Current Date

Search
Close this search box.
Search
Close this search box.

മോദി വാഗ്ദാനം ചെയ്യുന്ന വര്‍ഗീയ കലാപങ്ങളില്ലാത്ത പത്ത് വര്‍ഷം

പതിറ്റാണ്ടുകളായി അത്രയധികം ശ്രദ്ധിക്കപ്പെടാതിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘ് എന്ന ഹൈന്ദവാധിപത്യ പ്രത്യയശാസ്ത്രം മോദി അധികാരത്തിലെത്തിയ ശേഷം എങ്ങിനെയാണ് ദേശീയ വ്യവഹാരത്തിലേക്ക് കടന്നു വന്നതെന്ന് നിരവധി രാഷ്ട്രീയ ലേഖകര്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ സൂചിപ്പിച്ചിരുന്നു. ബി.ജെ.പിക്കുണ്ടായ വമ്പിച്ച തെരെഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ഇക്കഴിഞ്ഞ മേയ് മാസത്തില്‍ മോദി അധികാരത്തിലെത്തിയത്.

ആര്‍.എസ്.എസ്സും സംഘ്പരിവാര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന അതിന്റെ പോഷക സംഘടനകളുമായുള്ള ബന്ധം ബി.ജെ.പി യാതൊരു കൂസലുമില്ലാതെ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി തന്നെ ഒരു മുന്‍ ആര്‍.എസ്.എസ് നേതാവാണ്. അതുപോലെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പലരും ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ. കഴിഞ്ഞ ആഴ്ച്ചകളില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായി അവരോധിച്ചത് സ്വയം സാമൂഹിക സാസ്‌കാരിക സംഘടനയായി ചമയുന്ന സംഘ്പരിവാറും രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള ബന്ധമാണ് യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം തെളിയിക്കുന്നത്.

ഇന്ത്യയിലുള്ള എല്ലാവരും, മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ളവര്‍ ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ്. കാരണം ഹിന്ദു ജനതയുടെയും സംസ്‌കാരത്തിന്റെയും നാടാണിതെന്നാണ് ഭാഗവത് പറയുന്നത്. 1992-ല്‍ തങ്ങള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമ ക്ഷേത്ര നിര്‍മാണം നടത്തുന്നത് പോലുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ക്കാവുമെന്നാണ് തെരെഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസത്തിന് ശേഷം മേയ് 19-ന് സംഘ് ദാര്‍ശനികനായ എം.ജി. വൈദ്യ പറഞ്ഞത്. ‘ഹിന്ദുക്കളെ എതിര്‍ത്തു കൊണ്ട് അവര്‍ക്ക് (മുസ്‌ലിംകള്‍) എത്രകാലം നിലനില്‍ക്കാനാവും?’ എന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ ചോദിച്ചത്.

ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് എപ്പോഴും ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഈ ഭൂരിപക്ഷ മനോഭാവം സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ മാത്രമേ പ്രകടമായിരുന്നുള്ളൂ. ഔട്ട്‌ലുക്ക് വാരികയിലെ വിമര്‍ശകനും ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നു : ‘ഇപ്പോഴത് രാജ്യത്തിന്റെ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നു. തങ്ങള്‍ പ്രതീക്ഷിച്ച രാഷ്ട്രീയ ഹിന്ദു എത്തിയതായി വലിയൊരു വിഭാഗം ആര്‍.എസ്.എസ് – ബി.ജെ.പി അനുയായികള്‍ വിശ്വസിക്കുന്നു.’

സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം മുമ്പ് ലോകസഭയില്‍ നടന്ന വിഷലിപ്തവും ചൂടേറിയതുമായ ചര്‍ച്ചയില്‍ ബി.ജെ.പി എം.പി. യോഗി ആദിത്യനാഥ് മുസ്‌ലിം സമുദായത്തെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചത് വ്യക്തമാക്കുന്നതും അത് തന്നെയാണ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ഹിന്ദു യുവ വാഹിനിയുടെ സ്ഥാപകനാണ് യോഗി. അയാളുടെയും കൂട്ടുകാരുടെയും വാദത്തെ ഖണ്ഡിക്കാന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല.

ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ ഒരു തരത്തിലും തങ്ങള്‍ക്കെതിരെ തിരിയില്ലെന്ന് ഉറപ്പിച്ചു കൊണ്ട്, നിയമത്തെ വെല്ലുവിളിച്ച് കൂട്ടക്കൊലകളില്‍ ആറാടാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയതു മുതല്‍ക്കാണ് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. അവരുടെ കണക്കു കൂട്ടല്‍ ശരിയുമായിരുന്നു. ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ആക്രമണ പരമ്പരകള്‍, അതുപോലെ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ അരങ്ങേറിയ കലാപങ്ങള്‍ ഒക്കെ തന്നെ മതന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ അനുഭവിക്കാന്‍ പോകുന്ന ദുരിതങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.

വര്‍ഗീയ കലാപങ്ങളുടെ കൃത്യമായ കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ മെയ് പതിനാറിന് ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം നടന്ന കലാപങ്ങളുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഏകദേശം ആയിരത്തിലധികം കലാപങ്ങളാണ് അരങ്ങേറിയത്. ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശിലും, മഹാരാഷ്ട്രയിലുമാണ് മോദി അധികാരത്തിലേറിയതിന് ശേഷം ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ അരങ്ങേറിയത്.

മുസ്‌ലിംകള്‍ക്കെതിരിലുള്ള കലാപങ്ങള്‍ കാര്യക്ഷമമായി രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ നടന്ന കലാപങ്ങള്‍ ആരുടേയും ശ്രദ്ധയില്‍പെട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ പട്ടണങ്ങളെ അപേക്ഷിച്ച് ചെറിയ പട്ടണങ്ങളും, ഗ്രാമ പ്രദേശങ്ങളുമാണ് കലാപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത് എന്ന വസ്തുതയും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ചത്തീസ്ഗഢിലെ ബാസ്തര്‍ ആണ് ഏറ്റവും പുതിയ ഉദാഹരണം.

വര്‍ദ്ധിച്ചു വരുന്ന സംഘ് പരിവാറിന്റെ മതവിദ്വേഷ പ്രചാരണ പരിപാടികളെ കുറിച്ച് ക്രിസ്ത്യന്‍ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ക്രിസ്ത്യനികളെ ഗ്രാമങ്ങളില്‍ നിന്നും ആട്ടിയോടിക്കും എന്ന ഭീഷണി ചത്തീസ്ഗഢില്‍ നിന്നും വികസിച്ച് മധ്യപ്രദേശിലൂടെ വ്യാപിച്ച് ഇപ്പോള്‍ തലസ്ഥാന നഗരിയുടെ അതിര്‍ത്തികളിലുള്ള ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ വരെ എത്തിയിരിക്കുന്നു.

ചത്തീസ്ഗഢിലെ ബാസ്തര്‍ പ്രവിശ്യയിലേക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് എടുത്ത തീരുമാനത്തോട് സംസ്ഥാന സര്‍ക്കാറോ, കേന്ദ്രമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദുക്കളെ മാത്രമേ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും, ഹിന്ദു ദേവാലയങ്ങള്‍ മാത്രമേ പ്രദേശത്ത് നിര്‍മ്മിക്കാന്‍ അനുവദിക്കുകയുളളുവെന്നുമാണ് ഗ്രാമസഭയെടുത്ത മറ്റു തീരുമാനങ്ങള്‍. ഈ തീരുമാനങ്ങളൊക്കെ തന്നെ ഭരണഘടനാ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കലുമാണ്.

എല്ലാ ജാതികളേയും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദുക്കളാക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ നിരവധിയിടങ്ങളില്‍ കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2008 ല്‍ ഒറീസയിലെ കണ്ഡമാലില്‍ നടന്ന കലാപത്തിന് വഴിയൊരുക്കിയത് അത്തരമൊരു സംഭവമായിരുന്നു. വലതുപക്ഷ ഹിന്ദുക്കളുടെ ഇത്തരം ഭീഷണിയില്‍ അധിഷ്ഠിതമായ രീതികള്‍ക്ക് കഴിഞ്ഞ വാജ്‌പെയ് സര്‍ക്കാറിന്റെ കാലത്ത് വമ്പിച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രത്യേകിച്ച് ഗുജറാത്തിലേയും, രാജസ്ഥാനിലേയും ഗോത്രവര്‍ഗ മേഖലകളില്‍.

1998 ലെ ക്രസ്തുമസിന്റെ തലേന്ന് ഗുജറാത്തിലെ ഡാങ്‌സ് ജില്ലയില്‍ 25 ക്രിസ്ത്യന്‍ പള്ളികളാണ് കത്തിച്ച് ചാമ്പലാക്കിയത്. 2009 ല്‍ ഒറീസയിലെ മനോഹര്‍പൂരില്‍ വെച്ച് ആസ്‌ത്രേലിയയില്‍ നിന്നും വന്ന ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷണറിയായ ഗ്രഹാം സ്റ്റുവാര്‍ട്ട് സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍കുട്ടികളേയും ജീവനോടെ ചുട്ടുക്കൊന്നു. ഇതുപോലെ അനവധി കൊലപാതകങ്ങള്‍ നടന്നു.

നിയമവാഴ്ച്ച കാര്യക്ഷമമായി നടക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പത്ത് വര്‍ഷത്തേക്ക് എല്ലാ വിധത്തിലുള്ള വര്‍ഗീയ കലാപങ്ങളും നിര്‍ത്തിവെക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ പ്രസംഗം പക്ഷെ പൗരന്‍മാര്‍ക്കിടയില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്.

മതജാതി ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിക്കാന്‍ എന്തുകൊണ്ട് മോദിക്ക് സാധിക്കുന്നില്ല എന്ന ചോദ്യവുമായി മനുഷ്യാവകാശ സംഘടനകളും മതസംഘടനകളും രംഗത്തു വന്നിരുന്നു. മതേതരത്വത്തിലും സഹിഷ്ണുതയിലും ഉള്ള വിശ്വാസം പുനഃപ്രതിഷ്ഠിക്കുവാന്‍ മോദിക്ക് ലഭിച്ച ഒരു അവസരമാണിത്. പക്ഷെ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിശബ്ദത പ്രതീക്ഷക്ക് വകനല്‍കാത്തതാണ്. കാര്യങ്ങള്‍ക്ക്  പകരം ചില വീരവാദങ്ങളാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നത്.

(ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍ അംഗവുമാണ് ജോണ്‍ ദയാല്‍.)

Related Articles