Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രനിയന്ത്രണം: ഫ്രാൻസിന്റ അഭിനിവേഷമെന്തിനാണ്?

ഫ്രാൻസിൽ അടുത്തിടെ സ്‌കൂളുകളിൽ അബായകൾ നിരോധിച്ചു കൊണ്ടുള്ള നിയമം സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പ്രസ്തുത നടപടിയിലെ വിവേചനം ഒരു മുസ്‌ലിം അവകാശ സംഘടന സൂചിപ്പിച്ചുവെങ്കിലും ഫ്രാൻസിലെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതി സർക്കാർ തീരുമാനത്തെ ശരിവെക്കുകയായിരുന്നു.

മൗലിക സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ മുസ്‌ലിം സ്ത്രീകൾക്ക് നീതി പുനഃസ്ഥാപിക്കുന്നതിനുമായി അവശേഷിക്കുന്ന പ്രതീക്ഷയുടെ അവസാന തുമ്പും ഇതോടെ കോടതി തകർക്കുകയാണ് ചെയ്തത്.

മതനിരപേക്ഷത എന്ന ഭരണഘടനാ തത്വത്തിന്റെ പേരിലാണ് ഫ്രഞ്ച് സർക്കാർ അബായ നിരോധനത്തെ ന്യായീകരിച്ചത്. എന്നാൽ വളരെ തുച്ഛം കുട്ടികൾ അബായ ധരിക്കുന്നത് ഫ്രാൻസിന്റെ മതേതരത്വത്തിന് എങ്ങനെയാണ് ഭീഷണിയാകുന്നതെന്ന് മനസിലാവുന്നില്ല. രാജ്യത്തെ ആകെ വിദ്യാർത്ഥികളുടെ 0.00005 ശതമാനത്തിൽ താഴെ മാത്രമാണ് സ്കൂളുകളിൽ അബായധാരികളായുള്ളത്.

ഈ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ, ഡസൻ കണക്കിന് സ്‌കൂൾ വിദ്യാർത്ഥിനികളെ അബായ ധരിച്ചതിന്റെ പേരിൽ മടക്കി അയച്ചിട്ടുണ്ട്. മതേതരത്വത്തിന്റെ പേരിൽ അവകാശങ്ങളെ ഹനിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. മനുഷ്യാവകാശ അഭിഭാഷകനായ നബീൽ ബൗഡിയുടെ അഭിപ്രായത്തിൽ, ഇത് വംശത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തെ പരോക്ഷമായി നിയമവിധേയമാക്കുന്നുവെന്നാണ്.
“ഞാൻ മുസ്‌ലിമായ അബായധാരിയാവുമ്പോൾ അത് മതപരമായ വസ്ത്രമാകുന്നു, അതേസമയം അമുസ്ലിമായിട്ടാണ് ഞാനിത് ധരിക്കുന്നതെങ്കിൽ അത് മതപരമായ വസ്ത്രമാകുന്നില്ല ”അദ്ദേഹം ബിഎഫ്എം ടിവിയോട് പറഞ്ഞു.

1989ൽ കോടതി സ്കൂളിൽ ശിരോവസ്ത്രം നിരോധിക്കുന്നത് മൗലിക സ്വാതന്ത്ര്യങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിധിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ തന്നെ വിദ്യാഭ്യാസം നേടാനാകണമെന്ന് ഊന്നിപറയുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫ്രഞ്ച് ഗവൺമെന്റിന് അതൃപ്തി ഉണ്ടാക്കുകയും 2004-ൽ ശിരോവസ്ത്രം ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും സ്കൂളുകളിൽ നിരോധിച്ചുകൊണ്ട് പാർലമെന്റ് നിയമം പാസാക്കുകയുമായിരുന്നു. ഇതിന് ശേഷം ഫ്രാൻസിൽ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ പേരിൽ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.

തെരുവുകളിൽ മുഖം മുഴുവൻ മൂടുന്ന നിഖാബ്, ബുർഖ പോലെയുള്ള വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ഫ്രാൻസ് 2010-ൽ ഒരു നിയമം നടപ്പിലാക്കി. ഈ നിയമനിർമ്മാണം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യുഎൻ മനുഷ്യാവകാശ സമിതി വിമർശിച്ചിരുന്നു. 2016-ൽ, തെക്കൻ ഫ്രാൻസിലെ ചില ബീച്ചുകൾ മുസ്ലിം സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന നീന്തൽവസ്ത്രത്തിന്റെ മിതരൂപമായ ബുർക്കിനി നിരോധിച്ചു.

സാമ്രാജ്യത്വ പാരമ്പര്യം

അവിടെ അവസാനിക്കുന്നതായിരുന്നില്ല സർക്കാരിന്റെ നിയമങ്ങൾ. ഇക്കഴിഞ്ഞ വേനൽക്കാലത്ത്, സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം രാജ്യത്തെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി ശരിവക്കുകയുണ്ടായി. ഫ്രാൻസിന്റെ ഇസ്ലാം വിരുദ്ധ പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു അബായ നിരോധനനിയമം.

മുസ്ലീം സ്ത്രീകളുടെ ശരീരത്തെ നിയന്ത്രിക്കുന്ന ഒരു നീണ്ട സാമ്രാജ്യത്വ പാരമ്പര്യമാണ് ഇതിനു പിന്നിലുള്ളത്. വംശീയത ഉയർത്തിപ്പിടിക്കാൻ ഫ്രഞ്ച് ഭരണകൂട സ്ഥാപനങ്ങൾ എങ്ങനെ ഒന്നായി പ്രവർത്തിക്കുന്നുവെന്നും നിരോധനം വ്യക്തമാക്കുന്നു.

അത്തരം നിയന്ത്രണങ്ങളോടുള്ള ഫ്രാൻസിന്റെ അഭിനിവേശം കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ്. യൂറോപ്യൻ സഞ്ചാരികളും കോളനിവാസികളും പണ്ടേ മൂടുപടത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. കൊളോണിയലിസം ഒരിക്കലും സാമ്പത്തിക ചൂഷണം മാത്രമായിരുന്നില്ല; അത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ആധിപത്യത്തെയും ഉൾക്കൊള്ളുന്നതായിരുന്നു.

1959-ൽ, കൊളോണിയൽ വിരുദ്ധ എഴുത്തുകാരൻ ഫ്രാന്റ്സ് ഫാനൻ അൾജീരിയയിലെ ഫ്രഞ്ച് കൊളോണിയൽ ഭരണത്തെക്കുറിച്ച് പരാമർശിക്കുന്നതിങ്ങനെയാണ്. “അൾജീരിയൻ സമൂഹത്തിന്റെ ഘടനയെ, അതിന്റെ പ്രതിരോധശേഷിയെ നശിപ്പിക്കണമെങ്കിൽ, നമ്മൾ പ്രാഥമികമായി സ്ത്രീകളെ കീഴടക്കണം. നാം പോയി അവരുടെ മറകളെ പൊളിക്കുകയും അവർ സുരക്ഷിതമായിരിക്കുന്ന വീടുകളിളിൽ നിന്നും മറ്റും അവരെ കണ്ടെത്തണം.”

താഴ്ന്ന വിഭാഗങ്ങളെ സംസ്കാര സമ്പന്നരാക്കൽ കൊളോണിയൽ ശക്തികളുടെ ഉത്തരവാദിത്തമാണെന്ന തെറ്റിദ്ധാരണയെ തുടർന്ന്, മുസ്ലീം സ്ത്രീകളെ പ്രദർശിപ്പിക്കുക എന്നത് കൊളോണിയലിസത്തിന്റെ ഒരു കേന്ദ്ര സവിശേഷതയാണ്.

എങ്ങനെ സ്വതന്ത്രരാകണമെന്ന് മുസ്ലീം സ്ത്രീകൾക്ക് അറിയില്ലെന്നും അവരുടെ “പിന്നാക്ക” സംസ്കാരത്തിൽ നിന്നും മതത്തിൽ നിന്നും അവരെ സ്വാതന്ത്രരാക്കമെന്നുമായിരുന്നു കൊളോണിയലിസം വാദിച്ചത്.

ഫെമിനിസത്തിന്റെ ഇരട്ടത്താപ്പ്

അധിനിവേശ സമയത്ത്, ഫ്രഞ്ച് കൊളോണിയൽ അധികാരികൾ അൾജീരിയൻ സ്ത്രീകളെ അവരുടെ “സ്വാതന്ത്ര്യ”ത്തിന്റെ പേരിൽ മുഖം മറക്കുന്നത് നിരോധിക്കുകയും അവരെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്‌തിരുന്നു.
ഈ ചരിത്രപരമായ കൊളോണിയൽ ചട്ടക്കൂട് ഇന്നത്തെ നയങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

ഫ്രാൻസിലെ മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നിശബ്ദതയാണ് കൂടുതൽ ആശങ്കാജനകമാവുന്നത്. സ്ത്രീകളുടെ ശരീരത്തെ നിയന്ത്രിക്കുന്നതും അവർക്ക് എങ്ങനെ വസ്ത്രം ധരിക്കാം അല്ലെങ്കിൽ പാടില്ല എന്ന നിയമനിർമ്മാണവും സ്ത്രീവിരുദ്ധമാണെന്നതിൽ സംശയമില്ല. എന്നിട്ടും, വിവേചനം മുസ്ലീം സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നപ്പോൾ ഫ്രാൻസിലെ ഫെമിനിസ്റ്റുകൾ വ്യക്തമായ നിശബ്ദത പാലിക്കുകയാണ്.

ഫ്രാൻസിലെ പ്രധാന ഫെമിനിസ്റ്റ് പ്രവർത്തകരും എഴുത്തുകാരും മുസ്ലീം സ്ത്രീകളെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ഫെമിനിസത്തിന്റെ പേരിൽ ഇത്തരം മുസ്‌ലിം വിരുദ്ധ നയങ്ങളെ പിന്താ ങ്ങുകയാണ് അവർ ചെയ്തത്.

ഫ്രഞ്ച് ഫെമിനിസ്റ്റ് ഐക്കണായ എലിസബത്ത് ബാഡിന്റർ 2009-ൽ മുഖാവരണം ധരിക്കുന്ന മുസ്ലീം സ്ത്രീകളെക്കുറിച്ച് ആക്ഷേപരൂപേണ എഴുതിയതിങ്ങനെയാണ്: “നിങ്ങളുടെ വസ്ത്രധാരണം അവിശ്വാസവും ഭയവും സൃഷ്ടിക്കുന്നതാനെന്നു നിങ്ങൾക്കറിയില്ലേ…? നിങ്ങളുടെ മുഖം കാണിക്കാൻ ആരും ആവശ്യപ്പെടാത്ത സൗദി അറേബ്യയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ നിങ്ങളുടെ താമസം മാറ്റിക്കൂടെ..?”
ഫെമെൻ എന്ന ഒരു പ്രധാന ഫെമിനിസ്റ്റ് ഗ്രൂപ്പ്, മുസ്ലീം സ്ത്രീകളെ “നഗ്നരാകാൻ” ആഹ്വാനം ചെയ്തായിരുന്നു പ്രകടനം നടത്തിയത്. ബഹിഷ്കരണത്തിന്റെയും നിന്ദ്യതയുടെയും പ്രതിരൂപങ്ങളായി മാറുകയാണ് ഇത്തരം ഫെമിനിസ്റ്റ് ധാരകൾ.

ഈ മനോഭാവം ഒരു പരമാധികാര വീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മുസ്‌ലിം സ്ത്രീകൾ അപരിഷ്കൃതരും ശരിതെറ്റുകളെ തിരിച്ചറിയാൻ കഴിയാത്തവരും സ്വാതന്ത്ര്യത്തെ കുറിച്ച് ബോധമില്ലാത്തവരാണെന്നും അവർ വരുത്തിത്തീർക്കുകയും ഇതെല്ലാം അവരെ ബോധ്യപ്പെടുത്തൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർ കരുതുന്നു. ഫെമിനിസ്റ്റ് ഇരട്ടത്താപ്പിന്റെ പ്രകടമായ രൂപമാണിത്.

പാശ്ചാത്യ ഫെമിനിസ്റ്റുകൾ ഒരു ഉൾക്കൊള്ളലിന്റെ വീക്ഷണം സ്വീകരിക്കുകയും മുസ്ലീം സ്ത്രീകൾക്ക് ഫെമിനിസം എന്താണെന്ന് സ്വയം നിർവചിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുകയും വേണം. സർക്കാറിൽ നിന്നും പൊതുഇടങ്ങളിലും മുസ്‌ലിം സ്ത്രീകൾ നേരിടുന്ന അവകാശനിഷേധത്തിനെതിരെ പ്രതിരോധിക്കാനും അവരുടെ കൂടെ നിൽക്കാനും ഫെമിനിസ്റ്റുകൾ തയ്യാറാവേണ്ടതുണ്ട്.

വിവ- മുജ്തബ മുഹമ്മദ്‌

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles