Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമം!

ഇറാന്‍ ആണവശക്തിയായി മാറുന്നത് തടയാന്‍ രാവും പകലും പ്രവര്‍ത്തിക്കുമെന്ന് യു.കെയും യു.എസും ഇക്കഴിഞ്ഞ തിങ്കളാഴ്ച നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാന്റെ താല്‍പര്യങ്ങള്‍ നിഷ്ഫലമാക്കാന്‍ ഞങ്ങളുടെ പങ്കാളികളും സുഹൃത്തുക്കളും അടുത്ത് സഹകരിക്കേണ്ടതിന്റെ ആവശ്യകത യു.കെ വിദേശകാര്യ മന്ത്രി ലിസ് ട്രസ്സും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യേര്‍ ലാപിഡും ടെലഗ്രാഫ് പത്രത്തില്‍ എഴുതിയിരുന്നു. വിയന്നയില്‍ ഇറാന്‍ ആണവ ചര്‍ച്ച പുനഃരാരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, രണ്ട് ദിവസത്തെ യു.കെ, ഫ്രാന്‍സ് യാത്രയുടെ ഭാഗമായി ഞായറാഴ്ച യേര്‍ ലാപിഡ് ലണ്ടനിലെത്തിയതായിരുന്നു. ലോക രാഷ്ട്രങ്ങള്‍ ഇറാന്‍ ആണവ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ ഉപരോധം നീക്കുന്നതില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് നേരത്തെ ആശങ്കയറിയിച്ചിരുന്നു. എന്നിരുന്നാലും, ആണവ പദ്ധതി പുനഃരാരംഭിക്കാനുള്ള അവസാന ശ്രമത്തിന് തിങ്കളാഴ്ച നയതന്ത്രജ്ഞര്‍ വിയന്നിലെത്തുകയാണ്.

യു.എസ് 2018ല്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയത് ഇറാനെ ചൊടിപ്പിക്കുകയും, യു.കെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആറ് ഘട്ട പരോക്ഷ ചര്‍ച്ചകള്‍ നടന്നു. പുതിയ ഘട്ട ചര്‍ച്ച നടക്കുന്നത് പുതിയ പ്രസിഡന്റെ ഇബ്‌റാഹീം റഈസി അധികാരത്തില്‍ വിന്നതിന് ശേഷമാണ് നടക്കുന്നത്. കരാര്‍ പുനഃസ്ഥാപിക്കാനുള്ള സമയം അതിക്രമിച്ചതായി നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാന്‍ ആണവ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായി പിന്‍വാങ്ങുന്നത്. 2015ലെ ഇറാന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇതിനകം നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാലിപ്പോള്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനും ലോകശക്തികളും വിയന്ന ചര്‍ച്ചക്ക് സന്നിഹിതരായിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇറാന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യു.കെ പ്രതിനിധികള്‍ ഓസ്ട്രിയന്‍ തലസ്ഥാനത്ത് തിങ്കളാഴ്ച ഒരുമിച്ചുകൂടിയിരിക്കുന്നു. കരാറില്‍ യു.എസ് അംഗമല്ലാത്തതിനാല്‍ ഇറാന്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ വീണ്ടും വിസമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. വിയന്ന ചര്‍ച്ചയുടെ ആദ്യ യോഗത്തിന് ശേഷം ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ എന്റിക് മോറ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് ശുഭസൂചനയാണ്. ‘വരും ആഴ്ചയില്‍ നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഗുണപരമായി കരുതുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന വ്യത്യസ്ത ഘട്ടങ്ങളിലായുള്ള ചര്‍ച്ചയില്‍ രൂപീകരിച്ച ഉപരോധം പ്രവര്‍ത്തന വഭാഗം (Sanctions working group) ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും, ഒരു ദിവസത്തിന് ശേഷം ആണവ പ്രവര്‍ത്തന വിഭാഗം (Nuclear working group) വീണ്ടും സജീവമാവുകയും ചെയ്യും. ആദ്യത്തെ ആറ് ഘട്ട ചര്‍ച്ചകളില്‍ കൈവരിച്ച ഫലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത ഇറാന്‍ അംഗീകരിച്ചിരിക്കുന്നു.’ -എന്റിക് മോറയുടെ വാക്കുകള്‍ കരാറിന്റെ പരിസമാപ്തി ശുഭകരമായിരിക്കുമെന്ന് കുറിക്കുന്നു. രാജ്യത്തിന്റെ നിയമാനുസൃത താല്‍പര്യത്തെ സംരക്ഷിക്കുന്ന ന്യായമായ കരാറിലെത്തുന്നതിനെ ഗൗരവതരത്തില്‍ കാണുന്നതായി ഇറാന്‍ ഉന്നത നയതന്ത്രജ്ഞന്‍ അലി ബാഖരി കാനി പങ്കെടുത്ത രാഷ്ട്ര പ്രതിനിധികളോട് ഊന്നിപറഞ്ഞതായി ചര്‍ച്ചക്ക് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രതികരണങ്ങളെല്ലാം ചര്‍ച്ചയില്‍ പുരോഗതിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴാം ഘട്ട ചര്‍ച്ചക്കിടെ കൂടുതല്‍ അടിയന്തര നടപടികളെ സംബന്ധിച്ച് രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയതായി റഷ്യന്‍ ഉന്നത നയതന്ത്രജ്ഞന്‍ മിഖായേല്‍ ഉലിയാനോവ് ട്വിറ്ററില്‍ വ്യക്തമാക്കി. തീര്‍ച്ചയായും വിജയകരമായ തുടക്കമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കി ജൂണില്‍ നിര്‍ത്തിവെച്ച ആറ് ഘട്ട ചര്‍ച്ചകളുടെ തുടര്‍ച്ചയില്‍ ശുഭകരമായ പര്യവസാനമുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനും ചൈനയും റഷ്യയും തമ്മിലെ ത്രികക്ഷി കൂടിക്കാഴ്ചയും, കാനിയും മോറയും തമ്മിലെ ചര്‍ച്ചയും ഉള്‍പ്പെടെ വിവിധ അനൗദ്യോഗിക യോഗങ്ങള്‍ ഞായറാഴ്ച സുപ്രധാന ചര്‍ച്ച പുനഃരാരംഭിക്കുന്നതിന് മുമ്പ് നടക്കുകയും ചെയ്തിരുന്നു. ചര്‍ച്ച വിജയകരമാവുകയാണെങ്കില്‍, ഇറാന്‍ ആണവ പദ്ധതി നിയന്ത്രിക്കുപ്പെടുകയും, യു.എസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതുമായിരിക്കും.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles