Current Date

Search
Close this search box.
Search
Close this search box.

‘മതത്തില്‍ രാഷ്ട്രീയമില്ല; രാഷ്ട്രീയത്തില്‍ മതവുമില്ല’

ചില രാഷ്ട്രീയ ചിന്തകന്മാര്‍ നിരന്തരമായി ഉന്നയിക്കുന്ന വാദമാണ് മതത്തില്‍ രാഷ്ട്രീയത്തിനോ രാഷ്ട്രീയത്തില്‍ മതത്തിനോ പ്രസക്തിയില്ല എന്നത്. മൂന്ന് ന്യായീകരണങ്ങളാണ് ഈ പ്രചാരകര്‍ പ്രധാനമായും ഉന്നയിക്കാറുള്ളത്.

1. ദീന്‍ സ്ഥിരപ്പെട്ടതും നിരുപാധികവുമായ കാര്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്. ആപേക്ഷികവും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയവുമായ കാര്യങ്ങളെയാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.
ഈ അഭിപ്രായം പൂര്‍ണമായ അര്‍ത്ഥത്തില്‍ ശരിയല്ല. മതത്തില്‍ ചില കാര്യങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ അനുവദനീയമാണ്. മറ്റു ചില കാര്യങ്ങള്‍ മാറ്റത്തിരുത്തലുകള്‍ അനുവദനീയവുമല്ല. രാഷ്ട്രീയവും അപ്രകാരം തന്നെയാണ്.
അല്ലാഹുവിന്റെ നാമ വിശേഷണങ്ങള്‍, നമസ്‌കാരം, നോമ്പ്, വിവാഹം, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയവ ദീനില്‍ സ്ഥിരപ്പെട്ട മാറ്റത്തിരുത്തലുകള്‍ സ്വീകാര്യമല്ലാത്ത അടിസ്ഥാന കര്‍മങ്ങളാണ്. സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കനുസൃതമായ കാരണങ്ങളാല്‍ കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ അനുവദനീയമായതും മാറ്റത്തിരുത്തലുകള്‍ക്ക് സാധുതയുമുള്ള വിഷയങ്ങളുമുണ്ട്. ഉസൂലുല്‍ ഫിഖ്ഹ് അവലംബമാക്കിയായിരിക്കണം പുതിയ വിധികള്‍ രൂപപ്പെടുത്തേണ്ടത്.

സമൂഹത്തെയും അവരുടെ വിശ്വാസകാര്യങ്ങളെയും സമ്പത്തിനെയും സംരക്ഷിക്കുക പോലുള്ള അടിസ്ഥാനപരമായതും സ്ഥിരപ്പെട്ടതുമായ രാഷ്ട്രീയ കാര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിധികളില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുന്ന അനേകം കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, സാമ്പത്തിക പദ്ധതികളുടെ മുന്‍ഗണനകള്‍, പാഠ്യപദ്ധതി നിര്‍മാണ ഘട്ടങ്ങള്‍, സമൂഹ സംസ്‌കരണം സാധ്യമാകുന്നതിന്റെ രീതികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്.

2. മതം ഒന്നിപ്പിക്കുകയും രാഷ്ട്രീയം ഭിന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ധാര്‍മികതയുടെയും മൂല്യങ്ങളുടെയും തത്വങ്ങളില്‍ നിന്ന് മുക്തമായ രാഷ്ട്രീയമാണ് ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം. ധാര്‍മികവും നൈതികവുമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായതും ഇസ്‌ലാമിനെ മൗലികസ്രോതസ്സായി അംഗീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം പരസ്പര ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയ ബോധമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്, മറിച്ച് ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയുമാണ്.

3. രാഷ്ട്രീയത്തെ വ്യക്തി താല്‍പര്യങ്ങളും ഗ്രൂപ്പ് താല്‍പര്യങ്ങളും ചലിപ്പിക്കുന്നു. എന്നാല്‍ മതം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്. മതപരമായതെല്ലാം പരിശുദ്ധവും ഐഹികമായതെല്ലാം നികൃഷ്ടവുമാണെന്ന ക്രൈസ്തവ വാദത്തിന്റെ മറ്റൊരു പ്രതിഭാസമാണിത്. എന്നാല്‍ ഈ അര്‍ത്ഥത്തിലുള്ള വിഭജനങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല, ദൈവിക പ്രീതി കാംക്ഷിച്ചു കൊണ്ടും മുസ്‌ലിം നിര്‍വ്വഹിക്കുന്ന എല്ലാ ഐഹിക കാര്യങ്ങളും ഇബാദത്തായി പരിഗണിക്കുകയും അര്‍ഹമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. ‘ഭാര്യമാരുമായി ലൈംഗിക ദാഹം ശമിപ്പിക്കുവാന്‍ ബന്ധപ്പെടുന്നതിലും നിങ്ങള്‍ക്ക് പുണ്യമുണ്ട് എന്ന് പ്രവാചകന്‍(സ) പറഞ്ഞപ്പോള്‍ അനുചരര്‍ ചോദിച്ചു. ഒരാള്‍ തന്റെ ലൈംഗികദാഹം ശമിപ്പിക്കുന്നതില്‍ എങ്ങനെയാണ് പുണ്യകരമാകുന്നത്? നബി(സ)മറുപടി പറഞ്ഞു. ഒരാള്‍ അനനുവദനീയമായ മാര്‍ഗത്തിലൂടെയാണ് ഇത് നിര്‍വ്വഹിക്കുന്നതെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കുന്നത് പോലെ അനുവദനീയമായ മാര്‍ഗത്തില്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍ അതിന്റെ പ്രതിഫലവും ലഭിക്കും’. ഈ താല്‍പര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയശക്തികള്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് നിയമാനുസൃതവും സ്വീകാര്യവുമായതാണ്.

ദീനിനെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പ്പെടുത്തിയതാണ് പശ്ചാത്യന്‍ നാഗരികതയുടെ നവോത്ഥാനത്തിന് വഴിയൊരുക്കിയതെന്ന് അവര്‍ ഉന്നയിക്കുന്ന പ്രധാന വാദമാണ്. ചര്‍ച്ച് ശാസ്ത്രീയമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ കണ്ണടക്കുകയും ശാസ്ത്രജ്ഞന്മാരുടെ മേല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തതാണ് ജനങ്ങളെ അത്തരം പൗരോഹിത്യ സംഘടനകളെ കയ്യൊഴിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇവിടെ പൗരോഹിത്യസഭകളോ മതമേധാവികളോ ഇല്ല. പക്ഷെ രാഷ്ട്രം മതത്തിനു വേണ്ടി നിലകൊള്ളുകയും മതം രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. ഇസ്‌ലാം മുസ്‌ലിങ്ങളെ പൊതുകാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പ്രേരിപ്പിച്ചു. നബി(സ) പഠിപ്പിച്ചു ‘മുസ്‌ലിങ്ങളുടെ വിഷയങ്ങള്‍ക്ക് പരിഗണന നല്‍കാത്തവര്‍ നമ്മില്‍ പെട്ടവനല്ല’.

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിനാല്‍ ഈ സമുദായത്തെ ഖുര്‍ആന്‍ വിശുദ്ധരെന്ന് പ്രഖ്യാപിച്ചു. ‘ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു.’ താന്‍ ജീവിക്കുന്ന സംഭവലോകവുമായി ഒരു മുസ്‌ലിമിനുള്ള അവബോധവും അത് സംസ്‌കരിക്കാനും അതിന്റെ അഭിവൃദ്ധിക്കും വേണ്ടിയുള്ള അവന്റെ അധ്വാന പരിശ്രമങ്ങളും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന പരികല്‍പനയില്‍ പെടുന്നു. ഇതിനാലാണ് സന്തോഷത്തിലും സന്താപത്തിലും തുല്ല്യമായി പങ്കുചേരുന്ന ഒരു ശരീരാവയവങ്ങളോട് വിശ്വാസികളെ പ്രവാചകന്‍(സ) ഉപമിച്ചത്. ‘ശരീരത്തിലെ ഒരവയവത്തിന് രോഗം ബാധിച്ചാല്‍ മറ്റവയവങ്ങള്‍ വേദനയില്‍ പങ്കുചേര്‍ന്നും ഉറക്കമൊഴിച്ചും അതിനോട് താദാത്മ്യപ്പെടുന്നതു പോലെയാണ് സത്യവിശ്വാസികള്‍ തമ്മിലുള്ള കരുണയുടെയും സ്‌നേഹത്തിന്റെയും ഉദാഹരണം’. മുസ്‌ലിങ്ങള്‍ക്ക് പ്രവാചകനില്‍ നിന്നുള്ള സുവ്യക്തമായ നിര്‍ദ്ദേശമാണിത്. അവരുടെ സഹോദരങ്ങളായ മുസ്‌ലിങ്ങളുടെ കാര്യങ്ങള്‍ മാത്രം പരിഗണിക്കാനല്ല, മറ്റുള്ളവരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്.

( കടപ്പാട് )

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles