Current Date

Search
Close this search box.
Search
Close this search box.

ചാള്‍സ് മൂന്നാമന്റെ ഇസ്ലാം അഭിനിവേശം

70 വര്‍ഷത്തെ ഭരണത്തിനുശേഷം 96ാം വയസ്സിലാണ് അടുത്തിടെ എലിസബത്ത് രാജ്ഞി അന്തരിച്ചത്. തുടര്‍ന്ന് അവരുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് സിംഹാസനത്തില്‍ കയറി. ഇതോടെ 73-ാം വയസ്സില്‍ ബ്രിട്ടീഷ് സിംഹാസനത്തിലിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറുകയും ചെയ്തു അദ്ദേഹം.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ചാള്‍സ് മൂന്നാമന്റെ ഇസ്ലാമിനോടുള്ള ആകര്‍ഷണവും ആരാധനയും വിവിധങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്, കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം ഇസ്ലാമിനെ പരാമര്‍ശിച്ച് നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

1993ല്‍ അന്നത്തെ വെയില്‍സ് രാജകുമാരന്‍ ഓക്‌സ്‌ഫോര്‍ഡിലെ ഓക്‌സ്‌ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ‘ഇസ്ലാമും പടിഞ്ഞാറും’ എന്ന തലക്കെട്ടില്‍ ഒരു പ്രസംഗം നടത്തിയിരുന്നു. ആധുനിക ചരിത്രം ഇസ്ലാമിക ലോകത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ആധുനിക മുന്‍വിധികള്‍ കാരണം നമ്മുടെ സ്വന്തം ചരിത്രത്തില്‍ ഇസ്ലാമിന്റെ വലിയ പ്രസക്തി അവഗണിക്കുകയോ മായ്ക്കാനോ ഉള്ള പ്രവണത നമ്മള്‍ കാണിച്ചിരിക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിനിടെ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി ചാള്‍സ് രാജാവും തന്റെ പ്രസംഗത്തില്‍ ഇസ്ലാമിനെക്കുറിച്ച് ധാരാളം പ്രസ്താവനകള്‍ നടത്താറുണ്ടായിരുന്നു. അത് മുസ്ലിംകള്‍ പോലും ശ്രദ്ധിക്കാറില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

‘തീവ്രതയെ മാത്രം മാനദണ്ഡമാക്കികൊണ്ട് ഇസ്ലാമിനെക്കുറിച്ചുള്ള നമ്മുടെ വിധിന്യായങ്ങള്‍ വളരെ വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളേ, മാന്യ ജനങ്ങളേ, അത് ഗുരുതരമായ തെറ്റാണ്. കൊലപാതകം ബലാത്സംഗം കുട്ടികളുടെ ദുരുപയോഗം, മയക്കുമരുന്ന് ആസക്തി എന്നിവയുടെ അസ്തിത്വം ഉപയോഗിച്ച് ബ്രിട്ടനിലെ ജീവിത നിലവാരം വിലയിരുത്തുന്നത് പോലെയാണ് അത്. തീവ്രത അതിലുണ്ട്, അവയെ നാം നേരിടേണ്ടതുണ്ട്. എന്നാല്‍ ഒരു സമൂഹത്തെ വിലയിരുത്തുന്നതിനുള്ള അടിസ്ഥാനമായി അവ ഉപയോഗിക്കുമ്പോള്‍, അത് വികലതയിലേക്കും അനീതിയിലേക്കും നയിക്കുന്നു’. ചാള്‍സ് പറഞ്ഞു.

1993 മുതല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ്, ആധുനിക കാലത്തെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇസ്ലാമിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, മാത്രമല്ല, ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ രക്ഷാധികാരിയുമാണ് അദ്ദേഹം. 1996 ‘എ സെന്‍സ് ഓഫ് ദി സെക്രഡ്:’ എന്ന തലക്കെട്ടില്‍ അദ്ദേഹം ഒരു പ്രസംഗം നടത്തി.

‘ഇസ്ലാമിനും പടിഞ്ഞാറിനും ഇടയില്‍ പാലങ്ങള്‍ പണിയണം’ അവിടെ പ്രകൃതി ക്രമത്തെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണങ്ങളോട് മികച്ച തിപ്പ് വളര്‍ത്തിയെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുനര്‍വിചിന്തനം നടത്തുന്നതിന് പാശ്ചാത്യരാജ്യങ്ങളില്‍ അത് നമ്മെ സഹായിക്കും, മെച്ചപ്പെട്ടതിനുവേണ്ടി, മനുഷ്യന്റെയും അവന്റെ പരിസ്ഥിതിയുടെയും നമ്മുടെ പ്രായോഗിക മേല്‍നോട്ടത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനും അത് സഹായിക്കും.

2003ല്‍ മാര്‍ക്ക്ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷനിലെ ഇസ്ലാമിക് ഫൗണ്ടേഷന്റെ സന്ദര്‍ശന വേളയില്‍, ‘അറബിക് അക്കങ്ങള്‍ക്കും മുസ്ലീം ഗണിതശാസ്ത്രജ്ഞര്‍ യൂറോപ്യന്‍ ചിന്താഗതിയില്‍ അവതരിപ്പിച്ച പൂജ്യം എന്ന ആശയത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2004ല്‍ അന്നത്തെ വെയില്‍സ് രാജകുമാരന്‍ ലണ്ടനിലെ ഈലിംഗ് മുസ്ലീം കോളേജ് സന്ദര്‍ശിച്ചപ്പോള്‍ മുസ്ലീം സമൂഹത്തോടൊപ്പം ഈദ് ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

2006 ല്‍ പടിഞ്ഞാറിലാകെ മുസ്ലീം വിരുദ്ധ വികാരം മൂര്‍ച്ഛിച്ച സമയത്ത്, ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ ‘വിശ്വാസത്തിന്റെ ഐക്യം’ എന്ന തലക്കെട്ടില്‍ ചാള്‍സ് രാജകുമാരന്‍ ഒരു പ്രസംഗം നടത്തിയിരുന്നു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ നാം ഇസ്ലാമിക പണ്ഡിതന്മാരോട് കടപ്പെട്ടിരിക്കുന്നുവെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്, കാരണം യൂറോപ്പിലെ ഇരുണ്ട യുഗങ്ങളില്‍ ക്ലാസിക്കല്‍ പഠനത്തിന്റെ നിധികള്‍ സജീവമായി നിലനിര്‍ത്തിയതിന് അവരോട് നന്ദിയുള്ളവരാകണം.’ അദ്ദേഹം പറഞ്ഞു.

2010 ല്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇസ്ലാമിക തത്വങ്ങളില്‍ നിന്ന് പാശ്ചാത്യര്‍ക്ക് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

2013ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ഇസ്ലാമിക് എകണോമിക് ഫോറത്തില്‍, ധനകാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്ത്വങ്ങള്‍ കൂടുതല്‍ സുസ്ഥിരവും നീതിയുക്തവുമായ ഒരു സമൂഹം പ്രദാനം ചെയ്യുന്നതിനായി മാതൃകയാക്കണമെന്ന് ചാള്‍സ് രാജാവ് സംസാരിച്ചു.

2017 ഫിന്‍സ്ബറി പാര്‍ക്കില്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് രാജകുടുംബത്തിന് വേണ്ടി ചാള്‍സ് രാജാവാണ് ആദ്യം പ്രതികരിച്ചത്. ‘ഈ രാജ്യത്തെ മുസ്ലീം സമൂഹത്തില്‍ താന്‍ എപ്പോഴും വലിയ താല്‍പ്പര്യം പുലര്‍ത്തിയിരുന്നു’ എന്ന് ഐക്യദാര്‍ഢ്യ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

2018ല്‍ ‘ചാള്‍സ് അറ്റ് സെവന്റി: ചിന്തകള്‍, പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍’ എന്ന പുസ്തകത്തില്‍ താന്‍ എങ്ങനെയാണ് ഖുര്‍ആന്‍ പഠിക്കുന്നതെന്നും ക്രിസ്ത്യാനിറ്റിക്ക് ഇസ്ലാമില്‍ നിന്ന് പഠിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്.

2022ല്‍ അതായത് ഈ വര്‍ഷം പുതിയ രാജാവ് വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്ലീം സമൂഹത്തിന്റെ നിസ്വാര്‍ത്ഥതയെ പ്രശംസിക്കാന്‍ സ്വയം മുന്നോട്ടുവന്നിരുന്നു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തലവന്‍ കൂടിയായ ചാള്‍സ് രാജാവ് ഇസ്ലാമിക വിശ്വാസത്തോട് എത്രമാത്രം അനുഭാവം പുലര്‍ത്തുന്നു എന്നതിനെക്കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചും രംഗത്തു വന്നിട്ടുണ്ട്. ചിലര്‍ അദ്ദേഹം വളരെക്കാലം മുമ്പ് വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് സാധ്യതയില്ലെങ്കിലും യു.കെയിലെ മുസ്ലീങ്ങള്‍ക്ക് ചാള്‍സ് രാജാവ് സിംഹാസനത്തില്‍ കയറുന്നതില്‍ ശുഭാപ്തിവിശ്വാസമുണ്ട്.

അവലംബം: mvslim.com

Related Articles