Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറിന്റെ ആവിഷ്കാരസ്വാതന്ത്ര്യവും മുസ്‌ലിംവിദ്വേഷവും

 

Dr Amira Abo el Fetouh

സ്റ്റോക്ക്‌ഹോമിലെ ഗ്രാൻഡ് മോസ്‌കിനു മുന്നിൽ വിശുദ്ധ ഖുർആനിന്റെ കോപ്പി കത്തിച്ചത് അടുത്തിടെ സോഷ്യൽമീഡിയയിൽ നാം കാണുകയുണ്ടായി. സ്വീഡനിലെ ഇത്തരം മതവിദ്വേഷപരമ്പരകളുടെ ഏറ്റവും പുതിയ സംഭവം മാത്രമാണിത്. കഴിഞ്ഞ ജനുവരിയിൽ, സ്വീഡന്റെ നാറ്റോ പ്രവേശനം തുർക്കി നിരസിച്ചതിൽ പ്രതിഷേധിച്ച് ഒരു ഡച്ചുകാരൻ സ്വീഡിഷ് തലസ്ഥാനത്തെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധഖുർആൻ കത്തിച്ചിരുന്നു. ഇത് ലോകമെമ്പാടുമുള്ള മുസ്‌ലിംപ്രതിഷേധത്തിന് കാരണമാവുകയും സ്വീഡന്റെ നാറ്റോ അംഗത്വ വിഷയത്തിലെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ തുർക്കിയെ പ്രേരിപ്പിക്കുകയും ചെയ്യുകയുണ്ടായി.

രാജ്യത്തിന്റെ പ്രസിഡന്റിന്റെ അംഗീകാരത്തോടെയും കോടതികളുടെ നിയമപരമായ പിന്തുണയോടെയുമായിരുന്നു ഈ ആക്രമം. മുസ്‌ലിംകളുടെ വിശുദ്ധ ദിനങ്ങളിലൊന്നായ ബലിപെരുന്നാളിലാണ് പോലീസിന്റെ സംരക്ഷണത്തോടെ ഖുർആൻ കത്തിച്ചത്.

ഇറാഖി വംശജനായ സ്വീഡിഷ് പൗരൻ സാൽവാൻ മോമിക എന്നയാളാണ് പ്രതി. റയാൻ അൽ-കിൽദാനിയുടെ നേതൃത്വത്തിലുള്ള ബാബിലോൺ ബ്രിഗേഡ്‌സിൽ നിന്ന് വേർപിരിഞ്ഞ ശേഷം 2016-ൽ സ്ഥാപിതമായ ക്രിസ്ത്യൻ തീവ്രവാദിസംഘടനയായ ഹോക്‌സ് സിറിയക് ഫോഴ്‌സ്, സ്വീഡൻ ഡെമോക്രാറ്റ് പാർട്ടി, സിറിയക് ഡെമോക്രാറ്റിക് യൂണിയൻ പാർട്ടി എന്നിവയിലെ അംഗമാണ് മോമിക. ഇവർ ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിൽ പോരാടുന്നുണ്ട്. കൂടാതെ ഇറാഖി പ്രവിശ്യയായ നിനെവേയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായും സിവിലിയൻ വീടുകൾ മോഷ്ടിച്ചതായും ആരോപിക്കപ്പെടുന്നു.

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരായ ക്രിമിനൽ പ്രവൃത്തികളും അധിക്ഷേപങ്ങളും യൂറോപ്പിൽ ഇപ്പോൾ വലിയ വാർത്താപ്രാധാന്യമുള്ള കാര്യമല്ല. ഫ്രാൻസിലെ കുപ്രസിദ്ധമായ ചാർലി ഹെബ്‌ദോ കാർട്ടൂണുകൾ മുതൽ പള്ളികൾക്ക് നേരെയുള്ള തീപിടുത്തങ്ങളും ആരാധകർക്ക് നേരെ വെടിയുതിർക്കലും വരെ നാം കണ്ടതാണ്. ജർമ്മനി, നെതർലാൻഡ്‌സ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽ സമീപകാലത്തായി ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അപകടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സംഭവത്തെ തുടർന്ന് അപലപന പ്രസ്ഥാവനകൾക്കപ്പുറം കാര്യമാത്ര നടപടിയൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്വീഡിഷ് അംബാസഡർമാർ ആരും തന്നെ ഖുറാൻ കത്തിച്ചതിനെക്കുറിച്ച് അവരുടെ സർക്കാരുകൾക്ക് സന്ദേശമയക്കുക പോലും ചെയ്തിരുന്നില്ല. സ്വീഡന് കടുത്ത പ്രഹരമേൽപ്പിക്കാൻ നിരവധി മാർഗങ്ങൾ കൈവശമുണ്ടായിട്ടും അറബ് നേതാക്കളുടെ ദൗർബല്യം കാരണം അത്തരം നടപടികൾക്ക് അവർ മുതിരുന്നില്ല. അവർക്ക് സ്വീഡിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമായിരുന്നു. അറബ്, മുസ്ലീം രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും ആശ്രയിച്ചാണ് സ്വീഡിഷ് സമ്പദ്‌വ്യവസ്ഥ വലിയൊരളവിൽ നിലനിൽക്കുന്നത്. ഈ കയറ്റുമതി നിർത്തലാക്കുന്നതോടെ സ്വീഡന് 20 ബില്യൻ ഡോളറിന്റെ നഷ്ടമുണ്ടാവും. സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ദുർബലാവസ്ഥക്ക് ഇത് കൂടുതൽ പ്രഹരമേൽപ്പിക്കുമായിരുന്നു. ചുരുക്കത്തിൽ മുസ്ലീം രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുന്നത് സ്വീഡന് വിനാശകരമായ തിരിച്ചടിക്ക് കാരണമാവുമെങ്കിലും അറബ് നേതാക്കൾ അത് ഗൗരവത്തിലെടുത്തില്ല എന്ന് തന്നെ പറയാം.

യൂറോപ്പിന്റെ ഇസ്‌ലാം വിദ്വേഷം മധ്യകാലഘട്ടം മുതൽ, അൻഡലൂഷ്യയുടെ പതനത്തിലും കുരിശുയുദ്ധത്തിലുമുടനീളം നാം കണ്ടതാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അധിനിവേശങ്ങളും അതിക്രമങ്ങളും കൊളോണിയലിസത്തിലേക്കുള്ള പുതിയ വഴികളാണ്. യൂറോപ്പ് തങ്ങളുടെ ലക്ഷ്യം നേടിയപ്പോൾ, വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും വിവേചനപരമായ നിയമങ്ങളിലൂടെയും ഇസ്ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെയുമുള്ള ഗൂഢാലോചന അനുസ്യൂതം തുടർന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്യന്മാർ പൊരുതി മരിച്ച തരത്തിലുള്ള ഫാസിസ്റ്റ് വാചാടോപങ്ങളാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനം അവതരിപ്പിച്ചത്. ആക്രമണാത്മകമായ ഒരു വംശീയത ഇപ്പോൾ പല രാജ്യങ്ങളിലും പ്രബലമാണ്. പ്രത്യേകിച്ച് ഇസ്രായേൽ എന്ന സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ മുസ്‌ലിം വിദ്വേഷത്തിന്റെ മാരകമായ രൂപങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ ഫലസ്തീൻ നരനായാട്ട് യൂറോപ്പിന്റെ അഭിമാനപോരാട്ടമായിട്ടാണ് ഇത്തരം രാജ്യങ്ങൾ കാണുന്നത്.

മുസ്‌ലിംകളുടെ പവിത്രതയെ അവഹേളിക്കുന്ന, മതചിഹ്നങ്ങളെ നിന്ദിക്കുന്ന വംശീയവാദികളെ സംരക്ഷിക്കുകയും അവർക്ക് “ആവിഷ്കാരസ്വാതന്ത്ര്യ”ത്തിന്റെ മറവിൽ നിയമ പരിരക്ഷ നൽകുകയും ചെയ്യുന്നത് പാശ്ചാത്യ സർക്കാരുകളുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മുസ്‌ലിംകളിൽ നിന്ന് വ്യത്യസ്തമായി, യൂറോപ്പിലെയും മറ്റിടങ്ങളിലെയും ജൂതന്മാർ നിയമത്താൽ സംരക്ഷിക്കപ്പെടുന്നു എന്നതും ചേർത്തുവായിക്കേണ്ടതാണ്.

യൂറോപ്യൻ രാഷ്ട്രീയത്തെ ജനകീയമാക്കുന്നത് അതിന്റെ വംശീയ പ്രവണതകളുടെ ശക്തിയാണ്. അത്കൊണ്ട് തന്നെ ഇത്തരം വംശീയത യൂറോപ്യൻ രാജ്യങ്ങളിലെ നിയമങ്ങളിലും അതുവഴി അവരുടെ ജുഡീഷ്യറികളിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ തുല്യാവകാശം നിഷേധിക്കാനുള്ള യൂറോപ്പിന്റെ ശ്രമം വിരോധാഭാസമാണ്. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്നത് മുസ്ലീങ്ങൾ അടക്കമുള്ള എല്ലാ ന്യുനപക്ഷങ്ങൾക്കും ബാധകമാണ്.

മുസ്ലീങ്ങൾക്കും ഇസ്ലാമിനുമെതിരായ ഈ പാശ്ചാത്യ ശത്രുതയെ ചെറുക്കാൻ മുസ്‌ലിം രാഷ്ട്രങ്ങൾക്ക് കൃത്യമായ നയങ്ങളും തന്ത്രങ്ങളുമുണ്ടാവേണ്ടതുണ്ട്. രാഷ്ട്രീയ, സാമ്പത്തിക താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനപ്പുറം വിദ്വേഷത്തിന്റെയും വിനാശത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാവണം. ആഗോള സയണിസവും വംശീയ തീവ്ര വലതുപക്ഷവും ഇതിൽ ഉൾപ്പെടുന്നതാണ്. ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്രമണങ്ങളെ മറയ്ക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. മതത്തിന്റെ പവിത്രതക്കും വൈകാരികതക്കും നേരെയുള്ള ഇത്തരം ആക്രമണം ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിവ: മുജ്തബ മുഹമ്മദ്‌

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles