Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ രാഷ്ട്രീയവും സുന്നി പ്രാതിനിധ്യവും

മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരി തന്റെ 17 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം കഴിഞ്ഞ മാസം (2022 ഫെബ്രുവരി 24) അവസാനിച്ചപ്പോള്‍, പാര്‍ട്ടിയുടെ രാജ്യത്തെ പ്രധാന ശക്തികേന്ദ്രമായ താരിഖ് അല്‍ ജദീദയിലെ അധിക അനുയായികളും പ്രതികരിച്ചതായി കണ്ടില്ല. സഅദ് ഹരീരയുടെ നീക്കത്തില്‍ പ്രതിഷേധിച്ച്, നിരവധി ആളുകള്‍ ടയറുകളും ചവറ്റുകൊട്ടകളും കത്തിക്കാന്‍ കവലയിലേക്ക് പാഞ്ഞെത്തിയെങ്കിലും, മിക്ക നിവാസികളും തങ്ങളുടെ കടകളടച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളിലധികമായി സുന്നി രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ നേതാവിന്റെ സ്വാധീനത്തെ സംബന്ധിച്ച് ചോദ്യമല്ല, രാജ്യം എത്തിനില്‍ക്കുന്ന അവസ്ഥയുടെ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

യുദ്ധാനന്തര ലബനാന്റെ പുനര്‍നിര്‍മാണത്തിന് 1990കളുടെ തുടക്കത്തില്‍ ശതകോടീശ്വരനായ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി നേതൃത്വം നല്‍കിയത് മുതല്‍ മൂന്ന് പതിറ്റാണ്ടുകളായി സൗദി പിന്തുണയുള്ള പ്രമുഖ സുന്നി രാഷ്ട്രീയ വിഭാഗമായ ഫ്യൂച്ചര്‍ മൂവ്മെന്‍ിനെ നയിച്ചത് സമ്പന്നമായ ഹരീരിയുടെ കുടുംബമാണ്. ഹരീരി സീനിയര്‍ കൊല്ലപ്പെട്ട് പതിനേഴ് വര്‍ഷം (2005 ഫെബ്രുവരി 14) കഴിഞ്ഞു. കുടുംബവും സഖ്യകക്ഷികളും സിറിയന്‍ ഭരണകൂടത്തിന് നേരെയും, ഇറാന്‍ പിന്തുണയുള്ള ലിബനാനിലെ ഹിസ്ബുല്ലക്ക് നേരെയുമാണ് അദ്ദേഹത്തിന്റെ വധത്തില്‍ വിരല്‍ ചൂണ്ടുന്നത്. റഫീഖ് ഹരീരിയുടെ വധം മുതല്‍ക്കാണ് ഫ്യൂച്ചര്‍ മൂവ്മെന്റിന് അധികാരവും ജനപ്രീതിയും നഷ്ടപ്പെടുന്നത്. അതേസമയം, സൗദി അറേബ്യ രാഷ്ട്രത്തിനും പാര്‍ട്ടിക്കും നിക്ഷേപം നടത്താന്‍ തയാറാകുന്നില്ല. വര്‍ധിച്ചുവരുന്ന ഹിസ്ബുല്ലയുടെ സ്വാധീനത്തില്‍ സൗദി അറേബ്യ അസ്വസ്ഥമാണ്.
അധികാര പങ്കാളിത്ത വ്യവസ്ഥ ഭരണം നടത്തുന്ന രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രതിനിധീകരിക്കുന്ന സുന്നി സമൂഹം രാഷ്ട്രീയ ശൂന്യത അഭിമുഖീകരിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സുന്നി വിഭാഗങ്ങളുടെ പ്രാതനിധ്യ ശൈഥില്യം നമ്മള്‍ കാണുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബശ്ശാര്‍ അല്‍ ഹലബി നിരീക്ഷിക്കുന്നു. ലബനാനിലെ അടുത്ത തെരഞ്ഞെടുപ്പ് മെയ് 15നാണ് നടക്കുന്നത്. 2019 ആഗസ്റ്റില്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. എന്നാല്‍, ഹരീരിയെ പോലെ സംഘടനയില്‍ സുന്നി സമൂഹത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു നേതാവില്ലെന്നാണ് അല്‍ ഹലബിയുടെ നിരീക്ഷണം. ഫ്യൂച്ചര്‍ മൂവ്മെന്റിന് നിലവില്‍ പാര്‍ലമെന്റെില്‍ 20 അംഗങ്ങളുണ്ട്. ഇവരില്‍ സൂന്നി ഭൂരിപക്ഷ ജില്ലകളില്‍ നിന്ന് ഒരു പിടി പ്രതിനിധികളുണ്ട്. ട്രിപളി, ബൈറൂത്ത്, സൈദ എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേകിച്ചും. സഅദ് ഹരീരി പിന്‍വാങ്ങിയ സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഇവിടെ ഒരവസരം കാണുന്നുമുണ്ട്.

2018ല്‍ ഫ്യൂച്ചര്‍ മൂവ്മെന്റിനെതിരെ മത്സരിച്ച് വിജയിച്ച കോടീശ്വരനാണ് മഖ്സൂമി. എന്നാല്‍, അദ്ദേഹം പോരാട്ടങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ബൈറൂത്തിലെ ‘രണ്ടാം ജില്ല’യിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്്. സഅദ് ഹരീരി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത് തന്റെ രാഷ്ട്രീയ സംഘടനയെ മറ്റ് പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള അവസരമായി മഖ്‌സൂമി കാണുന്നില്ല. ട്രിപളി, വെസ്റ്റ് ബെക്ക പോലെ, അക്കാറ ജില്ലയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാന്‍ പിന്തുണയുള്ള ശീഈ പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ രാജ്യത്തെ വര്‍ധിക്കുന്ന സ്വാധീനത്തെ ഹരീരിയെ പോലെ മഖ്സൂമിയും എതിര്‍ക്കുന്നു. പക്ഷേ, ഹരീരി അവര്‍ക്കെതിരെ കര്‍ക്കശ സ്വഭാവത്തില്‍ ഇടപെടേണ്ടിയിരുന്നുവെന്നാണ് മഖ്‌സൂമി കാണുന്നത്. സഅദ് ഹരീരിയുടെ പിതാവിന്റെ വധത്തില്‍ മുഖ്യ പങ്ക് വഹിച്ച ഹിസ്ബുല്ല പ്രവര്‍ത്തകന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ അഞ്ച് വര്‍ഷം ജീവപര്യന്തം തടവ് വിധിച്ചതിന് ശേഷം പ്രത്യേകിച്ചും. കൊലപാതകം നടത്തിയ സാലിം അയ്യാശെയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സുന്നികളെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ഹിസ്ബുല്ലക്കെതിര സഅദ് ഹരീരി തിരിയാത്തതില്‍ മഖ്‌സൂമിക്ക് വലിയ വിയോജിപ്പുണ്ട്.

ഇപ്പോഴും ഹരീരിയുടെ കുടുംബം രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് പൂര്‍ണമായി പുറത്തായിട്ടില്ല. സഅദ് ഹരീരിയുടെ കോടീശ്വരനും വ്യവസായിയുമായ സഹോദരന്‍ ബഹാ ഹരീരി രാഷ്ട്രീയ പദ്ധതിയായ സവാ ലി ലുബ്‌നാന്‍ മുന്നോട്ടുവെച്ചരിക്കുന്നു. സൗദി അറേബ്യയുടെ ആശീര്‍വാദത്തോടെ, ഫ്യൂച്ചര്‍ മൂവ്‌മെന്റ് പാര്‍ട്ടിയെ ഭാവിയില്‍ നയിക്കാന്‍ പോകുന്ന സഅദ് ഹരീരിയുടെ പിന്‍ഗാമിയാണെന്നാണ് ബഹാ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഷങ്ങളായി അദ്ദേഹം വിദേശത്തായിരുന്നു. ‘രക്തസാക്ഷിയായ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ യാത്ര ഞാന്‍ തുടരും’ എന്ന് സഅദ് ഹരീരിയുടെ പിന്‍വാങ്ങലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു വിഡിയോ സന്ദേശത്തില്‍ ബഹാ ഹരീരി പറയുന്നുണ്ട്. എന്നാല്‍, ബഹാ ഹരീരി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ല. പക്ഷേ, രാജ്യത്തുടനീളം വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, മാധ്യമങ്ങള്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കുകയും ചെയ്ത് സവാ ലി ലുബ്‌നാനെ ദൃശ്യവത്കരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സവാ ലി ലുബ്‌നാന്‍ കമ്മ്യൂണിറ്റി, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളിയാവുകയും ചെയ്തിരുന്നു.

ഒരു കാലത്ത് ഇടത്തരം വരുമാനമുള്ള രാജ്യമായിരുന്ന ലബനാന്റെ സാമ്പത്തിക പ്രതിസന്ധി ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തെയും പട്ടിണിയിലാഴ്ത്തിയിരിക്കുകയാണ്. കറന്‍സി 90 ശതമാനം മൂല്യത്തകര്‍ച്ച നേരിടുകയും, ഭക്ഷ്യവില കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക സഹായത്തിനായി സാമൂഹിക, സ്റ്റേറ്റ് സ്ഥാപനങ്ങളുമില്ലാതെ ലക്ഷക്കണക്കിന് കടുംബങ്ങള്‍ ചാരിറ്റികളെയാണ് ആശ്രയിക്കുന്നത്. കലുഷിതമായ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് ഒരേസമയം സുന്നികളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും, ലബനാന്റെ ഭാവിയെയും സംബന്ധിച്ച വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles