന്നെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുമ്പോഴും അത് അതിഭാവുകത്വവും കെട്ടുകഥകളും നിറഞ്ഞതായാണ് കാണപ്പെടുക.

പണപ്പെരുപ്പം ഉയരുന്നതില്‍ സാധാരണ ജനങ്ങള്‍ ആശങ്കാകുലരാണ്, എന്നാല്‍ ‘ഞങ്ങള്‍ക്ക് പണപ്പെരുപ്പം വിജയകരമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു’ എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി ആ പ്രശ്‌നങ്ങള്‍ മാറ്റിവെക്കുകയാണുണ്ടായത്.

ഓഗസ്റ്റ് 14 ന് വൈകുന്നേരം സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ചില്ലറ പണപ്പെരുപ്പം 15 മാസത്തെ ഉയര്‍ന്ന നിരക്കിലാണെന്നും പച്ചക്കറി വിലയില്‍ പ്രതിമാസം 38% വര്‍ധിച്ചതായും വര്‍ഷം തോറും 37% വര്‍ദ്ധിച്ചതായും അവര്‍ പറഞ്ഞു. ഈ വര്‍ഷം, പ്രധാനമന്ത്രി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് ഊന്നല്‍ നല്‍കി സംസാരിച്ചത്.

ശാശ്വതമായ പാരമ്പര്യം ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യഗ്രത കാണിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ക്രിയാത്മകമായ മാറ്റങ്ങളില്ലാത്ത ഇത്തരം ബോംബ് പ്രസ്താവനകള്‍ക്ക് അത് നേടാനാവില്ല. മൂന്ന് മാസമായി മണിപ്പൂരിലെ ജനങ്ങള്‍ ക്രൂരമായ സംഘര്‍ഷത്തിന്റെ പിടിയിലാണ്. സമാധാനം സ്ഥാപിക്കുന്നതിനായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്.

പ്രധാനമന്ത്രി എന്ന നിലയില്‍ രാജീവ് ഗാന്ധി അസമിലും മിസോറാമിലും എങ്ങനെയാണ് 1985ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും 1986ലെ മിസോറാം സമാധാന കരാറില്‍ ഒപ്പുവെച്ചതെന്നും ജനങ്ങള്‍ ഓര്‍ക്കും. അസാമിലും മിസോറാമിലും കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ഒന്നുകില്‍ രാജിവെക്കുകയോ അല്ലെങ്കില്‍ സമാധാന പ്രക്രിയ നിയമവിധേയമാക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അധികാരം ത്യജിക്കാന്‍ കഴിയുന്ന കൂടുതല്‍ നേതാക്കളെയാണ് ഇന്ന് നമുക്കാവശ്യം.

രാജസ്ഥാനിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഗിഗ് തൊഴിലാളികളെ സഹായിക്കുന്നതിനും എല്ലാ പൗരന്മാര്‍ക്കും ശരിയായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും എല്ലാ പൗരന്മാര്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്നതിനുമായി പുരോഗമനപരമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍, സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷങ്ങളോട് പ്രതികരിക്കുകയും അവര്‍ക്ക് കരുതല്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഛത്തീസ്ഗഢില്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അനുകൂലമായ നയങ്ങള്‍ ഗ്രാമീണ നവോത്ഥാനത്തിലേക്ക് നയിച്ചു. കര്‍ണാടകയില്‍, ദരിദ്രര്‍ക്ക് ആശ്വാസം നല്‍കുകയും അവര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള തൊഴിലവസരം നല്‍കുകയും ചെയ്യുന്ന ക്ഷേമാധിഷ്ഠിത പ്രവര്‍ത്തന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി മോദി തന്റെ പത്ത് പ്രസംഗങ്ങളിലും തളര്‍ത്തുകയാണുണ്ടായത്. തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാരിന് എട്ട് മാസമുണ്ട്. ഇതിനിടെ ചില ക്രിയാത്മകമായ മാറ്റം ഞങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കട്ടെ.

 

അവലംബം: ദി വയര്‍
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles