Current Date

Search
Close this search box.
Search
Close this search box.

അലപ്പോ ആണ് പരിഹാരം

സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടവുമായി ഒത്തുതീർപ്പിലെത്താനുളള തുർക്കിയുടെ ശ്രമം വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ. തുർക്കിയിലുള്ള സിറിയൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വേണ്ടിയാണിത്. റഷ്യയുടെ സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്താനാണ് ശ്രമം. ഈ പദ്ധതിയുടെ പ്രായോഗികതലം പരിശോധിച്ചാൽ അടുത്ത കാലത്തൊന്നും ഇത് നടപ്പാവാൻ പോകുന്നില്ല. ദീർഘകാലാടിസ്ഥാനത്തിൽ അത് തുർക്കിയുടെ താൽപ്പര്യങ്ങൾക്ക് അനുഗുണവുമായിരിക്കില്ല. ഈ ലേഖനം തുർക്കിയിലെ സിറിയൻ അഭയാർഥി പ്രശ്നത്തിന് ഒരു പോംവഴി നിർദശിക്കുകയാണ്. ആ പരിഹാര മാർഗ്ഗം സിറിയയുമായി ഒത്തുതീർപ്പുണ്ടാക്കലല്ല ; അഭയാർഥികളെ നിർബന്ധിച്ച് അവരുടെ നാട്ടിലേക്ക് തിരിച്ചയക്കലല്ല ; അവരെ തുർക്കിയിൽ തന്നെ നിർത്തലുമല്ല. അന്തസ്സോടെയും അഭിമാനത്തോടെയും അവരെ സിറിയയിലേക്ക് തിരിച്ചയക്കാൻ അവസരമുണ്ടാക്കുക എന്നതാണ് ആ പരിഹാരം. അത് തുർക്കിക്കും അഭയാർഥികൾക്കും ഒരേ പോലെ തങ്ങളുടെ സ്ട്രാറ്റജിക് ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തവുമായിരിക്കും. റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തി സിറിയയിലെ അലപ്പോ നഗരം ബശ്ശാറിന്റെ കൈകളിൽ നിന്ന് വീണ്ടെടുക്കാൻ തുർക്കിക്ക് സാധിച്ചാലാണ് ഈ പരിഹാര ഫോർമുല വിജയിപ്പിക്കാനാവുക.

ഇങ്ങനെ ഒരു ഫോർമുല വിജയിപ്പിച്ചെടുക്കാനുള്ള പ്രയാസങ്ങളെയും വഴി തടസ്സങ്ങളെയും വില കുറച്ചു കാണുകയല്ല. പക്ഷെ അതായിരിക്കും സിറിയൻ സമൂഹത്തിന്റെ താൽപര്യങ്ങളുമായും തുർക്കിയുടെ സ്ട്രാറ്റജിക് താൽപര്യങ്ങളുമായും ഏറെ ഒത്തു പോവുക. ഇത് അസാധ്യമായ കാര്യവുമല്ല. രാഷ്ട്രീയ ഇഛാശക്തിയും സ്ട്രാറ്റജിക്ക് ഉൾക്കാഴ്ചയും വേണമെന്ന് മാത്രം. സിറിയൻ വിപ്ലവവും, സിറിയൻ – ടർക്കിഷ് ജനവിഭാഗങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഇവരുടെ രക്തങ്ങൾ തമ്മിൽ ഇടകലർന്നിരിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക – സാംസ്കാരിക മണ്ഡലങ്ങളിലും അവർ പരസ്പരം ഇഴ ചേർന്നു നിൽക്കുന്നു. പരസ്പര ബന്ധത്തിന്റെ ആ വേരുകൾ ചരിത്രത്തിലേക്കും നീളുന്നു. ഒരു നൂറ്റാണ്ടു മുമ്പ് വരെ തലസ്ഥാനമായ ഇസ്തംബൂൾ കഴിഞ്ഞാൽ ഉസ്മാനിയാ സാമ്രാജ്യത്തിലെ സാംസ്കാരിക പ്രധാനമായ രണ്ടാമത്തെ നഗരം അലപ്പോ ആയിരുന്നു. അലപ്പോ ഇപ്പോഴും, അബ്ബാസ് മഹ്മൂദ് അഖാദ് വിശേഷിപ്പിച്ചത് പോലെ, ‘രാഷ്ട്രീയ നഗര’മാണ്; ‘വൈകാരിക നഗര’ വുമാണ്. സാമ്രാജ്യങ്ങളൊക്കെ ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മറഞ്ഞു പോയി എന്നതും ശരി. തുർക്കികൾ അറബികളെയോ , അറബികൾ തുർക്കികളെയോ ഭരിക്കുക എന്നതും ഇനി നടക്കാത്ത കാര്യം. പക്ഷെ ഇരു ജനസമൂഹങ്ങളും തമ്മിൽ സുദൃഢമായ രക്ത ബന്ധങ്ങളുണ്ട്; സാംസ്ക്കാരിക പങ്കു വെപ്പുകളുണ്ട്; പരസ്പരമുള്ള സ്ട്രാറ്റജിക് താൽപ്പര്യങ്ങളുണ്ട്. ഈ സങ്കര സ്വഭാവം ഇരു വിഭാഗങ്ങളുടെയും ഭാഗധേയം നിർണ്ണയിക്കുന്നതിൽ സുപ്രധാനവുമാണ്.

സിറിയൻ ജനതയിലോ സിറിയൻ വിപ്ലവത്തിലോ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഏതെങ്കിലും വിധത്തിൽ ആരോപണ വിധേയനാണെന്ന് ഞാൻ കരുതുന്നില്ല. അത്യന്തം പ്രയാസകരമായ ഘട്ടത്തിൽ അദ്ദേഹം സിറിയൻ വിപ്ലവത്തോടൊപ്പവും അറബ് വസന്തത്തോടൊപ്പവും നിന്നിട്ടുണ്ട്. വിപ്ളവത്തെ സഹായിച്ചതിന്റെ പേരിൽ തുർക്കി വലിയ വില നൽകേണ്ടി വരുകയും ചെയ്തിട്ടുണ്ട്. അറബ് ദേശങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിനാളുകൾ ഭരണകൂട ഭീകരതയാൽ നാട് വിടേണ്ടി വന്നപ്പോൾ അവർക്ക് അഭയം നൽകിയ നാടാണ് തുർക്കി. തുർക്കി നേതൃത്വം വിപ്ലവത്തിനായി നൽകിയ ഈ സ്ട്രാറ്റജിക്ക് ഇൻവെസ്റ്റ്മെന്റ് വെറുതെ കളയില്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്.

ശരിയാണ്, തുർക്കി അമേരിക്ക പോലെയോ ചൈന പോലെയോ റഷ്യ പോലെയോ ഒരു വൻശക്തിയല്ല. യൂറോപ്പിനെ നാസിസത്തിൽ നിന്ന് രക്ഷിക്കാൻ അമേരിക്കക്ക് ഉണ്ടായിരുന്നത് പോലുള്ള സൈനിക, സാമ്പത്തിക, മനുഷ്യവിഭവ ശേഷിയൊന്നും തുർക്കിക്ക് ഇല്ല. അറബ് സമൂഹത്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും നിഷേധിക്കുന്ന പ്രതിവിപ്ളവ ശക്തികൾക്കെതിരെ ഒറ്റക്ക് പൊരുതാനും അതിന് കഴിയണമെന്നില്ല. അല്ലെങ്കിലും അറബ് നാടുകളിലെ വിപ്ലവങ്ങൾ അവിടെ തന്നെയുള്ള ശക്തികൾക്കല്ലാതെ വിജയിപ്പിക്കാനാവില്ല; തുർക്കി എത്രയേറെ സഹായിച്ചാലും ശരി. തുർക്കിക്ക് പല ശക്തികളുമായും എൻഗേജ് ചെയ്ത് സ്ട്രാറ്റജിക് താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടിവരുമെന്നത് നേരാണ്. ഡമസ്കസിലെ ചോരക്കൊതിയൻ ഭരണകൂടത്തെ താങ്ങി നിർത്തുന്ന ശക്തികളും അതിൽ പെടും. അതേസമയം തുർക്കി പ്രബലമായ ഒരു മേഖലാ ശക്തിയുമാണ്. അതിനെ നയിക്കുന്നവർ നല്ല രാഷ്ട്രീയക്കാഴ്ചയുള്ളവരാണ്. സിറിയൻ ഫയലിൽ അവർക്ക് ഇനിയും പലതും ചെയ്യാനാകും.

തുർക്കിയിൽ താമസിക്കുന്ന സിറിയൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കും എന്ന് മീഡിയയിൽ ബ്രേക്കിംഗ് ന്യൂസായി വരുന്നുണ്ട് എന്നല്ലാതെ അതിലൊരു കാര്യവുമില്ല. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് രാഷ്ട്രീയക്കാരും അത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടാവാം. നല്ല രാഷ്ട്രീയ അവബോധമുളള, പ്രായോഗികമായി ചിന്തിക്കുന്ന എല്ലാവർക്കുമറിയാം ആ തിരിച്ചയക്കൽ അത്ര എളുപ്പമല്ലെന്ന്. കുറച്ചാളുകളെ തന്നെ അവരുടെ സ്വന്തം നാട്ടിലേക്ക് നിർബന്ധിച്ച് തിരിച്ചയക്കുക എന്നത് പോലും എല്ലാ തലങ്ങളിലും – ധാർമികമായി, മനുഷ്യത്വപരമായി, നിയമപരമായി – വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്. അങ്ങനെ ചെയ്യുന്ന രാഷ്ട്രത്തിന്റെ പേര് കളങ്കപ്പെടും. ലോകത്തെങ്ങുമുള്ള മനുഷ്യരുടെ മനസ്സിൽ അവർക്കുള്ള സ്ഥാനം നഷ്ടപ്പെടും.

തുർക്കിയിലെ രാഷ്ട്രീയ നേതൃത്വം വളരെ തന്ത്രപരമായും അടവുപരമായുമാണ് മുന്നോട്ട് നീങ്ങുന്നത്. അവർക്ക് ആത്മാഭിമാനവും ആത്മവിശ്വാസവുമുണ്ട്. വലിയ രാഷ്ടീയ ലക്ഷ്യങ്ങളാണ് അവർ മുമ്പിൽ കാണുന്നത്. തുർക്കിയെ മേഖലാ ശക്തിയിൽ നിന്ന് ലോക ശക്തിയാക്കി ഉയർത്താൻ അവർ ആഗ്രഹിക്കുന്നു. പ്രസിഡന്റ് ഉർദുഗാന് ഏറ്ററവും ഇഷ്ടമുളള ഒരു മുദ്രാവാക്യമുണ്ട് -‘ അഞ്ചിനേക്കാൾ വലുതാണ് ലോകം!’ മൂന്ന് ദശലക്ഷം അഭയാർഥികളെ നിർബന്ധിച്ച് തിരിച്ചയക്കുക എന്ന സാഹസത്തിന് ആ നേതൃത്വം ഒരിക്കലും മുതിരുകയില്ല. ഇത് പ്രായോഗികമായി അസാധ്യമാണെന്ന് മറ്റാരേക്കാളും നന്നായി ടർക്കിഷ് നേതൃത്വത്തിനറിയാം. ഇനിയത് സാധ്യമാണെന്ന് സങ്കൽപ്പിച്ചാൽ തന്നെ, അതിനെത്തുടർന്നുണ്ടാവുന്ന മാനുഷികവും നിയമപരവും സുരക്ഷാപരവും ആദർശപരവുമായ തിരിച്ചടികൾ തുർക്കിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

അഭയാർഥികളെ അയക്കേണ്ടത് ഒരു രക്തദാഹിയുടെ അടുത്തക്ക്. ആ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക റഷ്യയിലെ മറ്റൊരു രക്തദാഹി. സിറിയൻ അഭയാർഥികളെ നരകത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാണിത്. ഏത് രാഷ്ട്രീയ യുക്തിക്കും നിരക്കുന്നതല്ല ഈ നീക്കം. അഭയാർഥികളിൽ ചെറുത്തുനിൽപ്പിൽ പ്രാവീണ്യം നേടിയവരുണ്ട്, പല നൈപുണികൾ ആർജിച്ചവരുണ്ട്. ഇവരെ നിർബന്ധപൂർവം തിരിച്ചയച്ചാൽ എല്ലാം നഷ്ടമാകും. അത് തുർക്കിയുടെയോ സിറിയക്കാരുടെയോ താൽപര്യങ്ങൾക്ക് അനുഗുണമാവില്ല. അത്തരമൊരു നീക്കം സിറിയൻ ചെറുപ്പക്കാരിൽ തീവ്രചിന്തകൾ വളർത്താനും ഇടയുണ്ട്. വടക്കൻ സിറിയയിൽ തുർക്കി ഇടപെട്ടതിന് ശേഷം ചെറുപ്പക്കാർ ആ മാർഗം സ്വീകരിക്കുന്നത് ഗണ്യമായി കുറഞ്ഞിരുന്നു. എന്നു മാത്രമല്ല തുർക്കി കൈവിടുന്ന പക്ഷം ഈ ചെറുപ്പക്കാർ വടക്ക് കിഴക്കൻ സിറിയയിൽ തുർക്കിക്ക് തലവേദന സൃഷ്ടിക്കുന്ന വിഘടനവാദി ഗ്രൂപ്പുകളുമായി സഖ്യത്തിലാവാനും സാധ്യതയുണ്ട്.

ഇങ്ങനെ ഏത് കോണിൽ നിന്ന് നോക്കിയാലും സങ്കീർണ്ണതകൾ ഏറെയാണ്. പിന്നെ എന്താണൊരു പരിഹാരം? എന്റെ നോട്ടത്തിൽ ഇതിന് അടവുപരമായ മൂന്ന് പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ പറ്റും. അടുത്തുള്ളത്, മധ്യത്തിലുള്ളത്, ഉയരെ നിൽക്കുന്നത് എന്നിങ്ങനെ ഇവയെ ഇനം തിരിക്കാവുന്നതുമാണ്. അടുത്തുള്ളത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് വരെ തുർക്കി പിന്തുടർന്നു വരുന്ന രീതി തന്നെയാണ്. സിറിയക്കകത്ത് തുർക്കി അതിർത്തിയോട് ചേർന്ന ഒരു ഇടുങ്ങിയ ഭാഗം ഭൂപ്രദേശം തുർക്കിയും സിറിയൻ വിപ്ലവകാരികളും ചേർന്ന് തങ്ങളുടെ നിയന്ത്രണത്തിൽ വെക്കുക. അലപ്പോയിലെ ഗ്രാമപ്രദേശങ്ങളും ഇദ്ലീബും ചേർന്ന ഭൂപ്രദേശമാണിത്. ഇവിടെ വലിയ തോതിലുളള ജനസാന്ദ്രതയാണുള്ളത്. സിറിയയിലെ ഏതാണ്ട് മൂന്നിലൊന്ന് വിഭാഗം ഇവിടെ തിങ്ങിപ്പാർക്കുകയാണത്രെ. വടക്കൻ സിറിയയിലെ 11% ഭൂപ്രദേശം തുർക്കിയുടെയും സിറിയൻ പ്രതിപക്ഷത്തിന്റെയും നിയന്ത്രണത്തിലാണ്. 2020-ൽ റഷ്യയുമായി ഇക്കാര്യത്തിൽ തുർക്കി ഒരു ധാരണയിലെത്തിയിട്ടുണ്ട്. തുർക്കിയിലേക്ക് നുഴഞ്ഞുകയറുന്ന വിഘടനവാദികളെ ചെറുക്കാൻ തുർക്കിക്ക് ഈ ഭൂപ്രദേശം കൈവശം വെക്കാം എന്നാണ് ധാരണ. പക്ഷെ ഇതൊരു താൽക്കാലിക വെടിനിർത്തൽ മാത്രമാണ്. തുർക്കിയുടെയോ സിറിയൻ പ്രതിപക്ഷത്തിന്റെയോ ദീർഘകാല താൽപര്യങ്ങൾക്ക് ഉതകുന്നതല്ല ഈ നില.

പ്രശ്നപരിഹാരത്തിന്റെ ഏറ്റവും ഉയർന്ന നില എന്നു പറയുന്നത് ബശ്ശാറുൽ അസദിനെ പുറത്താക്കാൻ തുർക്കി സിറിയൻ പ്രതിപക്ഷത്തെ സഹായിക്കുക എന്നതാണ്. എന്നിട്ട് തുർക്കിയുമായി സഖ്യമുള്ള ഒരു ജനാധിപത്യ സർക്കാർ സിറിയയിൽ അധികാരത്തിൽ വരണം. കിഴക്കൻ അറേബ്യയിലേക്ക് തുർക്കിക്ക് തുറന്നു കിട്ടുന്ന കവാടമായിരിക്കുമത്. ഇത് തന്നെയാണ് ദീർഘകാല ലക്ഷ്യമായിരിക്കേണ്ടതും. പക്ഷെ പെട്ടെന്ന് നേടിയെടുക്കാവുന്ന ലക്ഷ്യമല്ല ഇത്. ഒരു പാട് കടമ്പകളുണ്ട്. റഷ്യയും അമേരിക്കയും ഇറാനും ഇത് അംഗീകരിക്കില്ല എന്നതാണ് ഒന്നാമത്തേത്. റഷ്യയുടെയും ഇറാന്റെയും ഇടപെടൽ പിന്നെ നടക്കില്ലല്ലോ.’ യുദ്ധത്തിന് ഒരു അവസരം നൽകൂ’ എന്ന, മേഖലയെ രക്തത്തിൽ കുളിപ്പിക്കാനുള്ള അമേരിക്കയുടെ ദുഷ്ടലാക്കും ഇതോടെ അവതാളത്തിലാവും.

പിന്നെയുളളത് മധ്യേയുള്ള പരിഹാര മാർഗമാണ്. അതാണ് ഏറ്റവും മികച്ചത്, കൂടുതൽ പ്രായോഗികം എന്ന അർഥത്തിൽ. സിറിയയുടെ വടക്കൻ മേഖലയിൽ തുർക്കിയുടെയും സിറിയൻ പ്രതിപക്ഷത്തിന്റെയും നിയന്ത്രണത്തിലേക്ക് കൂടുതൽ പ്രദേശങ്ങൾ കൊണ്ട് വരിക എന്നതാണത്. അലപ്പോ പ്രവിശ്യ മുഴുവനായി, അലപ്പോ നഗരം ഉൾപ്പെടെ നിയന്ത്രണത്തിൽ കൊണ്ട് വരണം. ഹസ്ക, റഖ്ഖ പ്രവിശ്യകളുടെ ഒരു ഭാഗവും അതിൽ ഉൾപ്പെടണം. ഇവിടേക്ക് തുർക്കിയിലെത്തിയ അഭയാർഥികളെ കൊണ്ട് വരാം. അന്തിമ പരിഹാരത്തിനുള്ള സിറിയൻ പ്രതിപക്ഷത്തിന്റെ വിലപേശൽ ശക്തിയും അത് വർധിപ്പിക്കും. ഈ മേഖലക്ക് സിറിയയിലെ പകുതി ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയും. യുക്രെയ്ൻ യുദ്ധത്തിൽ തലയൂരാൻ കഴിയാത്ത വിധം പെട്ടു കിടക്കുന്ന റഷ്യയുടെ മേൽ സമ്മർദം ചെലുത്തി ഇങ്ങനെയൊരു പരിഹാരത്തിനാണ് തുർക്കി ആത്യന്തികമായി ശ്രമിക്കേണ്ടത്. അവിടെയും ഒരു പാട് കടമ്പകൾ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നുമില്ല.

വിവ : അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles