Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രചരണത്തിന്റെ ഈറ്റില്ലമായി ഇന്ത്യയിലെ വാർത്താ ചാനലുകൾ

വിദ്വേഷ കുറ്റകൃത്യങ്ങളുടെ വിളനിലമായി മാറുകയാണ് ആധുനിക ഇന്ത്യ. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് നിരന്തരം നിരവധി നിലവിളികളാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു അക്രമമാണ് കഴിഞ്ഞ ജൂലൈയിൽ നടന്നത്. ചേതൻസിംഗ് ചൗധരി എന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ജവാൻ ജൂലൈ 31 ന് നാല് ട്രെയിൻ യാത്രക്കാരെ വെടിവച്ചു കൊല്ലുകയായിരുന്നു. അവരിൽ മൂന്ന് പേർ മുസ്ലീങ്ങളാണെന്നതായിരുന്നു അദ്ദേഹത്ത കൊലചെയ്യാൻ പ്രേരിപ്പിച്ച ഘടകം. മതഭ്രാന്ത് തലയ്ക്ക് പിടിച്ച അയാൾ ട്രെയിനിന്റെ അങ്ങോളമിങ്ങോളം കറങ്ങി മുസ്ലീമായി തോന്നുന്ന ആളുകളുടെ പേരുകൾ ചോദിച്ചറിഞ്ഞ് അവരിലേക്ക് വെടിയുതിർക്കുകയായിരുന്നു. അതിനിടയിൽ ബുർഖ ധരിച്ച ഒരു മുസ്ലിം യുവതിയെ ഹൈന്ദവ ദേവതയായ ദുർഗ്ഗയോടുള്ള ബഹുമാനമെന്നോണം “ജയ് മാതാ ദി” എന്ന് വിളിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തു.

എന്താണ് ഈ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന ചോദ്യത്തിന് ചൗധരി തന്നെയാണ് മറുപടി നൽകിയത്. വെടിയേറ്റ് ഒരു മുസ്ലീം മനുഷ്യൻ തറയിൽ കിടന്ന് പിടയുമ്പോൾ ചൗധരി നടത്തിയ പ്രസംഗം മറ്റ് യാത്രക്കാർ റെക്കോർഡുചെയ്തതിലൂടെയാണ് അയാളുടെ ലക്ഷ്യം വെളിച്ചത്തായത്. അമിതമായ ഹൈന്ദവ ഭ്രമം കാരണം ഇന്ത്യൻ മുസ്ലിംകൾ പാകിസ്താനികളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അവരുടെ നേതാക്കൾ പാകിസ്താനിലാണെന്നും പ്രഖ്യാപിച്ചു. മതവെറി തലയ്ക്ക് പിടിച്ചതാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള ഒരു നീച ക്രിത്യത്തിലേക്ക് നയിച്ചത്.

ഈ കുപ്രചരണ വിവരങ്ങളുടെ ഉറവിടം ഇന്ത്യൻ മാധ്യമമാണെന്ന് അദ്ദേഹം ആരോപിച്ചു. മോദിയും യോഗിയുമാണ് യദാർത്ഥ നേതക്കൾ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്ത് ജീവിക്കണമെങ്കിൽ അവരെ അനുസരിക്കൽ അനിവര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷ വാർത്തകൾ
ഇന്ത്യയിലെ മുസ്ലീങ്ങളും പാകിസ്ഥാനികളും തമ്മിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ചൗധരിയുടെ പ്രസംഗം വികൃതമാണെന്ന് തോന്നാമെങ്കിലും ഇത് ഇന്ത്യൻ മാധ്യമങ്ങളിലെ പതിവ് വാർത്തയാണ്.

മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുന്നതിന് കാരണക്കാരായ ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് ചൗധരി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ ഗവണ്മെന്റിന്റെ മാധ്യമമായ ആകാശവാണി പുറത്ത് വിടുന്ന ഈ വിദ്വേഷ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തെയും രാജ്യത്തിന്റെ സാമൂഹിക ഘടനയെയും എത്രത്തോളം മാറ്റുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.

ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ ദിനേന വർദ്ധിച്ചുവരുന്ന വിദ്വേഷ ചിത്രീകരണങ്ങൾ ബിജെപിയുടെ ക്രിത്യമായ അജണ്ടയുടെ അനന്തരഫലമാണ്. 2022-ൽ, ഇന്ത്യൻ മാധ്യമങ്ങളിലെ വിദ്വേഷ വാർത്തയെ കുറിച്ചുള്ള ഒരു കേസിൽ സുപ്രീം കോടതി ചാനലിനെ കുറ്റപ്പെടുത്തുന്നതിന് പകരം പ്രേക്ഷകരെയാണ് കുറ്റക്കാരാക്കിയത്.

ഇന്ത്യൻ വാർത്താ മാധ്യമങ്ങൾ വെറുപ്പിന്റെ രാഷ്ട്രീയം പടച്ചുവിടുന്നുണ്ടെന്ന പ്രസ്താവന സത്യസന്ധമാണ്. കാരണം വെറുപ്പിന് ശ്രോതാക്കളാകാൻ പ്രേക്ഷകർ നിരവധിയാണ്. റേറ്റിംഗ് കൂട്ടാൻ ഏത് അധർമത്തിനും കൂട്ടുനിൽക്കുന്ന മാധ്യമങ്ങൾ അതിന്റെ സ്വത്വം അവമതിക്കുകയാണെന്നത് മനപൂർവ്വം മറക്കുകയാണ്. എന്നാൽ ഇന്ത്യയിലെ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നവർക്കിടയിൽ മാധ്യമ ചാനലുകൾ വിദ്വേഷം കാണിക്കുന്നത് ഒഴിവാക്കിയാൽ കാഴ്ചക്കാരുണ്ടോ എന്ന ഭീതി അവരെ വല്ലാതെ അലട്ടുന്നുണ്ട്.

ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം ഇന്ത്യയിൽ നാമമാത്രമായി കൊണ്ടിരിക്കുന്നു. ടെലിവിഷന് ഇന്ത്യയിലുണ്ടായിരുന്ന സ്വാധീനം തകർന്നുവെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഈയവസരത്തിൽ ഓർമിക്കേണ്ടതാണ്. പരമ്പരാഗത വാർത്താ ചാനലുകൾക്ക് പകരമായി അതിവേഗം ഉയർന്നുവരുന്ന YouTube-ലെ വ്യൂവർഷിപ്പിനായാണ് ജനങ്ങൾ മത്സരിക്കുന്നത്. കാരണം YouTube ൽ ഹിന്ദി കറന്റ് അഫയേഴ്സ് വിഷയങ്ങൾ കൂടുതൽ സന്തുലിതമാണ്.

വിദ്വേഷവും കടുത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രവും അവതരിപ്പിക്കലാണ് മാധ്യമങ്ങളുടെ പ്രധാന തൊഴിലെന്ന് പകലു പോലെ വ്യക്തമാണ്. എന്നാൽ ലിബറൽ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ സൂക്ഷ്മമായി പരിശോധിച്ച് നീതിയുക്തമായ പത്രപ്രവർത്തനം നിർവഹിക്കുകയും ചെയ്യുന്ന ജനപ്രിയ മാധ്യമ പ്രവർത്തനവും നിലവിലുണ്ട്. വാസ്തവത്തിൽ, യൂട്യൂബിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ സ്വാധീനമുള്ള വ്യക്തി കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകനായ രവീഷ് കുമാറാണ്. 2022 നവംബറിൽ മോദി സർക്കാരുമായി അടുപ്പമുള്ള ഒരു വ്യവസായിയാണ് അദ്ദേഹം ഉപേക്ഷിച്ച NDTV ചാനൽ സ്വന്തമാക്കിയത്. ശ്രദ്ധേയമെന്നു പറയട്ടെ, അതിന് ശേഷം സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ NDTV യെ ഫോളോ ചെയ്യുന്നതിൽ പകുതിയോളം എണ്ണം ആളുകളെ കുമാറിന് സ്വന്തമാക്കാനായി.

മാധ്യമ സ്വാതന്ത്ര്യത്തിന് മുകളിലെ സർക്കാർ താത്പരങ്ങൾ
ഇന്ത്യൻ മാധ്യമങ്ങൾ വിദ്വേഷം പടച്ചുവിടുന്നത് സർക്കാരും മാധ്യമ ഉടമകളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.

ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് മനസിലാക്കാൻ ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളെല്ലാം സർക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് നാം ആദ്യം സമ്മതിക്കണം. വാർത്താ ചാനലുകൾക്ക് ബ്രോഡ്കാസ്റ്റ് ലൈസൻസ് നൽകാനും തടഞ്ഞ് വെക്കാനുമുള്ള കഴിവ് കേന്ദ്ര ഗവൺമെന്റിന്റെ പക്കലുണ്ട്.

2021-ൽ, മീഡിയവൺ എന്ന മലയാളം വാർത്താ ചാനലിന്റെ ബ്രോഡ്കാസ്റ്റ് ലൈസൻസ് പുതുക്കാൻ മോദി സർക്കാർ വിസമ്മതിച്ചത് ഇതിന്റെ ഭാഗമാണ്. ഭരണകൂടത്തിന്റെ നയനിലപാടുകളെ വിമർശിച്ചത് കാരണം ഗവൺമെന്റ് ചാനലിനെതിരെ “ദേശീയ സുരക്ഷ” എന്ന ആരോപണം ഉപയോഗിച്ച് വിലയ്ക്ക് ഏർപ്പെടുത്തി. എന്ത് കാരണത്താലാണ് നിരോധനം ഏർപ്പെടുത്തിയതെന്നത് മീഡിയവണ്ണിനോട് പോലും വിശദീകരിക്കാൻ അവർ സന്നദ്ധരായില്ല. അവിശ്വസനീയമെന്നു പറയട്ടെ മോദി സർക്കാരിന്റെ നടപടികൾ കേരള ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകൾ ശരിവച്ചു. 2023 ഏപ്രിലിൽ മാത്രമാണ് കേന്ദ്രത്തിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.

തികച്ചും ഏകപക്ഷീയമായ കാരണങ്ങളാൽ ഒരു വർഷത്തിലേറെയായി ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രം നിർത്തിവച്ചത് വാർത്താ ചാനലുകൾക്ക് മേൽ കേന്ദ്രസർക്കാരിന് പ്രയോഗിക്കാനാകുന്ന അധികാരത്തിന്റെ ശക്തി തെളിയിക്കുന്നു.

സർക്കാരിന്റെ താത്പര്യങ്ങൾ മാധ്യമത്തിന് മേൽ അടിച്ചേൽപിച്ചതിനൽ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണി നേരിടുകയാണ്. പണം തട്ടിയെടുക്കുന്ന ടെലിവിഷൻ വാർത്താ ചാനലുകളുടെ പ്രധാന വരുമാന സ്രോതസ്സാണ് സർക്കാർ പരസ്യങ്ങൾ. ഉദാഹരണത്തിന് 2017നും 2022നും ഇടയിൽ മോദി സർക്കാർ ടെലിവിഷൻ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 526 കോടി രൂപയാണ്. ഉത്തർപ്രദേശിൽ മാത്രം 2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ ബിജെപി 160 കോടി രൂപ ടിവി പരസ്യങ്ങൾക്കായി ചെലവഴിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 ഗ്രൂപ്പാണ് ഏറ്റവും വലിയ സർക്കാറിന്റെ ഗുണഭോക്താവ്.

പൊതു സംഭാഷണ സംവിധാനം
സർക്കാർ പിന്തുണയോടെ തഴച്ചു വളർന്ന മുസ്ലിം വിദ്വേഷവും ടെലിവിഷനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി മനസ്സിലാക്കാൻ നിലവിലെ ഇന്ത്യൻ മാധ്യമങ്ങളെ പരിശോധിച്ചാൽ മതി. തീവ്ര ഹിന്ദുത്വം പ്രമേയമാക്കുന്ന ടിവി ചാനലായ സുദർശൻ ന്യൂസിന് ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് പരസ്യ പിന്തുണ ലഭിക്കുന്നത് അതിന്റെ വ്യക്തമായ തെളിവാണ്. ചാനലിന്റെ ചീഫ് എഡിറ്ററായ സുരേഷ് ചവാൻകെയ്‌ക്കെതിരെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. അതിന്റെ ഭാഗമായി അദ്ദേഹത്തെ 2017 ൽ അറസ്റ്റ് ചെയ്തിരുന്നു.

അദ്ദേഹത്തിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പോലും നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് സുപ്രീം കോടതി ഡൽഹി പോലീസിനെ നിശിതമായി വിമർശിച്ചു. ആഗസ്റ്റ് 12 ന് ഹരിയാന കലാപവുമായി ബന്ധപ്പെട്ട് വർഗീയ രോഷം ആളിക്കത്തിക്കുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ചാനലിലെ മറ്റൊരു മുതിർന്ന എഡിറ്ററെ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും, സുദർശൻ ന്യൂസിന് ബിജെപിയുടെയും അതിന്റെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും ഉന്നത തലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട്.

ടെലിവിഷനിലെ നിരന്തരമായ മുസ്ലീം വിരുദ്ധ വിദ്വേഷം ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും തിരഞ്ഞെടുപ്പ് താത്പര്യങ്ങളെയും സേവിക്കുന്നതിന്റെ ഭാഗമാണ്. തൽഫലമായി, അത്തരം പ്രോഗ്രാമിംഗുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പാർട്ടി ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്ക് പൊതുസമൂഹത്തിലുള്ള ജനപ്രീതി ഉപയോഗിച്ചു. പൊതുസംഭാഷണം രൂപപ്പെടുത്തുന്നതിൽ ബഹുജന ടിവി മാധ്യമങ്ങൾ കൈക്കൊള്ളുന്ന നടപടി കണക്കിലെടുക്കുമ്പോൾ ഇത് പാർട്ടിയുടെ വൻ വിജയമാണ്.

വാസ്തവത്തിൽ, മോദിയുടെ ഭരണകാലത്ത് ടെലിവിഷനിൽ അവിശ്വസനീയമാം വിധം വർധിച്ച് കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വ പരിപാടികൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുകയും രാജ്യത്തെ കുത്തനെ ധ്രുവീകരിക്കുകയും ചെയ്ത ഏറ്റവും വലിയ ഘടകമാണ്.

വിവ : നിയാസ് അലി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles