Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിന്റെയും മാനവികതയുടെയും നിഷേധമാണ് ഫലസ്തീൻ വംശഹത്യ

സയണിസത്തോടുള്ള പാശ്ചാത്യ സ്നേഹത്തിൻ്റെ കാതൽ ചരിത്രത്തിൻ്റെയും മാനവികതയുടെയും നിരാകരണമാണ്. സൈനികരും സാധാരണക്കാരും അടങ്ങുന്ന ഏകദേശം 1,300 പേരുടെ മരണത്തിന് ഇടയാക്കിയ ഹമാസിൻ്റെ അഭൂതപൂർവമായ ആക്രമണത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളും ഔദ്യോഗിക വൃത്തങ്ങളും വാചാലരാവുകയും ഭീതിതമായ സാഹചര്യമാണ് ആഗതമായതെന്നും കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. അതേസമയം, ഇതുവരെ 22,000-ത്തിലധികം ജീവൻ അപഹരിക്കുകയും പരിക്കേൽക്കുകയും ചെയ്ത ​ഗസ്സക്കെതിരെ ഇസ്രായേൽ തുടരുന്ന ക്രൂരതയ്ക്ക് വലിയ പിന്തുണയാണ് അവർ നൽകുന്നത്.

പാശ്ചാത്യരെന്നും ഇസ്റാഈലിനൊപ്പമാണ് എന്ന് അടിവരയിടുന്ന ദയയില്ലാത്ത ഒരു ഇരട്ടത്താപ്പാണ് ഫിലോ-സയണിസം പുലർത്തുന്നത് എന്ന് പുതിയ സാഹചര്യത്തിൽ എന്നത്തേക്കാളും കൂടുതൽ വ്യക്തമായി കാണാൻ കഴിയും. പാശ്ചാത്യർക്ക് ഇസ്രായേലിലെ ജൂതരുടെ ജീവിതവും ഭരണവും സമകാലിക പാശ്ചാത്യത്തിൽ വിശുദ്ധവും ഫലസ്തീനിലെ മുസ്ലീം, ക്രിസ്ത്യൻ ജീവിതങ്ങൾ വില കൽപ്പിക്കപ്പെടുന്ന ഒന്നല്ല എന്നതാണ് കൂടുതൽ ശരി.

ഈ ഇരട്ടത്താപ്പിന്റെ മറവിൽ നമ്മുടെ കൺമുന്നിൽ വംശഹത്യകണ് അരങ്ങേറുന്നത്. യൂറോപ്പിൽ യഹൂദവിരുദ്ധത ശക്തമായിരുന്നു. അതിൻ്റെ പാരമ്യതയായിരുന്നു ഹോളോകോസ്റ്റ്. ചരിത്രപരമായ യഹൂദവിരുദ്ധതയുടെ ന്യായവും ധാർമ്മികവുമായ പ്രതിഫലമാണ് ഇസ്രായേലെന്ന രാഷ്ട്ര രൂപീകരണത്തിലേക്ക് നയിച്ചതെന്ന സാമാന്യവൽക്കരിച്ച പാശ്ചാത്യ വീക്ഷണവും ഇസ്രായേലിന്റെ എതിർപക്ഷത്ത് യഹൂദവിരുദ്ധത കൊണ്ടുനടക്കുന്നവർ (പാശ്ചാത്യേതര) ബാർബേറിയന്മാരാണെന്ന ആഖ്യാനവും.

ഫലസ്തീൻ മണ്ണിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിരാകരണത്തിലാണ് ഇസ്രായേലിനുള്ള പാശ്ചാത്യ പിന്തുണ വേരൂന്നിയിരിക്കുന്നത്.

1917-ലെ ബാൽഫർ പ്രഖ്യാപനത്തിൽ ഫലസ്തീനികളെയോ അറബികളെയോ കുറിച്ച് നേരിട്ട് പരാമർശമില്ല, മറിച്ച് “ജൂത ജനത” യുമായി താരതമ്യപ്പെടുത്തുമ്പോൾ ചരിത്രപരമായും ധാർമ്മികമായും രാഷ്ട്രീയമായും പ്രാധാന്യം കുറഞ്ഞ “ജൂതേതര സമൂഹങ്ങളുടെ” സാന്നിധ്യത്തെ കുറിച്ചാണ് പരാമർശമുള്ളത്. അവരുടെ ദേശീയ അഭിലാഷങ്ങളെയാണ് ബ്രിട്ടീഷ് സർക്കാർ പിന്തുണയ്ക്കുന്നത്.

ജൂത-ക്രിസ്ത്യൻ സയണിസ്റ്റ് ചിന്തകളും പ്രയോഗങ്ങളും ഒന്നുമല്ലതിരുന്ന കാലത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ പലസ്തീനിലെ അറബ് വംശജർ തന്നെയായിരുന്നു അക്കാലത്ത് പലസ്തീനിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും.

സയണിസ്റ്റ് കുടിയേറ്റവും കോളനിവൽകരണവും
1920 നും 1948 നും ഇടയിൽ, ഫലസ്തീനിയൻ അറബികളേക്കാൾ പാശ്ചാത്യർക്കിടയിൽ സ്വാധീനം ഉണ്ടായിരുന്ന യൂറോപ്യൻ സയണിസ്റ്റ് നേതാക്കളെ കൂട്ടുപിടിച്ച് പാശ്ചാത്യ രാഷ്ട്രതന്ത്രജ്ഞർ, പാലസ്തീനിലെ കുടിയൊഴിപ്പിക്കൽ ശാശ്വതമായ കുടിയേറ്റത്തിലേക്കും കോളനിവൽകരണത്തിലേക്കും പരിവർത്തിപ്പിച്ചുവെന്നതാണ് നേര്.

മുസ്ലീം-ക്രിസ്ത്യൻ ഫലസ്തീനികൾ 1920-കളിലും 1930-കളിലും മാൻഡേറ്ററി പലസ്തീനിലെ ഫിലോ-സയണിസ്റ്റ് കൊളോണിയൽ വാസ്തുവിദ്യയ്‌ക്കെതിരെ പ്രതിഷേധിക്കുകയും നിവേദനം നൽകുകയും കലാപം നടത്തുകയും ചെയ്തിട്ടും, അവരുടെ പാശ്ചാത്യ മനോഭാവത്തിൽ തെല്ലും മാറ്റം വന്നിട്ടില്ല. ഇത് യൂറോപ്യൻ ജൂത സയണിസ്റ്റുകൾക്ക് തദ്ദേശീയരായ പലസ്തീനികളുടെ മേലുള്ള വിശേഷാധികാരം വ്യവസ്ഥാപിതമായി നൽകി.

രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളോകോസ്റ്റിന്റെയും പശ്ചാത്തലത്തിൽ, യൂറോപ്യൻ, അമേരിക്കൻ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അവരുടെ ഫിലോ-സയണിസ്റ്റ് മനോഭാവം കടുപ്പിച്ചു. ബഹുമത സാന്നിധ്യം ഉള്ള ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം സൃഷ്ടിക്കുന്നതിന് അതിന്റെ ഭൂരിഭാഗവും കൈവശം വച്ചിരുന്ന തദ്ദേശീയരായ ഫലസ്തീൻ ഭൂരിപക്ഷത്തെ പുറത്താക്കുകയും കുടിയിറക്കുകയും ചെയ്യൽ അനിവാര്യമാണ് എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെയവർ തദ്ദേശീയരെ കുടിയിറക്കാൻ തുടങ്ങി.

വിനിയോഗക്ഷമതയെക്കുറിച്ചുള്ള വംശീയ കൊളോണിയൽ ചിന്തകൾക്കൊപ്പം ദൈവത്തിൻ്റെ വാഗ്ദാനം അനുസരിച്ച്, , തദ്ദേശീയരായ അറബ് ജനതയെക്കാൾ ഫലസ്തീൻ മണ്ണിന് ജൂത ജനതക്ക് അർഹതയുണ്ട് എന്ന സയണിസ്റ്റ് അവകാശവാദവും ചേർന്നു.

ചരിത്രകാരൻ ഡാനിയേൽ കോഹൻ പറഞ്ഞത് പോലെ, രണ്ടാം ലോകയുദ്ധത്തിൻ്റെ അനന്തര ഫലമെന്നോണം യൂറോപ്യൻ രാജ്യങ്ങളിൽ ജൂതന്മാരോടും ജൂതായിസത്തോടും ഒരു സഹതാപം രൂപപ്പെടുകയും അവ യൂറോപ്യരിൽ നവീനമായ ഒരു ധാർമ്മിക ബോധത്തെ ഉണർത്തുകയും ചെയ്തു. സെമിറ്റിസത്തോടുള്ള ഈ സ്നേഹമാണ് സയണിസത്തോടുള്ള സ്നേഹമായി മാറിയത്.

ഒരു അറബ് സമൂഹത്തെ തകർത്താണ് ഇസ്രായേൽ സൃഷ്ടിക്കപ്പെട്ടത് എന്നതിനാൽ, പാശ്ചാത്യർ ജൂതന്മാർക്ക് മേൽ നടത്തുന്ന പീഡനത്തിനുള്ള പ്രായശ്ചിത്തവും ഫലസ്തീനികളുടെ ചെലവിൽ നിന്ന് തന്നെ ഒടുക്കേണ്ടിവന്നു. ഇപ്പോഴും തൽസ്ഥിതി തുടരുന്നു.

ഫലസ്തീനികൾ എപ്പോഴും ഈ ഏകപക്ഷീയമായ ധാർമ്മികതയെയും പാർശ്വവൽക്കരണത്തെയും എതിർത്തിട്ടുണ്ട്. എന്നാൽ ഫലസ്തീൻ പ്രതിരോധങ്ങളെ – “ഭീകരവാദം” എന്നു വിളിക്കപ്പെടുന്നവർ ഉൾപ്പടെ- പാശ്ചാത്യ ശക്തികളും മുഖ്യധാരാ മാധ്യമങ്ങളും സ്ഥിരമായി സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയും യുക്തിരഹിതവും അധാർമികവുമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

“നല്ല” ഇസ്രായേൽ ഒരിക്കലും പ്രകോപനപരമായ ചെയ്തികൾ ചെയ്തിട്ടില്ല; “ഭീകരരുടെ ” അപ്രതീക്ഷിതവും ക്രൂരവുമായ പ്രാകൃത പ്രവർത്തികൾക്കുള്ള “പ്രതികാരം” മാത്രമാണ് അവർ നിർവഹിച്ചിട്ടുളളത്. ഫലസ്തീൻ ചെറുത്തുനിൽപ്പുകളെയും, മതേതര-ഇസ്ലാമിക സമൂഹത്തിന്റെ നേത്യത്വത്തിൽ നടക്കുന്ന സിവിൽ പ്രതിഷേധങ്ങളെയും സായുധ സമരങ്ങളെയും, മുൻകൂട്ടി തയ്യാറാക്കിയ ഒരു തീവ്രവാദ ചട്ടക്കുട്ടിലേക്ക് ചുരുട്ടിക്കൂട്ടലാണ് ഇവരുടെ നിലപാടെന്ന് പറയുന്നത്.

ആധുനിക ചരിത്രത്തിന്റെ കേന്ദ്ര ഘട്ടം
ജൂതന്മാർ കയ്യേറി നിർമ്മിച്ച ഇസ്രായേൽ രാഷ്ട്രം ആധുനിക ചരിത്രത്തിന്റെ മദ്ധ്യ കാലത്ത് സാധാരണവൽക്കരിക്കപ്പെടുകയും ഫലസ്തീനികൾ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്ത രംതാഴ്ത്തപ്പെടുകയുമാണുണ്ടാത്. എന്ത് വില കൊടുത്തും തോൽപ്പിക്കപ്പെടേണ്ട ഏറ്റവും മോശമായ, “വിനാശകാരികളായ ഭീകരരായി” മാറി അവർ. പൗരത്വമില്ലാത്തവരും അടിച്ചമർത്തപ്പെട്ടവരുമായ ഫലസ്തീനികൾ പാശ്ചാത്യ ധാർമികതയുടെ വാതിലിൽ എത്ര ഉച്ചത്തിൽ മുട്ടിയാലും അത് കേൾക്കുക വിദൂരമാണ്.

കൊളോണിയലിസം കീഴ്മേൽ മറിച്ച അവരുടെ തദ്ദേശീയ ചരിത്രത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന വസ്തുതകൾ അവഗണിക്കപ്പെടുന്നു. ഇസ്‌ലാമും ക്രിസ്‌ത്യാനിറ്റിയും രൂപപ്പെടുത്തിയ അവരുടെ അഗാധമായ ബഹുസ്വര സംസ്‌കാരം ഇസ്‌ലാമിക മതഭ്രാന്തിന്റെ ഹാസ്യചിത്രമായി ചുരുങ്ങിയിരിക്കുന്നു.

സ്വാതന്ത്ര്യത്തോടെ, അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ആഗ്രഹങ്ങളല്ല മറിച്ച്, യുക്തിരഹിതമായ വിദ്വേഷമാണ് ഫലസ്തീന്റെ സ്വയം നിർണ്ണയത്തിനുള്ള പോരാട്ടത്തിന് പിന്നിലെ ചേതോവികാരം എന്ന കള്ളക്കഥ പടച്ചുവിടുന്നതും ഈ നിഷേധത്തിന്റെയും ഉന്മൂലനത്തിന്റെയും തുടർച്ചയാണ്.

പലസ്തീനിയൻ കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പുകളെ ഒരു തരം കാടത്തം ആയി ചിത്രീകരിക്കുന്നത്, പൂർവ കാലത്ത് തദ്ദേശീയരുടെ അടിച്ചമർത്തലിനെതിരായ സമരങ്ങളെ, പ്രാകൃതവും അപരിഷ്കൃതവുമായി ചിത്രീകരിക്കുന്ന കൊളോണിയൽ പാരമ്പര്യത്തിൻ്റെ തുടർച്ചകളാണ്. ഫ്രഞ്ച് അടിമത്തത്തെ അട്ടിമറിച്ച ഹെയ്തിയൻ വിപ്ലവകാരികളെ രക്തദാഹികളായ കാട്ടാളന്മാരായാണ് ചിത്രീകരിക്കപ്പെട്ടത്. അടിമ ജീവിതത്തിന് എതിരെ പ്രക്ഷോഭം നടത്താൻ മുന്നോട്ട് വന്ന വടക്കേ അമേരിക്കയിലെ കറുത്ത അടിമകളുടെ കഥയും തഥൈവ.

വടക്കേ അമേരിക്കയിലുടനീളമുള്ള തദ്ദേശീയ ജനതകളുടെ ജീവനും ചരിത്രത്തിനും തെല്ലും വിലകൽപ്പിക്കാത്തത് കൊണ്ടാണ് അമേരിക്കൻ സൈന്യവും അതിന്റെ ഭരണകൂട മിലീഷ്യകളുടെ തോക്കുകളും ബയണറ്റുകളും പീരങ്കികളും പ്രയോഗിച്ച് അവരെ വംശഹത്യക്ക് വിധേയമാക്കിയത്. 1857-ൽ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയിൽ നടന്ന വൻതോതിലുള്ള പ്രക്ഷോഭങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വം നാഗരികതയ്‌ക്കെതിരായ “പൗരസ്ത്യരുടെ” അന്ധവിശ്വാസത്തിന്റെയും സഹജമായ മതഭ്രാന്തിന്റെയും പ്രകടനമായി ചിത്രീകരിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രാനുഭവങ്ങളുടെ പിൻബലത്തിൽ തന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കൊളോണിയൽ വിരുദ്ധ വിപ്ലവങ്ങളെ പാശ്ചാത്യർ ‘പൈശാചികവൽക്കാൻ’ ശ്രമിക്കുന്നത്. അൾജീരിയ, കെനിയ, ദക്ഷിണാഫ്രിക്ക, സിറിയ, പലസ്തീൻ, ഇറാഖ് ഇങ്ങനെ നീളുന്ന പട്ടികയിൽ, എല്ലായിടത്തും തദ്ദേശീയരെ തീവ്രവാദത്തിന്റെ ഉപാസകരായി അവതരിപ്പിക്കുന്നത് കാണാം.

കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെടുന്ന അടിച്ചമർത്തപ്പെട്ട ഇതര ജനവിഭാഗങ്ങളിൽ നിന്ന് വിഭിന്നമായി, ആധുനിക യൂറോസെൻട്രിക് പാശ്ചാത്യ വിചാരങ്ങളിൽ ഒരു ഇരയുടെ സ്ഥാനത്തുള്ള ഒരു വിഭാഗത്തിനാൽ അടിച്ചമർത്തപ്പെടുന്നു എന്ന സവിശേഷത ഫലസ്തീനികൾക്കുണ്ട്. അത് കൊണ്ടാണ് , പാശ്ചാത്യ ലോകത്തെ ‘ഇടതുപക്ഷം’ അൾജീരിയയിലെ കൊളോണിയൽ വിരുദ്ധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും ഫലസ്തീനികളോട് സമാനമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വൈമനസ്യം കാണിക്കുന്നത്. ജീൻ പോൾ സാർത്രിനെപ്പോലുള്ള ചിലർ ഒടുവിൽ അവരെ പൂർണ്ണമായും ഉപേക്ഷിക്കുകയും അടിച്ചമർത്തുന്നവരുടെ പക്ഷം ചേരുകയും ചെയ്തു.

‘ഇരകളുടെ ഇരകൾ’
1967-ലെ യുദ്ധത്തിനു ശേഷമുള്ള ദശാബ്ദങ്ങളിൽ, ഹോളോകോസ്റ്റിന്റെ ഭീകരമായ തിന്മകളെ കേന്ദ്രീകരിച്ച്, ഒരു ഓർമ പുതുക്കൽ സംസ്കാരം സമകാലിക പടിഞ്ഞാറിലുടനീളം രൂപപ്പെട്ടതായി കാണുന്നു. മനുഷ്യചരിത്രത്തിലുടനീളം, യഹൂദരുടെ “പൂർവികർ” “മരുഭൂമിയിൽ പൂവിരിയിച്ച്” അവരുടെ ദേശീയ രാഷ്ട്രം സൃഷ്ടിക്കുന്നതുവരെ മറ്റേതൊരു ജനതയെക്കാളും മായാത്ത പീഡനങ്ങൾ അനുഭവിച്ചു എന്ന പൊതുബോധത്തിന് ഈ സംസ്കാരം ശക്തി പകർന്നു.

അത്തരമൊരു യൂറോകേന്ദ്രീകൃത ധാർമ്മിക ചട്ടക്കൂടിൽ, കോളനിവൽക്കരിക്കപ്പെട്ട ഫലസ്തീനികളുടെ വിധി അടിസ്ഥാനപരമായി അപ്രസക്തമാണ്. അതിലുപരിയായി, ‘ഇസ്രായേൽ രാഷ്ട്രം ജൂത ജനതയുടെ വിധിയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, ഇസ്രായേലിനെതിരെയുള്ള ആക്രമണം യഹൂദ ജനതയ്ക്കെതിരായ ആക്രമണം ആണ്’ എന്ന ബോധ്യത്തെ മുൻനിർത്തിയുള്ളതാണ് സയണിസ്റ്റ് പ്രത്യയശാസ്ത്രം.

എഡ്വേർഡ് സെയ്ദ് പറഞ്ഞതുപോലെ, “ഇരകളുടെ ഇരകൾ” ആയത് കൊണ്ടാണ്, ഫലസ്തീനിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ ഒരിക്കലും ലക്ഷ്യത്തിൽ എത്താതെ പോകുന്നത്. ചരിത്രത്തിൽ നിന്ന് അടർത്തി മാറ്റിയത് കൊണ്ടാണ്, യഹൂദ രാഷ്ട്രത്തിനെതിരായ ഫലസ്തീൻ പ്രതിരോധം സെമിറ്റിക് വിരുദ്ധ ഭൂതകാലത്തിന്റെ ഭയാനകമായ പുനർജന്മമായി കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്.

ഇസ്രായേൽ രാഷ്ട്രത്തിനൊപ്പം നിൽക്കുക എന്നത് ഫലസ്തീനികളെ വെറുക്കലല്ല, മറിച്ച് ജൂതന്മാരെ സ്നേഹിക്കലാണ് എന്നാണ് ഫിലോ-സയണിസം ഇപ്പോൾ പറയുന്നത്. എന്നാൽ ഫലസ്തീൻ വിമോചനത്തോടൊപ്പം നിൽക്കുക എന്നത് ഫലസ്തീനികളോടുള്ള സ്നേഹമല്ല, മനുഷ്യത്വത്തോടുള്ള, നീതിയോടുള്ള, സ്വാതന്ത്ര്യത്തോടുള്ള താൽപര്യവും അല്ല, മറിച്ച് ജൂതന്മാരെ വെറുപ്പാണ്. ഫലസ്തീനിയൻ വിമോചനം എന്നത് യഹൂദവിരുദ്ധതയാകുന്നു; യൂറോപ്പിലും യുഎസിലുടനീളമുള്ള ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം ക്രിമിനൽ കുറ്റവുമാവുന്നത് അങ്ങനെയാണ്.

ഹമാസിന്റെ ഒക്ടോബറിലെ ആക്രമണത്തെ “ഹോളോകോസ്റ്റി”നോട് താരതമ്യം ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന നിഗൂഢത നിറഞ്ഞതാണ്. ഹമാസാണ് കുഴപ്പക്കാർ എന്നും ഹോളോകാസ്റ്റിന് ശേഷം ജൂതന്മാർക്കെതിരെ നടന്ന ഏറ്റവും നീചമായ ആക്രമണമാണ് ഇപ്പോൾ നടന്നത് എന്നുമാണ് ഈ പ്രസ്താവനയുടെ ഉള്ളടക്കം. ഇത്തരത്തിലുള്ള ഫലസ്തീൻ സമരങ്ങൾ കൊളോണിയൽ വിരുദ്ധ പോരാട്ടമല്ല, മറിച്ച് യഹൂദ വിരുദ്ധ പോരാട്ടമാണ് എന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു.

തങ്ങളുടെ ഭൂമിയെ ബലാൽകാരമായി കോളനിവൽക്കരിക്കുന്ന രാഷ്ട്രത്തെ, പതിറ്റാണ്ടുകളോളം അവരുടെ ജീവിതത്തിന്റെ സ്വൈര്യം കെടുത്തിയ, അവരുടെ കുടുംബങ്ങളെ ക്രൂരമായി പീഡിപ്പിച്ച, അവരെ ഉപരോധിക്കുകയും നാടുകടത്തുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും തടവിലിടുകയും കൊലപ്പെടുത്തുകയും ചെയ്തവരെ ഫലസ്തീനികൾ ചെറുക്കുന്നില്ല എന്നാണ് ഇസ്രയേലിനോട് ചേർന്ന് നിൽക്കുന്ന ക്രിസ്ത്യൻ, യഹൂദ പ്രേമികൾ ധരിച്ചു വെച്ചിരിക്കുന്നത്. പകരം, ഫലസ്തീനികൾ ഇസ്രായേലികളെ കൊല്ലുന്നത് അവർ ജൂതന്മാരെ വെറുക്കുന്നതുകൊണ്ടാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഫലസ്തീന്റെ ഗതകാല ചരിത്രവും വർത്തമാനവും പൂർണ്ണമായി നിഷേധിക്കുന്നത് കൊണ്ട് മാത്രമാണ് ഇത്തരമൊരു നികൃഷ്ടമായ നിഗമനം ന്യായമായി പലർക്കും തോന്നുന്നത് എന്ന വസ്തുതയും മറന്ന് കൂടാത്തതാണ്.

വിവ- മുജ്തബ മുഹമ്മദ്‌

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles