Current Date

Search
Close this search box.
Search
Close this search box.

കൂട്ടക്കൊല, ശിശുഹത്യ, സ്ത്രീപീഡനം; നിർബാധം തുടരുന്ന ഇസ്‍റായേൽ ക്രൂരതകൾ

ബന്ദികളെ പീഡിപ്പിച്ചു കൊലപ്പെടുത്തി… സ്വന്തം മക്കളുടെ കൺമുന്നിൽ വച്ച് മാതാപിതാക്കളെ വധിച്ചു… ഡോക്ടർമാരെ തല്ലി പരിക്കേൽപ്പിച്ചു…. കുഞ്ഞുങ്ങളെ അറുകൊല ചെയ്തു… ലൈംഗികാതിക്രമങ്ങൾ ആയുധമാക്കി… ഇവയൊന്നും ഹമാസിൻ്റെ കുറ്റകൃത്യങ്ങൾ അല്ല. മറിച്ച് ഒക്ടോബർ ഏഴ് മുതൽ അഞ്ചുമാസമായി, ഇസ്രായേൽ ചെയ്തു കൊണ്ടിരിക്കുന്ന കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുള്ള അതിക്രമങ്ങളുടെ ഇപ്പോഴും നീളുന്ന ലിസ്റ്റിന്റെ ഭാഗമാണ് ഇവ. ഗസ്സയിലുള്ള 23 ലക്ഷം ഫലസ്തീനികൾക്ക് മേലുള്ള കാർപെറ്റ് ബോംബിങ്ങും ഇസ്രായേൽ ഹുമാനിറ്റേറിയൻ സഹായങ്ങൾ തടഞ്ഞതുമൂലം ഉണ്ടായിട്ടുള്ള ക്ഷാമവും മാറ്റിനിർത്തിയാൽ ഉള്ള അതിക്രമങ്ങളുടെ മാത്രം കാര്യമാണ് ഈ പറഞ്ഞത്.

കഴിഞ്ഞ അഞ്ച് മാസങ്ങളായി ഗസ്സയിലെ തെരുവുകളിൽ നിന്ന് പിടിച്ച് കൊണ്ടുപോയ 27 ഫലസ്തീനികൾ ഇസ്രയേലിൽ വിചാരണക്കിടെ മരണപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞയാഴ്ച ഇസ്രായേലി പത്രമായ ഹാരെത്‌സിൻ്റെ അന്വേഷണത്തിൽ പുറത്തു വന്നത്. ചിലർക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. എങ്കിലും മിക്കവരും മർദനം കാരണം കൊല ചെയ്യപ്പെട്ടവരാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇസ്രയേലി ജയിലുകൾ “ഫലസ്തീനികളുടെ അറവുശാലകൾ ആവരുതെന്ന്” ഹാരത്‌സ് പത്രം മുന്നറിയിപ്പ് നൽകിയത്.

ഇസ്രായേലി തടങ്കൽ കേന്ദ്രങ്ങളിൽ ഫലസ്തീനികൾ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. ഇത്തരം കേന്ദ്രങ്ങളിലെ ഭീതിതമായ  കാഴ്ചകളെ ഏറെ ആവേശപൂർവ്വമാണ് ഇസ്രായേൽ ടി.വി  ചാനലുകൾ തങ്ങളുടെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. ഫലസ്തീനികളെ തടവിലിട്ടിരിക്കുന്ന താൽക്കാലിക കൂടുകൾ ‘മനുഷ്യർക്ക് അനുചിതമല്ല’ എന്ന് ഈയടുത്ത് ഒരു ഇസ്രായേലി ജഡ്ജ് പ്രസ്താവിക്കുകയുണ്ടായി. കൂടുതലും കുട്ടികളും മുതിർന്നവരുമായ നാലായിരത്തോളം ഫലസ്തീനീ സിവിലിയൻമാരെയാണ് ഒക്ടോബർ 7 മുതൽ ഇസ്രായേൽ ബന്ദികളാക്കിയിട്ടുള്ളത്. അവരെ ഇസ്രായേലിലെ ഇരുണ്ട ജയിലുകളിലേക്ക് വലിച്ചിഴക്കുന്നതിന് മുമ്പായി തെരുവുകളിലും സ്റ്റേഡിയങ്ങളിലും അർദ്ധ നഗ്നരാക്കി ഇസ്രായേൽ പ്രദർശിപ്പിക്കുകയുണ്ടായി.

സ്ത്രീ പീഡനങ്ങൾ

ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഗർഭിണികളുൾപ്പെടെ ഡസൻ കണക്കിന് സ്ത്രീകളാണ് ബന്ദികളാക്കപ്പെട്ടത്. എന്നാൽ, ഈ അക്രമങ്ങൾ ക്യാമറക്ക് പിന്നിലായിരുന്നു. സ്ത്രീകളെ അക്രമിക്കുന്നത് ഹമാസ് ഒരു യുദ്ധരീതിയായി സ്വീകരിച്ചിരിക്കുന്നു എന്ന തങ്ങളുടെ ആരോപണത്തിന് തുരങ്കം വെക്കണ്ട എന്ന് ഒരുപക്ഷേ ഇസ്രായേൽ കരുതിയിട്ടുണ്ടാവാം. എന്നാൽ യു.എൻ നിയമജ്ഞർ പറയുന്നത് പ്രകാരം, വളരെ ഹീനമായ പീഡനങ്ങളും അക്രമങ്ങളും ആണ് ഫലസ്തീനി സ്ത്രീകൾക്ക് ഇസ്രായേൽ പട്ടാളത്തിന്റെ കരങ്ങളാൽ അനുഭവിക്കേണ്ടി വരുന്നത്.

അറസ്റ്റിലായ ഫലസ്തീനീ സ്ത്രീകളും കുട്ടികളും പുരുഷ സൈനികരാൽ നഗ്നരാക്കി പരിശോധിക്കപ്പെടുക പോലെയുള്ള വിവിധതരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഫലസ്തീനി തടവുകാരികളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുകയും മറ്റുള്ളവർക്ക് ബലാത്സംഗ ഭീഷണിയും ലൈംഗികാതിക്രമങ്ങളും ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. (ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് അൽ ശിഫ ഹോസ്പിറ്റലിലെ ബലാത്സംഘങ്ങളുടെയും അക്രമങ്ങളുടെയും വിവരങ്ങൾ പുറത്തുവരുന്നത്)

പട്ടാളക്കാർ അപമാനകരമായ രീതിയിൽ തടവുകാരികളുടെ ചിത്രം പകർത്തുകയും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. ഇസ്രായേലി പട്ടാളം ഗസ്സയിൽ പ്രവേശിച്ചതിന് ശേഷം ഗസ്സയിലെ സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്നു എന്ന് അവരുടെ കുടുംബങ്ങൾ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടാളം ശിശുക്കളെ ബലം പ്രയോഗിച്ച് ഇസ്രായേലിലേക്ക് കടത്തിയതായും, ഒരു വിവരവുമറിയിക്കാതെ കുട്ടികളെ അവരുടെ രക്ഷിതാക്കളിൽ നിന്ന് വേർപ്പെടുത്തിയതായുമൊക്കെയുള്ള അസ്വസ്ഥകരമായ റിപ്പോർട്ടുകളും ഉണ്ട്.

മർദനങ്ങളും ശ്വാസംമുട്ടിക്കലും

മാനുഷിക സഹായ പ്രവർത്തകരായിട്ടുള്ള തങ്ങളുടെ 21 സ്റ്റാഫുകളെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയി എന്ന് കഴിഞ്ഞ ആഴ്ചത്തെ യു.എന്നിന്റെ ഒരു പ്രത്യേക റിപ്പോർട്ടിൽ കാണാൻ കഴിയും. ശേഷം, ഒക്ടോബറിലെ ഹമാസ് ആക്രമണത്തിലെ പങ്കാളിത്തം പോലെയുള്ള വ്യാജ കുറ്റസമ്മതങ്ങൾ നടത്തുവാൻ അവരെ പീഡിപ്പിക്കുകയാണ് ചെയ്തത്. മർദ്ദനങ്ങൾ, വാട്ടർ ബോർഡിങ് (ബന്ധിതനാക്കി വെള്ളമുപയോഗിച്ച് ശ്വാസംമുട്ടിക്കുന്ന പീഢന രീതി), കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങളാണ് അവർക്ക് ഏൽക്കേണ്ടി വന്നത്. 

ഈ വ്യാജ കുറ്റസമ്മതങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് പാശ്ചാത്യ സഖ്യകക്ഷികൾ യു.എൻ ദുരിതാശ്വാസ ഏജൻസി ആയിട്ടുള്ള UNRWA യ്ക്കുള്ള ഫണ്ടിങ്ങുകൾ നിർത്തിവച്ചത്. പട്ടിണികൊണ്ട് വലയുന്ന ഗസ്സയിലെ ജീവനുകൾക്കുള്ള അവസാനത്തെ പിടിവള്ളിയായിരുന്നു അത്. കൊടിയ മർദ്ദനങ്ങളിലൂടെ നിർമ്മിച്ചെടുത്ത ഇത്തരം വാദങ്ങൾ ആയിരുന്നു ഗസ്സക്കു മേൽ ഭക്ഷ്യ ക്ഷാമത്തെ അടിച്ചേൽപ്പിക്കുന്നതിനെ നീതീകരിക്കുവാൻ ഇസ്രായേലിനെ സഹായിച്ചത്.

പിന്നീട് വിട്ടയച്ച ആയിരം തടവുകാരിൽ 29 പേർ കുട്ടികളും, 80 പേർ സ്ത്രീകളുമായിരുന്നു. ആറ് വയസ്സ് മാത്രമായിരുന്നു അതിലൊരു കുട്ടിയുടെ പ്രായം. അവരിൽ ചിലർക്ക് കാൻസറും, അൾഷിമേസ് പോലെയുള്ള വിട്ടുമാറാത്ത അസുഖങ്ങളും ബാധിച്ചിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

യു.എൻ അന്വേഷണ പ്രകാരം, കഠിന മർദ്ദനങ്ങൾ, വേട്ട നായ്ക്കളുമായി ഒരേ കൂട്ടിൽ തടവിലാക്കപ്പെടുക, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുക തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊട്ടിയ വാരിയെല്ലുകൾ, സ്ഥാനം തെറ്റിയ തോളെല്ല്, കടി കിട്ടിയ പാടുകൾ, പൊള്ളലുകൾ പോലെ ഇത്തരം മർദ്ദനങ്ങളുടെ ശാരീരിക തെളിവുകൾ ഒരുപാട് ആഴ്ചകൾ കഴിഞ്ഞിട്ടും ദൃശ്യമായിരുന്നു. 

അറുകൊല, മനുഷ്യ കവചങ്ങൾ

ഈ ഭീകരതകൾ ഒന്നും ഇസ്രായേലിലെ ജയിലിലോ വിചാരണമുറികളിലോ മാത്രം സംഭവിക്കുന്നതല്ല. കാർപെറ്റ് ബോംബിങ്ങും നിർബന്ധിത പട്ടിണിയും മാറ്റിനിർത്തിയാൽ കൂടി, ഇസ്രായേലി പട്ടാളത്തിൽ നിന്നും അമ്പരപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകൾക്കും സാഡിസത്തിനുമാണ് (മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസിക വൈകൃതം) ഗസ്സ ഇരയായി കൊണ്ടിരിക്കുന്നത്. ഇസ്രായേലീ സ്നൈപ്പർമാരുടെ ബുള്ളറ്റുകൾ ഗസ്സയിലെ ഹോസ്പിറ്റലുകൾ ലക്ഷ്യം വെക്കുകയും അവിടുത്തെ ജീവനക്കാരിലും രോഗികളിലും തുളഞ്ഞു കയറുകയും ചെയ്യുന്നു.

ഇസ്രായേലി പട്ടാളം ഫലസ്തീനികളെ മനുഷ്യ കവചങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. അതിലൊരാളെ കൈകൾ ബന്ധിച്ച്, പരിസരം വിട്ടു ഒഴിഞ്ഞു പോകുവാനുള്ള മുന്നറിയിപ്പ് നൽകുവാനായി ഒരു ഹോസ്പിറ്റലിലേക്കാണ് അയച്ചത്. അയാൾ തിരിച്ചു വരുന്ന വേളയിൽ പട്ടാളം അയാളെ കൊലപ്പെടുത്തുകയാണ്  ഉണ്ടായത്. വെള്ള പതാകകൾ വീശി ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പുകൾ  പിന്തുടരുന്നവർക്ക് വരെ വെടിയേൽക്കേണ്ടി വന്നിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിച്ച് കൊണ്ട് ആരോഗ്യ സംവിധാനങ്ങളെ ഇസ്രായേൽ ഇടയ്ക്കിടെ  ആക്രമിക്കുന്നു. ഒഴിപ്പിക്കാൻ കഴിയാത്ത മാസം തികയാത്ത കുഞ്ഞുങ്ങളെ പോലെയുള്ളവരെ യാതൊരു പരിചരണവും നൽകാതെ മരണത്തിന് വിട്ടുകൊടുക്കുകയാണ്  അത്തരം കെട്ടിടങ്ങൾ കീഴടക്കുന്ന പട്ടാളം ചെയ്യുന്നത്. ഖാൻ യൂനിസിലെ നസർ ഹോസ്പിറ്റലിൽ ഇരച്ചു കയറിയ ഇസ്രായേലി പട്ടാളക്കാർ അതിനുള്ളിലേക്ക് വേട്ടനായ്ക്കളെ അഴിച്ചുവിട്ടു. അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും മർദ്ദിക്കപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്ത മെഡിക്കൽ സ്റ്റാഫിനെ ഈയാഴ്ചയാണ് ബി.ബി.സി ഇൻറർവ്യൂ ചെയ്തത്.

ഇത്തരം ഒരാക്രമണത്തിൽ ഡോക്ടർ അഹമ്മദ് അബു സബയുടെ കൈകൾ ഒടിയുകയുണ്ടായി. “അവരെന്നെ ഒരു കസേരയിലിരുത്തി അതൊരു തൂക്കുമരം പോലെയായിരുന്നു. കയറുകളുടെ ശബ്ദം കേട്ടതിനാൽ അവരെന്നെ കൊല്ലാൻ പോവുകയാണ് എന്നാണ് കരുതിയത്”. മറ്റൊരു സന്ദർഭത്തിൽ അദ്ദേഹത്തെയും സഹതടവുകാരെയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒരു ട്രക്കിന്റെ പിന്നിൽ വെച്ച് മർദ്ദിക്കുകയാണ് ഉണ്ടായത്. 8 ദിവസം ബന്ദിയായിരുന്ന അദ്ദേഹം ഒരിക്കൽ പോലും വിചാരണ ചെയ്യപ്പെട്ടില്ല. കാണാതായെന്ന് വിശ്വസിക്കപ്പെടുന്നത് ഡസൻ കണക്കിന് ഡോക്ടർമാർ ഇസ്രായേലി തടവിലാണെന്നാണ് കരുതപ്പെടുന്നത്. ബി.ബി.സി പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളിൽ നസർ ഹോസ്പിറ്റലിലെ ബെഡുകളിൽ, കൈകൾ തലയ്ക്കു പിന്നിലായി ബന്ധിക്കപ്പെട്ട നിലയിൽ രോഗികളെ കാണാൻ കഴിയും.

അവിടെ, മൃതദേഹങ്ങളെ ചീഞ്ഞളിയുവാൻ വിട്ടേക്കുകയായിരുന്നു ഇസ്രയേലി പട്ടാളക്കാർ. അവിടുത്തെ ഡോക്ടർ ഹാതിം റബ്ബ ബി.ബി.സിയോട് പറഞ്ഞു: ” ‘അവരെ (മൃതദേഹങ്ങൾ) ഇവിടുന്ന് ദയവായി മാറ്റു,’ എന്ന് രോഗികൾ അലറി വിളിക്കുകയായിരുന്നു. ‘ഇതൊന്നും എൻറെ കയ്യിലല്ല’ എന്ന് ഞാൻ അവരോട് പറഞ്ഞു.” ദിനേന എന്ന തോതിലാണ് ക്രൂരമായ ഹീനകൃത്യങ്ങൾക്കുള്ള മറ്റു ഉദാഹരണങ്ങളും രേഖപ്പെടുത്തുന്നത്. വെള്ളക്കൊടി വീശിക്കൊണ്ടിരുന്നവരടക്കം നിരായുധരായ അനേകം പേരെയാണ് ഇസ്രായേലി പട്ടാളം കൊന്നു കളഞ്ഞിട്ടുള്ളത്. തങ്ങളുടെ മക്കളുടെ കൺമുന്നിൽ വച്ച് അനവധി മാതാപിതാക്കളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ഭഗ്നാശരായി ഭക്ഷണവും സഹായവും കാത്തിരുന്ന ഫലസ്തീനികൾക്കു നേരെ ഒന്നിൽ കൂടുതൽ സന്ദർഭങ്ങളിലാണ് ഇസ്രായേൽ കൂട്ട വെടിവെപ്പ് നടത്തിയത്. ഈ ആഴ്ചയും അത് ആവർത്തിച്ചു. എന്തിനേറെ പറയുന്നു, തങ്ങളെ പിടിയിലാക്കിയവരിൽ നിന്നും രക്ഷപ്പെട്ട് ഇസ്രായേലി പട്ടാളക്കാരിൽ അഭയം തേടാൻ ശ്രമിച്ച ഇസ്രായേലി ബന്ദികളെ വരെ അവർ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. പാശ്ചാത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ അല്പമായി ഇടംപിടിച്ച ഇസ്രായേലി ക്രൂരതകളുടെയും കാപാലികതയുടെയും ചില ഉദാഹരണങ്ങൾ മാത്രമാണിത്. ഇതാകട്ടെ, എളുപ്പം മറവിക്ക് പാത്രമാവുകയും ചെയ്യും.

ഗസ്സയെ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കൽ

ഏറെ അറുപ്പുളവാക്കുന്ന ചില ഇരട്ടത്താപ്പുകളെ ഈ സന്ദർഭത്തിൽ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹമാസിനെതിരെയുള്ള മ്ലേച്ഛമായ ആരോപണങ്ങളാൽ നിറഞ്ഞു കവിയുന്ന അവസ്ഥയാണ് പാശ്ചാത്യ മാധ്യമങ്ങൾക്കുള്ളത്. അവയിൽ പലതും ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിലോ, ഒട്ടും തെളിവില്ലാതെയോ ആണ് പ്രചരിപ്പിക്കാറുള്ളത്. ഹമാസ് കുഞ്ഞുങ്ങളുടെ തലയറുത്തുവെന്നും, അവരെ ഓവനിൽ വെച്ചുവെന്നുമൊക്കെയുള്ള അബദ്ധജടിലമായ വാർത്തകളാണ് പലപത്രങ്ങളുടെയും ഒന്നാം പേജുകളിൽ തലവാചകങ്ങളായി വന്നത്.

മൃഗീയവും അത്യന്തം അപകടകാരികളുമായിട്ടുള്ള ഒരു സായുധ സംഘത്തിൻ്റെ പരിവേഷം സൃഷ്ടിക്കുവാൻ വേണ്ടി ഹമാസിനെതിരെയുള്ള ആരോപണങ്ങളെ ചൂടുള്ള വാർത്തയായി വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടുവന്നു. എന്നിട്ട്, ഈ ഭീകര സംഘത്തെ ഉന്മൂലനം ചെയ്യുവാനാണ് എന്ന പേരിൽ ഗസ്സക്ക് മേലുള്ള അന്ധമായ ബോംബാക്രമണവും അടിച്ചേൽപ്പിക്കപ്പെട്ട പട്ടിണിയും നീതീകരിക്കപ്പെട്ടു. എന്നാൽ, യുദ്ധത്തിൻ്റെ കലുഷിതാവസ്ഥയിൽ അല്ലാതിരുന്ന സന്ദർഭങ്ങളിൽ പോലും ഇസ്രായേൽ ചെയ്തിട്ടുള്ള സമാന സ്വഭാവമുള്ള നിഷ്കരുണമായ അക്രമണങ്ങൾ ‘നിർഭാഗ്യവശാലെ’ന്നും, ‘ഒറ്റപ്പെട്ട സംഭവങ്ങളെ’ന്നും ആണ് വിശേഷിക്കപ്പെട്ടത്. ഇതിനെയൊന്നും ഭീകരതയുമായി ബന്ധിപ്പിക്കാനും ഇത് ചെയ്ത മിലിട്ടറിയെ നൃശംസപരിവേഷത്തോടു കൂടി അവതരിപ്പിക്കുവാനും ആരും തയ്യാറായില്ല.

ഹമാസിന്റെ നടപടികൾ അത്രയ്ക്ക് ക്രൂരവും നിഷ്ഠുരവും മാസങ്ങൾക്ക് ശേഷവും വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമാണെങ്കിൽ, ഗസ്സയിലുള്ള ഇസ്രായേലിൻ്റെ സമാനതകളില്ലാത്ത ക്രൂരതകൾക്കും ഭീകരതകൾക്കും മേൽ അതേ ഞെട്ടലും ധാർമിക രോഷവും പ്രകടിപ്പിക്കുവാനുള്ള ആവശ്യകത മീഡിയ സ്ഥാപനങ്ങൾക്ക് എന്തുകൊണ്ടാണ് തോന്നാത്തത്. ഇതൊന്നും അഞ്ച്മാസം മുമ്പ് കഴിഞ്ഞു പോയതല്ല, മറിച്ച് ഇപ്പോഴും തുടരുന്നതാണ്. പാശ്ചാത്യ മീഡിയകളുടെ ഈ സ്വഭാവരീതിയിൽ നിന്ന് ഒറ്റ നിഗമനത്തിലേക്കേ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ. “ഇസ്രായേൽ അഞ്ചുമാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മറിച്ച്, അവ വളരെ അവിശുദ്ധ ലക്ഷ്യങ്ങൾക്ക് വേണ്ടി സെലക്ടീവായാണ് ആഖ്യാനിക്കപ്പെടുന്നത്”.

ബി.ബി.സിയും സി.എൻ.എന്നും മുതൽ ഗാർഡിയനും ന്യൂയോർക്ക് ടൈംസും വരെയുള്ള പത്രമാധ്യമങ്ങൾക്ക് തങ്ങളുടെ കവറേജിൽ സംഭവിച്ചിട്ടുള്ള നിരന്തരവും സുവ്യക്തവുമായ വീഴ്ചകൾ ഗസ്സയിൽ ഇസ്രായേലിന് കൂട്ടക്കൊല നടത്തുവാനുള്ള വഴി എളുപ്പമാക്കുകയാണ് ചെയ്തത്. ഈ കൂട്ടക്കൊലയെയാകട്ടെ ലോക കോടതി ഒരു വംശഹത്യയായി വിലയിരുത്തിയതുമാണ്.

മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരതകളിലൊന്നായ ഈ ആക്രമണങ്ങളെ കുറിച്ച് തങ്ങളുടെ പ്രേക്ഷകരെ ഉൽബുദ്ധരാക്കുക എന്നതായിരുന്നില്ല ഇക്കാലയളവിൽ മീഡിയ വഹിച്ച പങ്ക്. മറിച്ച്, എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റിൽ യു.എസിൻ്റെ ഏറ്റവും ഉപകാരദായകരായിട്ടുള്ള കക്ഷിക്ക് ആയുധങ്ങൾ എത്തിക്കുവാൻ ബൈഡന് സമയം നൽകുക എന്നതായിരുന്നു അവയുടെ പങ്ക്. അതുമൂലം നവംബറിലെ യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ കണക്ക് കൂട്ടലുകൾക്ക് കോട്ടം കട്ടാതെ സംരക്ഷിക്കുകയുമായിരുന്നു ലക്ഷ്യം. 

യുക്രൈനെ ആക്രമിച്ചത് മൂലം റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനെ ഭ്രാന്തനായും കിരാതനായ യുദ്ധ കുറ്റവാളിയായും എല്ലാ പാശ്ചാത്യ മീഡിയകളും അംഗീകരിക്കുന്നു. എങ്കിൽ പിന്നെ സിവിലയന്മാരെ ലക്ഷ്യം വെച്ചുള്ള ഗസ്സയിലെ കൊടിയ ആക്രമണങ്ങളെ പിന്തുണക്കുന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ എന്താണ് അവർക്ക് വിശേഷിപ്പിക്കുവാൻ കഴിയുക.  

അല്പം കൂടെ ചേർത്ത് പറയുകയാണെങ്കിൽ, നിരന്തരം ബോംബുകൾ അയക്കുന്നതിലൂടെയും യു.എന്നിൽ വെടിനിർത്തുന്നതിനുള്ള ആവശ്യങ്ങളെ വീറ്റോ ചെയ്യുകയും വളരെ അത്യാവശ്യമായി വേണ്ടുന്ന സഹായങ്ങളെ മരവിപ്പിക്കുകയും ചെയ്യുന്നതിലൂടെയും ഇസ്രായേലിന് ഭൗതികമായ സകല സന്നാഹങ്ങളും ഒരുക്കുന്ന ബൈഡനെയും യു.എസിന്റെ രാഷ്ട്രീയ വർഗ്ഗത്തെയും അങ്ങനെത്തന്നെയല്ലേ വിശേഷിപ്പിക്കാൻ കഴിയൂ. പൊതുവികാരത്തെ പരിഗണിച്ച് പ്രസിഡൻറ് തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നുവെങ്കിലും ഇസ്രായേലിനുള്ള സഹായം വീണ്ടും തുടരുകയാണ് ചെയ്യുന്നത്. 

അഞ്ചുമാസം മുമ്പ് നടന്ന ചില ചുരുങ്ങിയ സംഭവങ്ങൾ ആണവ ശക്തി ആയിട്ടുള്ള ഇസ്രായേലിന് ഒരസ്തിത്വ ഭീഷണിയായി നിലനിൽക്കുന്നുവെന്ന് ചില പാശ്ചാത്യ രാഷ്ട്രീയക്കാരും നിരീക്ഷകരും അസ്വസ്ഥത കൊള്ളുമ്പോൾ തന്നെയാണ് യാതൊരു അലട്ടലുമില്ലാതെ ഇസ്രായേൽ ഗസ്സയെ ഭൂപടത്തിൽ നിന്ന് അനുദിനം തുടച്ചുനീക്കി കൊണ്ടിരിക്കുകയാണ്.

‘ഇതെല്ലാം തുടങ്ങിയത്’ ഹമാസ് ആണ്

പടിഞ്ഞാറിന്റെ പരിഗണനകളിലെ ഇപ്പറഞ്ഞ ഭീകരമായ അസമത്വങ്ങളിൽ പ്രധാനമായിട്ടും രണ്ട് ന്യായീകരണങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്. ഒറ്റനോട്ടത്തിൽ തന്നെ വിലപ്പോകാത്ത രണ്ട് ന്യായീകരണങ്ങളാണവ.

ഒന്നാമത്തേത് ഹമാസാണ് എല്ലാം തുടങ്ങിയത് എന്ന ന്യായീകരണമാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനുള്ള പ്രതികരണവും പ്രത്യാക്രമണവും മാത്രമാണ് ഗസ്സയെ തകർക്കുന്നതിലൂടെ ഇസ്രായേൽ ചെയ്യുന്നത് എന്ന് നിരന്തരം ഉയർത്തപ്പെടുന്ന വാദത്തിന് പിന്നിൽ ഈ ന്യായീകരണമാണ് പ്രവർത്തിക്കുന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിനും 20 ലക്ഷത്തിന് മുകളിൽ ജനങ്ങളെ പട്ടിണിക്കിടുന്നതിനും മാത്രം മതിയാകുന്ന ഒരു ന്യായീകരണം ആയിരുന്നില്ല ഒരിക്കലും ഇത്. എന്നല്ല, ഇത് ശുദ്ധ അസംബന്ധവും ആണ്. ഗസ്സയെ മുച്ചൂടും നശിപ്പിക്കുവാൻ ഇസ്രായേലിന് പേരിന് ഒരു ന്യായം കിട്ടി എന്നല്ലാതെ ഒക്ടോബർ 7ന് ഹമാസ് ഒന്നും തുടങ്ങി വെച്ചിട്ടില്ല.

17 വർഷക്കാലമായി കടുത്ത ഉപരോധത്തിലാണ് ഗസ്സ മുനമ്പ്. അതിൻ്റെ കരയും ആകാശവും കടലും ഉൾപ്പെടുന്ന സകല പ്രദേശങ്ങളും ഇസ്രായേലിന്റെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. പുറത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യവും നിയന്ത്രിതവും പരിമിതവുമായിരുന്നു. ഇസ്രായേലിന്റെ വാണിജ്യ നിയന്ത്രണങ്ങൾ കാരണം, ഇപ്പോൾ ഇസ്രായേൽ വരുത്തി തീർത്തിട്ടുള്ള ഭക്ഷ്യ ക്ഷാമത്തേക്കാൾ കുറേ വർഷങ്ങൾക്കു മുമ്പ് തന്നെ, ഗസ്സയിലെ കുട്ടികൾ വലിയ തോതിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന ഇസ്രായേലിന്റെ വലിയ തോതിലുള്ള ആക്രമണങ്ങളും കുട്ടികളിൽ ആഴത്തിലുള്ള മാനസികാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഗസ്സയിലേക്ക് അടിയന്തിരമായി വേണ്ടുന്ന മാനുഷിക സഹായങ്ങൾ എത്തിക്കാൻ കുറച്ച് ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ ഒരു കടൽ പാലം നിർമ്മിക്കുന്നതിനെക്കുറിച്ച് ബൈഡൻ വീമ്പ് പറയുന്നു. എന്നാൽ ഗസ്സക്ക് ഒരു തുറമുഖമോ വിമാനത്താവളമോ ഇല്ലാതെ പോയതിന് ഒരു കാരണമുണ്ട്. അത് ഹമാസ് അധികാരത്തിൽ വരുന്നതിനും എത്രയോ മുമ്പ് 2001 ൽ ഇസ്രായേൽ അവിടെയുണ്ടായിരുന്ന ഏക വിമാനത്താവളം ബോമ്പിട്ട് തകർത്തതിനാലാണ്. അതേപോലെ, വർഷങ്ങളായി ഗസ്സൻ തീരത്തോട് ചേർന്ന് ട്രോളിംഗ് നടത്തുന്ന മത്സ്യത്തൊഴിലാളികളെ ഇസ്രായേൽ ആക്രമിക്കുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഗസ്സയെ ഒരിക്കലും പുറംലോകവുമായി ബന്ധപ്പെടാനോ തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തു പോകാനോ ഇസ്രായേൽ അനുവദിച്ചിട്ടില്ല. യഥാർത്ഥത്തിൽ ഒക്ടോബർ 7 ന് ഹമാസ്  ഒന്നും തുടങ്ങി വെച്ചിട്ടില്ല. മറിച്ച്, ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായുള്ള ഫലസ്തീനിയൻ പ്രതിരോധത്തിന്റെ ധീരമായ ഒരു പുതിയ ഘട്ടം മാത്രമായിരുന്നു അത്.

വ്യാജ ആഖ്യാനങ്ങൾ

പാശ്ചാത്യ സ്ഥാപനങ്ങൾ മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ന്യായീകരണം, ഹമാസിന്റെ കിരാത നടപടികളെ ഒരിക്കലും ഇസ്രായേലിന്റെ ചെയ്തികളുമായി താരതമ്യം ചെയ്യാൻ കഴിയില്ല എന്ന് നിരന്തരം ആവർത്തിക്കലാണ്. രണ്ടും രാവും പകലും പോലെയാണ് എന്ന പക്ഷമാണ് അവർക്കുള്ളത്. 

ഇസ്രായേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കൊലകൾ ഒക്ടോബറിൽ ഹമാസ് നടത്തിയ വധങ്ങളേക്കാൾ എത്രയോ വലിയ തോതിലുള്ളതാണെങ്കിലും, ഹമാസിൻ്റെ ചെയ്തികൾ മാനസിക വൈകൃതമുൾക്കൊള്ളുന്നതായിരുന്നു (സാഡിസം)  എന്നാണ് അവർ നോക്കി കാണുന്നത്. ഇതുതന്നെയാണ് മിക്ക ഇൻ്റർവ്യൂകളിലും ഫലസ്തീനിലെ നരനായാട്ടിനെ കുറിച്ചുള്ള തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കാൻ അനുവദിക്കുന്നതിന് മുമ്പേ  ഹമാസിനെ അപലപിക്കുവാൻ അതിഥികളോട് ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനവും. മറു വശത്ത്, ഇസ്രായേലിനെ അപലപിക്കാൻ ഒരാളോടും ആവശ്യപ്പെടുന്നില്ല താനും.

സാധാരണ പൗരന്മാർ ഇസ്രായേലിന്റെ ലക്ഷ്യമല്ല എന്നും, ഹമാസിനെ മാത്രമാണ് തങ്ങൾ ഉന്നം വെക്കുന്നതെന്നും അപ്രമാദിത്വത്തോടുകൂടി അവകാശവാദം ഉന്നയിക്കുവാൻ ഇസ്രായേലി പ്രതിനിധികൾക്ക് സാധുത ലഭിക്കുന്നതിൻ്റെ അടിസ്ഥാനവും ഇതുതന്നെയാണ്. എന്നാൽ ഗസ്സയിൽ ഇസ്രായേലെടുത്ത ജീവനുകളിൽ മുക്കാൽ ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 

കഴിഞ്ഞ വാരാന്ത്യത്തിൽ ബി.ബി.സിയുടെ സായാഹ്ന വാർത്തകളിൽ, അവതാരകൻ ക്ലൈവ് മൈരി ഒക്ടോബർ ഏഴ് മുതൽ തുടരുന്ന ഇതേ അസംബന്ധം  വായ്ത്താരി കണക്ക് ആവർത്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: “ഹമാസ് പോരാളികളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നിലക്കാത്ത ബോംബ് വർഷം ആരംഭിച്ചു”.

എന്നാൽ, ഇസ്രായേലി പീഡന കേന്ദ്രങ്ങളിലെ 27 മരണങ്ങൾ, മർദ്ദിതരായ ആരോഗ്യ പ്രവർത്തകരുടെ സാക്ഷ്യങ്ങൾ, തുടങ്ങി ഈയടുത്ത് വന്ന റിപ്പോർട്ടുകളിൽ കാര്യങ്ങൾ വ്യക്തമാണ്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ  പാശ്ചാത്യ മാധ്യമങ്ങൾ ആസൂത്രണം ചെയ്ത ഈ ആഖ്യാനം എത്രത്തോളം വ്യാജവും കൃത്രിമവുമാണെന്ന് ഈ വാർത്തകളിലൂടെ തെളിഞ്ഞു. ഹമാസാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രായേലിന്റെ വാദമെങ്കിലും അവരുടെ ചെയ്തികൾ മറ്റൊന്നാണ് കാണിക്കുന്നത്. ഈ ക്ഷാമം ഹമാസ് പോരാളികൾക്ക് മുമ്പേ അവശരെയും രോഗികളെയുമാണ് കൊന്നൊടുക്കുക.

യഥാർത്ഥത്തിൽ ഹമാസിനെ നീക്കം ചെയ്യുക എന്നതല്ല ഇസ്രായേലിൻ്റെ പ്രഥമ പരിഗണന. മറിച്ച് ഗസ്സയെയാണ് ഇസ്രായേൽ തുടച്ചു നീക്കുന്നത്. അതിൻ്റെ ക്രൂരതകളും കാപാലികതയും, കുറഞ്ഞത് ഒക്ടോബർ ഏഴിലെ ഹമാസ് ചെയ്തികളോളമെങ്കിലും വരും. എന്നാൽ ഇസ്രായേലിന്റെ ക്രൂരതകളുടെ വലിപ്പവും വ്യാപ്തിയും അതിനേക്കാൾ എത്രയോ കൂടുതലാണ്.

കഴിഞ്ഞ അഞ്ചു മാസക്കാലമായി പാശ്ചാത്യ സ്ഥാപനങ്ങളും അവരുടെ മാധ്യമങ്ങളും ഒരു വലിയ തെറ്റിദ്ധരിപ്പിക്കൽ പ്രചാരണമാണ് നടത്തുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ എത്രയോ ദശകങ്ങളായി ഫലസ്തീനികൾക്കെതിരെയും അവർ ചെയ്തു കൊണ്ടിരിക്കുന്നത്. പാശ്ചാത്യ ലോകത്തെ പൊതുജനങ്ങൾ നിരന്തരം തെറ്റായ ദിശയിലേക്കാണ് നയിക്കപ്പെടുന്നത്. ഇതൊക്കെ മാറുന്നത് വരേക്കും പ്രതികാര വാഞ്ഛികളും രക്തദാഹികളും ആയ ഇസ്രായേലീ പട്ടാളത്തിന്റെ കൈകളിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇനിയും വിലയൊടുക്കേണ്ടി  വരും.

 

വിവ: അലീൽ അഹ്‍മദ്

Related Articles