Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എന്തിനാണ് മൃദു ഹിന്ദുത്വ പരിശീലിക്കുന്നത്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഹിന്ദു പുരോഹിതന്‍ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിഷയം ചര്‍ച്ചായോഗ്യമല്ലെന്നും കാരണം ജനസംഖ്യയുടെ വലിയൊരു ഭാഗം ഹിന്ദുക്കളാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഓഗസ്റ്റ് 7ന് മാധ്യമങ്ങളോട് പറഞ്ഞത്. മധ്യപ്രദേശില്‍ തനിക്കും കോണ്‍ഗ്രസിനുമെതിരെ മൃദു ഹിന്ദുത്വ ഇമേജ് ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളെയാണ് കമല്‍നാഥിന്റെ ഈ അഭിപ്രായം എടുത്തുകാട്ടുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഹിന്ദുവോട്ടുകള്‍ ലഭിക്കാനും കോണ്‍ഗ്രസിന് ഹിന്ദു വിരുദ്ധ പ്രതിച്ഛായയാണെന്ന് ചിലര്‍ അവകാശപ്പെടുന്നതിനെ ഇല്ലാതാക്കാനുമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ നാഥ് ഈ സമീപനം കെട്ടിപ്പടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള നാഥിന്റെ അഭിപ്രായം

ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ഹിന്ദു മത നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യ ഒരു യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രമാണ് അല്ലെങ്കില്‍ ഹിന്ദു ദേശീയതയാണ് എന്ന പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. ‘ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്, ഇവിടെ 82% ഹിന്ദുക്കളാണ്,’ എന്നാണ് നാഥ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്. ”ഇത്രയും വലിയ ശതമാനം ഉള്ള ഒരു രാജ്യത്ത്, ഇത് ഒരു ചര്‍ച്ചാ വിഷയമാണോ? ഹിന്ദു രാഷ്ട്രം എന്ന് പറയേണ്ട ആവശ്യം എന്താണ്? കണക്കുകള്‍ അത് പറയുന്നുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഥിന്റെ തിരഞ്ഞെടുപ്പ് കോട്ടയായി കണക്കാക്കപ്പെടുന്ന മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ശാസ്ത്രി നടത്തിയ ഒരു മതപരമായ ചടങ്ങ് സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. നാഥും കുടുംബവും 43 വര്‍ഷമായി ചിന്ദ്വാരയെ ഏതാണ്ട് തനിക്കനുകൂലമായി പിടിച്ചുനിര്‍ത്തി. നാഥിനെയും മകന്‍ നകുലിനെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ഇരുവരും ശാസ്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ ബഗേശ്വര്‍ ധാം എന്ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ശാസ്ത്രി കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ പരിപാടികളിലൂടെ ശ്രദ്ധേയമാവുകയും നിരവധി അനുയായികളെ സമ്പാദിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് ലക്ഷ്യമിടുന്ന ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനെ പിന്തുണക്കുന്ന ആളാണ് ശാസ്ത്രി.

മൃദു ഹിന്ദുത്വം

നാഥ് ശാസ്ത്രിയെ പിന്തുണക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ഹിന്ദു വലതുപക്ഷവുമായി അണിനിരക്കുന്നത് ഇതാദ്യമായല്ല. 2018 മുതല്‍, നാഥ് സ്വയം ഒരു ഭക്തനായ ഹിന്ദുവും ഹനുമാന്‍ ഭക്തനുമാണെന്ന് സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, നാഥ് ബി.ജെ.പി നടപ്പാക്കുന്ന കടുത്ത ഹിന്ദുത്വവുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കുകയും ഇന്ത്യയുടെ വൈവിധ്യത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. ‘ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നു,’ എന്നാല്‍ ഞാനൊരു മണ്ടനല്ല. ഇത് മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ മേയില്‍ നാഥ് പറഞ്ഞു.

നാഥും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവും ഈ മൃദു ഹിന്ദുത്വ പ്രതിച്ഛായ സൃഷ്ടിക്കാനും നിലനിര്‍ത്താനും ലക്ഷ്യമിട്ട് വര്‍ഷങ്ങളായി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍, സംസ്ഥാനത്തെ 23,000 പഞ്ചായത്തുകളില്‍ ഓരോന്നിലും ഗോശാലകള്‍ സ്ഥാപിക്കുമെന്ന് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

നര്‍മ്മദ പ്രദക്ഷിണപാതയും രാംവന്‍ ഗമന്‍ പാതയും വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വനവാസത്തിലേക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ സ്വീകരിച്ച പാതയായി ഹിന്ദുമതം ആദരിക്കപ്പെടുന്ന പാതയാണിത്. സംസ്ഥാനത്തെ ഗോവധ വിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുകയും ചെയ്തു. അതേസമയം, മുന്‍ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രി പദവി ഉണ്ടായിരുന്ന മതനേതാവായ കമ്പ്യൂട്ടര്‍ ബാബയുടെ പിന്തുണ നാഥ് ഉറപ്പുവരുത്തി, തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചു. ബി.ജെ.പി സര്‍ക്കാര്‍ ”മത വിരുദ്ധ”മാണെന്നും ഈ മത നേതാവ് ആരോപിച്ചിരുന്നു.

കൂടാതെ, നാഥും അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളും 2018-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്രങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങുന്നത് ഈ മൃദു ഹിന്ദുത്വ സമീപനത്തിനുള്ള തെളിവായി പലപ്പോഴും ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടുണ്ട്. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ 20-ലധികം കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ വിമതരായി മത്സരിച്ചതിനെ തുടര്‍ന്നാണ് 2020ല്‍ നാഥിന്റെ സര്‍ക്കാര്‍ വീണത്.

പ്രതിപക്ഷത്തിരിക്കുമ്പോഴും മൃദുഹിന്ദുത്വ സമീപനമാണ് നാഥ് പുലര്‍ത്തിപ്പോന്നത്. ഇന്ത്യയെ ശ്രീലങ്കയുമായി ബന്ധിപ്പിക്കാന്‍ രാമന്‍ പണിതതാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഒരു പാലമായ രാമസേതു നിലനിന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡിസംബറില്‍ രാജ്യസഭയെ അറിയിച്ചപ്പോള്‍, ഹിന്ദുക്കളുടെ വിശ്വാസത്തിനെതിരായ ബിജെപിയുടെ ആക്രമണമായാണ് നാഥ് അതിനെ വിമര്‍ശിച്ചത്. ബിജെപി സര്‍ക്കാരിന്റെ ഈ പ്രസ്താവന ഹിന്ദു സമൂഹത്തിലെ കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് മേലുള്ള കടന്നാക്രമണമാണെന്നും നാഥ് പറഞ്ഞിരുന്നു. ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ശ്രീരാമന്‍. നമ്മുടെ മതവിശ്വാസങ്ങളുടെ പ്രധാന സ്തംഭമാണ് രാമസേതു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളുമായി കളിക്കുന്നതില്‍ നിന്ന് തന്റെ മന്ത്രിമാരെ തടയാന്‍ ഞാന്‍ മോദിയോട് അഭ്യര്‍ത്ഥിക്കുന്നു-അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയാണ് രാമസേതു അഥവാ ആദംസ് ബ്രിഡ്ജ്. ഇതിഹാസമായ രാമായണത്തിലെ സംഭവങ്ങള്‍ അനുസരിച്ച്, അത് രാമന്‍ നിര്‍മിച്ചതാണെന്നാണ് ഹൈന്ദവ മത വിശ്വാസം.

കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തിനുള്ളില്‍ മതപരമായ ഒരു സെല്ലും നാഥ് രൂപീകരിച്ചു. ഇതിന് ഒരാളെയും ചുമതലപ്പെടുത്തി. കൂടാതെ മതപരമായ പരിപാടികള്‍ ഇതിന് സംഘടിപ്പിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജൂണില്‍, ഹിന്ദുത്വ സംഘടനയായ ബജ്റംഗ് സേനയെ കോണ്‍ഗ്രസുമായി ലയിപ്പിക്കാന്‍ നാഥ് പദ്ധതിയിട്ടു. ഈ വര്‍ഷങ്ങളില്‍, നാഥ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹിന്ദു മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പോസ്്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നാഥ് എന്തുകൊണ്ടാണ് ഈ മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് ?

ആജീവനാന്ത കോണ്‍ഗ്രസ് അംഗമായ നാഥ് എന്തുകൊണ്ടാണ് ഈ മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്? 2018ല്‍, മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കല്‍ സമിതിയുടെ അധ്യക്ഷന്‍ രാജേന്ദ്ര സിംഗ്, തന്റെ പാര്‍ട്ടിയെ മുസ്ലീം വോട്ടര്‍മാരുടെ പാര്‍ട്ടിയായി ബിജെപി ചിത്രീകരിച്ചതിനാല്‍ ഹിന്ദുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരായെന്ന് സമ്മതിച്ചിരുന്നു.

‘ബിജെപി ഞങ്ങളെ മുസ്ലീം പാര്‍ട്ടിയായി മുദ്രകുത്തുകയായിരുന്നു, ഞങ്ങളുടെ എതിരാളികള്‍ ആ ടാഗ് ചൊരിയുന്നത് ബോധപൂര്‍വമായ തീരുമാനമാണ്. നേരത്തെ, ഈ ധാരണ മാറ്റാന്‍ ഞങ്ങള്‍ ഒന്നും ചെയ്തില്ല’ സിംഗ് പറഞ്ഞു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കാനുള്ള കാരണങ്ങളിലൊന്നായി പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ജനങ്ങളുടെ ധാരണയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പ്രസ്താവിച്ചിരുന്നു.

അധികാരം നേടുന്നതിന് വ്യത്യസ്ത മുദ്രാവാക്യങ്ങളും തന്ത്രങ്ങളും മാത്രമേ ആവശ്യമുള്ളൂ, വ്യത്യസ്തമായ പ്രത്യയശാസ്ത്രം ആവശ്യമില്ലെന്ന് 15 വര്‍ഷത്തെ തടസ്സമില്ലാത്ത ബി.ജെ.പി ഭരണം കോണ്‍ഗ്രസ് കേഡറിലെ വലിയൊരു വിഭാഗത്തെ ബോധ്യപ്പെടുത്തിയിരുന്നെന്ന് ഭോപ്പാല്‍ ആസ്ഥാനമായുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാകേഷ് ദീക്ഷിത് 2019 ല്‍ എഴുതിയിരുന്നു.

തുടര്‍ന്ന് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ തന്നെ അണികള്‍ക്കിടയിലെ മൃദുഹിന്ദുത്വത്തിനായുള്ള ഈ കൂട്ടായ ആഗ്രഹം കമല്‍നാഥ് പെട്ടെന്ന് മനസ്സിലാക്കുകയായിരുന്നെന്നും അദ്ദേഹം എഴുതിയിരുന്നു. സംസ്ഥാനത്തെ മുസ്ലീം വോട്ടര്‍മാരെ അകറ്റിനിര്‍ത്തുന്നത് വഴി വലിയ നഷ്ടമൊന്നുമില്ലെന്നതും നാഥിന്റെ പരിഗണനയിലാകാമെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 6.6% മാത്രമാണ് മുസ്ലിംകളുള്ളത്.

Related Articles