Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവും ബി.ജെ.പിയുടെ അവിചാരിത നേട്ടങ്ങളും

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിലുള്ള ഇന്ത്യയുടെ ഇടപെടലുകളില്‍ ഏറ്റവും ശ്രദ്ധേയമായത് വിത്യസ്ത തരം മീഡിയ ഇടപെടലുകളാണ്. ഹിന്ദുത്വ അനുയായികളുടെ ഇസ്രായേല്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ഈ പ്രതിഭാസത്തിന് തുടക്കം കുറിക്കുന്നത്. യേല്‍ യൂനിവേഴ്‌സിറ്റിയിലെ അകാദമീഷ്യന്മാരില്‍ ഒരാളുടെ ശ്രദ്ധേയമായ പ്രസ്താവന ഇങ്ങനെയാണ്: ‘ആഗോളവല്‍കരണത്തിന്റെ മറ്റൊരു മണ്ടന്‍ ഉപോല്‍പ്പന്നമാണ് നെതന്യാഹു നടത്തുന്ന എല്ലാ ട്വീറ്റുകള്‍ക്കും ചുവടെ അയാളുടെ രാജി ആവശ്യപ്പെടുന്ന ഹീബ്രു കമന്റുകളും അയാള്‍ക്ക് പിന്തുണ നല്‍കുന്ന ഹിന്ദി കമന്റുകളും’.

സോഷ്യല്‍ മീഡിയ മെസേജുകളില്‍ നിന്ന് തുടങ്ങിയ ഈ പ്രതിഭാസത്തിന് ഔപചാരികത വരുന്നതാണ് പിന്നീട് കാണുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ സംഘര്‍ഷം കവര്‍ ചെയ്യുന്നതിനായി ഇസ്രായേലിലേക്ക് അയക്കാന്‍ തുടങ്ങി. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിരീക്ഷിച്ചത് പോലെ, അത്യുത്സാഹത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മുഖ്യധാര ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മണിപ്പൂര്‍ വയലന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒട്ടും താല്‍്പര്യമില്ലായിരുന്നു. മോദി ഗവണ്‍മെന്റിനെയും ബി.ജെ.പിയെയും പിന്തുണക്കുന്ന ദേശീയ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ഒരാഴ്ചയായി ഫലസ്തീന്‍- ഇസായേല്‍ സംഘര്‍ഷത്തിന് വലിയ കവറേജാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ബി.ജെ.പിയുടെ നേട്ടങ്ങള്‍
ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയത് പോലെ, ഇന്ത്യയിലെ ദേശീയ ടെലിവിഷന്‍ മീഡിയകള്‍ യൂനിയന്‍ ഗവണ്‍മെന്റിനോടുള്ള കടപ്പാട് കാരണം അവര്‍ക്ക് സഹായകമായ പ്രോഗാമുകള്‍ നടത്തുന്നവരാണ്. ബീഹാര്‍ ഗവണ്‍മെന്റ് പുറത്തു വിട്ട ജാതി സെന്‍സസ് ഡാറ്റയുടെ കവറേജിന് പകരം ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ വ്യാപക കവറേജ് നല്‍കുന്നതിലൂടെ മീഡിയകള്‍ ബി.ജെ.പിയെ സഹായിച്ചിരിക്കുന്നു. പത്ത് വര്‍ഷക്കാല ഭരണത്തിനിടയില്‍ ആദ്യമായി ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷം വിജയകരമായി ഒരുക്കിയ അജണ്ടയായിരുന്നു ജാതി സെന്‍സസിനെ കുറിച്ച ചര്‍ച്ചകള്‍. ഇലക്ഷനില്‍ നിര്‍ണായകമായ ഹിന്ദി ബെല്‍റ്റില്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ക്കെതിരെ പ്രത്യയശാസ്ത്രത്തിന്റെ തലത്തിലും വോട്ട് തലത്തിലും ഉയര്‍ത്താന്‍ കഴിയുന്ന ആയുധമായിരുന്നു ജാതി സെന്‍സസ്. എന്നാല്‍ കഴിഞ്ഞ ഒരു ആഴ്ച്ചയായി ജാതി സെന്‍സസിന് പകരം 5000 കിലോമീറ്റര്‍ അപ്പുറമുള്ള സംഘര്‍ഷമാണ് വാര്‍ത്താവിഷയം.

ദേശീയ സുരക്ഷയുടെ പേരില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന തങ്ങളുടെ സ്ഥിരം കര്‍മപരിപാടിക്ക് സഹായകമായി ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നുണ്ട്. ഫലസ്തീനിയന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഹമാസിന്റെ ആക്രമണം നടന്ന് അടുത്ത ദിവസം തന്നെ യു.പി.എ കാലത്തെ ഇസ്ലാമിക തീവ്രവാദ ആക്രമണത്തെ കുറിച്ച് ബി.ജെ.പി ട്വീറ്റ് ചെയ്ത ഒരു വീഡിയോ ഇതിനുദാഹരണമാണ്. ഇത്തരത്തിലുള്ള നടപടികള്‍ തുടരുന്ന ബി.ജെ.പിയെയാണ് പിന്നീട് കാണുന്നത്. ഫലസ്തീന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റ കാരണം ഉത്തര്‍പ്രദേശ് ബി.ജെ.പി ഗവണ്‍മെന്റ് ഒരു മുസ്ലിം പുരോഹിതനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ശനിയാഴ്ച ആണ്. ഇതിന് മുമ്പ് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല മാര്‍ച്ച് നടത്തിയതിന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് ചുമത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ഫലസ്തീന് അനുകൂലമായ ആവിഷ്‌കാരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രതിസന്ധികള്‍
ഫലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ബി.ജെ.പി നടത്തുന്ന മീഡിയ ഇടപെടലുകള്‍ കോണ്‍ഗ്രസിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു. ‘രണ്ട് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടാന്‍ കാരണമായി മിഡില്‍ ഈസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ കാര്യത്തില്‍ സി.ഡബ്ല്യു.സിയുടെ നടുക്കവും വേദനയും പ്രകടിപ്പിക്കുന്നു’ എന്നായിരുന്നു ഒക്ടോബര്‍ പത്തിന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുറത്തുവിട്ട പ്രസ്താവന. ‘മണ്ണിനും സ്വയം ഭരണത്തിനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള ഫലസ്തീനിയന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കി വരുന്ന ദീര്‍ഘകാല പിന്തുണയെ സി.ഡബ്ല്യു.സി ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു’.
എന്നാല്‍, കോണ്‍ഗ്രസ് പ്രമേയത്തില്‍ ഹമാസിന്റെ ആക്രമണത്തെ കുറിച്ച് സൂചിപ്പിക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം, സംഘര്‍ഷത്തെ കുറിച്ച ചര്‍ച്ചകളില്‍ ഇടപെടാതെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്ക് വലിയ പ്രയോജനം നല്‍കിയ ജാതി സെന്‍സസ് വിഷയത്തില്‍ തന്നെ ശ്രദ്ധ കൊടുക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അഭിപ്രായമത്രെ. പ്രതീക്ഷിച്ചത് പോലെ കോണ്‍ഗ്രസിന്റെ പ്രമേയം ബി.ജെ.പി ഏറ്റെടുക്കുകയും ‘തീവ്രവാദ അക്രമണത്തെ’ തള്ളി പറഞ്ഞില്ല എന്ന് പ്രശ്‌നവല്‍കരിക്കുകയും ചെയ്തു.

രണ്ട് പ്രേരണകള്‍
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പരമ്പരാഗതമായി സ്വീകരിച്ചു വന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നത്. സങ്കര്‍ഷം ആരംഭിച്ച 1930 മുതല്‍ ഫലസ്തീന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരമൊരു നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുന്നതിന്റെ ഒരു കാരണം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി കോണ്‍ഗ്രസിനുള്ള ഡി.എന്‍.എ ബന്ധമാണ്. തങ്ങളുടെ മാത്യഭൂമിയില്‍ നിന്ന് ഫലസ്തീനികള്‍ പുറന്തള്ളപ്പെടുന്നതിനെയും യൂറോപ്യന്‍ ജൂതന്മാരുടെ അധിനിവേശ കുടിയേറ്റത്തെയും കോളനിവല്‍കരണത്തിന്റെ ലെന്‍സിലൂടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസ് നോക്കി കണ്ടത്. ഇന്ത്യന്‍ മുസ്ലിംകളുടെ വൈകാരിക ബന്ധം മറ്റൊരു കാരണമാണ്. ഫലസ്തീന്‍ ജനതയുടെ നല്ലൊരു ഭാഗവും മുസ്ലിംകളായതിനാലും മതപരമായി പ്രാധാന്യമുള്ള ജറുസലേം ഉള്‍പ്പെടുന്നതു കൊണ്ടും ഫലസ്തീന്‍ വിഷയം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

രണ്ടാമത്തെ ഘടകത്തിന്റെ സ്വാധീനം രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി കാലത്ത് കാണാന്‍ കഴിയും. രാജീവ് ഗാന്ധി ഇന്ത്യയുടെ വിദേശ പോളിസിയില്‍ സുപ്രധാന മാറ്റം വരുത്തുകയും 1980 ല്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരവങ്ങളൊന്നുമില്ലാതെ രഹസ്യ സ്വഭാവത്തിലാണ് അദ്ദേഹം ഈ മാറ്റം നടപ്പിലാക്കിയത്. ഇതിന്റെ നേര്‍ വിപരീത സ്വഭാവത്തിലാണ് നരേന്ദ്ര മോദിയുടെ നടപടി. ഇസ്രായേല്‍ അനുകൂല പൊതു വാചാടോപത്തിലൂടെയും ബഹളത്തിലൂടെയും ഫലസ്തീന്‍ ജനതയുടെ അഭിലാഷത്തോടുള്ള ഇന്ത്യയുടെ ഔദ്യോഗിക പിന്തുണയെ നിര്‍വീര്യമാക്കുന്നതാണ് മോദി തന്ത്രം (ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലുള്ള ഇന്ത്യയുടെ പിന്തുണ മാറ്റമില്ലാതെ തുടരുന്നു. ഫലസ്തീനിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി). ഇന്ത്യയിലെ പ്രധാന മുസ്ലിം വിഭാഗങ്ങളെ അസ്വസ്ഥപ്പെടുത്താന്‍ രാജീവ് ഗാന്ധി തയാറായിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ മുസ്ലിംകള്‍ക്കുള്ള രോഷത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വ അനുയായികളെ ഉത്തേജിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്ലിം വോട്ടില്‍ ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പതുക്കെയാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ അധികാരം നേടിയെടുത്തതിനാല്‍ ബി.ജെ.പി വാചാടോപങ്ങള്‍ എളുപ്പത്തില്‍ ഇന്ത്യയില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യ പോലുള്ള അറബ് രാജ്യങ്ങള്‍ പോലും ഇസ്രായേലുമായുള്ള ബന്ധം ‘നോര്‍മലൈസ്’ ചെയ്യാനാണ് ശ്രമിക്കുന്നത്.

പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ പ്രാധാന്യമുള്ളതും ജനപിന്തുണയുടെ കാര്യത്തില്‍ പങ്ക് വഹിക്കുന്നതുമാണെങ്കിലും വോട്ടിന്റെ എണ്ണത്തില്‍ ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം എത്ര മാത്രം സ്വാധീനിക്കുമെന്നത് ഇനിയും വ്യക്തമല്ല. ഇസ്രായേലിനു വേണ്ടിയുള്ള ഹിന്ദുത്വ മെസേജുകളില്‍ ആവേശം കൊള്ളുന്നവരുടെ വോട്ടുകള്‍ മുമ്പും ബി.ജെ.പി ക്ക് തന്നെ ലഭിച്ചിരുന്നുവെന്ന് വിശ്വസിക്കാനാണ് ന്യായം. മറുവശത്ത്, ഫലസ്തീന്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ ചലനം സൃഷ്ടിക്കുമെങ്കിലും ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടിനെ സ്വാധീനിക്കാന്‍ പോവുന്നില്ല. വിദൂരത്ത് നടക്കുന്ന സംഘര്‍ഷത്തെക്കാള്‍ ഉപജീവന മാര്‍ഗം, സുരക്ഷിത ജീവിതം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടിനെ നിര്‍ണയിക്കുന്നത്. വിഷയത്തിലെ തങ്ങളുടെ പ്രമേയത്തിനെതിരായ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചതും വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ ലഭിക്കുന്ന സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടാതിരിക്കുന്നതും ഈ കാരണത്താലാണ്.

വിവ: ഇര്‍ശാദ് പേരാമ്പ്ര

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles