Current Date

Search
Close this search box.
Search
Close this search box.

‘പൊലിസിനെ ഭയന്ന് ഞങ്ങള്‍ കാട്ടില്‍ ഒളിച്ചിരിക്കുകയാണ്’ പൊലിസ് വേട്ടയാടല്‍ വിവരിച്ച് യു.പിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ അല്ലാപൂര്‍ ഗ്രാമത്തിലെ റോഹിങ്ക്യന്‍ ക്യാമ്പില്‍ താമസിക്കുന്ന 48കാരിയായ റാബിയ ഖാതൂന്‍ സുബ്ഹി നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് പൊലിസ് അവരുടെ കുടിലിലേക്ക് അതിക്രമിച്ചു കയറിയത്. അവരുടെ ഭര്‍ത്താവ് കുല്ലാ മിയാനെക്കുറിച്ചാണ് പൊലിസ് ചോദിച്ചത്. ഈ സമയം തന്റെ ഭര്‍ത്താവ് അവിടെ കട്ടിലില്‍ കിടക്കുകയായിരുന്നു. പിന്നീട് പൊലിസ് മിയാനെ കട്ടിലില്‍ നിന്നും വടിയെടുത്ത് തോണ്ടി കുടിലില്‍ നിന്നും പുറത്തിറക്കി. ഇവിടുത്തെ ക്യാമ്പുകളിലെ മറ്റ് കുടിലുകളിലും സമാനമായ ദൃശ്യങ്ങള്‍ കാണാം.

പൊലിസ് ബസുകളില്‍ കയറ്റി കൊണ്ടുപോയ നിരവധി് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ തന്റെ ഭര്‍ത്താവ് കുല്ലാ മിയാനും മരുമകളും പേരക്കുട്ടിയും ഉള്‍പ്പെടുമെന്ന് ഖാതൂന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരില്‍ ഗര്‍ഭിണികളുമുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസിന്റെ കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആരംഭിച്ച നടപടിയുടെ ഭാഗമായാണ് ഇത്തരം റെയ്ഡ് എന്നാമ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. മഥുര, അലിഗഡ്, ഗാസിയാബാദ്, ഹാപൂര്‍, മീററ്റ്, സഹാറന്‍പൂര്‍ ജില്ലകളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ 74 റോഹിങ്ക്യകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായവരില്‍ പത്തുപേരും 18ന് താഴെയുള്ളവരാണ്.

അനധികൃതമായി അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് റോഹിങ്ക്യകള്‍ സ്ഥിരതാമസമാക്കുന്നതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും പോലീസ് ഡയറക്ടര്‍ ജനറലിന്റെയും നിര്‍ദേശപ്രകാരം റെയ്ഡ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. റെയ്ഡ് നടത്തിയതായി ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറലിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെയുള്ള പതിവ് നടപടികളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മറില്‍ നിന്ന് സൈന്യത്തിന്റെ കടുത്ത പീഡനത്തെ തുടര്‍ന്ന് പലായനം ചെയ്ത മുസ്ലീം സമുദായമാണ് റോഹിങ്ക്യകള്‍. 18,000 റോഹിങ്ക്യകള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്ന് ഡല്‍ഹിയിലെ റോഹിങ്ക്യ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് പറയുന്നത്. എന്നിരുന്നാലും, ഇന്ത്യയില്‍ അഭയാര്‍ത്ഥി നിയമമോ കുടിയേറ്റ നിയമമോ ഇല്ല. അഭയാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്ക് നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും 1951 ലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ കക്ഷിയല്ല. തല്‍ഫലമായി, ഇന്ത്യയിലെ റോഹിങ്ക്യകള്‍ പലപ്പോഴും പോലീസ് റെയ്ഡുകളും അറസ്റ്റുകളും നേരിടുന്നു.

74 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും 200 ഓളം അഭയാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതായി റോഹിങ്ക്യ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് അവകാശപ്പെട്ടു. ഇത്തരം അറസ്റ്റുകളെ ‘ഏകപക്ഷീയവും’ ‘നിയമവിരുദ്ധവും’ എന്നാണ് സംഘടന വിശേഷിപ്പിച്ചത്.
കസ്റ്റഡിയിലെടുത്ത ആളുകള്‍ക്ക് അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണര്‍ പരിശോധിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടെന്നും സംഘടന അവകാശപ്പെട്ടു. ‘സംരക്ഷണവും സഹായവും അര്‍ഹിക്കുന്ന ദുര്‍ബലരായ വ്യക്തികള്‍ എന്ന നിലയ്ക്ക് അവരുടെ പദവി അടിവരയിടുന്ന’ തിരിച്ചറിയല്‍ രേഖയാണിത്.

തടവിലാക്കപ്പെട്ടവരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കണമെന്ന് റോഹിങ്ക്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ സാബര്‍ ക്യാവ് മിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഒരു വംശഹത്യയെ അതിജീവിച്ചവരാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും സംരക്ഷണം തേടിയാണ് അവര്‍ ഇവിടെ വന്നത്. തടവുകാരെ ഉടന്‍ മോചിപ്പിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’അദ്ദേഹം പറഞ്ഞു.

ടഅവര്‍ കുറ്റവാളികളല്ലെന്നും ഏകപക്ഷീയമായ തടങ്കലുകളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടി വാദിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായും സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെന്റേഷന്‍ സെന്ററിലെ രവി നായര്‍ പറഞ്ഞു. അഭയാര്‍ത്ഥികളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണിത്. രാജ്യത്തെ ഏറ്റവും താഴ്ന്നത് മുതല്‍ പരമോന്നത കോടതി വരെ ഇതിനെ നിയമപരമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ആറ് കുടുംബങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് അഭയാര്‍ത്ഥികളെ തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് ഹരിയാനയിലെ ഫരീദാബാദിലെ ക്യാമ്പില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. റെയ്ഡ് ക്യാമ്പിലാകെ ഭീതി പരത്തിയെന്നും അവര്‍ നമ്മുടെയും പിന്നാലെ വരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഥുരയിലെ താന്‍ താമസിക്കുന്ന ക്യാമ്പില്‍ നിന്ന് 50 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഖാതൂന്‍ പറഞ്ഞു. ഇവിടെ 50 റോഹിങ്ക്യന്‍ കുടുംബങ്ങളുണ്ടെന്ന് മഥുര ക്യാമ്പിലെ അഭയാര്‍ത്ഥിയായ സാജിദ (32) പറഞ്ഞു. റെയ്ഡില്‍ അറസ്റ്റിലായവരില്‍ തന്റെ ഭര്‍ത്താവ് മൊഹിബുള്ളയും ഉള്‍പ്പെടുന്നു. പോലീസ് തന്നെയും വാഹനത്തില്‍ കയറ്റിയെന്നും എന്നാല്‍ അഞ്ച് വയസ്സുള്ള കുഞ്ഞിനെ കൂടെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ പോകില്ലെന്ന് പ്രതിഷേധിച്ചുവെന്നും തുടര്‍ന്ന് പോലീസ് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും സാജിദ പറഞ്ഞു. എന്തുകൊണ്ടാണ് അഭയാര്‍ഥികളെ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ അവരോട് ചോദിച്ചു, എന്നാല്‍ ഒരു ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കിയില്ല, ഞങ്ങളെ ബാറ്റണ്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

റെയ്ഡ് സമയത്ത് ക്യാമ്പില്‍ ഇല്ലാതിരുന്നതിനാല്‍ അറസ്റ്റില്‍ നിന്നും താന്‍ ഒഴിവായെന്ന് അലി ഹുസൈന്‍ (20) പറഞ്ഞു, അവശേഷിക്കുന്നവര്‍ തങ്ങളും തടങ്കലിലാകുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും ഞങ്ങള്‍ ക്യാമ്പില്‍ നിന്ന് ഓടിപ്പോയി കാട്ടില്‍ ഒളിച്ചിരിക്കുകയാണെന്നും ഹുസൈന്‍ വീഡിയോ വീഡിയോ കോളിലൂടെ സ്‌ക്രോളിനോട് പറഞ്ഞു.

2021 മാര്‍ച്ചില്‍, മ്യാന്‍മറിലേക്ക് തിരിച്ചയക്കുമെന്ന് അറിയിച്ച് അധികൃതര്‍ 200 ലധികം റോഹിങ്ക്യകളെ ജമ്മുവിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും പിന്നീട് ഹിരാ നഗര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ മാത്രമാണ് തിരിച്ചയച്ചത്. ബാക്കിയുള്ളവര്‍ രണ്ട് വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

 

അവലംബം: ദി സ്‌ക്രോള്‍
വിവ: സഹീര്‍ വാഴക്കാട്

 

Related Articles