Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ കീഴടക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

ഒരു മാസത്തിലധികമായി തുടരുന്ന ഇസ്രായേല്‍ യുദ്ധത്തില്‍ നാലായിരത്തിലധികം കുട്ടികള്‍ അടക്കം പതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നിട്ടും, ‘ലിബറല്‍ ലോകം’ എന്ന് വിളിക്കപ്പെടുന്നവരുടെ മനസ്സാക്ഷിയെ ഇത് ഒട്ടും തളര്‍ത്തിയില്ല. അവര്‍ ഇപ്പോഴും ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനുള്ള ദുഷ്പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ തിരക്കിലാണ്.
ഹിറ്റ്ലര്‍ അപലപിക്കപ്പെട്ടു, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഇപ്പോഴും അപലപിക്കപ്പെടുന്നുണ്ട്, എന്നാല്‍ സയണിസ്റ്റുകള്‍ക്ക്, അവരുടെ ക്രൂരമായ മനോഭാവങ്ങള്‍ക്ക്, എങ്ങിനെയാണ് മാപ്പുനല്‍കാന്‍ കഴിയുന്നത്.

ഫലസ്തീന്‍ ജനതയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ ഇസ്രായേല്‍ അതിന്റെ രൂപീകരണം മുതല്‍ തന്നെ ക്രൂരതകളിലൂടെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. എന്നിരുന്നാലും, പ്രശ്‌നം ‘പരിഹരിക്കുക’ എന്നതിനുപകരം ‘മാനേജ് ചെയ്യുക’ എന്ന അവരുടെ തെറ്റായ നയം കാരണം അത് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

ഫലസ്തീന്‍ ഗ്രൂപ്പുകളെ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിപ്പിക്കുക, അതായത് ഹമാസിനെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെതിരേ നിര്‍ത്തുക, അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, പുതിയ നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ സ്ഥാപിക്കുക, ആശയവിനിമയ ഉപരോധം, ഇന്ധന, ഭക്ഷ്യ വിതരണങ്ങള്‍ വെട്ടിക്കുറയ്ക്കുക, തുറമുഖങ്ങള്‍ ഉപരോധിക്കുക എന്നിങ്ങനെയുള്ള വ്യത്യസ്ത തന്ത്രങ്ങളും അവര്‍ പരീക്ഷിച്ചു.
എന്നിരുന്നാലും, ഈ ശ്രമങ്ങളെല്ലാം ഇസ്രായേലിന് ഉദ്ദേശിച്ച ഫലം നല്‍കിയില്ല.

ഫലസ്തീനികളുടെ ഭൂമിയുടെ ആസൂത്രിതമായ മോഷണമാണ് സയണിസ്റ്റുകളും ഫലസ്തീനുകളും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണം. എങ്കിലും, അടുത്തിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് പ്രധാന കാരണം ഇസ്രായേല്‍ തുടര്‍ച്ചയായി അല്‍-അഖ്സ മസ്ജിദിനെ അപമാനിക്കുന്നതും ഫലസ്തീനികളെ ഏകപക്ഷീയമായി കൊലപ്പെടുത്തുന്നതും അറബ് ലോകവുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ ഇസ്രായേലിന്റെ അനധികൃത കൈയേറ്റങ്ങളും സ്വത്തുക്കളും നിയമവിധേയമാക്കാനുള്ള ആക്രമണാത്മക നീക്കവുമാണ്.

ഇത്തരം ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഫലസ്തീനികള്‍ക്കിടയില്‍ നിരാശാബോധം ഉളവാക്കുകയും ഇസ്രായേലി ആക്രമണത്തിന് മുന്നില്‍ ഒരു പ്രത്യാക്രമണം നടത്താന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ ഫലം ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം വിനാശകരമായിരുന്നു, എന്നാല്‍, അതിനേക്കാള്‍ കഷ്ടം പാശ്ചാത്യ ലോകത്തിന്റെ പ്രത്യക്ഷമായ കാപട്യമാണ്.

പാശ്ചാത്യ നേതാക്കള്‍ സയണിസ്റ്റ് ഭരണകൂടത്തിന് പിന്തുണ നല്‍കുക മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) വെടിനിര്‍ത്തപ്രമേയങ്ങളോടുള്ള എതിര്‍പ്പിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തുകയുമാണ് ചെയ്തത്. അതിശയകരമെന്നു പറയട്ടെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം ഈ സമയം ഫലസ്തീനികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതും കാത്തിരിക്കുകയുമായിരുന്നു.

ഇസ്രായേലിന്റെ ഭാഗം മാത്രം കാണിക്കുന്ന പാശ്ചാത്യന്‍ മാധ്യമങ്ങളുടെ പക്ഷപാതപരമായ പ്രചാരണത്തിലൂടെ ലോകമെമ്പാടുമുള്ള ആളുകളെ ഇനിയും കബളിപ്പിക്കാനാവില്ലെന്ന് കാണിക്കുന്നതായിരുന്നു യു.എസിലും യു.കെയിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും നടന്ന വമ്പന്‍ ഫലസ്തീന്‍ അനുകൂല റാലികള്‍.

യു.എന്നിന്റെയും പാശ്ചാത്യ ഭരണകൂടങ്ങളുടെ കുറ്റകരമായ മൗനവും ഈ ക്രൂരമായ വംശഹത്യയോടുള്ള അവരുടെ മൗനസമ്മതവും എല്ലാ മാനുഷിക പരിധികളും ലംഘിക്കുകയും ഫലസ്തീനികളെ ‘മൃഗങ്ങളായി’ പരിഗണിക്കുകയും ചെയ്യുന്ന സയണിസ്റ്റ് അനുഭാവികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഫലസ്തീനികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതിന് ശേഷം സയണിസ്റ്റുകള്‍ വടക്കന്‍ ഗസ്സയെ പൂര്‍ണ്ണമായും കൊള്ളയടിക്കുന്നത് വരെ ഈ രക്തച്ചൊരിച്ചില്‍ അവസാനിക്കില്ല. അതായത്, ഹമാസ് വേട്ട ഒരു പുകമറ മാത്രമായിരുന്നു എന്നര്‍ത്ഥം.

ഇസ്രയേല്‍ തങ്ങളുടെ ക്രൂരമായ അജണ്ട ഉപേക്ഷിക്കുന്നതുവരെ ഈ മേഖലയില്‍ സ്ഥിരതയുണ്ടാവില്ല. കൂടാതെ, നിരപരാധികളായ ഫലസ്തീനികളുടെ ഒഴിപ്പിക്കല്‍ ആവശ്യങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും ഇസ്രായേല്‍ സാംസ്‌കാരിക മന്ത്രി മുന്നോട്ടുവെച്ചിരുന്നു.

ഉത്തരകൊറിയയും ഇറാനുമാണ് ഇതേ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നത് എന്ന് സങ്കല്‍പ്പിക്കുക. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും മറ്റ് ലോക സ്ഥാപനങ്ങളുമെല്ലാം ആഗോള സമാധാനത്തിന് ”അസ്തിത്വപരമായ ഭീഷണി” ആണ് എന്ന് മുദ്രകുത്തി അവരുടെ സമ്പദ്വ്യവസ്ഥയെ ഉപരോധിക്കുമായിരുന്നു.

ഇസ്രായേല്‍ സ്ഥാപിതമായതുമുതല്‍, അതിന്റെ വിപുലീകരണം നടത്തുന്നതിനും കുടിയേറ്റത്തിനുമായി 317.8 ബില്യണ്‍ ഡോളര്‍ സഹായം ലഭിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ സ്വാതന്ത്ര്യമെന്ന ഇഛാശക്തി തകര്‍ക്കാന്‍ ഇസ്രായേല്‍ അഞ്ച് യുദ്ധങ്ങള്‍ ചെയ്യുകയും നിരവധി ഓപ്പറേഷനുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഫലസ്തീനികളുടെ പ്രതിരോധശേഷിക്കും അവരുടെ ഇരുമ്പിനേക്കാള്‍ കഠിനമായ ഇഛാശക്തിക്കും മുന്നില്‍ എല്ലാം വൃഥാവിലാവുകയായിരുന്നു. 1987ലെ ഇന്‍തിഫാദയായാലും, രണ്ടാമത്തെ ഇന്‍തിഫാദയായാലും, 2004, 2010 അല്ലെങ്കില്‍ 2016ലെ സംഘര്‍ഷങ്ങളായാലും ഏറ്റവും അവസാനം നടന്ന സംഘര്‍ഷമായാലും, ആര്‍ക്കും അവരുടെ ഇരുമ്പിനോളം പോന്ന ദൃഢനിശ്ചയം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫലസ്തീന്‍ സ്വാതന്ത്ര്യസമരം തളരാതിരിക്കാനുള്ള മറ്റൊരു കാരണം, മറ്റ് രണ്ട് വലിയ ലോകശക്തികളായ റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഫലസ്തീനിയന്‍ ലക്ഷ്യത്തിന് വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ്. ഈ രണ്ട് രാജ്യങ്ങളും അടുത്തിടെ ഇസ്രായേലിന്റെ ക്രൂരതകളെക്കുറിച്ച് തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബൊളീവിയ, ജോര്‍ദാന്‍, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതും ഇസ്രായേലി ക്രൂരതയുടെ പശ്ചാത്തലത്തില്‍ ഡസന്‍ കണക്കിന് രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചതുമാണ് മറ്റൊരു പ്രേരണ.

മുസ്ലിം ലോകത്തിന്റെ പിന്തുണ കൂടാതെ, അമുസ്ലിം ലോകത്ത്, പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലും ഫലസ്തീനികള്‍ അവര്‍ക്ക് ചില സഖ്യകക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേല്‍ അടിച്ചമര്‍ത്തലിന് മുന്നില്‍ ഫലസ്തീനികളുടെ മനസ്സിനെ ശക്തിപ്പെടുത്താന്‍ ഇതെല്ലാം സഹായിക്കുന്നുണ്ട്.

വര്‍ഷങ്ങളായുള്ള ഇസ്രയേലിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീന്‍ ചെറുത്തുനില്‍പ്പും ശക്തിപ്പെട്ടിട്ടുണ്ട്, ഇത് ഒരു കാലത്ത് കടുത്ത എതിരാളികളായ ഹമാസിനെയും ഫതഹിനെയും ഒന്നിപ്പിച്ചു, അവര്‍ ഇപ്പോള്‍ സയണിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സംയുക്തമായി ഐക്യമുന്നണി രൂപീകരിച്ചു. ഹമാസും ഫതഹും തമ്മിലുള്ള 2017ലെ അനുരഞ്ജന കരാര്‍ ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. അറബ്, അറബ് ഇതര രാജ്യങ്ങളിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയിലുള്ള ശക്തമായ പിന്തുണയും ഫലസ്തീന്‍ പ്രതിരോധത്തെ വളര്‍ത്തുന്നു. അത്് ഇസ്രായേലിനെ ഒരു നിയമാനുസൃത രാഷ്ട്രമായി അംഗീകരിക്കുന്നതില്‍ നിന്നും ഈ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരെ തടയുന്നു.

ലോകമെമ്പാടുമുള്ള അംഗീകാരത്തിനായി, പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന സയണിസ്റ്റ് ഭരണകൂടത്തിന് ഇതെല്ലാം മരണവേദനക്ക് തുല്യമാണ്. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ വിജയത്തിന്റെ അവസാന കാരണം അവരുടെ കുറ്റമറ്റ പോരാട്ട തന്ത്രവും ഗറില്ല യുദ്ധ തന്ത്രവുമാണ്. വടക്കന്‍ ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീന്‍ ഭൂമി അധിനിവേശത്തില്‍ ഇസ്രായേലിന്റെ സൈനിക ഹാര്‍ഡ്വെയറിനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായ കനത്ത നഷ്ടം അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഹമാസിന്റെ മിസൈലിനെ തടയാന്‍ ഇസ്രായേലിന് ഏകദേശം 100,000 ഡോളര്‍ ചിലവാകും, അതേസമയം ഒരു മിസൈലിന് ഹമാസിന് 500 ഡോളര്‍ മാത്രമേ ചിലവുള്ളൂ. അതായത്, പാശ്ചാത്യ ഭരണകൂടങ്ങളില്‍ നിന്നുള്ള സഹായമായി ഇസ്രായേലിന് ശതകോടിക്കണക്കിന് ഡോളര്‍ ഒഴുക്കുന്നത് പോലും ഫലസ്തീനികളുടെ മേല്‍ അവര്‍ക്ക് ഒരു നിശ്ചിത നേട്ടമുണ്ടാക്കാനാകുന്നില്ല.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു: ‘ലോകം അപകടകരമായ ഒരു സ്ഥലമാണ്, അത് തിന്മ ചെയ്യുന്നവരെകൊണ്ടല്ല, മറിച്ച് അതിനെതിരെ ഒന്നും ചെയ്യാതെ അത് നോക്കിനില്‍ക്കുന്നവരെകൊണ്ടാണ്.’ ഗസ്സയിലെ രക്തരൂക്ഷിതമായ യുദ്ധത്തിന് ധനസഹായം നല്‍കുന്നതിനായി അടുത്തിടെ ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 14.3 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുകയും യു.എന്‍ പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇസ്രായേലിനെ സജീവമായി സംരക്ഷിക്കുകയും ചെയ്യുന്ന പാശ്ചാത്യ ലോകത്തിനും ഇത് ബാധകമാണ്. അതിനാല്‍, യു.എസ് അതിന്റെ തെറ്റായ നയം പുനഃപരിശോധിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് പ്രവേശിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുകയും ചെയ്യണം. മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ് ബരാക് സൂചിപ്പിച്ചതുപോലെ. ഇസ്രായേലിന്റെ സ്വന്തം സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയുള്ള ഫലസ്തീന്‍ രാജ്യം എന്നതാണ് ഗസ്സയിലെ അവസാന ഗെയിം എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അധിനിവേശ സേനയുടെ വിധി വിയറ്റ്‌നാമിലെ യു.എസില്‍ നിന്നോ അഫ്ഗാനിസ്ഥാനിലെ സോവിയറ്റുകളില്‍ നിന്നോ വ്യത്യസ്തമായിരിക്കില്ല എന്നതും ഓര്‍ക്കുക. ഫലസ്തീനുമായി ഇസ്രായേല്‍ ധാരണയിലെത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഈ അനന്തമായ യുദ്ധ ചക്രം സജീവമായി തുടരുകയും ലോകത്തെ മുഴുവന്‍ വിഴുങ്ങാനുള്ള സാധ്യതയോടെ, മേഖലയില്‍ മറ്റൊരു വലിയ വിപത്തുണ്ടാക്കുകയും ചെയ്യും. അത് ഇസ്രായേലിന് വലിയ വിനാശകരമായിരിക്കും.

 

വിവ: സഹീര്‍ അഹ്‌മദ്

അവലംബം:middleeastmonitor.com

Related Articles