Current Date

Search
Close this search box.
Search
Close this search box.

കൊളോണിയൽ ചരിത്രരചനയും ഇസ്ലാമോഫോബിയയുടെ വേരുകളും

സമകാലിക ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ വേരുകൾ കൊളോണിയൽ ചരിത്രരചനയിൽ നിന്ന് കണ്ടെത്താനാകുമെന്ന് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായാണ്. അതേസമയം ഇസ്‌ലാമോഫോബിയയുടെ വളർച്ചയ്ക്ക് പിന്നിൽ സമകാലികവും ചരിത്രപരവുമായ നിരവധി കാരണങ്ങളുണ്ട്.

സവർക്കറുടെ സ്വന്തക്കാരെന്നും അപരരെന്നുമുള്ള വേർതിരിവിൽ തന്നെ ഇസ്‌ലാമോഫോബിയയുടെ അനുരണനകൾ അന്തർലീനമായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുയായികളായ ഹെഡ്‌ഗേവാറും ഗോൾവാൾക്കറും ശക്തിപ്പെടുത്തിയ ഈ ആശയത്തിനെ ഇന്ത്യൻ സമൂഹത്തിൽ വേരുറപ്പിച്ചത് ഹിന്ദുത്വ ദേശീയ പ്രത്യയശാസ്ത്രത്തിന്റെ നിരന്തരമായ ഇടപെടലാണ്. ബ്രിട്ടീഷ് കോളനിവൽക്കരണത്തോടുള്ള ചെറുത്തുനിൽപ്പിന്റെ പ്രതികരണമായാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉയർന്നുവന്നത്. എന്നാൽ വിഭജനാനന്തര കാലഘട്ടത്തിൽ അത് ‘ഹിന്ദു ദേശീയത’ എന്ന പ്രത്യേക നാമത്തിൽ ആധിപത്യ രാഷ്ട്രീയമായി പരിണമിക്കുകയായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ആഭ്യന്തര വെല്ലുവിളിയായി അവർ മുസ്ലിം സമൂഹത്തെ ചിത്രീകരിച്ചു.

ഇന്ത്യയിലെ മുസ്‌ലിംകൾ വിദേശികളാണെന്നും മതപരമായ അടിച്ചമർത്തലുകളാണ് ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ കൈയൊപ്പ് എന്നും ശഠിക്കുന്ന ഹിന്ദു ദേശീയവാദികളുടെ അജണ്ടകളെ പല ചരിത്രകാരന്മാരും നേരത്തെ തന്നെ അപലപിച്ചിരുന്നു. മുഗൾ ഭരണാധികാരികളെ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണാധികാരികളായും ക്ഷേത്ര നാശകാരികളായ വ്യക്തികളായും ചിത്രീകരിക്കുന്നത് താമസിയാതെ ഒരു പ്രവണതയായി മാറി.

ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്ന സവിശേഷമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്ന ആർ ആർ മഹാലക്ഷ്മി ഇസ്‌ലാമോഫോബിയയിൽ വേരോടിയ യൂറോപ്യൻ കൊളോണിയൽ ചിന്താഗതിയിൽ നിന്നാണ് ഈ ആഖ്യാനം പിറന്നതെന്ന് പറയുന്നു. ഈ പുതിയ തദ്ദേശീയ ചരിത്രത്തിന്റെ അടിത്തറയാണ് കൊളോണിയലിസം എന്നത് റോമില താപ്പറിന്റെ വാക്കുകളിൽ നിന്ന് വളരെ വ്യക്തമാണ്.

മുഗൾ ഭരണാധികാരികൾ കാത്തുസൂക്ഷിച്ച സഹിഷ്ണുതയും അവരുടെ ഉൾക്കൊള്ളലുമാണ് ഇന്ത്യയിലെ അവരുടെ ഭരണത്തിന്റെ നെടുംതൂണെന്ന സത്യം മറച്ചുവെക്കാനുള്ള അവരുടെ അവകാശവാദങ്ങൾക്കും ശ്രമങ്ങൾക്കും വലിയ സംഭാവന നൽകാത്തതിനാലാണ് അവർ ഇന്ത്യൻ ചരിത്രത്തെ തിരുത്തിയെഴുതുന്നത്. ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണയ്ക്കുന്നതിനാൽ ചരിത്രത്തിന്റെ ഒരൊറ്റ മാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് പ്രശ്നം അന്തർലീനമായിട്ടുള്ളത്.

ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള മുഗൾ ഭരണാധികാരികളെ അപകീർത്തിപെടുത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർക്ക് ഇന്ത്യയിലെ മുഗൾ ഭരണത്തെയും ഇന്ത്യയിലെ മുസ്ലീം ഭരണത്തെയും വർഗ്ഗീയ വാദികളായി ചിത്രീകരിക്കലാണ് ആവശ്യം. ബ്രിട്ടീഷ് ചരിത്രകാരന്മാർ അവരെ സ്വേച്ഛാധിപതികളായി ചിത്രീകരിക്കുന്നത് ഇന്ത്യക്കാരിലേക്ക് കുത്തിക്കയറ്റാൻ അവർ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

വിശേഷിച്ചും ബാബറിനെ ചില ഹിന്ദുത്വവാദികൾ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാൻ സുതാര്യമായ വഴിയായാണ് കാണുന്നത്. രാജ്യത്തെ സർവ്വ ജനതയ്ക്കും പരിഗണനയും അവകാശവും നൽകി ഭരണം നടത്തിയ ബാബറിന്റെ വിശാലമായ ചരിത്രം വായിക്കുന്നതിനുപകരം അവർ അദ്ദേഹത്തെ മതവാദിയാക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരു മതപരമായ മനസ്സിൽ നിന്ന് മുളച്ചതല്ലെന്ന് ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്നതാണ്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം പരിഷ്കൃതവും ഇന്ത്യക്കാർക്ക് പ്രയോജനകരവുമാണെന്ന് നിയമവിധേയമാക്കുന്നതിന് ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് ഇന്ത്യൻ ഭരണാധികാരികളെ പ്രാകൃതരോ സ്വേച്ഛാധിപതികളോ അപരിഷ്‌കൃതരോ ആയി ചിത്രീകരിക്കൽ അനിവാര്യമായിരുന്നു. അവരുടെ ഇന്ത്യൻ ചരിത്രരചനയിൽ പൂർവ്വകാല ഭരണാധികളെ മതഭ്രാന്തുള്ളവരായി എഴുതിയത് ഈ പശ്ചാതലത്തിലാണ്.

ഇന്ത്യൻ ചരിത്രത്തെ കാലാനുസൃതമാക്കി വർഗ്ഗീകരിച്ചതാണ് അടിസ്ഥാന പ്രശ്നം. അവർ ഇന്ത്യൻ ചരിത്രത്തെ ഹിന്ദു മുസ്ലീം ബ്രിട്ടീഷ് കാലഘട്ടങ്ങളായി വിഭജിച്ചു. ബ്രിട്ടനോടുള്ള അഭിനിവേശം കാരണമായി ബ്രിട്ടീഷുകാരെ സ്വേച്ഛാധിപതികളായ ഭരണാധികാരികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ വന്ന രക്ഷകരായി ചിത്രീകരിച്ചു.

സർ വില്യം ജോൺസിന്റെ ചരിത്രപരമായ കൃതികൾ പുരാതന ഇന്ത്യൻ ചരിത്രത്തെ ഹിന്ദു ചരിത്രത്തിലേക്കാണ് വഴിതിരിച്ച് വിടുന്നത്. തുടർന്ന് ജെയിംസ് മില്ലിന്റെ ആനുകാലികവൽക്കരണം വഴി ചരിത്രത്തിലേക്ക് ത്രികക്ഷി സമ്പ്രദായം കൊണ്ടുവന്നു, ഇത് അടിസ്ഥാനപരമായി തെറ്റായിരുന്നു. ആദ്യത്തെ രണ്ട് വിഭാഗങ്ങളെ ഹിന്ദു, മുസ്ലീം കാലഘട്ടങ്ങളായി മതപരമായ അടിസ്ഥാനത്തിൽ വിവരിച്ച അദ്ദേഹം പിന്നീടുള്ള ബ്രിട്ടീഷ് കാലഘട്ടത്തെ രാഷ്ട്രീയമായാണ് വിവക്ഷിച്ചത്.

ഹിന്ദുവിനെയും മുസ്ലീങ്ങളെയും വിദേശികളോടും ആക്രമണകാരികളോടും തുലനം ചെയ്തുകൊണ്ട് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഊട്ടിയുറപ്പിക്കാൻ സാമ്രാജ്യത്വ കൊളോണിയൽ താൽപ്പര്യം ഈ കാലഘട്ടത്തിന് പിന്നിൽ പ്രവർത്തിച്ചു.

ബ്രിട്ടീഷ് ചരിത്രകാരന്മാരിൽ ഒരാളായ സ്റ്റാൻലി ലെയ്ൻ പൂൾ ബക്‌സർ പുരാതന യുദ്ധങ്ങളെ ഇന്ത്യൻ ചരിത്രത്തിലെ ഒരു വിഭജനരേഖയായി വിശേഷിപ്പിച്ചു. കാരണം ഇത് ഇന്ത്യയിലെ മുഗൾ ഭരണത്തിന്റെയും ഇന്ത്യയിലെ ഹിന്ദുക്കളുടെ പുനരുജ്ജീവനത്തിന്റെയും പരിസമാപ്തിയായിരുന്നു.

എച്ച്എം എലിയറ്റും ജോൺ ഡൗസണും ഇന്ത്യൻ ചരിത്രത്തെ വസ്തുതാ വിരുദ്ധമായി അവതരിപ്പിച്ച ചരിത്രകാരന്മാരാണ്. മുസ്ലീം ഭരണത്തിലെ പോരായ്മകൾ മാത്രം ഉൾപ്പെടുത്തി പേർഷ്യൻ പുസ്തകങ്ങളെ വികലമായി വിവർത്തനം ചെയ്തത് ജയിംസ് മില്ലിന്റെ കാലഘട്ടവൽക്കരണത്തിന് ഒരു പ്രധാന പിന്തുണ നൽകിയിരുന്നു. ഹിന്ദുത്വ പണ്ഡിതന്മാർ ഈ കാലഘട്ട വിഭജനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ചില മുഖ്യധാരാ ചരിത്രകാരന്മാർ അതിൽ നിന്ന് അകന്നുനിൽക്കാനാണ് ശ്രമിച്ചത്.

പൗരസ്ത്യ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട പല കൊളോണിയൽ ചരിത്രകാരന്മാർക്കും ഇസ്‌ലാമിനോടും ഇന്ത്യയിലെ മുസ്‌ലിംകളോടും പക്ഷപാതപരവും നിഷേധാത്മകവുമായ മനോഭാവം ഉണ്ടായിരുന്നു. മുഹമ്മദ് നബിയുടെ ജീവചരിത്രത്തിൽ വില്യം മുയർ മുഹമ്മദ് ഒരു വഞ്ചകനാണെന്നും ഇസ്‌ലാം പ്രാഥമികമായി സൈനിക അധിനിവേശത്തിലൂടെയും അക്രമങ്ങളിലൂടെയും പ്രചരിച്ച ഒരു മതമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇസ്‌ലാമിക ചരിത്രത്തെയും മുസ്‌ലിംകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പക്ഷപാതപരമായ വിവരണങ്ങൾ യൂറോസെൻട്രിക് പക്ഷപാതങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രവണതയുടെ പേരിൽ വിമർശിക്കപ്പെട്ടു.

എല്ലാ ഏഷ്യൻ ഗവൺമെന്റുകളും സ്വേച്ഛാധിപത്യമാണെന്നാണ് ഓറിയന്റലിസ്റ്റ് ചിന്തകനായ മോണ്ടെസ്ക്യൂവിന്റെ അഭിപ്രായം. ‘മുഹമ്മദിന്റെ വിശ്വാസം സ്വേച്ഛാധിപത്യത്തിന് പ്രത്യേകമായി കണക്കാക്കപ്പെട്ടതാണെന്ന്’ അനുമാനിച്ച ആളാണ് അലക്സാണ്ടർ ഡോവി. ഇസ്ലാം മനുഷ്യ മനസ്സിലും അതുപോലെ സംസ്ഥാനങ്ങളിലും സാമ്രാജ്യങ്ങളിലും വിപ്ലവവും മാറ്റവും വരുത്തി. പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥകൾ ഏകാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും ഖുർആനിന്റെ പിഴവാണെന്നും അവർ എഴുതി.

ആംഗ്ലോ അഫ്ഗാൻ യുദ്ധസമയത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഗവർണർ ജനറലായ എഡ്വേർഡ് ലോ എലൻബറോ സോമനാഥ ക്ഷേത്രത്തിന്റെ കവാടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ത്യൻ ഹിന്ദുക്കളെ ഭിന്നതയുടെ കെണികളിലേക്ക് ആകർഷിക്കാൻ ബ്രിട്ടീഷുകാരാണ് എപ്പോഴും ഹിന്ദു ഇന്ത്യക്കാരുടെ സംരക്ഷകരെന്ന് അവരെ ബോധ്യപ്പെടുത്തലായിരുന്നു ഇതിന്റെ ലക്ഷ്യം. അതിലൂടെ മുസ്ലിം സമൂഹത്തെ വിദേശികളായി അവതരിപ്പിച്ച് വിദ്വേശം വളർത്തിക്കൊണ്ട് വരലായിരുന്നു അവരുടെ ഉദ്ദേശം.

റിച്ചാർഡ് എഫ്. ബർട്ടൺ സിന്ധിൽ താമസിച്ച സമയത്ത് മൂന്ന് മോണോഗ്രാഫുകൾ നിർമ്മിച്ചു. സിന്ധിനെ പുരാതന ചരിത്രത്തിന്റെ പറുദീസയായി ചിത്രീകരിച്ചതും ഇതേ കാലത്താണ്. മുസ്ലീം അധിനിവേശം മുതൽ സിന്ധുകളിൽ അന്ധകാരം പടർന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം മുസ്ലിംങ്ങളുടെ മതഭ്രാന്ത് കാരണം ഹിന്ദുക്കൾ വേട്ടയാടപ്പട്ടുവെന്ന് ആരോപിച്ചു. അദ്ദേഹം തന്റെ പുസ്തകത്തിൽ ഹിന്ദുക്കൾക്കെതിരെ മുസ്‌ലിംകൾ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന പുരാതന യുദ്ധകാല ക്രൂരതകൾ വളരെ വിശദമായി ഊന്നിപ്പറയുന്നുണ്ട്.

“ഇന്ത്യയിൽ അസഹിഷ്ണുത വളർത്തുകയും മനുഷ്യത്വരഹിതമായ ക്രൂരമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും സ്വേച്ഛാധിപതിയായ പീഡകരിലൊരാൾ” എന്നാണ് ഡൽഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റാനുള്ള 2015 ലെ നിവേദനത്തിൽ ഔറംഗസേബിനെ വിമർശിച്ച് എഴുതിയത്.

ഉത്തരേന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങൾ ഇല്ലാത്തതിന് പിന്നിലെ കാരണം ഔറംഗസേബ് ആണെന്നും ഹിന്ദു ദേശീയവാദികൾ ആരോപിച്ചു. ഈ വിവരണങ്ങൾ ഔറംഗസേബിനെ ക്രൂരനും മതഭ്രാന്തനുമായി ഒരു പൊതു മനോഭാവം വളർത്തികൊണ്ട് വന്നു. എന്നാൽ പ്രശസ്ത ചരിത്രകാരനായ ഓൺട്രി ട്രഷ്‌കെയുടെ അഭിപ്രായത്തിൽ ബ്രിട്ടീഷുകാരുടെ നിരവധി വ്യാജവാർത്തകളിൽ ഒന്ന് മാത്രമായിരുന്നു ഔറംഗസേബിനെതിരെയുള്ള പ്രചരണം. ഔറംഗസീബിന് ഹിന്ദുക്കളോടുള്ള വിദ്വേഷം ഊന്നിപ്പറയാൻ ഉദ്ദേശിച്ച അവർ മുഗൾ ചരിത്രത്തെ വികലമായി ചിത്രീകരിക്കുകയായിരുന്നു.

ദാരാ ഷിക്കോയെ ഹിന്ദു പ്രതിനിധിയായും അക്ബറിനെ ലിബറൽ സഹിഷ്ണുതയായും ചിത്രീകരിച്ച് ഔറംഗസീബിനെ സ്വേച്ഛാധിപതിയായ ഭരണാധികാരിയാക്കാൻ അക്ബറിന്റെ നയങ്ങളും അദ്ദേഹത്തിന്റെ സഹോദരൻ ദാരാ ഷിക്കോയുടെ വധശിക്ഷയും വ്യാപകമായി ഉപയോഗിച്ചു.

ഹിന്ദു ദേശീയവാദികൾ അക്ബറിനെ ഇസ്ലാമിനെ ഉദാരവൽക്കരിച്ച നേതാവെന്ന നിലയിലാണ് ചിത്രീകരിച്ചത്. പാകിസ്താനികൾ ഔറംഗസേബിനെ പിന്തുണയ്ക്കുന്നത് അവരുടെ തീവ്രവാദ ആശയങ്ങളുടെ ആചാര്യൻ എന്ന നിലയിലാണെന്ന് വരെ അവർ പ്രചരിപ്പിച്ചു.

കൊളോണിയൽ പണ്ഡിതന്മാരുടെ പക്ഷപാതങ്ങളും പ്രചോദനങ്ങളും ഇന്ത്യൻ മുസ്ലീം ഭരണത്തിന്റെയും ഇസ്ലാമിക സ്വാധീനങ്ങളുടെയും ചിത്രീകരണത്തെ വല്ലാതെ സ്വാധീനിച്ചു, യൂറോകേന്ദ്രീകൃത ലോകവീക്ഷണങ്ങളും മതപരമായ വ്യത്യാസങ്ങളും ഉപയോപ്പെടുത്തി സത്യം വെളിച്ചത്ത് കൊണ്ട് വരൽ അനിവാര്യമാണ്. മുഗൾ ഭരണത്തിന്റെ ചരിതത്തിൽ നിന്ന് ചില വശങ്ങൾ മാത്രം തിരഞ്ഞെടുത്ത് അതിന് ഊന്നൽ നൽകുന്നത് ഇന്ത്യൻ ചരിത്രത്തിന്റെ കാലഘട്ടവൽക്കരണത്തോടൊപ്പം മുസ്ലീങ്ങളുടെയും മുഗൾ ചക്രവർത്തിമാരുടെയും പൈശാചികവൽക്കരണത്തിന് കാരണമായി. ഈ തെറ്റിദ്ധാരണകളുടെ അനന്തരഫലങ്ങളായാണ് മുഗൾ ചരിത്രത്തെയും ഇന്ത്യയിലെ ഇസ്ലാമോഫോബിയയുമായുള്ള അതിന്റെ ബന്ധത്തെയും കുറിച്ചുള്ള സമകാലിക ധാരണകൾ സ്വാധീനിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

References:
1. Audrey Truschke, Aurangazeb the man and myth 2017. (enguin Random House India, Gurgaon, India, 2017
2. MichelguglielmoTorri . For a New Periodization of Indian History: The History of India as Part of the History of the World, University of Turin’
3. Harbans mukhia, Mughals of india, 2004
4. Audrey Truschke, a much maligned Mughal , aeon,2017
5. Amin, O. (2021). Reimagining the Mughal Emperors Akbar and Aurangzeb in the 21st Century. Journal of South Asian Studies, 9(3), 153-161.
6. Khaund, A. (2017). Akbar And Aurangzeb- The “Saint” And The “Villain”? IOSR Journal of Humanities and Social Science (IOSR-JHSS), 22(3), 01-10.
7. Seema Alavi, The Eighteenth Century In India (Debates in Indian History, 14 November 2002)

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles