Current Date

Search
Close this search box.
Search
Close this search box.

ആരാണ് മോനു മനേസര്‍ ? ഹരിയാന കലാപത്തില്‍ അദ്ദേഹത്തിനുള്ള പങ്കെന്ത് ?

രാജ്യത്തെ നടുക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വാര്‍ത്തയാണ് കഴിഞ്ഞ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. നിലവിലുള്ള കണക്കനുസരിച്ച് ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കലാപത്തിന് കാരണമായ സംഭവം വ്യക്തമായി കണ്ടെത്താന്‍ നിയമപാലകര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പശു സംരക്ഷകനായ മോഹിത് യാദവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അക്രമത്തിന് കാരണമായതെന്ന് ചിലര്‍ ആരോപിച്ചു.

ഫെബ്രുവരിയില്‍ രണ്ട് മുസ്ലീം പുരുഷന്മാരെ കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന മനേസറിനെയാണ് ഈ കേസില്‍ കൂടുതല്‍ സംശയിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളാകാന്‍ കാരണമെന്നാണ് പലരുടെയും അഭിപ്രായം. ഫേസ് ബുക്കില്‍ നിരവധി ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന് അനേകം ജനങ്ങളിലേക്ക് വേഗത്തില്‍ വീഡിയോ എത്തിക്കാന്‍ കഴിഞ്ഞതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

ഹിന്ദുത്വ സംഘടനകളായ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക യാത്രയ്ക്കിടെയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അക്രമമുണ്ടാകുന്നത്. രണ്ട് സംഘടനകളും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മാതൃസംഘടനയായ ആര്‍ എസ് എസിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്.

നുഹില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ മൂന്ന് ആളുകളാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും പോലീസ് ഇന്‍സ്പെക്ടറും വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നുഹില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം വൈകാതെ ഹരിയാനയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സോഹ്നയില്‍ ജനക്കൂട്ടം വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ജനക്കൂട്ടം ഗുരുഗ്രാമിലെ പള്ളി കത്തിക്കുകയും അവിടെ ജോലി ചെയ്യുന്ന ഇമാമിനെ കൊല്ലുകയും ചെയ്തു. 19 കാരനായ സാദ് ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച ഗുരുഗ്രാമിലും പല്‍വാളിലും ഫരീദാബാദിലും മുസ്ലിം സമുദായത്തിനു നേരെ ആള്‍ക്കൂട്ട അക്രമമുണ്ടായി. ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് മനേസര്‍ ഞായറാഴ്ച ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കലാപത്തിന് കാരണമെന്ന് ഹരിയാന പോലീസ് ഹിന്ദുസ്ഥാന്‍ ടൈംസിനും ന്യൂസ് 18 നും നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹരിയാനയിലുള്ള ബജ്റംഗ്ദളിന്റെ പശു സംരക്ഷക വിഭാഗത്തിന്റെ തലവനാണ് മനേസര്‍.

ഫെബ്രുവരിയില്‍ ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കത്തിക്കരിഞ്ഞ വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ ശരീരവുമായി കണ്ടെത്തിയ നസീര്‍, ജുനൈദ് എന്നീ രണ്ട് മുസ്ലീം പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് മനേസറിനും മറ്റ് 20 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലപാതകം തെളിയിക്കാന്‍ കഴിയാതിരുന്നതോടെ മരണത്തില്‍ പങ്കില്ലെന്ന് കാണിച്ച് അദ്ദേഹം രാജസ്ഥാന്‍ പോലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായത്.

മനേസര്‍ തന്റെ അനുയായികളോട് ജാഥയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും അക്രമം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്താ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഹരിയാന പോലീസ് മനേസറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഘോഷയാത്രയില്‍ ക്രമസമാധാന പാലനം ഉറപ്പാക്കുന്ന നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് പോലീസ് ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മുസ്ലിം യുവാക്കള്‍ മനേസര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ തന്റെ സാന്നിധ്യം സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഉപദേശപ്രകാരം ഘോഷയാത്രയില്‍ പങ്കെടുത്തില്ല എന്നാണ് മനേസര്‍ പ്രതികരിച്ചത്. അദ്ദേഹം പങ്കെടുത്തുവെന്ന് കാണിക്കുന്ന വീഡിയോ ഇസ്ലാമിസ്റ്റുകള്‍ നിര്‍മ്മിച്ചതാണെന്നാണ് ബിജെപി സര്‍ക്കാര്‍ സൈറ്റായ ഒപ്ഇന്ത്യ ആരോപിച്ചത്.

എന്നാല്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും ചെയ്തുവെന്ന് നുഹിലെ മുസ്ലീം നിവാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മനേസറിനെ കുറ്റമുക്തനക്കാനുള്ള നടപടി ഹരിയാന സര്‍ക്കാറിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നാണ് നുഹില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമായ അഫ്താബ് അഹമ്മദ് ആരോപിച്ചത്.

ഭിവാനി ഇരട്ടക്കൊലക്കേസിലെ പ്രതികളായ മനേസറും കൂട്ടാളികളും നേപ്പാളിലേക്ക് കടന്ന് കളഞ്ഞുവെന്നാണ് രാജസ്ഥാന്‍ പോലീസ് ദി ട്രിബ്യൂണലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വ്യാഴാഴ്ച അദ്ദേഹം തായ്ലന്‍ഡിലാണെന്ന് സ്വതന്ത്ര ഗവേഷണ സംരംഭമായ ഹിന്ദുത്വ വാച്ച് അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്.

സമീപ വര്‍ഷങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യൂട്യൂബില്‍ രണ്ട് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള അദ്ദേഹത്തിന് ഫേസ്ബുക്കില്‍ മാത്രം 83,000 ഫോളോവേഴ്സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ലവ് ജിഹാദ് , മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നു തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം വീഡിയോകളും പോസ്റ്റ്കളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇസ്ലാം വിരുദ്ധതയാണ് മുസ്ലിം സമൂഹത്തെ അവഹേളിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ നയനിലപാടുകളില്‍ നിന്ന് തന്നെ വ്യക്തമാണ്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

വിവര്‍ത്തനം: നിയാസ് അലി
അവലംബം: scroll.in

Related Articles