Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ യു.എസ് സന്ദര്‍ശനം: യു.എസ് മാധ്യമങ്ങള്‍ കണ്ടതും ഇന്ത്യന്‍ മാധ്യമങ്ങള്‍ കണ്ടതും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും വാര്‍ത്താ മാധ്യമങ്ങള്‍ ഏറെ വൈരുദ്ധ്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇരു രാഷ്ട്ര നേതാക്കളും പൊതുവായി ഒപ്പുവെക്കുന്ന ഉഭയകക്ഷി കരാറുകളെക്കുറിച്ചുള്ള സാധാരണ റിപ്പോര്‍ട്ടിംഗിനപ്പുറം, മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യയിലെ ജനാധിപത്യത്തിലുള്ള പിന്നോക്കാവസ്ഥയെക്കുറിച്ചും ഇതു മൂലം ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് യു.എസ് മാധ്യമങ്ങള്‍ പൊതുവെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്തമായി, മോദിയുടെ സന്ദര്‍ശന വേളയിലെ ആര്‍ഭാടങ്ങളും ആഢംഭരപൂര്‍ണമായ ഷോയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അമേരിക്കന്‍ മീഡിയ കവറേജ്

ഏതൊരു രാജ്യവുമായും യു.എസിന്റെ ഉഭയകക്ഷി ബന്ധത്തന് വലിയ പ്രാധാനമ്യുണ്ടാകാറുണ്ട്. ഇന്ത്യക്കും അതേ പ്രാധാന്യം ലഭിച്ചു, കാരണം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇപ്പോള്‍ ഒരു പൊതു എതിരാളിയുണ്ട്: ചൈന.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ, മോദിയുടെ കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെക്കുറിച്ച് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകളും വിദഗ്ധ അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ഇരു രാഷ്ട്രങ്ങളും പരസ്പരം പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങള്‍ തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമായി ഉയര്‍ത്തിക്കാട്ടുന്ന ബൈഡനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിഷമകരമായ സാഹചര്യത്തിലേക്ക് നയിച്ചതായി അവരുടെ റിപ്പോര്‍ട്ടുകളില്‍ എടുത്തുകാണിച്ചു.

ചൈനയ്ക്കെതിരായ ‘ജിയോപൊളിറ്റിക്കല്‍ കൗണ്ടര്‍വെയ്റ്റ്’ എന്ന നിലയില്‍ യു.എസിന് ഇന്ത്യയെ പ്രയോജനപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ ബിസിനസ്സ് വശങ്ങളിലേക്കും യു.എസ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, വ്യാഴാഴ്ച, അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ സൈനിക ഡ്രോണ്‍ സംഭരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധവിമാന എഞ്ചിന്‍ നിര്‍മ്മാണ കരാറിനെക്കുറിച്ചും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും, വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള യു.എസ് മാധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനം ബൈഡന്റെ ‘ജനാധിപത്യ-സ്വേച്ഛാധിപത്യ നിലയെ’ എങ്ങനെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും തുടര്‍ന്നു. ഇന്ത്യയുടെയും യു.എസിന്റെയും പൊതുതാല്‍പ്പര്യ മേഖലകളില്‍ ബൈഡന്‍ എങ്ങനെയാണ് ഊന്നല്‍ നല്‍കുന്നതെന്ന തരത്തിലും സന്ദര്‍ശനത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉക്രൈയ്‌നിലെ റഷ്യയുടെ അധിനിവേശം, ഇന്ത്യയില്‍ ‘മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍’ തുടങ്ങിയവ ചര്‍ച്ച ചെയ്തതായി മറ്റ് ചില മാധ്യമങ്ങളും സമാനമായി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, അമേരിക്കയിലെ അര ഡസനോളം നിയമനിര്‍മ്മാതാക്കള്‍ യു.എസ്് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കുന്നതായും അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ മോശം മനുഷ്യാവകാശ സമീപനങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയതെല്ലാം ആരോപിച്ചായിരുന്നു അവരുടെ പ്രതിഷേധവും ബഹിഷ്‌കരണവും.

എന്‍ബിസി ന്യൂസ് പോലുള്ള ചില അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികളും മോദി സര്‍ക്കാരിന്റെ മോശം മനുഷ്യാവകാശ കണക്കുകളെക്കുറിച്ചും ഇക്കാര്യത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ളിലുള്ള ‘ആഴത്തിലുള്ള ഭിന്നത’യെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തു.

അതുപോലെ, വൈറ്റ് ഹൗസില്‍ ബൈഡന്‍ അത്താഴവിരുന്ന് ഒരുക്കിയ സമയത്ത് പുറത്ത്, ന്യൂനപക്ഷങ്ങളോടുള്ള മോദിയുടെ സമീപനത്തെ വിമര്‍ശിക്കുന്ന സംഘടനകള്‍ പ്രതിഷേധിക്കുന്നതും വ്യാഴാഴ്ച, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു,

ഇന്ത്യന്‍ മീഡിയ കവറേജ്

അതേസമയം, യു.എസ് മാധ്യമങ്ങള്‍ക്ക് തീര്‍ത്തുംവിരുദ്ധമായിട്ടായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് രീതി. ഇരുവരും ഒപ്പുവെക്കുന്ന ഉഭയകക്ഷി കരാറുകളുടെ സാധാരണ കവറേജിനപ്പുറം, മിക്ക ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങളും മോദിയുടെ സന്ദര്‍ശനത്തിന്റെ ആര്‍ജ്ജവത്തെയും പ്രകടനപരതയെയുമാണ് പ്രധാനമായും എടുത്തുകാണിച്ചത്.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് തടസ്സമാകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിന്ന് അവര്‍ ഏറെക്കുറെ ഒഴിഞ്ഞുമാറി. പകരം, വെള്ളിയാഴ്ച, യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മോദിക്ക് എത്ര തവണ കൈയ്യടി ലഭിച്ചുവെന്നതൊക്കെയാണ് നിരവധി ഇന്ത്യന്‍ വാര്‍ത്താ വെബ്സൈറ്റുകളും മോദി സര്‍ക്കാര്‍ അനുകൂല പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തത്. വിദേശ നേതാക്കളുള്‍പ്പെടെയുള്ളവര്‍ അവരുടെ സംയുക്ത സഭ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അവരെ കരഘോഷത്തെടെ സ്വീകരിക്കുന്നത് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ദീര്‍ഘകാലമായിട്ടുള്ള ആചാരമാണ്.

അതുപോലെ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ നിയമസഭയില്‍ ഉയര്‍ന്ന ”മോദി, മോദി”, ”വന്ദേമാതരം” മുദ്രാവാക്യങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ, ഇരു രാജ്യങ്ങള്‍ക്കും വേണ്ടി മോദിയും ബൈഡനും കൈമാറിയ സമ്മാനങ്ങളെക്കുറിച്ച് ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ വിപുലമായി റിപ്പോര്‍ട്ട് ചെയ്തു.

അതുപോലെ, വൈറ്റ് ഹൗസില്‍ മോദിക്കായി ബൈഡന്‍ ഒരുക്കിയ അത്താഴ വിരുന്നിന്റെ മെനുവെല്ലാം നിരവധി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വലിയ ചര്‍ച്ചയായിരുന്നു.

മാത്രമല്ല, മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും അണിനിരക്കുന്ന വിവിധ പ്രവാസി ഗ്രൂപ്പുകളെ കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് വിരുദ്ധമായി, മോദിയെ സ്വാഗതം ചെയ്യാന്‍ വാഷിംഗ്ടണില്‍ ഒത്തുകൂടിയ മോദിയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെക്കുറിച്ചാണ് ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, ഇന്ത്യയിലെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മോദി നല്‍കിയ മറുപടിയും ഇന്ത്യന്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ വരുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

വ്യാഴാഴ്ച ബൈഡനുമായി നടത്തിയ അപൂര്‍വ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദിയോട് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്. ഇതിനു വിപരീതമായി, പത്രസമ്മേളനത്തില്‍ മോദി ചോദ്യം നേരിട്ടത് സംബന്ധിച്ച് സി.എന്‍.എന്‍ പോലുള്ള ചില യു.എസ് മാധ്യമങ്ങള്‍ മാത്രമാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തത്.

 

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

 

 

 

Related Articles