Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ കുടിയേറ്റത്തെ വടികളും കല്ലുകളുമായി നേരിടുന്ന ഫലസ്തീനികൾ

ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്. നെഞ്ചിൽ മാരകമായ കുത്തേറ്റാണ് ഹസൻ ഹർബ് കൊലചെയ്യപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫാ റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീൻ ഗ്രാമഭൂമിയുടെ സ്വകാര്യ വസ്തുക്കളിൽ ഇസ്രായേൽ കുടിയേറ്റക്കാർ കൂടാരം സ്ഥാപിക്കുകയും, അവ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് ഹസൻ ഹർബിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഹസൻ ഹർബും പ്രദേശത്തെ മറ്റ് നിവാസികളും തങ്ങളുടെ ഭൂമിയിലേക്ക് അതിക്രമിച്ചുകയറിയ ഇസ്രായേൽ കുടിയേറ്റക്കാരെ ചോദ്യം ചെയ്തു. അവർ ഹസൻ ഹർബിനെ ഉപദ്രവിച്ച് കൊലപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ ശബ്ദിച്ചാൽ മരണം മുന്നറിയിപ്പായി വന്നെത്തുമെന്ന് ഫലസ്തീനികളെ അറിയിക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ.

കൊലപാതകത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഒരു ഫലസ്തീനിക്ക് കുത്തേറ്റതായി സ്ഥിരീകരിക്കുന്ന ഇസ്രായേൽ പൊലീസ്, ആരാണ് ആക്രമണം നടത്തിയെന്ന് വ്യക്തമല്ലെന്നാണ് പറയാൻ ശ്രമിക്കുന്നത്. ഫലസ്തീൻ, അമേരിക്കൻ മാധ്യപ്രവർത്തകയായ ഷിറീൻ അബൂ ആഖിലയുടെ കൊലപാതകത്തിലെ ഇസ്രായേലിന്റെ കൃത്യമായ പങ്ക് -അന്താരാഷ്ട്ര സമ്മർദ്ദമുണ്ടായിട്ടും- അന്വേഷിക്കാൻ തയാറാകാത്ത ഇസ്രായേൽ ഇവ്വിഷയകുമായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിചാരിക്കുന്നത് യുക്തിരാഹിത്യമാണ്.

സ്വന്തം ഭൂമിയിൽ കുടുംബത്തിനൊപ്പമായിരിക്കുമ്പോഴാണ് ഇസ്രായേൽ കുടിയേറ്റക്കാർ അതിക്രമിച്ചുകയറിയതെന്ന് ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ യെഷ് ദീൻ വ്യക്തമാക്കുന്നു. ‘കുടിയേറ്റക്കാർ സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിക്കുകയും കൂടാരം നിർമിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രശ്‌നം ഉടലെടുത്തപ്പോൾ കുടിയേറ്റക്കാർ സ്ഥലം വിട്ടു. ഉടൻ തന്നെ ഇസ്രായേൽ സൈനികർ സ്ഥലത്തെത്തി. പിന്നീട് കുടിയേറ്റക്കാരും തിരിച്ചെത്തി. കുടിയേറ്റക്കാർ കത്തി പുറത്തെടുത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി’യെന്ന് മനുഷ്യാവകാശ സംഘടന സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നു. നാൽപതോളം വരുന്ന ഫലസ്തീനികൾ കല്ലുകളും വടികളും ഉപയോഗിച്ച് പ്രദേശത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ കുടിയേറ്റക്കാർ റിപ്പോർട്ട് ചെയ്തതായി പ്രാദേശിക അധികൃതർ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ക്രൂരതക്കെതിരെ കല്ലുകളും വടികളും ഉപയോഗിച്ചെങ്കിലും പ്രതിരോധം തീർക്കുന്നത് ഫലസ്തീനികളുടെ നിശ്ചയദാർഢ്യമാണ്; സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ചിതറികിടക്കുന്ന 130ലധികം സെറ്റിൽമെന്റുകളിലായി 500000 ജൂത ഇസ്രായേൽ കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്. ആ സെറ്റിൽമെന്റുകളിൽ പലതും പൂർണമായും നിർമാണം കഴിഞ്ഞതാണ്. അവ ചെറിയ പട്ടണത്തിനോ ഗ്രാമത്തിനോ സമാനമായി കാണപ്പെടുന്നു. ഏകദേശം 30 ലക്ഷം ഫലസ്തീനികൾ ഇസ്രായേൽ സൈനിക ഭരണത്തിന് കീഴിൽ വെസ്റ്റ് ബാങ്കിൽ താമസിക്കുന്നുണ്ട്. 2015നും 2019നും ഇടയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലുകാർ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണങ്ങളിൽ 91 ശതമാനവും കറ്റപത്രം നൽകാതെ അവസാനിപ്പിച്ചതായി യെഷ് ദിൻ ചൂണ്ടിക്കാണിക്കുന്നു. ഫലസ്തീൻ-ഇസ്രായേൽ ആക്ടിവിസ്റ്റുകളെ ലക്ഷ്യംവെച്ച് ഏതാനും വർഷങ്ങളായി കുടിയേറ്റ അതിക്രമങ്ങൾ വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ന് ശേഷം, വെസ്റ്റ് ബാങ്കിലുടനീളമുള്ള കുടിയേറ്റ അതിക്രമം ഭയപ്പെടുത്തുംവിധം വർധിക്കുകയാണെന്ന് യു.എൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വസ്തുക്കൾ നശിക്കുന്നതിന് കാരണമായ 370 കുടിയേറ്റ അതിക്രമങ്ങൾ 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 126 പേർ മരിക്കുന്നതിനും കാരണമായിട്ടുണ്ട്. ഈ വർഷം ഇതുവരെ, കുടിയേറ്റക്കാരുടെ അതിക്രമം മൂലം 541 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയുതിർക്കുക, ശാരീരകമായി ഉപദ്രവമേൽപ്പിക്കുക, തീവെയ്ക്കുക, ഒലിവ് മരങ്ങൾ പിഴുതെറിയുക എന്നത്യാദി ക്രൂരതകൾ ആരെയും കൂസാതെ ഇസ്രായേൽ തുടരുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് കൈയും കെട്ടി നോക്കിനിൽക്കാനാകുമോ?

Related Articles