Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

തുർക്കിയയിൽ ഈ വർഷം ജൂണിൽ നടക്കാനിരുന്ന പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ അൽപ്പം നേരത്തെ, അതായത് മെയ് പതിനാലിന് തന്നെ നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തുർക്കിയ പ്രസിഡന്റ് ഉർദുഗാന്റെ പ്രസ്താവന അതിലേക്കുള്ള സൂചനയാണ്. തെരഞ്ഞെടുപ്പ് സംബന്ധമായ പ്രസിഡൻഷ്യൽ അറിയിപ്പ് വരുന്ന മാർച്ച് 10 – ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ആ രാജ്യം പൂർണ്ണമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോയിക്കഴിഞ്ഞു. ഇനി കഷ്ടിച്ച് നാല് മാസമല്ലേയുള്ളൂ. പ്രതിപക്ഷ നിര എന്ന് പറയാവുന്ന ആറ് പാർട്ടികളുടെ ‘ഷഡ് മേശ’ (അത്ത്വാവില അസ്സുദാസ്സിയ്യ) സഖ്യം ഉടനടി അതിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടതായും വരും. ആ പ്രഖ്യാപനം ഇപ്പോൾ തന്നെ വളരെ വൈകിപ്പോയി. ആ വിഷയത്തിൽ മൊത്തം അവ്യക്തതയാണ്. പ്രതിപക്ഷ നിരയിലെ അനൈക്യം തന്നെ കാരണം.

ഷഡ് മേശ സഖ്യത്തിന് ഇനിയും ഏകകണ്ഠമായി ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. എങ്കിലേ നിലവിലെ പ്രസിഡന്റ് ഉർദുഗാനുമായി ശക്തമായ മത്സരം കാഴ്ച വെക്കാനാവൂ. പക്ഷെ ഈ പ്രതിപക്ഷ സഖ്യം എന്ന് പറയുന്നത് ഭിന്ന വിരുദ്ധ ആശയധാരകളെ പ്രതിനിധീകരിക്കുന്നവരുടെതാണ്. അവർ തമ്മിൽ പണ്ടേക്കും പണ്ടേ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. അവർ പരസ്പരം വിശ്വാസത്തിലെടുക്കുന്നുമില്ല. അതിനാൽ അവർ തമ്മിൽ ഐക്യമല്ല വടംവലിയാണ് കാണുന്നത്. സഖ്യത്തിലെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയും ഗുഡ് പാർട്ടിയും തമ്മിലും, അതിലെ വ്യക്തികൾ തമ്മിലും സ്വരച്ചേർച്ചയില്ല. പീപ്പിൾസ് പാർട്ടി തലവൻ കമാൽ കലിഷ്ദാർ ഒഗലുവും അതേ പാർട്ടിയിലെ ഇസ്തംബൂൾ മേയർ അക്‌റം ഇമാം ഒഗലുവും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി ചരട് വലിക്കുന്നുണ്ട്.

അതേസമയം, ഉർദുഗാനെ തോൽപ്പിക്കാൻ കരുത്തുള്ളയാളായിരിക്കണം സ്ഥാനാർഥി എന്ന് പ്രതിപക്ഷ നേതാക്കൾ ഇടക്കിടെ പറയുന്നുമുണ്ട്. അതായത് പല വിഭാഗം വോട്ടർമാരെ അടർത്തിയെടുക്കാൻ കഴിവുള്ള ആളായിരിക്കണം; ഉർദുഗാന് വോട്ട് ചെയ്യുന്നവരെ വരെ. പിന്നെ, ഭരണപരിചയമുണ്ടായിരിക്കണം. ഷഡ് മേശ സഖ്യത്തിന്റെ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷികളുടെയും അംഗീകാരവും നേടിയിരിക്കണം.

രണ്ട് മാനദണ്ഡങ്ങൾ വെച്ച് അളക്കുമ്പോഴുള്ള വൈരുധ്യവും ഇവിടെയുണ്ട്. റിപ്പബ്ളിക്കൻസ് പീപ്പിൾസ് പാർട്ടിയാണ് ഏറ്റവും ജനസ്വാധീനമുള്ള പ്രതിപക്ഷ പാർട്ടി എന്നതിനാൽ അതിന്റെ സമുന്നത നേതാവാണല്ലോ സ്വാഭാവികമായും പ്രതിപക്ഷ പൊതു സ്ഥാനാർഥിയാവേണ്ടത്. പക്ഷെ അങ്ങനെയൊരാളെ നിർത്തിയാൽ ഉർദുഗാന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഒരു വിഭാഗത്തെയും അടർത്തിമാറ്റാനാവില്ല. അതിനാലാണ് ‘യാഥാസ്ഥിതിക’ വിഭാഗങ്ങളുമായി നേരിൽ ഏറ്റുമുട്ടാത്ത ഇസ്തംബൂൾ മേയർ അക്റം ഇമാമിനെയോ അങ്കാറ മേയർ മൻസൂർ യാഫാഷിനെയോ മത്സരിപ്പിക്കാമെന്ന് ചിലർ പറയുന്നത്. അങ്ങനെയെങ്കിൽ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി അധ്യക്ഷൻ കലിഷ്ദർ ഒഗലുവിന് ജയസാധ്യത കുറവാണ്.

ഇത്തരം സങ്കീർണ്ണതകളൊക്കെ കണക്ക് കൂട്ടിയാണ് ഏറ്റവും മികച്ച പ്രതിപക്ഷ സ്ഥാനാർഥി മുൻ തുർക്കിയ പ്രസിഡന്റ് അബ്ദുല്ല ഗുൽ ആയിരിക്കുമെന്ന് ചിലർ സമർഥിക്കുന്നത്. പക്ഷെ പ്രതിപക്ഷത്തെ ഷഡ് സഖ്യത്തിന് മുമ്പിൽ പ്രത്യക്ഷത്തിലെങ്കിലും ഇങ്ങനെയൊരു പേര് പരിഗണനയിലില്ല. സംശയമില്ല, ഭരണാധികാരിയെന്ന നിലയിൽ പരിഗണിക്കപ്പെടേണ്ട ആദ്യ പേരുകളിൽ ഒന്ന് തന്നെയാണ് അബ്ദുല്ല ഗുൽ. അദ്ദേഹം തുർക്കിയുടെ മുൻ പ്രസിഡന്റും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ്. യാഥാസ്ഥിതിക വിഭാഗങ്ങളുടെയും ദേശീയ വാദികളുടെയും കുർദുകളുടെയുമൊക്കെ വോട്ടുകൾ വലിയ അളവിൽ പിടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം കാരണമായേക്കും. ഭരണകക്ഷിയായ ‘അക്’പാർട്ടിക്കാർക്കും അദ്ദേഹത്തോട് ആദരവാണ്. വേറെ പല ഗുണങ്ങളുമുളള വ്യക്തിത്വവുമാണ്.

2014 – ൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ വേണ്ടി ഉർദുഗാൻ പാർട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി പദവും കൈയൊഴിയാൻ തീരുമാനിച്ചപ്പോൾ പിൻഗാമിയായി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നവരിൽ ആദ്യ സ്ഥാനത്തുണ്ടായിരുന്നത് അബ്ദുല്ല ഗുൽ ആയിരുന്നു. പക്ഷെ ഉർദുഗാൻ തന്റെ പിൻഗാമിയാക്കിയത് അഹമദ് ദാവൂദ് ഒഗലുവിനെയാണ്. 2018 – ൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയിൽ അബ്ദുല്ല ഗുലിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർഥിയാക്കാമെന്നും അദ്ദേഹമായിരിക്കും ഉർദുഗാനെ നേരിടാൻ ഏറ്റും ശക്തനെന്നുമുള്ള ചർച്ച വന്നെങ്കിലും മത്സര രംഗത്തുള്ള ഇരു പക്ഷത്തിനും അദ്ദേഹം സ്വീകാര്യനായില്ല. അന്ന്, തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അഭ്യർഥിക്കാനായി പ്രസിഡന്റ് ഉർദുഗാൻ തന്റെ ഉപദേഷ്ടാവായ ഇബ്രാഹീം കാലീനെയും സൈനിക ജനറലായ ഖലൂസി അഖാറിനെ (ഇപ്പോഴത്തെ രാജ്യ രക്ഷാ മന്ത്രി ) യും ഗുലിന്റെ അടുത്തേക്ക് അയച്ചിരുന്നു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്കാർ ഒടുവിലെത്തിയ നിഗമനം ഇതായിരുന്നു :’ ഗുലും ഉർദുഗാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇരുവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ.’ പൊതു സ്ഥാനാർഥി എന്ന ധാരണയെ അട്ടിമറിച്ച് ഗുഡ് പാർട്ടിയിലെ മീറാൽ അക്ശാർ എന്ന വനിത സ്വയം സ്ഥാനാർഥിയായി രംഗപ്രവേശം നടത്തുകയും ചെയ്തു.

അഭിപ്രായ സർവെകളിലും അബ്ദുല്ല ഗുലിന്റെ പേര് എവിടെയും കണ്ടില്ല. പ്രതിപക്ഷ സ്ഥാനാർഥിയായി മൂന്ന് പേരുകളാണ് ഉയർത്തിക്കാണിക്കപ്പെട്ടത് – റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിലെ കലിഷ്ദാർ, ഇമാം ഒഗലു, യാഫാശ്. മറ്റുള്ളവർക്ക് സാധ്യത കൽപ്പിക്കപ്പെടുന്നില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പാണ് തങ്ങൾക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പായി റിപ്പബ്ലിക്കൻമാർ കാണുന്നത്. 2018 – ലെ തെരഞ്ഞെടുപ്പിൽ അവർക്ക് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് ഗുഡ് പാർട്ടിയുടെ അവകാശവാദത്തെ തള്ളി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് തന്നെ താൻ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. സ്വന്തം പാർട്ടിക്കകത്ത് ഇമാം ഒഗലുവും അദ്ദേഹത്തിന് തടസ്സമായി നിൽക്കുന്നുണ്ട്.

ഏതായാലും അബ്ദുല്ല ഗുലിനെ സംബന്ധിച്ച് മൂന്നാലൊരു വഴിയാണുള്ളത്. ഒന്ന്, ഷഡ് മേശ സഖ്യം അദ്ദേഹത്തെ വിജയ സാധ്യത പരിഗണിച്ച് പൊതു സ്ഥാനാർഥിയായി പ്രഖ്യാപിക്കുക. അവർക്കിടയിലെ ഭിന്നത പരിഹരിക്കാനും ഇത് ഉതകും. ഈ സാധ്യത ദുർബലമാണ്. കാരണം സ്വന്തം സ്ഥാനാർഥിയെ തന്നെ നിർത്തി ജയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി. ജയിച്ചാൽ ഷഡ് മേശ സഖ്യ പാർട്ടികൾക്ക് വഴങ്ങുന്ന ആളായിരിക്കില്ല ഗുൽ എന്ന ആശങ്കയുമുണ്ട്.

രണ്ട്, ഒരു പാർട്ടിയുടെയും ഔദ്യോഗിക പിന്തുണയില്ലാതെ ഗുൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക. ഗുലിന്റെ രാഷ്ട്രീയ നാൾവഴികൾ പരിശോധിച്ചാൽ അത്തരമൊരു നീക്കത്തിനും സാധ്യത കുറവാണ്.

മൂന്ന്, പ്രതിപക്ഷത്തെ ചില കക്ഷികൾ അദ്ദേഹത്തെ തങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുക. പൊതു സ്ഥാനാർഥിയെ ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോൾ അതേ സാധ്യമാവൂ. ധാരാളം സ്ഥാനാർഥികൾ ഉണ്ടാവുകയാണെങ്കിൽ രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യം വെച്ച് ആസൂത്രണങ്ങൾ നടത്താം. സആദ, ഫ്യൂച്ചർ, ഡമോക്രാറ്റിക് , പ്രോഗ്രസീവ് കക്ഷികൾ അദ്ദേഹത്തെ പിന്തുണക്കുമെന്നും കരുതുക. അങ്ങനെയൊരു സാധ്യത തുറന്നാൽ മറ്റു ചില കക്ഷികളും പിന്തുണയുമായി വന്നുകൂടായ്കയില്ല.

ഏതായാലും ആറ് കക്ഷി സഖ്യത്തിന്റെ നിലപാടെന്തായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ സാധ്യതകളെല്ലാം.

 വിവ : അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles