Current Date

Search
Close this search box.
Search
Close this search box.

ഗസ്സാൻ കനഫാനി,സയണിസം,വംശം: ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്നത് എന്താണ്?

സയണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെ ഏറ്റവും വിചിത്രമായ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ഒരു ജൂതൻ ആരാണെന്ന് നിർവചിക്കാൻ അത് ജീവശാസ്ത്രത്തെയും വംശത്തെയും കൂട്ടുപിടിക്കുന്നു എന്നതാണ്. ഈ ആശയങ്ങളൊക്കെ യൂറോപ്പ് പത്തൊമ്പതാം നൂറ്റാണ്ടിൽ പടച്ചുണ്ടാക്കിയതും യൂറോപ്യൻ ജൂതർക്കെതിരെ ആയുധമായി പ്രയോഗിച്ചതുമാണ്. സെമിറ്റിക് വിരുദ്ധരും സയണിസ്റ്റുകളും ഒരുപോലെ ജൂതൻമാർ ഒരു ‘വംശം’ ആണ് എന്ന് പറഞ്ഞുറപ്പിച്ചപ്പോൾ മില്യൻ കണക്കിന് ജൂതൻമാർ അത് കാരണം ഹിറ്റ്ലറുടെ വംശഹത്യാ ക്യാമ്പുകളിൽ മരിച്ചൊടുങ്ങി. ഫലസ്തീനിൽ സായുധ അധിനിവേശം നടത്തിയ ജൂതൻമാർക്ക് അതേ ആശയം വിജയപ്രദമായും ( ഫലസ്തീനികൾക്കത് ദുരന്തമാണെങ്കിലും ) അനുഭവപ്പെട്ടു. സയണിസ്റ്റുകൾ ഇപ്പോഴും ജൂത വംശീയതയാണ് ഊന്നിപ്പറയുന്നത്. ചില ജെനറ്റിക്സ് പണ്ഡിറ്റുകൾ ‘ ജൂത ജീൻ’ ഉണ്ടെന്ന് വീര വാദം മുഴുക്കി ഒച്ചപ്പാടുണ്ടാക്കിയപ്പോൾ വളരെ സംശയാസ്പദമായ ഈ നിഗമനത്തെ ഭ്രാന്തമായ ആവേശത്തോടെ വരവേറ്റവരാണവർ.

മനുഷ്യ ജിനോം ഡികോഡ് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പുതിയ കണ്ടുപിടിത്തം എല്ലാതരം വാണിജ്യ സംരംഭങ്ങളിലേക്കും തിരിഞ്ഞു പോകുന്നുണ്ടായിരുന്നു. ജീൻ വെച്ചു ഓരോ വിഭാഗത്തിന്റെയും വംശം പറഞ്ഞു തരാനാവുമെന്നാണ് അവകാശപ്പെട്ടിരുന്നത്. അതിനിടക്കാണ് പല ശാസ്ത്രജ്ഞരും ഒരു ശാസ്ത്ര സംവർഗം എന്ന നിലയിൽ വംശം എന്ന പരികൽപ്പന തന്നെ നിലനിൽക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കാൻ തുടങ്ങിയത്. പണ്ഡിതൻമാർ, പ്രത്യേകിച്ച് ശാസ്ത്ര ചരിത്രകാരൻമാർ ജനറ്റിക്ക് ഡാറ്റ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന സംശയാസ്പദമായ രീതിശാസ്ത്രങ്ങളുടെ ജാഗ്രതയുള്ള വിമർശകരായിരുന്നു. ജീൻ പഠനശാഖയിലെ പ്രമുഖ ശാസ്ത്രജ്ഞൻ റിച്ചാർഡ് ലിവോൺടിൻ പോലെ വളരെപ്പേർ ഈ സംശയാസ്പദ രീതികളെ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു ; പ്രത്യേകിച്ച് ‘ജൂത ജീനി’ ന്റെ ‘ശാസ്ത്രീയ’ അന്വേഷണത്തിൽ.

ഇതൊക്കെയായിട്ടും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സയണിസം ഊന്നി പറഞ്ഞു പോരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ജൂതൻമാരും ഒരൊറ്റ വംശവും ഒരൊറ്റ ജനതയുമാണ് എന്നാണ്. അടിസ്ഥാനപരമായി സെമിറ്റിക് വിരുദ്ധം തന്നെയായ ഈ വാദം സയണിസം കൈവിടാത്തത്, യൂറോപ്യൻ ജൂതൻമാർക്ക് ഏതെങ്കിലും തരത്തിൽ ഫലസ്തീനിൽ വേരുകളുണ്ടെന്നും അവർ ഫലസ്തീനിയൻ ഹിബ്രുകളുടെ പിൻമുറക്കാരാണെന്നും സ്ഥാപിച്ചെടുക്കാനാണ്. പക്ഷെ രണ്ട് പ്രമുഖ സയണിസ്റ്റുകളായ ഡേവിഡ് ബെൻ ഗൂറിയനും യിസാഖ് ബെൻ സെവിയും 1918-ൽ എഴുതിയ പുസ്തകത്തിൽ വാദിക്കുന്നത്, ഫലസ്തീനിയൻ ഗ്രാമീണർ (അന്ന് ഫലസ്തീനികളിലെ ഭൂരിപക്ഷം) ആണ് പഴയ ഹിബ്രുക്കളുടെ പിൻമുറക്കാർ എന്നായിരുന്നു. ഈ വാദഗതി പിന്നീട് കുഴിച്ച് മൂടപ്പെട്ടു.

ഹൈഫയിലേക്ക് തിരിച്ചു വരുന്നു
ഫലസ്തീനിയൻ ബുദ്ധിജീവികൾ ഒരിക്കലും ഈ സയണിസ്റ്റ് വാദമുഖങ്ങളെ അംഗീകരിച്ചു കൊടുത്തിരുന്നില്ല. ഫലസ്തീനിയൻ നോവലിസ്റ്റ് ഗസ്സാൻ കനഫാനി 1969 – ൽ എഴുതിയ തന്റെ ‘ഹൈഫയിലേക്ക് തിരിച്ചു വരുന്നു’ (ആഇദുൻ ഇലാ ഹൈഫ) എന്ന നോവലിൽ ഈ അവകാശ വാദങ്ങളെ വെല്ലുവിളിക്കുകയും ഉരുളക്കുപ്പേരി മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഗസ്സാൻ കനഫാനിയെ അദ്ദേഹത്തിന്റെ 36-ാം വയസ്സിൽ ബൈറൂത്തിൽ വെച്ച് 1972 ജൂലൈ 8 – ന് ഒരു കാർബോംബ് സ്ഫോടനത്തിൽ ഇസ്രയേൽ വധിച്ചുവെങ്കിലും അമ്പത് വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ ധൈഷണികവും സാഹിതീയവും രാഷ്ട്രീയവുമായ പാരമ്പര്യം നിലനിൽക്കുന്നു.

സയണിസ്റ്റ് ജീവശാസ്ത്രവാദത്തെ പൊളിച്ച് കൈയിൽ കൊടുക്കുന്ന സമർഥമായ രചനയാണ് ‘ഹൈഫയിലേക്ക് തിരിച്ചു വരുന്നു’ എന്ന നോവൽ. മനുഷ്യനെ നിർവചിക്കുന്നത് അയാളുടെ ജീവശാസ്ത്രമോ രക്തമോ അല്ലെന്നും, ജീവിത മൂല്യങ്ങളും നൈതികതയോട് അയാൾ പുലർത്തുന്ന പ്രതിബദ്ധതയുമാണെന്നും ഗസ്സാൻ കഫാനി ചൂണ്ടിക്കാണിക്കുകയാണ് ഈ രചനയിൽ. ഒരാളുടെ ഭൂമിശാസ്ത്ര ഉത്ഭവമോ മാതൃ – പിതൃ വംശാവലിയോ ഒന്നും അവിടെ പരിഗണനീയമേ അല്ല. ജൂതൻമാരെ നിർണ്ണയിക്കുന്നത് വംശീയതയാണെന്ന് സയണിസം പറയുമ്പോൾ , ഫലസ്തീനികളെ നിർവചിക്കേണ്ടത് തത്ത്വങ്ങളാണ് എന്നാണ് നോവലിസ്റ്റ് സ്ഥാപിക്കുന്നത്. ‘അൽ ഇൻസാനു ഖദിയ്യ’ എന്നാണ് മുന്നോട്ട് വെക്കുന്ന ആശയം. അതായത്, മനുഷ്യൻ എന്നത് ഒരു കൂട്ടം തത്ത്വങ്ങളും ലക്ഷ്യങ്ങളുമാണ്. ആ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അവരെ വിലയിരുത്തേണ്ടതും അവർ ആരാണ് എന്ന് പറയേണ്ടതും.

നോവലിന്റെ ഇതിവൃത്തത്തിലേക്ക് വരാം. 1948 – ലെ നഖ്ബ എന്ന മഹാദുരന്തത്തിന് ശേഷം അഭയാർഥികളായി വെസ്റ്റ് ബാങ്കിൽ കഴിയുന്ന സഈദ് – സഫിയ്യ ദമ്പതികൾ 1967-ലെ യുദ്ധത്തിന് ശേഷം, ജൻമനാടായ ഹൈഫയിൽ ഇസ്രയേൽ അധിനിവേശത്തിനിടെ നഷ്ടപ്പെട്ടു പോയ തങ്ങളുടെ കുഞ്ഞിനെ തേടി അങ്ങോട്ട് തിരിച്ച് ചെല്ലുകയാണ്, എത്രയോ വർഷങ്ങൾക്ക് ശേഷം. അധിനിവേശക്കാർ ഹൈഫയിലുള്ള അവരുടെ വീട് കൊള്ളയടിക്കുകയും പോളിഷ് ജൂത കുടിയേറ്റക്കാരായ എഫ്രത്ത് – മിറിയം കോച്ചൻ ദമ്പതികൾക്കായി അത് പതിച്ച് നൽകുകയും ചെയ്തിരുന്നു. ഒരു ജൂത ഏജൻസിയാണ് അവരെ കുടിയേറ്റക്കാരായി അങ്ങോട്ട് കൊണ്ടുവന്നത്. അധിനിവേശകർ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ അവിടെ മുട്ടിലിഴയുന്ന ഒരു കുഞ്ഞ് മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ അവർ പുതിയ കുടിയേറ്റക്കാരായ കോച്ചൻ ദമ്പതികളെ ഏൽപ്പിച്ചു. അവർ ആ കുഞ്ഞിനെ തട്ടിയെടുത്ത് / ദത്തെടുത്തു വളർത്തി. മിർയമിന്റെ അഛൻ ഓഷ് വിറ്റ്സിൽ വധിക്കപ്പെട്ടിരുന്നു. അവളുടെ സഹോദരനെ നാസികൾ വെടി വെച്ചു കൊല്ലുകയും ചെയ്തു. ഭർത്താവായ എഫ്രത്ത് മറ്റു പല ഹൊളോകാസ്റ്റ് അതിജീവരെയും പോലെ ഇസ്രയേൽ സൈന്യത്തിൽ ചേർന്നു. 1956-ൽ ഇസ്രയേൽ ഈജിപ്തിലേക്ക് കടന്ന് കയറിയ സമയത്ത് അയാൾ വധിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലം നൽകിക്കൊണ്ട് ഫലസ്തീൻ കയ്യേറിയവരെയും ഹ്യൂമനൈസ് ചെയ്യുന്നുണ്ട് നോവലിസ്റ്റ്. നോവലിൽ മറ്റൊരു സന്ദർഭം കൂടിയുണ്ട്. ചോരയൊലിക്കുന്ന ഒരു ബാലന്റെ മൃതദേഹം യാതൊരു ആദരവുമില്ലാതെ ഇസ്രയേൽ സൈനികർ ഒരു ട്രക്കിലേക്ക് വലിച്ചെറിയുന്നത് മിറിയം കാണുന്നു. അതൊരു ജൂത ബാലന്റെതല്ലെന്നും ഫലസ്തീനിയൻ ബാലന്റെതാണെന്നും സൈനികരുടെ ആ അവജ്ഞയിൽ നിന്ന് മിറിയം മനസ്സിലാക്കുന്നു. രണ്ടാം ലോകയുദ്ധകാലത്ത് കൊല്ലപ്പെട്ട തന്റെ സഹാദരൻമാർ ഉൾപ്പെടെയുള്ള ജൂതബാലൻമാരെ അതവളുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നു.

വംശീയമോ സൈനികമോ രാഷ്ട്രീയമോ ആയ യാതൊരു വിധ അധിനിവേശ ആശയവും ആലോചനയും ജൂത സമൂഹത്തിന് ഇല്ലാത്ത കാലത്താണ് അവർ യുറോപ്പിൽ ക്രൈസ്തവരുടെ ഇരകളായി മാറിയത്. എന്നാൽ കൊളോണിയൽ അധികാരവും ആശയവുമുള്ള ജൂതരാകട്ടെ ഫലസ്തീനികളെ ഇരകളാക്കുകയും ചെയ്തു. അപ്പോൾ ഒരു ജനവിഭാഗത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നത് അവർ കൊണ്ട് നടക്കുന്ന ആശയവും അധികാരവുമാണ് ; അല്ലാതെ അവരുടെ ജീവശാസ്ത്രപരമോ വംശീയമോ ആയ സ്വത്വമല്ല. ഇതാണ് നോവലിൽ ഗസ്സാൻ കനഫാനി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്.

പ്രത്യയശാസ്ത്രം സ്വത്വമെന്ന നിലയിൽ
ഹൈഫയിൽ തിരിച്ചെത്തിയപ്പോഴാണ് തങ്ങളുടെ ഒന്നാമത്തെ കുഞ്ഞായ ഖൽദൂനെ (‘അമരൻ’ എന്ന് ഭാഷാർഥം ) ജൂത ദമ്പതികൾ തട്ടിയെടുത്തിരിക്കുകയാണെന്നും അവർ തങ്ങളുടെ വീട് കയ്യേറിയിരിക്കുകയാണെന്നും തട്ടിയെടുത്ത / ദത്തെടുത്ത കുഞ്ഞിന് Dov (‘കരടി’ എന്ന് അർഥം ) എന്ന പുതിയ പേരിട്ടിരിക്കുകയാണെന്നും സഈദ് – സഫിയ്യ ദമ്പതികൾ അറിയുന്നത്. ഖൽദൂൻ / ഡോവ് തങ്ങളുടെ മകനല്ലാതായിക്കഴിഞ്ഞുവെന്ന് ഈ ദമ്പതികൾ സാവധാനം തിരിച്ചറിയുന്നു. തിരിച്ച് കിട്ടാത്ത വിധം അവനെ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.

കാഴ്ചയിൽ ഡോവ് യഥാർത്ഥ പിതാവ് സഈദിനെപ്പോലെ തന്നെ എന്ന് മിറിയം പറയുന്നുണ്ട്. പക്ഷെ ഡോവിന്റെ പെരുമാറ്റ രീതികളൊക്കെ അവനെ തട്ടിയെടുത്ത / ദത്തെടുത്ത വളർത്തഛൻ എഫ്രത്തിന്റെതാണ്. ഡോവിന് നൽകിയിരിക്കുന്നത് യൂറോപ്യൻ പാരമ്പര്യമനുസരിച്ച് ഏതെങ്കിലും ജൂത പ്രവാചകൻമാരുടെ പേരല്ല; മറിച്ച് ഒരു ഹിംസ്രജന്തുവിന്റെ പേരാണ്. ഇപ്പോൾ യുവാവായ ഡോവ് ഇസ്രയേൽ സൈന്യത്തിൽ ജോലി ചെയ്യുകയാണ്. ഫലസ്തീനികളെ അയാൾ ഇപ്പോൾ ‘മറുപക്ഷം’ എന്നാണ് വിളിക്കുന്നത്. തോൽപ്പിക്കപ്പെട്ട തന്റെ മാതാപിതാക്കളെ കണ്ട ഉടനെത്തന്നെ അവരെ പുഛത്തോടെ തള്ളിക്കളയുന്നുണ്ട് ഡോവ്.

അങ്ങനെ ‘അമരൻ’ ആയ ഖൽദൂൻ മഹാദുരന്തം (നക്ബ) നടന്ന 1948 – ൽ മരണപ്പെട്ടുവെന്നും പിന്നീടയാൾ ഒരു സയണിസ്റ്റ് ഹിംസ്രജന്തുവായി പുനർജനിച്ചിരിക്കുകയാണെന്നും അവർ മനസ്സിലാക്കുന്നു.

ഈ സന്ദർഭത്തിൽ കുറച്ചുറക്കെ സഈദ് ഇങ്ങനെ ആത്മഗതം ചെയ്യുന്നുണ്ട് : ” എന്താണ് ജൻമദേശം? ഈ മുറിയിൽ ഇരുപത് കൊല്ലമായി കിടക്കുന്ന ഈ രണ്ട് കസേരകളാണോ? ഈ മേശ ? ഈ മയിൽത്തൂവലുകൾ ? ചുവരിൽ തൂങ്ങുന്ന ജറൂസലം ഫോട്ടോ ? … ഖൽദൂൻ ? അവനെക്കുറിച്ച ഞങ്ങളുടെ മിഥ്യാബോധങ്ങൾ ? പിതൃത്വം ? പുത്രത്വം? എന്താണ് ജൻമദേശം? ഞാൻ ലളിതമായി ചോദിക്കുകയാണ്. ”

ഉത്ഭവത്തെക്കുറിച്ചാണ് കനഫാനി ഈ നോവലിൽ ഉയർത്തുന്ന സുപ്രധാന ചോദ്യം. മാതാപിതാക്കൾ, വംശം, രക്തം, ഭൂമിശാസ്ത്ര ഉത്ഭവങ്ങൾ ഇത് പോലുളള മാനദണ്ഡങ്ങൾ വെച്ച് മനുഷ്യനെ നിർവചിക്കാനാവുമോ? ജൈവ പിൻഗാമിത്വത്തെക്കുറിച്ച് കനഫാനി ഉയർത്തുന്ന ഈ ചോദ്യം തത്ത്വചിന്തകർ ‘എസ്സെൻഷ്യലിസം’ എന്ന് പേരിട്ടിരിക്കുന്ന ചിന്താഗതിയെ ചോദ്യം ചെയ്യുന്നത് പോലെത്തന്നെയാണ്. നോവലിൽ തദ്ദേശീയൻ തന്നെയായ ഒരു ഫലസ്തീനി അധിനിവേശകനായ ജൂതനായി മാറുകയും ഫലസ്തീനികളെ അടിച്ചമർത്തുകയുമാണ്. യൂറോപ്പിൽ അടിച്ചമർത്തപ്പെട്ട ജൂതൻ ഫലസ്തീനിൽ മർദ്ദകനായി പുനരവതരിക്കുന്നു. അപ്പോൾ ചോദ്യമുയരുന്നു. സ്വത്വ (identity) ത്തെ നിർണ്ണയിക്കുന്നത് എന്താണ്? ജീനോ ജിയോഗ്രഫിയോ ജൈവിക ഉത്ഭവങ്ങളോ ? അതോ പ്രത്യയ ശാസ്ത്രവും അധികാരവുമോ ? നോവലിലെ കഥാപാത്രം സഈദ് എന്താണ് ജൻമദേശം എന്ന ചോദ്യത്തിന് മറുപടി പറയുന്നുണ്ട്.” ഓരോ മനുഷ്യനും ഒരു ലക്ഷ്യമാണ്. തലമുറകളിലൂടെ പകർന്നുകിട്ടുന്ന ചോരയും മാംസവുമാവതല്ല ജൻമദേശം.”

ഫലസ്തീനിയൻ തദ്ദേശീയരും യൂറോപ്യൻ ജൂതൻമാരും തമ്മിൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾക്ക് വംശീയമോ ജീവശാസ്ത്രപരമോ കാരണങ്ങളല്ല ഉള്ളത് (സയണിസ്റ്റുകൾ അത് ഊന്നിപ്പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും). എഴുത്തൊന്ന് മാറ്റിയാൽ ഒരു ഫലസ്തീനിക്ക് യൂറോപ്യൻ ജൂതനാകാം.
ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ഭൂതകാലത്തെയോർത്ത് ഗൃഹാതുരത്വമരുത് എന്ന സന്ദേശവും നോവൽ നൽകുന്നു. നോട്ടം ഭാവിയിൽ ജീവിതമെങ്ങനെ എന്നതിനെക്കുറിച്ചാവണം. 1968-ലെ കറാമ സംഘട്ടനത്തിൽ ഫലസ്തീൻ പോരാളികൾ ഇസ്രയേലി സൈന്യത്തിനെതിരെ വിജയകരമായ ചെറുത്തു നിൽപ്പ് നടത്തിയ പശ്ചാത്തലത്തിലാണ് ഈ നോവൽ എഴുതപ്പെടുന്നത്. നഖബക്ക് ശേഷം ജനിച്ച തന്റെ രണ്ടാമത്തെ മകൻ ഖാലിദ് ( ഈ പേര് ഖൽദൂൻ എന്ന വാക്കിന്റെ ഒരു വകഭേദമാണ്. അർഥം അനശ്വരൻ എന്ന് തന്നെ) ഫലസ്തീൻ ഗറില്ലാ സമരത്തിൽ ചേർന്നതിനോട് അനിഷ്ടമുണ്ടായിരുന്ന സഈദ് ഈ ചെറുത്ത് നിൽപ്പ് വിജയത്തോടെ തന്റെ നിലപാട് മാറ്റുന്നുണ്ട്. സഈദ് ഭാര്യ സഫിയ്യയോട് പറയുന്നു: ” മാതൃഭൂമി ഭൂതകാലം മാത്രമാണെന്ന് ധരിച്ച നമുക്ക് തെറ്റി. ഖാലിദിനെ നോക്കൂ. അവന്റെ മാതൃഭൂമി ഭാവികാലമാണ്. അതിനാലാണ് അവൻ ആയുധങ്ങളുമായി നടക്കുന്നത്. മുൻ പരാജയങ്ങളിലേക്കു തിരിഞ്ഞു നോക്കി ഒഴുക്കുന്ന കണ്ണുനീർ അവനെപ്പോലുള്ള ആയിരങ്ങളെ തടഞ്ഞ് നിർത്താൻ പര്യാപ്തമല്ല. അവർ ഭാവിയിലേക്ക് നോക്കുന്നു, നമ്മുടെ അബദ്ധങ്ങളെ, അല്ല ലോകത്തിന്റെ മുഴുവൻ അബദ്ധങ്ങളെയും തിരുത്തുന്നു. ഡോവ് നമ്മുടെ അപമാനമാണ്. നമ്മുടെ ഒളിമങ്ങാത്ത അഭിമാനമാണ് ഖാലിദ്.”

നോവലിസ്റ്റ് പറഞ്ഞു വെക്കുന്നത്, സയണിസ്റ്റുകളുടെ ഫാഷിസ്റ്റ് രീതികൾ മാതൃദേശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഫലസ്തീനികൾക്ക് പകർത്താൻ പറ്റില്ല എന്ന് തന്നെയാണ്. ഇവിടെ ഖൽദൂൻ പ്രതിനിധീകരിക്കുന്നത് അനശ്വരമെന്ന് കരുതപ്പെട്ടിരുന്ന ഒരു ഭൂതകാലത്തെയാണ്. ആ ഭൂതകാലത്തോടൊപ്പം അവനും എന്നന്നേക്കുമായി മരിച്ചു കഴിഞ്ഞെന്ന് നോവലിസ്റ്റ് ദ്യോതിപ്പിക്കുന്നു. എന്നാൽ അനശ്വരമായ ഭാവിയെ പ്രതിനിധാനം ചെയ്യുന്ന ഖാലിദ് ജീവിച്ചു കൊണ്ടിയിരിക്കും, സയണിസ്റ്റ് കൊളോണിയലിസത്തിനെതിരെയുളള ചെറുത്ത് നിൽപ്പിന്റെ പ്രതിനിധിയായി. കനഫാനിയുടെ ശുഭപ്രതീക്ഷ ഫലസ്തീൻ ചെറുത്തു നിൽപ്പുകളെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു.

വിവ : അശ്റഫ് കീഴുപറമ്പ്

(ഫലസ്തീനിയൻ വംശജനായ ലേഖകൻ ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ മോഡേൺ അറബ് പൊളിറ്റിക്സിൽ അധ്യാപകനാണ്.)

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles