Current Date

Search
Close this search box.
Search
Close this search box.

മ്യാൻമർ- എന്തുകൊണ്ടാണ് ഇന്ത്യ സൈനിക ഭരണകൂടത്തെ എതിർക്കാത്തത്

മ്യാൻമറിൽ ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിൽ 2021 ലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ജൂലൈ 31 ന് മ്യാൻമർ സൈന്യം ആറ് മാസത്തേക്ക് കൂടി നീട്ടി. അടിയന്തരാവസ്ഥ നീട്ടിവെച്ചത് രാജ്യത്ത് നടക്കാനിരുന്ന തെഞ്ഞെടുപ്പ് വൈകുമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മ്യാൻമറിനുള്ളിലെ ഈ അസ്ഥിരതയും സൈനിക അട്ടിമറിക്ക് ശേഷം ഉയിർത്തെഴുന്നേറ്റ ചൈനീസ് സ്വാധീനവും ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ മത്സരവും ഡൽഹിയിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ഡൽഹി ആവശ്യപ്പെടുമ്പോഴും അതേ സമയം രാജ്യത്തെ സൈനിക ഭരണാധികാരികളോട് സന്ധിസംഭാഷണത്തിനായി ഔപചാരിക നിർദ്ദേശവും നൽകുന്നുണ്ട്. ഡൽഹിയുടെ ലക്ഷ്യങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമായത് കൊണ്ടാണ് അവർ ഇത്തരത്തിൽ വ്യത്യസ്‌ത സമീപനങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

മ്യാൻമറിൽ അസ്ഥിരത
2021 ഫെബ്രുവരിയിലാണ് ദശാബ്ദങ്ങളായി രാജ്യത്ത് ഭരണം കയ്യാളിയിരുന്ന അർദ്ധ ജനാധിപത്യ സംവിധാനത്തെ അട്ടിമിച്ച് മ്യാൻമറിൽ സൈനിക ഭരണം പുനഃസ്ഥാപിച്ചത്. 1962 നും 2011 നും ഇടയിലാണ് മ്യാൻമറിൽ ജനാധിപത്യ ഭരണമുണ്ടായിരുന്നത്. 2015 ൽ ജനാധിപത്യ അനുഭാവിയായ ഓങ് സാൻ സൂചിയുടെ പാർട്ടി അധികാരത്തിൽ വന്നപ്പോഴും സൈന്യം ഗണ്യമായ രാഷ്ട്രീയ നിയന്ത്രണം നിലനിർത്തിയിരുന്നു.

സൈനിക അട്ടിമറിയിലൂടെ രാജ്യത്തെ സൈന്യവും, ദേശീയ ഐക്യ ഗവൺമെന്റും, പ്രാദേശിക നിയന്ത്രണത്തിനായി പോരാടുന്ന വിവിധ വംശീയ സൈന്യങ്ങളും തമ്മിൽ ഒരു ആഭ്യന്തര യുദ്ധം ഉടലെടുത്തു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നിയമനിർമ്മാതാക്കൾ ഉൾപ്പെടുന്ന ഗവൺമെന്റാണ് നാഷണൽ യൂണിറ്റി ഗവൺമെന്റ്. ചില രാജ്യങ്ങൾ നാഷണൽ യൂണിറ്റി ഗവൺമെന്റിനെ മ്യാൻമറിന്റെ നിയമാനുസൃത ഗവൺമെന്റായി അംഗീകരിക്കുമ്പോൾ രാജ്യത്തെ സൈനിക ഭരണകൂടം അതിനെ ഒരു തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.

അട്ടിമറിക്ക് ശേഷമുള്ള ആദ്യ 20 മാസത്തിനുള്ളിൽ മ്യാൻമറിൽ 6,000-ത്തിലധികം സാധാരണക്കാർ “രാഷ്ട്രീയ കാരണങ്ങളാൽ” കൊല്ലപ്പെട്ടതായാണ് നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായമായ ഓസ്ലോയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജൂണിൽ വെളിപ്പെടുത്തിയത്. 23,000-ത്തിലധികം ആരോപണവിധേയരായ ആളുകളെ അറസ്റ്റ് ചെയ്തതായും വിമതരെ അടിച്ചമർത്തുന്നതായും സൈന്യത്തിനുമേൽ ആരോപണമുയർന്നു. ഈ അസ്ഥിരതയിലൂടെ കൂട്ട കുടിയേറ്റത്തിന് നിർബന്ധിതരായ മ്യാൻമർ ജനതയിൽ 55,000 പേരാണ് അട്ടിമറിയ്ക്ക് ശേഷം അയൽരാജ്യമായ ഇന്ത്യയിൽ അഭയം തേടിയത്.

ഈ പ്രതിസന്ധി അതിർത്തിയിൽ സൃഷ്ടിക്കുന്ന അസ്ഥിരതയെക്കുറിച്ച് ഇന്ത്യ സുരക്ഷാ ആശങ്കകളുണ്ടെന്ന് ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്.

ചൈനയുടെ സ്വാധീനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു
ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിൽ ഭൗമരാഷ്ട്രീയ സ്വാധീനത്തിനായി ചൈനയും ഇന്ത്യയും മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് മ്യാൻമറിൽ ഈ പ്രതിസന്ധി നടക്കുന്നത്.

ചൈനയും മ്യാൻമാർ സൈന്യവും തമ്മിൽ ചരിത്രപരമായി സങ്കീർണ്ണവും ശക്തവുമായ ബന്ധമാണുള്ളത്. അവരുടെ ഭരണത്തിനെ പൂർണ്ണമായി പിന്തുണക്കുന്ന ചൈന അവരുടെ സൈന്യത്തിന് ആവശ്യമായ മികച്ച ആയുധ വിതരണക്കാരുമാണ്.

ഇന്ത്യക്ക് ഇത് നിസ്സാരമായി കാണാനാകില്ലെന്ന് യുഎസ് ആസ്ഥാനമായുള്ള വിൽസൺ സെന്റർ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൈക്കൽ കുഗൽമാൻ പറഞ്ഞു. പാകിസ്ഥാൻ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ചൈനക്കുള്ളതിനേക്കാൾ കൂടുതൽ സുരക്ഷാ പങ്കാളിത്തം ചൈനയ്ക്ക് മ്യാൻമറുമായി ഉണ്ടെന്നും കുഗൽമാൻ അഭിപ്രായപ്പെട്ടു.

2010-കളിലെ ജനാധിപത്യ പരിഷ്‌കാരങ്ങൾക്കിടയിൽ മ്യാൻമറുമായുള്ള ബന്ധം മെച്ചപ്പെടാൻ ശ്രമങ്ങളാരംഭിച്ച ഡൽഹിക്ക് ഇത് ഒരു വിഷമകരമായ സാഹചര്യമാണ് സൃഷ്ടിച്ചത്.

ഡൽഹിക്ക് മ്യാൻമറിനുമേൽ ഉണ്ടായിരുന്ന ചെറിയ സ്വാധീനം നഷ്ടമായെന്ന് ലണ്ടൻ സർവകലാശാലയിലെ എസ്ഒഎഎസിലെ ഇന്റർനാഷണൽ റിലേഷൻസ് അസോസിയേറ്റ് പ്രൊഫസർ അവിനാഷ് പലിവാൾ പറഞ്ഞു. ചൈന സൈനിക ഭരണകൂടത്തെ പിന്തുണക്കുക മാത്രമല്ല, മ്യാൻമറിലെ എല്ലാ വംശീയ സായുധ സംഘടനകളുമായുള്ള അവരുടെ ബന്ധവും സുശക്തമാക്കിയിരിക്കുകയാണ്. മ്യാൻമറിന്റെ ഒറ്റപ്പെടൽ ചൈനയ്ക്ക് രാജ്യത്ത് പ്രവർത്തിക്കാൻ കൂടുതൽ ഇടം നൽകി. മ്യാൻമർ സൈന്യത്തിന് ബെയ്ജിംഗിൽ തന്ത്രപരമായ ആശ്രിതത്വമാണ് നിലവിലുള്ളത്.

ഇന്ത്യയുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് കഷ്ടിച്ച് 45 കിലോമീറ്റർ അകലെയുള്ള മ്യാൻമറിലെ കൊക്കോ ദ്വീപുകളിൽ ചൈന ഒരു നിരീക്ഷണ സൗകര്യം നിർമ്മിക്കുന്നു എന്നാരോപിച്ച് സമീപ മാസങ്ങളിൽ ഡൽഹി ആശങ്ക ഉയർത്തിയിരുന്നു. ബംഗാൾ ഉൾക്കടലിലെ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ ബെയ്ജിംഗിന് ഇതിലൂടെ കൂടുതൽ സൗകര്യപ്രദമാകും.

സുരക്ഷാ വെല്ലുവിളികൾക്കപ്പുറം മ്യാൻമറിലെ നിലവിലെ പ്രതിസന്ധി കാരണം അതിർത്തി കടന്നുള്ള മയക്കുമരുന്ന് വ്യാപാരം ക്രമാതീതമായി വർധിക്കുകയും, ആക്റ്റ് ഈസ്റ്റ് നയത്തിന് കീഴിൽ ഡൽഹി കൊണ്ടുവന്ന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതിലേക്ക് നയിച്ചുവെന്നും അഭയാർഥികൾ അധികരിച്ചതോടെ വിഭവങ്ങൾ ലഭിക്കാതിരിക്കുകയും ഇന്ത്യയ്ക്ക് സാമൂഹിക വ്യാപനം നഷ്ടപ്പെട്ടുവെന്നും പാലിവാൾ പറഞ്ഞു.

സൈന്യത്തിന് മേലുള്ള ഡൽഹിയുടെ കൈകടത്തൽ
ദേശീയ ഐക്യ ഗവൺമെന്റിനെപ്പോലെ ഭരണകൂടത്തെ ചെറുക്കുന്നവർ ഇന്ത്യയെ പിന്തുണക്കുകയും മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ഡൽഹി വളരെക്കാലമായി പ്രസ്താവനകൾ നടത്തുകയുമുണ്ടായി.

ഡൽഹിയും ഭരണകൂടത്തോട് പരസ്യമായി പ്രതികരിച്ചു. ഡിസംബറിൽ, അവിടെയുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അട്ടിമറിക്ക് ശേഷം മ്യാൻമറിലെ സൈന്യത്തിനും ആയുധ ഇടപാടുകാർക്കും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ 51 മില്യൺ ഡോളറിന്റെ ആയുധങ്ങളും അസംസ്‌കൃത വസ്തുക്കളും അനുബന്ധ സാമഗ്രികളും അയച്ചിട്ടുണ്ടെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ മെയ് മാസത്തിൽ പറഞ്ഞു. “അതിനാൽ മ്യാൻമർ സൈന്യത്തിന് നൽകുന്ന ആയുധങ്ങൾ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ വകുപ്പിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ അറിഞ്ഞിരിക്കണമെന്ന്” യുഎൻ പ്രത്യേക റിപ്പോർട്ടർ മുന്നറിയിപ്പ് നൽകി.

സൈന്യത്തെ പിന്തുണയ്ക്കാൻ ഇന്ത്യ നിർബന്ധിതരാണോ?
വ്യത്യസ്‌തമെന്ന് തോന്നുന്ന ഈ സമീപനങ്ങളെ ഡൽഹി സ്വീകരിച്ചതിന്റെ താത്പര്യമെന്താണെന്ന ചോദ്യം ന്യായമായും ഉയർന്ന് വരുന്നുണ്ട്. മ്യാൻമറിലെ ജനാധിപത്യ പ്രക്രിയകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഡൽഹി പ്രസ്താവനകൾ നടത്തുന്നത് സൈനിക ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ മുൻനിർത്തിയുള്ളതല്ലെന്ന് പാലിവാൾ പറഞ്ഞു. “സൈനിക ഭരണകൂടം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകേണ്ടതായിരുന്നു”വെന്ന് പലിവാൾ സ്ക്രോളിനോട് അഭിപ്രായപ്പെട്ടു.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ ഉയർത്തുന്ന നിഗൂഢമായ ആഹ്വാനങ്ങൾക്കുള്ള മൃദുവായ അംഗീകാരമായി വേണം തിരഞ്ഞെടുപ്പ് നടത്തുമെന്ന സൈന്യത്തിന്റെ നിലപാടിനെ കാണാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യഥാർത്ഥത്തിൽ ഭരണകൂടവുമായി ഇടപഴകുക എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന നയം. ജനാധിപത്യ പ്രക്രിയകൾക്ക് എന്ത് സംഭവിച്ചാലും സാരമില്ല. കാരണം അത് ഇന്ത്യ എടുത്ത തന്ത്രപരമായ തീരുമാനമാണ്” പാലിവാൾ പറഞ്ഞു.

ഈ സമീപനത്തിന് പിന്നിൽ കാര്യമായ യുക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും പാലിവാൾ കൂട്ടിച്ചേർത്തു. “മ്യാൻമറിൽ നിന്ന് എങ്ങനെയെങ്കിലും ചില നേട്ടങ്ങൾ തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുകയും അതിർത്തി ശക്തമാക്കാനും ചൈനയെ പരിമിതമായ പരിധിയിലേക്ക് പിന്തിരിപ്പിച്ച് അവരെ സഹായിക്കുക എന്ന പ്രതിരോധ യുക്തി മാത്രമാണ് ആകെയുള്ളത്” അദ്ദേഹം പറഞ്ഞു.

അതിർത്തി സുരക്ഷിതമാക്കാനും സാധ്യമായ പദ്ധതികളിൽ ഏർപ്പെടാനും ഡൽഹിക്ക് സൈന്യത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നും കുഗൽമാൻ പറഞ്ഞു. “അതിർത്തി അസ്ഥിരമായ സ്ഥിതിക്ക് അതിനൊരു പരിഹാരമായി മറുവശത്ത് അധികാരത്തിലുള്ളവരുമായി സൗഹൃദപരമോ, പ്രവർത്തനക്ഷമമോ ആയ ബന്ധം പുലർത്താനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. അത് കൊണ്ടാണ് അവരുടെ ക്രൂരതകൾ രാജ്യത്ത് അലയടിക്കുമ്പോഴും ജനാധിപത്യത്തിന്റെ തിരിച്ചുവരവിനായി ഇന്ത്യ നിരന്തരം പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും ഇന്ത്യ സൈനിക ഭരണകൂടത്തിന് അനുഗുണമായി വർത്തിക്കുന്നത്” കുഗൽമാൻ പറഞ്ഞു.

“അയൽരാജ്യങ്ങൾ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു”ണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ഇന്ത്യൻ സർക്കാർ “സ്വാർത്ഥതാത്പര്യത്തിന്റെ പേരിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ മിടുക്കരാണ്” എന്നാണ് മ്യാൻമറിലെ മുൻ ഇന്ത്യൻ അംബാസഡറായ ഗൗതം മുഖോപാധയയുടെ നിരീക്ഷണം. “അവർ പ്രധാനമായും അവരുടെ പദ്ധതികൾ നേടുന്നതിനാണ് ശ്രമിക്കുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013 നും 2016 നും ഇടയിൽ മ്യാൻമറിൽ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ച മുഖോപാധയ ചൈനീസ് സ്വാധീനം പരിമിതപ്പെടുത്തുന്നത് ഭരണകൂടവുമായി ഇടപഴകുന്നതിലൂടെ സാധ്യമാണെന്ന് ഡൽഹി കരുതുന്നതിനാലാണ് ഈ സമീപനമെന്ന് വിശദീകരിച്ചു. “സർക്കാരിനും സൈന്യത്തിനും പൊതുവെ മ്യാൻമർ സൈന്യത്തോട് നല്ല ആഭിമുഖ്യമാണുള്ളത്. അവർ ഭരണത്തിൽ തുടരുകയും ഭരണകൂടം നിയന്ത്രണവും സ്ഥിരതയും പുനഃസ്ഥാപിക്കുകയും ചെയ്യും. അതിനാൽ ഭരണകൂടത്തിന് അനുകൂലമായി ചായുന്നതാണ് നല്ലതെന്ന് ഡൽഹി കരുതുന്നുവെന്നും മുഖോപാധയ വിശദീകരിച്ചു.

നവ ഇന്ത്യൻ സാഹചര്യത്തിൽ സൈന്യത്തെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ഇന്ത്യയ്ക്ക് ത്രാണിയില്ലാത്തതിനാലാണ് ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുമ്പോഴും സൈന്യത്തെ എതിർക്കാതിരിക്കുന്നത്.

വിവ : നിയാസ് പാലയ്ക്കൽ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles