Current Date

Search
Close this search box.
Search
Close this search box.

ഈ ബ്രാന്‍ഡുകള്‍ക്ക് ഇസ്രായേലുമായുള്ള ബന്ധം എന്താണ് ?

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുമ്പോഴെല്ലാം നാം കേള്‍ക്കുന്നതാണ് ഇസ്രായേലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. വര്‍ഷങ്ങളായി ഇതേ ആവശ്യം ഉന്നയിച്ച് ബി.ഡി.എസ് അടക്കമുള്ള പ്രസ്ഥാനങ്ങളും അന്താരാഷ്ട്രതലത്തില്‍ സജീവമായി ക്യാംപയിന്‍ നടത്തുന്നുണ്ട്.

ബഹിഷ്‌കരണ പട്ടികയിലുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികളെല്ലാം നേരിട്ട് ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ളതാണോ ? ഇത്തരം ബ്രാന്‍ഡുകള്‍ക്ക് ഇസ്രായേലുമായുള്ള ബന്ധം എന്താണ് ? ഈ കമ്പനികള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണ് ? എല്ലാവര്‍ക്കും പലപ്പോഴും സംശയം ഉണ്ടാകാറുള്ള ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിവിടെ…… നമ്മുടെ നിത്യജീവിതത്തില്‍ കടന്നുവരാന്‍ സാധ്യതയുള്ള ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ നാം എങ്ങിനെയാണ് ഇസ്രായേലിനെ സഹായിക്കുന്നത് ? വിശദമായി മനസ്സിലാക്കാം.

ADIDAS

ജര്‍മനി ആസ്ഥാനമായുള്ള ലോകോത്തര സ്‌പോര്‍ട്‌സ്, ഫാഷന്‍ ബ്രാന്‍ഡ് ആയ അഡിഡാസിന്റെ അഡിഡാസ് അണ്ടര്‍വെയറിന് ഇസ്രായേലിലെ പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ ഡെല്‍റ്റ ഗലീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ബിസിനസ് പങ്കാളിത്തം ഉണ്ട്. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന ഡെല്‍റ്റ ഗലീല്‍ ഇന്‍ഡസ്ട്രീസ് തെല്‍ അവീവ് ആസ്ഥാനമായുള്ള ആഗോള ടെക്‌സ്‌റ്റൈല്‍സ് ഭീമന്മാരാണ്.

GOOGLE, GOOGLE CHROME, YOUTUBE , AMAZON

യു.എസ് ആസ്ഥാനമായുള്ള ആമസോണും ഗൂഗിളും ഇസ്രായേലിന്റെ ‘പ്രൊജക്റ്റ് നിംബസിനു’ വേണ്ടി സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും ക്ലൗഡ് സര്‍വീസ് നല്‍കുന്ന 1.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ആണ് ‘പ്രൊജക്റ്റ് നിംബസ്’. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫലസ്തീനികളുടെ മേല്‍ കൂടുതല്‍ നിരീക്ഷണത്തിനും നിയമവിരുദ്ധമായ വിവരശേഖരണത്തിനുമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ARIEL (വാഷിങ് പൗഡര്‍), Gillette

യു.എസ് ആസ്ഥാനമായുള്ള പ്രോക്റ്റര്‍ ആന്റ് ഗാമ്പിളിന്റെ ഉടമസ്ഥതയിലുള്ള ഏരിയല്‍ അധിനിവേശ ഫലസ്തീന്‍ മണ്ണില്‍ ഗവേഷണ വികസന കേന്ദ്രം ആരംഭിക്കുകയും വര്‍ഷാവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ഇസ്രായേലില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു.

BURGER KING

യു.എസ് ആസ്ഥാനമായുള്ള ബര്‍ഗര്‍ കിംഗ് ഇസ്രായേലി സൈനികര്‍ക്ക് സൗജന്യ ഭക്ഷണവും പാനീയവും നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇസ്രായേല്‍ സൈന്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

CARREFOUR

ഫ്രാന്‍സ് ആസ്ഥാനമായുള്ള കാരിഫോര്‍ ഗ്രൂപ്പ് ഇസ്രായേലില്‍ 50ഓളം സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്, 2024 ഓടെ അവിടെ 100 സ്റ്റോറുകള്‍ കൂടി തുറക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്.

PEPSICO

PEPSI, 7UP, MIRINDA, MOUNTAIN DEW, LAYS

യു.എസ് ആസ്ഥാനമായുള്ള പെപ്‌സികോയുടെ ഉടമസ്ഥതയിലുള്ളതാണ് ഇവ. പെപ്സികോ 3.2 ബില്യണ്‍ ഡോളറിന് സോഡാസ്ട്രീം വാങ്ങുകയും സാബ്രയുടെ 50% ഓഹരി സ്വന്തമാക്കുകയും ചെയ്തു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ നേട്ടം മുതലെടുത്ത രണ്ട് കമ്പനികളാണ് ഇവ.

COCA COLA, FANTA, SPRITE

യു.എസ് ആസ്ഥാനമായുള്ള കൊക്കക്കോള കമ്പനി അനധികൃത ഇസ്രായേല്‍ കുടിയേറ്റ ഭൂമിയായ ജോര്‍ദാന്‍ താഴ്വരയിലും അധിനിവിഷ്ട ഗോലന്‍ കുന്നുകളിലെ വ്യാവസായിക മേഖലയില്‍ പ്ലാന്റും ഡറയി ഫാമും സ്ഥാപിച്ചിട്ടുണ്ട്.

DEll

യു.എസ് ആസ്ഥാനമായുള്ള ഡെല്ലിന്റെ സ്ഥാപകനായ മൈക്കല്‍ ഡെല്‍ ഇസ്രായേല്‍ സൈന്യത്തിന് പണം സ്വരൂപിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ഐ.ഡി.എഫിലെ അംഗമാണ്. ഇതുവരെ ദശലക്ഷക്കണക്കിന് സംഭാവനകളാണ് അദ്ദേഹം ഐ.ഡി.എഫിന് നല്‍കിയത്. അതിപ്പോഴും തുടരുന്നു.

DISNEY

യു.എസ് ആസ്ഥാനമായുള്ള വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌നി ഇസ്രയേലിലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്നുള്ള മാനുഷിക സഹായങ്ങള്‍ക്ക് വലിയ സംഭാവനകളാണ് നല്‍കിയത്.

UNILIVER

യു.കെ ആസ്ഥാനമായുള്ള യൂണിലിവറിന്റെ ഉടമസ്ഥതയില്‍ നിരവധി പ്രമുഖ ബ്രാന്റുകളുണ്ട്. പെര്‍സിലും ബെന്‍ ആന്റ് ജെറി കമ്പനിയും പിന്നീട് യൂണിലിവര്‍ സ്വന്തമാക്കി. ബെന്‍ & ജെറി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇസ്രായേലില്‍ വില്‍ക്കില്ലെന്ന് തീരുമാനിച്ചപ്പോള്‍, ഈ തീരുമാനത്തെ മറികടക്കാനും ബെന്‍ & ജെറിയുടെ ബ്രാന്‍ഡ് നെയിം ഇസ്രായേലില്‍ വില്‍ക്കുന്നത് തുടരാനും വേണ്ടി യൂണിലിവര്‍ ഇസ്രായേലിലെ തങ്ങളുടെ വിതരണാവകാശം അവി സിന്‍ഗറിന് വിറ്റു.

HP

യു.എസ് ആസ്ഥാനമായുള്ള എച്ച്.പി ഇസ്രായേലി സൈന്യത്തിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നല്‍കുന്നു. ഇസ്രായേലി പോലീസിനായി സെര്‍വറുകള്‍ വഴി ഡാറ്റാ സെന്ററുകള്‍ പരിപാലിക്കുന്നത് എച്ച്.പിയുടെ സെര്‍വറുകള്‍ വഴിയാണ്.

INTEL

യു.എസ് ആസ്ഥാനമായുള്ള ഇന്റലിന് ഇസ്രായേലിലെ സാങ്കേതിക മേഖലയില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുണ്ട്, പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണത്തില്‍. അടുത്തിടെ, ഇസ്രായേലിനുള്ള പാശ്ചാത്യ പിന്തുണയെ വിമര്‍ശിച്ച ഇവന്റ് ലീഡറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്റല്‍ യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക വെബ് സമ്മിറ്റില്‍ നിന്നും പിന്മാറിയിരുന്നു. ഈ തീരുമാനം കമ്പനിയുടെ ഇസ്രായേലിനോടുള്ള നിലപാടും ഇസ്രയേലിലെ അതിന്റെ സുപ്രധാന ബിസിനസ് താല്‍പ്പര്യങ്ങളും എടുത്തുകാണിക്കുന്നു.

KFC, PIZZA HUT

യു.എസ് ആസ്ഥാനമായുള്ള Yumന്റെ ഉടമസ്ഥതയിലുള്ളതാണ് കെ.എഫ്.സി, പിസ ഹട്ട് എന്നിവ. ഇസ്രായേലി സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാന നിക്ഷേപകരാണ് യം.

MCDONALD’S

യു.എസ് ആസ്ഥാനമായുള്ള മക്‌ഡൊണാള്‍ഡ്‌സ് ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കും പൗരന്മാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുമെന്ന് അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

MERCEDES-BENZ

ജര്‍മനി ആസ്ഥാനമായുള്ള മെഴ്സിഡസ്-ബെന്‍സ്, ഇസ്രായേലിലെ എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍ക്കായുള്ള സംഘടനയായ യുണൈറ്റഡ് ഹട്സല എന്ന സഹായ സംഘടനയ്ക്ക് 1 മില്യണ്‍ യൂറോ സംഭാവന നല്‍കിയിട്ടുണ്ട്.

NESTLE

നെസ്ലെയുടെ 100 ശതമാനവും സ്വിറ്റ്‌സര്‍ലാന്റിന്റെ ഉടമസ്ഥതയിലാണ്. നെസ്‌ലെക്ക് കീഴില്‍ നിരവധി പ്രമുഖ ബ്രാന്റുകളുണ്ട്. 1995-ല്‍ ഇസ്രായേലി ഭക്ഷ്യ നിര്‍മ്മാതാക്കളായ ഒസെം ഇന്‍വെസ്റ്റ്‌മെന്റിന്റെ 10% ഓഹരി നെസ്‌ലെ വാങ്ങി, പിന്നീട് അതിന്റെ ഉടമസ്ഥാവകാശം 50.1% ആയി ഉയര്‍ത്തി. രണ്ട് വര്‍ഷത്തിന് ശേഷം അതിന് നിയന്ത്രണ വിഹിതം നല്‍കി. ഇപ്പോള്‍ 53.8 ശതമാനം ഓഹരിയും അവര്‍ സ്വന്തമാക്കി. ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ദെറോതില്‍ ലഘുഭക്ഷണങ്ങള്‍ക്കായി നെസ്ലെ ഒരു ആഗോള ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ORAL-B, PAMPERS

യു.എസ് ആസ്ഥാനമായുള്ള പ്രോക്ടര്‍ ആന്റ് ഗാംബിളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനികളും. ഇവര്‍ അധിനിവേശ ഫലസ്തീനിലെ തെല്‍ അവീവില്‍ ഒരു ഗവേഷണ-വികസന കേന്ദ്രം ആരംഭിച്ചു, അതില്‍ പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ആണ് നിക്ഷേപിക്കുന്നത്.

CADBURY

യു.കെ ആസ്ഥാനമായുള്ള കാഡ്ബറി മൊണ്ടെലെസ് ഇന്റര്‍നാഷണല്‍ ഇന്‍കിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ്. നിരവധി പ്രമുഖ ഉതപ്ന്നങ്ങള്‍ കാഡ്ബറിക്ക് കീഴിലുണ്ട്. 2020 നവംബര്‍ 10ന് ഇസ്രായേല്‍ ആസ്ഥാനമായുള്ള പ്രൊപ്രൈറ്ററി വികസിപ്പിച്ച പ്രാരംഭ ഘട്ട കമ്പനിയായ ടോര്‍ ഫുഡ്ടെക്കില്‍ ഈ കമ്പനി പ്രാരംഭ നിക്ഷേപം നടത്തിയിട്ടുണ്ട്.

PUMA

ജര്‍മനി ആസ്ഥാനമായുള്ള ലോകോത്തര സ്‌പോര്‍ട്‌സ്, ഫാഷന്‍ ബ്രാന്‍ഡ് ആയ പ്യൂമ ഇസ്രായേലിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥരായ ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ മുഖ്യ സ്‌പോണ്‍സറാണ്. 2024 മുതല്‍ ഈ കരാര്‍ പുതുക്കില്ലെന്ന് അടുത്തിടെ പ്യൂമ അറിയിച്ചിരുന്നു.

SNICKERS, MARS,

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മാര്‍സിന്റെ ഉടമസ്ഥതയിലാണ് ഇവ. ഇവര്‍ ഇസ്രായേലി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇസ്രായേല്‍ കമ്പനികളുടെ രൂപീകരണത്തിനും പിന്തുണ നല്‍കുന്നു. കൂടാതെ, ഹീബ്രു യൂണിവേഴ്‌സിറ്റി, വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ടെക്നിയന്‍, മിഗാള്‍, ടെല്‍ ഹായ് കോളേജ് എന്നിവ പോലുള്ള പ്രമുഖ ഇസ്രായേലി അക്കാദമിക് സ്ഥാപനങ്ങളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

STARBUCKS

യു.എസ് ആസ്ഥാനമായുള്ള സ്റ്റാര്‍ബക്‌സ് ഓഹരികളുടെ ഏറ്റവും വലിയ സ്വകാര്യ ഉടമയാണ് ഹോവാര്‍ഡ് ഷുള്‍ട്‌സ്. ഇദ്ദേഹം അടിയുറച്ച തീവ്ര സയണിസ്റ്റാണ്. ഇസ്രായേലിലെ സൈബര്‍ സുരക്ഷ സ്റ്റാര്‍ട്ടപ്പായ ‘വിസി’ല്‍ 1.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഉള്‍പ്പെടെ ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നയാളാണ് ഷുള്‍ട്‌സ്.

ബഹിഷ്‌കരണ പട്ടികയിലുള്ള മറ്റു ഉത്പന്നങ്ങളെയും കമ്പനികളെയും കുറിച്ച് വിശദമായി അറിയാന്‍ https://www.boycotzionism.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

തയാറാക്കിയത്: പി.കെ സഹീര്‍ അഹ്‌മദ്
അവലംബം:boycotzionism.com

 

 

???? കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles