Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോഫോബിയ വളർത്താൻ 10 സ്ട്രാറ്റജികൾ !

അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ Dr. Alain Gabon ഈയടുത്ത് Middle East Eye എന്ന വെബ് പോർട്ടലിൽ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് “ഇസ്ലാമോഫോബിയ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചതെങ്ങനെ?” എന്നായിരുന്നു (How Islamophobia has entered a new phase?). ഇസ്ലാമോഫോബിയ വളർത്താൻ വേണ്ടി വെസ്റ്റിൽ ഇപ്പോൾ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന പത്ത് സ്ട്രാറ്റജികൾ അതിൽ എണ്ണിപ്പറയുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇസ്ലാമോഫോബിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും The Kerala Story തുടങ്ങിയ പ്രോപഗണ്ട സിനിമകൾ എന്തിന് വേണ്ടി നിർമിക്കപ്പെടുന്നു എന്നും മനസ്സിലാക്കാൻ അതുപകരിക്കും.

1- മുസ്ലിംകളെ ഒരു “വെല്ലുവിളി” യായും ഇസ്ലാമിനെ ഒരു “പ്രശ്ന” മായും അവതരിപ്പിക്കുക. ഇസ്ലാമിസ്റ്റ് ഭീഷണിയെക്കുറിച്ച് വ്യാജവും കൃതൃമവും അതിശയോക്തി നിറഞ്ഞതുമായ കഥകളും ആഖ്യാനങ്ങളും മെനഞ്ഞുണ്ടാക്കുക. മീഡിയ, രാഷ്ട്രീയക്കാർ, ബുദ്ധിജീവികൾ, കലാകാരൻമാർ ഇവരെല്ലാം ഇതിൽ പങ്കാളികളാണ്.

2- പടിഞ്ഞാറൻ നാടുകളിൽ വളരെ സ്വഭാവികമായി സംഭവിക്കുന്ന മുസ്‌ലിം ജനസംഖ്യാ വളർച്ചയെയും മുസ്ലിംകളുടെ മത, സാംസ്കാരിക പ്രവർത്തനങ്ങളെയും “ജിഹാദിസ” മായും യുറോപ്പിനെ ഇസ്ലാമിക വൽക്കരിക്കാനുള്ള ഗൂഢാലോചനയായും ചിത്രീകരിക്കുക. ഒരു പുതിയ പള്ളി, ഇസ്ലാമിക് ബുക്സ്റ്റോർ , ഹലാൽ ഇറച്ചിക്കട ഇതൊക്കെയും ഇങ്ങനെ ചിത്രീകരിക്കപ്പെടാം.

3 – മുസ്ലിം ഗൂഢാലോചനയെക്കുറിച്ചും ഇസ്ലാമിക ഭീഷണിയെക്കുറിച്ചുമുള്ള കൽപിത കഥ മെനയുന്നതിന്റെ തുടർച്ചയായി ഉണ്ടാവുന്നതാണ് മുസ്ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിലെ വർദ്ധിതമായ സൈനിക സാന്നിധ്യം, മിലിറ്ററി സർവൈലൻസ്. മുസ്‌ലിംകൾ എപ്പോഴും സ്റ്റേറ്റ് നിരീക്ഷണത്തിൽ കഴിയേണ്ട വിഭാഗമായി മാറുന്നു.

4- മുസ്ലിംകളുടെ മൗലികാവകാശങ്ങൾ എടുത്തു മാറ്റാൻ ദേശസുരക്ഷയെ പുകമറയായി ഉപയോഗിക്കുക. ഇതര സമുദായങ്ങളെയും പബ്ളിക് പോളിസിയെയും സംസ്കാരത്തെയും അക്കാദമിക ബൗദ്ധിക മേഖലകളെയും ഇത് ആഴത്തിൽ സ്വാധീനിക്കുന്നു.

5 – ഭരണകൂടങ്ങൾ അവയുടെ ഇസ്ലാമോഫോബിക് നടപടികളെ മറച്ചുപിടിക്കാൻ സ്വയം മഹത്വവൽക്കരിക്കുന്നു. സെക്യുലരിസത്തെക്കുറിച്ച പൊളളയായ അവകാശ വാദങ്ങളിലൂടെ ഫ്രഞ്ച് ഭരണകൂടം അതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇസ്ലാം വിരുദ്ധ നയങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുന്നത് ഉദാഹരണം.

6 – ഗുഡ് മുസ്ലിം x ബാഡ് മുസ്ലിം ബൈനറി സൃഷ്ടിക്കുക. ഭരണകൂട വിധേയത്വമുള്ള കുറച്ചു മുസ്ലിംകളെ തെരഞ്ഞെടുത്ത് “മിതവാദി” പട്ടം നൽകി “അപകടകാരികളായ” മുസ്ലിംകളുടെ മറുപുറത്ത് പ്രതിഷ്ഠിക്കുന്നു. മറ്റു മുസ്ലിംകൾക്ക് അനുകരിക്കാവുന്ന “ഉദ്ഗ്രഥന”ത്തിന്റെ മാതൃകയായി അവരെ അവതരിപ്പിക്കുന്നു. രണ്ടാമത്തെ കാറ്റഗറിയിൽ പെട്ടവരെ തീവ്രവാദികളും ഫണ്ടമെന്റലിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ശിക്ഷിക്കപ്പെടേണ്ടവരുമായി ചിത്രീകരിക്കുന്നു.

7- വെസ്റ്റിന്റെ ഇരട്ടത്താപ്പ് : ക്രിസ്ത്യാനികളോ ജൂതൻമാരോ ഇതര മതവിഭാഗങ്ങളോ മുസ്ലിംകൾ വിധേയരാക്കപ്പെടുന്നത് പോലെയുള്ള നടപടികൾക്കും പെരുമാറ്റങ്ങൾക്കും വിധേയരാവുന്നില്ല.

8 – ഇസ്ലാമോഫോബിക് ആയ മുൻവിധികളെയും വാർപ്പു ധാരണകളെയും നിയമത്തിന്റെ ഭാഗമാക്കി മാറ്റുന്നു. മുസ്ലിം സംഘടനകളെയും വിദ്യാലയങ്ങളെയും ടാർഗറ്റ് ചെയ്ത് കൊണ്ട് ഫ്രാൻസ് കൊണ്ടുവന്ന പല നിയമങ്ങളുടെയും മാതൃകയിൽ കനഡ, സ്വിറ്റ്സർലാന്റ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ നിയമങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം കുടുംബങ്ങൾ കുട്ടികളെ തീവ്രവാദത്തിലേക്ക് ബ്രെയ്ൻ വാഷ് ചെയ്യുന്നുവെന്നും സ്പോർട്സ് ക്ലബ്ബുകൾ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണെന്നും മറ്റുമുള്ള സ്റ്റീരിയോടൈപ് ധാരണകളെ ഉപജീവിച്ചുകൊണ്ടാണ് ഈ നിയമങ്ങൾ ഉണ്ടാക്കപ്പെടുന്നത്.

9- ഒരു വശത്ത്, മുസ്ലിംകളുടെ കഴുത്തിൽ ഇസ്ലാമിസത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും ലാബൽ തൂക്കിയിടുമ്പോൾ, മറുവശത്ത് “ജിഹാദിസ്റ്റു” കൾക്കെതിരെയും “തീവ്രവാദി” മുസ്ലിംകൾക്കെതിരെയും , എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാൽ അതിനെതിരെയും പരസ്യമായി സംസാരിച്ചു കൊണ്ട് മിതനിലപാട് തെളിയിക്കാൻ അവർ നിരന്തരം നിർബന്ധിക്കപ്പെടുന്നു.

10 – മേൽ പറഞ്ഞ രീതികളൊന്നും ഫലിക്കുന്നില്ലെങ്കിൽ ഭാണകൂടങ്ങൾ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. എവിടെയെങ്കിലും ഒരു “ജിഹാദിസ്റ്റ് ” ആക്രമണം നടന്നാൽ അത് ഇസ്ലാമിലേക്ക് ആരോപിക്കുകയും മുഴുവൻ മുസ്ലിംകളും ഉത്തരവാദികളായി മാറ്റപ്പെടുകയും ചെയ്യുന്നു. നിപരാധിത്വം ബോധ്യപ്പെടുത്തണമെങ്കിൽ അവർ സംഭവത്തെ പരസ്യമായി അപലപിക്കണം. മറ്റു സമുദായങ്ങൾക്കൊന്നും ഈ അധിക ബാധ്യതയില്ല. ഈ ലോജിക്കനുസരിച്ച് 1500 മുസ്ലിംകൾ പ്രാർത്ഥിക്കുന്ന ഒരു പളളി അടച്ചിടാൻ ആ പള്ളിയിൽ പ്രാർത്ഥനക്ക് വരുന്ന ഏതെങ്കിലും ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആക്രമണം നടത്തിയ വ്യക്തി കണ്ടു എന്ന് തെളിഞ്ഞാൽ മതി. ആക്രമണത്തിന് പ്രേരണ നൽകി എന്ന് ആരോപിക്കാൻ ആ തെളിവ് ധാരാളം !

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles