Current Date

Search
Close this search box.
Search
Close this search box.

ആനന്ദത്തിന്റെ രസതന്ത്രം

വൈയക്തികമായ വിഷാദങ്ങള്‍ക്കുള്ള മറുമരുന്നായി ഖുര്‍ആനിൽ ഒരധ്യായമുണ്ട്. സൂറഃ അദ്ദുഹാ എന്നാണ് അതിന്റെ പേര്. അതില്‍ത്തന്നെ മനുഷ്യനെ അവന്റെ സാമൂഹികബാധ്യതകളിലേക്കുണര്‍ത്താനും ശ്രമിക്കുന്നു. തൊട്ടുടനെ വരുന്ന അധ്യായമാകട്ടെ, അവനിൽ ആത്മവിശ്വാസം പകരുകയും കര്‍മോല്‍സുകനാക്കുകയും ചെയ്യുന്നു.

വിഷാദഗ്രസ്തനായ പ്രവാചകന് ആശ്വാസമേകിക്കൊണ്ടാണ് സൂറഃ അദ്ദുഹാ അവതരിച്ചതെന്ന് ഒരു വ്യാഖ്യാനമുണ്ട്. ദുഹാ എന്നാൽ പ്രഭാതശേഷമുള്ള പകലിന്റെ ആദ്യഘട്ടമാണ്. പൂര്‍വാഹ്നം എന്ന് പറയാം. The Message of the Quran ല്‍ മുഹമ്മദ് അസദ് നല്‍കിയ അര്‍ത്ഥം The Bright Morning Hours എന്നാണ്. The Glorious Morning Light എന്നും കാണാം. ശോഭയെ മാത്രമല്ല, ആനന്ദത്തെയും സൂചിപ്പിക്കുന്നതാണ് Glorious എന്ന പദം. താപപീഡിതനായി സമീപിക്കുന്ന മനുഷ്യനെ സമാശ്വസിപ്പിക്കുകയും വീര്യത്തിലേക്കുണര്‍ത്തുകയും ചെയ്യുന്ന ദൈവത്തെയാണ് ഈ അധ്യായത്തിൽ നാം കാണുക.

ഇതിലെ ആറ് മുതൽ എട്ട് വരെയുള്ള മന്ത്രങ്ങളെ നമുക്ക് ഇപ്രകാരം ഭാഷാനുവാദം ചെയ്യാം. ‘നോക്കൂ, അവൻ നിന്നെ അനാഥനായി കാണുകയും, അഭയമേകുകയും ചെയ്തില്ലയോ? പിന്നെയവൻ നിന്നെ കണ്ടത് മാര്‍ഗഭ്രംശിതനായാണ്. അപ്പോൾ നിന്നെ നേരിലേക്ക് വഴി നടത്തിയല്ലോ? അപര്യാപ്തനായി നിന്നെ കണ്ടപ്പോള്‍ സമൃദ്ധി പകരുകയും ചെയ്തില്ലേ?’

പ്രത്യക്ഷത്തിൽ ഇത് നബിയുടെ ജീവിതത്തെ ഓര്‍മിപ്പിക്കുന്നു. ജനനത്തിന് മുന്നേ പിതാവും ജനിച്ചധികനാളാകുമ്മുന്നേ മാതാവും മരിച്ചു. എന്നാൽ ഒരു അനാഥനായി ജീവിക്കേണ്ടി വന്നില്ല മുഹമ്മദിന്. ആദ്യം പിതാമഹന്റെയും പിന്നെ പിതൃവ്യന്റെയും വാല്‍സല്യമനുഭവിച്ചു കൊണ്ട് തന്നെ അദ്ദേഹം വളര്‍ന്നു.

Also read: ഈസാർചരിത്രംസൃഷ്ടിക്കും

വളര്‍ന്നപ്പോൾ ചുറ്റുപാടുകളിലെ അനാചാരങ്ങളും അനീതികളും നിമിത്തം ഖിന്നനായി. ഏറെ നേരം ചിന്തിച്ചിരിക്കൽ പതിവായി. അങ്ങനെയൊരുനാൾ ഹിറാ ഗുഹയിലെ ഏകാന്തതയിലും ഇരുട്ടിലും ബോധോദയം.

സ്വന്തമായൊന്നുമില്ലാതിരുന്ന കാലത്ത് സാന്ത്വനമായെത്തിയത് ഖദീജയുടെ പ്രണയം. മക്കയിലെ വര്‍ത്തകപ്രമാണിയായിരുന്നു ഖദീജ ബിന്‍ത് ഖുവൈലിദ്. അതിസമ്പന്നയായ വിധവ. രണ്ട് വിവാഹം കഴിച്ചതിൽ അതീഖിൽ അഞ്ചും അബൂ ഹാലയിൽ മൂന്നും മക്കൾ. തന്റെ കച്ചവടസംഘത്തിന്റെ മേല്‍നോട്ടക്കാരനായെത്തിയ യുവാവും വിശ്വസ്തനുമായ മുഹമ്മദിൽ അവർ അനുരക്തയായി. പിന്നീടങ്ങോട്ട് അവരായിത്തീര്‍ന്നു അദ്ദേഹത്തിന്റെ ഐശ്വര്യം.

ബോധോദയത്തെത്തുടര്‍ന്നുണ്ടായ ചുമതലാബോധത്തിന്റെ മൂര്‍ഛയിൽ വിറപൂണ്ട മുഹമ്മദ് ഖദീജയോടാണ് പുതപ്പിക്കാൻ ആവശ്യപ്പെട്ടത്. ഖദീജയാണ് സാന്ത്വനം, എന്തെന്നാൽ ഖദീജയാണ് പ്രണയം.

തന്നെ മൂടി നില്‍ക്കുന്ന കരിമ്പടം തട്ടിമാറ്റിയെഴുന്നേല്‍ക്കാൻ കല്‍പിച്ചത് ദൈവനീതി. ആ കരിമ്പടം സമൂഹത്തിൽ അട്ടിപ്പേറായിക്കിടക്കുന്ന അത്യാചാരങ്ങളുടെ കൂടി അടയാളമാണല്ലോ. പിന്നീടങ്ങോട്ടുള്ള കര്‍മകാണ്ഡത്തിനിടയിലെവിടെയോ ആവാം പ്രവാചകനെ വിഷാദം ബാധിച്ചത്. അതുമായി ബന്ധപ്പെട്ട കെട്ടുകഥകളിലൊന്നും നമുക്ക് താല്‍പര്യമില്ല. എന്തായാലും ആ സമയത്താണ് ഈ വചനം. വദ്ദുഹാ, വല്ലൈലി ഇദാ സജാ. CONSIDER, the bright morning hours and the night when it grows still and dark. രാപ്പകലുകൾ മാറി മറിഞ്ഞ് വരുന്നതാണല്ലോ കാലം. ഇതുപോലെയല്ലേ ജീവിതവും. പിന്നെ നീയെന്തിന് വിഷാദിക്കണം?

Also read: സൂറ : യൂസഫ്‌ നല്‍കുന്ന സൂചനകള്‍

ഇരുൾ മുറ്റിയതും തണുത്ത് നിശ്ചലമായതുമായ രാത്രിക്ക് ദൈര്‍ഘ്യമേറും. ദുഹാ എന്നാൽ പകൽ മുഴുവനുമല്ല. പൂര്‍വാഹ്നം മാത്രമാണ് glorious morning light ന്റെ സമയം. എന്നാൽ ദീര്‍ഘദുര്‍ഘടങ്ങളെ വിസ്മൃതിയിലേക്ക് തള്ളിക്കളയാനുള്ള ശേഷി പ്രഭാതശോഭയ്ക്കുണ്ട്. അതിനാല്‍, പ്രിയപ്പെട്ടവനേ, നിന്റെ റബ്ബ് നിന്നെ കൈവെടിഞ്ഞിട്ടില്ല. ആദ്യപങ്കിനെക്കാള്‍ ശ്രേഷ്ഠമാവും അവസാനപങ്ക്. നിനക്ക് തൃപ്തി വരുവോളം ഞാൻ ഏകിയിരിക്കും (മനുഷ്യനായ നിന്റെ തൃപ്തിയാണല്ലോ ദൈവമായ എന്റെയും തൃപ്തി).

തുടര്‍ന്നാണ് മുകളില്‍പ്പറഞ്ഞ ആറും ഏഴും എട്ടും മന്ത്രങ്ങൾ.

പ്രത്യക്ഷത്തിൽ മുഹമ്മദിന്റെ ജീവിതത്തെ കുറിക്കുന്നത് എന്നതല്ലാത്ത വേറെയും അര്‍ത്ഥകല്‍പനകളെ ഇവ ഉള്‍ക്കൊള്ളുന്നില്ലേ?

ഒന്നാമതായും യതീം എന്ന പദം സാങ്കേതികമായി അനാഥൻ (പിതാവോ മാതാവോ രണ്ടുപേരുമോ മരിച്ചു പോയവന്‍) എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുമെങ്കിലും അതിന്റെ മൂലക്രിയയായ യതമ എന്ന വാക്കിന് ഒറ്റപ്പെട്ടു എന്ന് അര്‍ത്ഥമുണ്ട്. ജീവിതത്തിൽ അന്യഥാത്വം (alienation) അനുഭവിച്ചിട്ടില്ലാത്തവരുണ്ടാവില്ല. പല കാലത്ത്, പല തരത്തിൽ, പല തീവ്രതകളിൽ, പല കാരണങ്ങളാൽ പലര്‍ക്കും ഉണ്ടാകുന്ന അനുഭവം. അതിനൊക്കെയപ്പുറം സാമൂഹികമായ വിവേചനങ്ങള്‍, ഒറ്റപ്പെടുത്തലുകൾ തുടങ്ങിയവയും.

ഇങ്ങനെ ഒറ്റപ്പെട്ടവരെ പ്രവാചകൻ തിരിച്ചറിഞ്ഞു. അതിനാൽ ലോകത്തോടുള്ള ഖുര്‍ആന്റെ പ്രഖ്യാപനം പിന്നീട് ഇങ്ങനെയായിത്തീര്‍ന്നു. വേര്‍പെടുത്തപ്പെട്ടവരേ, നിങ്ങൾ നിരാശരാവരുത്. നിങ്ങള്‍ക്കിതാ ഒരഭയം. ദിവ്യമായ ബോധനം ലഭിച്ച ഒരു പ്രവാചകന്‍. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായിരുന്ന യേശുവിന്റെ പിന്‍മുറക്കാരന്‍. വഴിയറിയാതുഴറുന്നവരേ നിങ്ങൾ സന്തോഷിക്കുക, നിങ്ങള്‍ക്കിതാ വേദപ്രോക്തമായ സദ്ധര്‍മം.

Also read: പെരുന്നാൾ നമസ്ക്കാരം വീട്ടിൽ വെച്ച് നിര്‍വഹിക്കാം, ഖുത്വുബ പറയേണ്ടതില്ല

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത് എന്നത് യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ അഷ്ടസൗഭാഗ്യങ്ങളിൽ ആദ്യത്തേതാണ്. ആത്മനാ ദരിദ്രരായവരെ നിരാശരാവാൻ വിടാതെ അവര്‍ക്ക് സൗഭാഗ്യം സമ്മാനിക്കുന്ന ദര്‍ശനവുമായാണ് പ്രവാചകൻ നിയുക്തനായത് എന്ന് ആനന്ദപ്രദായകമായ മൂന്ന് മന്ത്രങ്ങളില്‍ അവസാനത്തേതിന്റെ വിപുലമായ അര്‍ത്ഥം.

വിഷാദഗ്രസ്തനായ പ്രവാചകനെ ഇവ്വിധം ഉണര്‍ത്തിയ ശേഷം ദൈവം കല്‍പിക്കുന്നു. ‘ആകയാല്‍, യതീമിനോട് (അനാഥനോട്, അന്യഥാത്വം പേറുന്നവനോട്) നീ ബലം പിടിക്കരുത്, അര്‍ത്ഥിക്കുന്നവന് ഒന്നും തടയരുത് (അവനെ ഭയപ്പെടുത്തരുത്), നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളെ നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കൂ’ (അദ്ദുഹാ 9-11).

Related Articles