Current Date

Search
Close this search box.
Search
Close this search box.

സൂറ : യൂസഫ്‌ നല്‍കുന്ന സൂചനകള്‍

പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ അവസാന സമയത്ത് അവതരിപ്പിക്കപ്പെട്ട അദ്ധ്യായമാണ് സൂറ: യൂസഫ്‌. ഇന്ന് രാത്രി നമസ്കാരത്തില്‍ ഈ അധ്യായമാണ് കേട്ടത്. റമദാന്‍ അവസാനത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ലൈലത്തുല്‍ ഖദറിനെ അന്വേഷിച്ചു വിശ്വാസികള്‍ കാത്തിരിക്കുന്നു. അന്നേ രാത്രിക്ക് വേണ്ടി പ്രവാചകന്‍ പത്നി ആയിഷയെ ഒരു സവിശേഷ പ്രാര്‍ത്ഥന പഠിപ്പിച്ചു. അതില്‍ കാര്യമായി എടുത്തു പറഞ്ഞത് വിട്ടുവീഴ്ച്ചയെ കുറിച്ചാണ്. “ അഫുവ്” എന്നത് അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണു. ഖുര്‍ആന്‍ ഈ വിശേഷണം അഞ്ചു തവണ പറഞ്ഞു. അതില്‍ നാല് തവണ “ പൊറുത്തു കൊടുക്കുന്നവന്‍” എന്ന നാമത്തിന്റെ കൂടെയാണ്. ഒരിക്കല്‍ “ എല്ലാത്തിനും കഴിവുള്ളവന്‍” എന്നതിന്റെ കൂടെയും.

സൂറ: യൂസഫും റമദാനിലെ പ്രാര്‍ഥനയും തമ്മിലുള്ള ബന്ധമാണ് എനിക്ക് മനസ്സില്‍ വന്നത്. വിട്ടു വീഴ്ചയുടെ പര്യായമാണ് യൂസഫ്‌ നബി. വരാനിരിക്കുന്ന ഒരു കാലത്തെ കുറിച്ച് വിശ്വാസികള്‍ക്ക് സൂചന നല്‍കുന്നതോടൊപ്പം അപ്പോള്‍ അനുവര്‍ത്തിക്കേണ്ട നിലപാടും പഠിപ്പിക്കുന്നു. യൂസഫിനെ ദ്രോഹിച്ചത് സ്വന്തം സഹോദരങ്ങള്‍. മക്കയിലെ വിശ്വാസികള്‍ക്ക് ദ്രോഹം ഏല്‍ക്കേണ്ടി വരുന്നതും അവരില്‍ നിന്ന് തന്നെ.

അടിമയുടെ പ്രാര്‍ത്ഥന “ അല്ലാഹുവേ നീ വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനാണ്, എനിക്ക് വിട്ടുവീഴ്ച ചെയ്തു തരണം” എന്നാണ്. മനുഷ്യന്‍ ആരോടാണ് വിട്ടു വീഴ്ച ചെയ്യേണ്ടത്, ഒരിക്കലും അല്ലാഹുവിനോടല്ല. മനുഷ്യന്‍ മനുഷ്യനോടാണ് അത് ചെയ്യേണ്ടത്. തനിക്കു താഴെയുള്ളവരോട് എന്നതാണ് കൃത്യമായ രൂപം. തന്റെ നേരെ മറ്റൊരാള്‍ ചെയ്ത എല്ലാ തെറ്റുകളും വിട്ടുവീഴ്ച ചെയ്തു കൊടുക്കാന്‍ സന്നദ്ധനായ ഒരാള്‍ക്ക്‌ മാത്രമാണ് ഈ പ്രാര്‍ത്ഥന ഉരുവിടാന്‍ ധാര്‍മിക അവകാശമുള്ളത്. അല്ലെങ്കില്‍ അതൊരു കാപട്യമായി തീരും. ചെയ്തു പോയ തെറ്റുകള്‍ക്ക് യാതൊരു തരത്തിലുമുള്ള പരിണിതിയും പാടില്ല എന്നാണു അടിമ അല്ലാഹുവിനോട് ആവശ്യപ്പെടുന്നത്. അത് തന്നെയാണു അടിമയില്‍ നിന്നും അല്ലാഹുവും പ്രതീക്ഷിക്കുന്നത്. റമദാനിന്റെ അവസാന നാളുകളില്‍ ഈ പ്രാര്‍ത്ഥന ഉയര്‍ത്താനുള്ള ധാര്‍മികത നാം സ്വയം പരിശോധിക്കണം. മനുഷ്യര്‍ എന്ന നിലയില്‍ ആളുകളുമായുള്ള കൂടിച്ചേരലില്‍ നമ്മില്‍ നിന്നും പലപ്പോഴും പരിധി ലംഘനം സംഭവിക്കുന്നു. അത് വെറുപ്പ്‌ പക വിദ്വേഷം എന്നീ തിന്മകളിലേക്ക് മനുഷ്യരെ നയിക്കുന്നു.

Also read: സ്വത്വബോധത്തിൽ അടിയുറച്ച വ്യക്തിത്വം

അത്തരം തിന്മകള്‍ വിട്ടു കൊടുത്തു എന്ന ഉറപ്പില്‍ വേണം അല്ലാഹുവിനോട് വിടുതിയെ കുറിച്ച് ചോദിയ്ക്കാന്‍. അങ്ങിനെ വന്നാല്‍ ഈ റമദാന്‍ അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സുകള്‍ പൂര്‍ണമായി വിശുദ്ധമാകണം. നരക മുക്തി എന്നത് അങ്ങിനെയാണ് സാധ്യമാകുന്നത്. നമ്മുടെ നിലപാടുകളുടെ ബാക്കിയാണ് നരകവും സ്വര്‍ഗ്ഗവും. വിശ്വാസവും കര്‍മ്മങ്ങളും വിശ്വാസിയെ എങ്ങിനെ സ്വാദീനിക്കുന്നു എന്നതാണ് പ്രമാദമായ ചോദ്യം. അതിനുള്ള മറുപടി പലപ്പോഴും “ ഇല്ല” എന്ന് തന്നെയാകും. മക്കയിലെ ക്രൂരരായ അറബികള്‍ പ്രവാചകന്റെ കൂടെ ചേര്‍ന്നപ്പോള്‍ അവരുടെ ജീവിതത്തിനാണ് പൂര്‍ണ മാറ്റം സംഭവിച്ചത്. അത് ജനത്തിന് ബോധ്യമാകുകയും ചെയ്തു. നിസാര കാര്യങ്ങക്ക് യുദ്ധം ഒരു കലയാക്കി മാറ്റിയ ജനത വിട്ടുവീഴ്ച എന്നത് ഒരു ജീവിത രീതിയായി മാറ്റി. അവരോടാണ് പ്രവാചകന്‍ മേല്‍ പറഞ്ഞ പ്രാര്‍ത്ഥന പഠിപ്പിച്ചത്.

നരക വിമുക്തിയാണ് റമദാനിന്റെ മറ്റൊരു പ്രത്യേകത. റമദാന്‍ കൊണ്ട് വിശ്വാസി ഉറപ്പിക്കെണ്ടതും അതു തന്നെ. “ ഒരാള്‍ റമദാനിലൂടെ കടന്നു പോയിട്ടും അയാളുടെ പാപം പൊറക്കപ്പെട്ടില്ലെങ്കില്‍ അയാള്‍ നശിച്ചു” എന്നാണു പ്രവാചക വചനം പഠിപ്പിക്കുന്നത്‌. വിശപ്പും ദാഹവും അനുഭവിച്ചു എന്നല്ലാതെ മറ്റൊന്നും ലഭിക്കാത്ത നോമ്പുകാരനെ കുറിച്ച് പ്രവാചകന്‍ മറ്റൊരിക്കല്‍ പറഞ്ഞു. മോശപ്പെട്ട വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്ത നോമ്പുകാരനെ കുറിച്ച് വേറൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. അപ്പോഴൊക്കെ പ്രവാചകന്‍ ഉദ്ദേശിച്ചത് റമദാനിലൂടെ പൂര്‍ണ മോക്ഷം നേടുന്ന മനുഷ്യരെ കുറിച്ചാണ്. ദൈവിക കല്‍പ്പനകള്‍ സ്വയം അനുസരിക്കാനുള്ള മാനസിക അവസ്ഥ കൈവരിച്ച ഒരാളെയാണ് യഥാര്‍ത്ഥ നോമ്പ് പ്രാധാന്യം ചെയ്യുക. ആ മനുഷ്യനാണ് ധൈര്യത്തില്‍ വിട്ടുവീഴ്ച്ചയെ കുറിച്ച് അല്ലാഹുവിനോട് ചോദിയ്ക്കാന്‍ കഴിയുക.

Also read: പകരംവെക്കുന്ന ഇബാദത്തുകൾ!

നടപടി സ്വീകരിക്കാന്‍ കഴിയുന്ന സമയത്ത് കാണിക്കുന്ന വിട്ടുവീഴ്ചയാണ് അള്ളാഹു ആഗ്രഹിക്കുന്നത്. മക്കാ വിജയ കാലത്ത് പ്രവാചകന്‍ അത് നേരില്‍ കാണിച്ചു കൊടുത്തു. അത് തന്നെയാണ് സൂറ: യൂസുഫിലൂടെ അള്ളാഹു പറയുന്നതും. “ നിങ്ങള്‍ക്ക് ഒരു നല്ല കാലം വരും. യൂസഫ്‌ തന്റെ സഹോദരങ്ങളുടെ മുന്നില്‍ തലയുയര്‍ത്തി നിന്നത് പോലെ നിങ്ങളും നില്‍ക്കും. അന്ന് നിങ്ങളില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് യൂസഫിന്റെ നിലപാടാണ്”. കഷ്ടകാലത്തിനു ശേഷം വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച് വിശ്വാസികള്‍ക്ക് നല്‍കുന്ന ഒരു ശുഭ സൂചനയാണ് സൂറ: യൂസഫ്‌ . അത് കൊണ്ട് തന്നെയാണ് അത് നല്ല കഥയായി തീര്‍ന്നതും

Related Articles