Current Date

Search
Close this search box.
Search
Close this search box.

“ഹമാസിനെ മാറ്റിനിർത്തി ഫലസ്തീൻ പ്രശ്നം പരിഹരിക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്”

പ്രിയപ്പെട്ട ഫലസ്ത്വീൻ മക്കളേ, പോരാളികളേ, അറബ് മുസ്‌ലിം സമൂഹമേ,

സയണിസ്റ്റ് അധിനിവേശം നമ്മുടെ പ്രിയപ്പെട്ട മണ്ണിൽ അതിൻറെ എൺപത്തിയെട്ടാമത് ദിവസം പിന്നിടുമ്പോൾ അചഞ്ചലമായ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമായി നമ്മൾ മാറിയിരിക്കുകയാണ്. വേദനകളും ബുദ്ധിമുട്ടുകളും നമ്മെ നിരന്തരം അലട്ടുന്നുണ്ടെങ്കിലും സയണിസ്റ്റ് ഭീകരതക്കെതിരെ ആർജ്ജവത്തോടെ നിലയുറപ്പിക്കാൻ ഇന്നോളം നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫലസ്തീനിയൻ ജനത തീർച്ചയായും അങ്ങേയറ്റം ആദരിക്കപ്പെടേണ്ടവരാണ്. അടിച്ചമർത്തലുകളും കൂട്ടക്കൊലകളും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന കാലത്ത്, അചഞ്ചലമായ ഈമാനിക കരുത്തിനാൽ ഈ ജനത വിസ്മയം തീർക്കുകയാണ്.

പവിത്രമായ ഈ മണ്ണും അതിന്റെ സംരക്ഷണവും ഫലസ്തീനികൾക്കുള്ളത് മാത്രമാണ്. അതേപോലെ ഖുദ്സിലെയും വെസ്റ്റ് ബാങ്കിലെയും ജനത, മാരകമായ വേട്ടയാടലുകളും അകാരണമായ അറസ്റ്റുകളും അവർ അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും പൂർവാധികം കരുത്തോടെ പ്രതിരോധമേർപ്പെടുത്താൻ അവർക്ക് സാധിക്കുന്നുണ്ട്. ഈയൊരു പോരാട്ടവീര്യം ശേഷമുള്ള തലമുറകളിലേക്കും പകർന്നു കൊടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. എന്തു തന്നെയാണെങ്കിലും അല്ലാഹുവിന്റെ തീരുമാനം ആത്യന്തികമായി വിജയം കാണും . അധിനിവേശ ശക്തികൾ തോറ്റു പിന്മാറുക തന്നെ ചെയ്യും. ഗസ്സ അതിന്റെ സർവ്വപ്രതാപത്തോടെയും തലയുയർത്തിപ്പിടിച്ചു നിൽക്കും. അവിടെയുള്ള ആളുകൾ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാളുകൾ വരും.

പോരാട്ടം 88 ദിവസങ്ങൾ പിന്നിടുമ്പോഴും ഹമാസ് യുദ്ധരംഗത്ത് സജീവമാണ്. ഹമാസിനെ ഇല്ലാതൻ ഒരുാക്കാൻ ഒരുമ്പെട്ടിറങ്ങിയ ശത്രു സൈന്യത്തെ ഓരോന്നായി അവർ തീർത്തുകൊണ്ടേയിരിക്കുന്നു. അധിനിവേശ ശക്തികൾ വരുത്തിവെച്ച ഓരോന്നിനും തക്കതായ പ്രതിഫലമാണ് അവർക്ക് തിരിച്ച് കിട്ടുന്നത്. ഹമാസും അതിന്റെ നേതൃത്വവും ആത്മവിശ്വാസത്തിൽ തന്നെയാണ്. എന്നാൽ അന്തിമവിജയം ക്ഷമ ആവശ്യപ്പെടുന്ന കാര്യമാണ്.

ഹമാസ് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ പാലിക്കാതെ ഒരൊറ്റ ബന്ദിയേയും ഞങ്ങൾ വിട്ടയക്കില്ല. തങ്ങളുടെ നാടിനും മണ്ണിനും വേണ്ടി ജീവൻ മരണ പോരാട്ടത്തിലാണ് അവർ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. വിജയം വരിക്കാനുള്ള ഈ പോരാട്ടത്തിൽ ഓരോ നിമിഷവും അവരുടെ ആത്മവിശ്വാസം വർധിക്കുകയാണ്. എങ്ങനെ വർദ്ധിക്കാതിരിക്കും? അല്ലാഹു പറയുന്നുണ്ടല്ലോ..”നീ എറിഞ്ഞ സമയത്ത് നീ അല്ല എറിഞ്ഞത്, മറിച്ച് അല്ലാഹുവാണ് എറിഞ്ഞത്‌..”.

അല്ലാഹുവിൻറെ മുന്നിൽ സുജൂദിലായിരിക്കെ രക്തസാക്ഷിത്വം വരിച്ച ആ മഹാനെ കുറിച്ച് നമ്മൾ കേട്ടതാണ്. പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ , ജനങ്ങൾക്ക് ഇമാമായി നിന്നയാൾ..ഒരാളുടെ പര്യവസാനം നാഥനോടുള്ള സുജൂദിലാവുന്നതിനേക്കാൾ മഹത്തരം വേറെന്തുണ്ട്? അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കുമാറാകട്ടെ . അങ്ങനെയുള്ള ധീര മുജാഹിദുകളെ കുറിച്ചാണ് അല്ലാഹു പറഞ്ഞത് “ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാർ” എന്ന്.

പ്രിയപ്പെട്ട യോദ്ധാക്കളോട് എനിക്ക് പറയാനുള്ളത് അധിനിവേശ ശക്തികളുടെ ആയുധങ്ങളും പടക്കോപ്പുകളും നിങ്ങൾ തകർത്തിട്ടുണ്ട്. ഗസ്സയുടെ കാവലാളുകളാണ് നിങ്ങൾ . നിങ്ങളുടെ ആർജ്ജവത്തോടെയുള്ള പോരാട്ടവീര്യത്തിന് ലോകമെമ്പാടുമുള്ള ആളുകൾ സാക്ഷികളാണ്. ഒരിക്കലും അതിജയിക്കാനാവില്ലെന്ന് കരുതപ്പെട്ടിരുന്ന സൈന്യത്തോടാണ് നിങ്ങൾ ഏറ്റുമുട്ടുന്നത്.

ഹമാസ് പോരാളികളെയും അവരുടെ നേതൃത്വത്തെയും മുഴുവൻ സ്വാതന്ത്ര്യ ദാഹികളെയും ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ ഇവിടെ നിന്ന് നോക്കി കാണുന്നത്. പ്രതിരോധത്തിന്റെ പാഠങ്ങൾ പോർക്കളത്തിൽ പകർത്തിയെഴുതിയ അൽ ഖസ്സാമിന്റെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ! വിറളി പൂണ്ട സയണിസ്റ്റ് ധാർഷ്ഠ്യം നിങ്ങളുടെ മുന്നിൽ പരാജയഭീതിയിലാണ്. സാധാരണക്കാരിലേക്ക് അക്രമണം അഴിച്ചു വിട്ടുകൊണ്ട് ഈ യുദ്ധത്തിൽ ജയിക്കാമെന്ന് ശത്രു സൈന്യം കരുതി. എന്നാൽ നമ്മുടെ പടയാളികൾ അവരുടെ കണക്കുകൂട്ടലുകൾ സകലതും തെറ്റിച്ചു. ലോകമിന്ന് ഗസ്സയുടെ ആർജ്ജവത്തെയും ധീരതയെയും കുറിച്ച് വാഴ്ത്തി പാടുകയാണ്.

പ്രിയപ്പെട്ടവരേ , അധിനിവേശ ശക്തികൾ അവരുടെ സൈനിക ബലത്തിലൂടെ നമ്മെ ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുകയാണ്. എന്നാൽ അതൊക്കെയും എന്നത്തേയും പോലെ പരാജയപ്പെടാനുള്ളതാണ്. ഗസ്സയിലെ ധീരയോദ്ധാക്കൾ ഇന്ന് സ്വതന്ത്ര ഫലസ്തീനിന്റെ പുതുചരിത്രം രചിക്കുകയാണ്. ഇന്നും ഇനി വരുന്ന ശോഭനമായ ഭാവിയും നമുക്കുള്ളതാണ് എന്ന് അവർ നിരന്തരം ആവർത്തിക്കുന്നു. നമ്മളാണ് നമ്മുടെ ഭാവിയുടെ വിധിയെഴുത്തുകാർ. പ്രിയപ്പെട്ടവരേ , തീർച്ചയായും ഈ ശത്രു സൈന്യം ഹമാസ് പ്രതിരോധത്തിന് മുന്നിൽ പത്തി മടക്കും. അതല്ലാതെ അവർക്ക് വേറെ നിർവാഹമില്ല തന്നെ!

മറ്റൊരു കാര്യം ഞാനിവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത് , ഹമാസിന് ഖത്തറിൽ നിന്നും ഈജിപ്തിൽ നിന്നും വന്നിട്ടുള്ള ഓഫറുകളെ കുറിച്ചാണ്. നമ്മൾ അതിനെ കൃത്യമായി പഠിച്ചതിനുശേഷം ഹമാസിന്റെ കാഴ്ചപ്പാടും നിലപാടും എന്തെന്നും നമ്മുടെ ന്യായമായ അവകാശവും ആവശ്യവും ഏതെന്നും അവർക്ക് വിശദീകരിച്ചു കൊടുത്തു.

മറ്റൊരു കാര്യം, ഹമാസ് ഫലസ്തീൻ ജനതയുമായി ബന്ധപ്പെട്ട് ഒരുപാട് പോരാട്ടങ്ങൾ നയിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് അത് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി സംഘടിത ശ്രമത്തിലൂടെയുള്ള രാഷ്ട്രത്തിന്റെ പുനർനിർമാണത്തെ ഹമാസ് എന്നും സ്വാഗതം ചെയ്യുന്നു. ഖുദ്സ് തലസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രം; അതാണ് ഇത്തരം പോരാട്ടങ്ങളിലൂടെ നമ്മൾ ലക്ഷ്യം വെക്കുന്നത്. അപ്പോഴാണ് ഗസ്സ മുനമ്പിൽ സമാധാനം പൂവണിയുന്നത്.

പ്രിയ ഗസ്സ നിവാസികളേ, വേദനാജനകമായ ഘട്ടങ്ങളിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത് എന്ന് നമുക്കറിയാം. അക്രമികളുടെ താണ്ഡവം ഒരുനാൾ അവസാനിക്കും. അധിനിവേശ ശക്തികൾ തകർത്തതൊക്കെയും നാം തോളോട് തോൾ ചേർന്ന് പുനർ നിർമ്മിക്കും. നാടിൻറെ പരിപൂർണ്ണമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നാളുകൾ നാം എണ്ണി കഴിയുകയാണ്. അതേസമയം ശത്രു സൈന്യം വരുത്തിവെച്ച ഓരോന്നിനും അവർ മാത്രമല്ല, അവരെ സൈനികമായും മറ്റും സഹായിച്ച -പ്രത്യേകിച്ച് അമേരിക്ക- ഓരോ രാഷ്ട്രങ്ങൾക്കും ഉത്തരവാദിത്തമുണ്ട്.

ധീരരേ, ഈയൊരു യുദ്ധം നമുക്ക് പുതിയൊരു മാനം നൽകിയിരിക്കുകയാണ്. അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിൽ സ്വാതന്ത്ര്യം ലഭിക്കുകയും ഖുദ്സ് കേന്ദ്രമായി രാഷ്ട്രം ഉണ്ടാവുകയും ചെയ്യുന്നത് വരെ മേഖലയിൽ സമാധാനം ഉണ്ടാവുകയില്ലെന്ന് നാം ആവർത്തിക്കുകയാണ്. മാത്രവുമല്ല, ഫലസ്തീനിലെ ഒരിഞ്ച് ഭൂമി പോലും അധിനിവേശകർക്ക് ലഭിക്കുകയില്ല.

ഫലസ്തീനിലെ പോരാളികൾ ഒരിക്കലും ഒറ്റക്കല്ല. ലോകമൊട്ടുക്കുമുള്ള ഇസ്‌ലാമിക സമൂഹവും സ്വാതന്ത്ര്യമാഗ്രഹിക്കുന്ന മുഴുവനാളുകളും അവരുടെ കൂടെയുണ്ട്. ഈയൊരു പോരാട്ടമുഖത്ത് ഞങ്ങളോടൊപ്പം ചേർന്നിട്ടുള്ള എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ലെബനാനിലെയും ഇറാഖിലെയും യമനിലെയും രക്തസാക്ഷികളായ ആളുകൾക്കും അഭിവാദ്യങ്ങൾ നേരുന്നു.

അധിനിവേശ ഭീകരർ കാണിച്ചുകൂട്ടുന്ന ക്രൂരതകൾക്കെതിരെ മില്യൺ കണക്കിന് ജനങ്ങൾ ശബ്ദമുയർത്തുന്നുണ്ട്. നമ്മുടെ വിജയത്തിനു വേണ്ടിയും യുദ്ധ നിയമങ്ങളഖിലം കാറ്റിൽ പറത്തുന്ന സയണിസ്റ്റ് തേർവാഴ്ച ഇല്ലാതാവാനും വേണ്ടി ഒരുപാടാളുകൾ നമ്മോടൊപ്പം അണിചേരുന്നുണ്ട്.

മനുഷ്യാവകാശങ്ങളും ഇൻറർനാഷണൽ നിയമങ്ങളും അട്ടിമറിക്കപ്പെടുന്ന സമയത്ത് അതിനെയും അമേരിക്കയുടെ കുറ്റകരമായ മൗനത്തെയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധ കുറ്റങ്ങളെയും മറ്റും ഉൾപ്പെടുത്തി അധിനിവേശ ശക്തികൾക്കെതിരെ അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ സംസാരിച്ച ആ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുകയാണ്. ഈയൊരു കേസിന് പിന്നാലെ എല്ലാതരത്തിലുള്ള നിയമ പോരാട്ടങ്ങൾക്കും നമ്മൾ നേതൃത്വം വഹിക്കും. ഫലസ്തീൻ പ്രശ്നം അതൊരു മാനുഷികവും രാഷ്ട്രീയപരവുമായ പ്രശ്നമാണ് എന്നാണ് നമ്മൾ ഉന്നയിക്കുന്നത്.

2024 ന്റെ തുടക്കത്തിലാണ് ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്.ഈയൊരു വർഷം പ്രത്യാശയുടെയും അഭിമാനത്തിന്റെയും വർഷമായിരിക്കും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിടരുക തന്നെ ചെയ്യും. അതുപോലെ അധിനിവേശ ശക്തികൾ സമ്പൂർണ്ണ പരാജയമടയുകയും ചെയ്യും. നമ്മുടെ മണ്ണിലോ ഖുദ്സിലോ എന്നല്ല, ഒരിടത്തും അവർക്ക് സ്ഥാനമുണ്ടാവുകയില്ല! ഈയൊരു വർഷം നമ്മുടെ ബന്ദികളായ ആളുകൾ അല്ലാഹുവിന്റെ സഹായത്താൽ തിരിച്ചു വരുന്ന വർഷമാണ്.

ഞാൻ സംസാരം അവസാനിപ്പിക്കുകയാണ് , നേരത്തെ പറഞ്ഞതും ഇനി പറയാനുള്ളതും ഞങ്ങൾ നിരന്തരം ആവർത്തിക്കുന്നതും ഒന്നുമാത്രം; അധിനിവേശം അവസാനിക്കാതെ മേഖലയിൽ സമാധാനമുണ്ടാവുകയില്ല!
ആവർത്തിക്കുന്നു , ആരുടെയും ഒരു ഗൂഢ തന്ത്രവും ഇവിടെ വിലപ്പോവുകയില്ല !
ആവർത്തിക്കുന്നു; ഞങ്ങളുടെ മുഴുവൻ ബന്ദികളെയും വിട്ടയക്കാതെ ഒരു പിന്മാറ്റത്തിനും ഞങ്ങൾ ഒരുക്കമല്ല !

വീണ്ടുമാവർത്തിക്കുന്നു; മനസ്സിലാക്കാത്തവർ മനസ്സിലാക്കട്ടെ, ഹമാസിനെയും മറ്റു ചെറുത്ത്നിൽപ്പ് പ്രസ്ഥാനങ്ങളെയും മാറ്റിനിർത്തി കൊണ്ട് ഫലസ്തീൻ പ്രശ്നം ചർച്ച ചെയ്യാമെന്നത് വെറും വ്യാമോഹം മാത്രമാണ്!

അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.

വിവ: മുഖ്‍താർ നജീബ്

Related Articles